വേണ്ടെന്ന് വച്ച ഒ.ടി.ടി ഓഫര്‍, കാത്തിരുന്നത് തിയറ്ററുകളിലെ ആരവം; ഓപ്പറേഷന്‍ ജാവയെക്കുറിച്ച് തരുണ്‍ മൂര്‍ത്തി
Operation JavaOperation Java

വേണ്ടെന്ന് വച്ച ഒ.ടി.ടി ഓഫര്‍, കാത്തിരുന്നത് തിയറ്ററുകളിലെ ആരവം; ഓപ്പറേഷന്‍ ജാവയെക്കുറിച്ച് തരുണ്‍ മൂര്‍ത്തി

ഷൈജു ഖാലിദ് ആണ് ഇത്തരമൊരു സിനിമക്ക് സാധ്യതയുണ്ടെന്ന് ആദ്യം പറഞ്ഞത്. പിന്നീട് ആക്ഷന്‍ ഹീറോ ബിജുവും ഉണ്ടയും വന്നപ്പോള്‍ ഈ പൊലീസ് സ്റ്റോറി വിട്ടു. തിരികെ അതേ ആലോചനയിലേക്ക് തന്നെയെത്തി. ഓപ്പറേഷന്‍ ജാവ എന്ന പൊലീസ് ത്രില്ലറിനെക്കുറിച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറയുന്നത് ഇങ്ങനെ.

ബാലു വര്‍ഗ്ഗീസ്, ലുക്മാന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഓപ്പറേഷന്‍ ജാവ ത്രില്ലറിനേക്കാള്‍ ഒരു അന്വേഷണാത്മക മൂവിയാണെന്ന് തരുണ്‍ മൂര്‍ത്തി. ഫെബ്രുവരി 12 ന് ചിത്രം തീയറ്ററുകളിലെത്തും. റിയലിസ്റ്റിക്കായ തീമാണ് ഓപ്പറേഷന്‍ ജാവയുടേത്. പക്കാ ഇന്‍വെസ്റ്റിഗേഷന്‍ മൂവിയായിരിക്കില്ല്. പോലിസുകാരുടെ കേസന്വേഷണങ്ങളിലുള്ള ഓപ്പറേഷനുകളാണ് കൂടുതലും ചിത്രത്തിലുള്ളത്.എന്താണ് സത്യത്തില്‍ പോലീസ് ഓപ്പറേഷനുകളില്‍ നടക്കുന്നത്, അവര്‍ എങ്ങനെയാണത് തയ്യാറാക്കി നടപ്പിലാക്കുന്നത് എന്നൊക്കെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഓപ്പറേഷന്‍ ജാവ തയ്യാറാക്കിയിരിക്കുന്നതെന്ന് തരുണ്‍ ദ ക്യു'വിനോട് പറയുന്നു.

നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും തരുണ്‍ മൂര്‍ത്തി സംവിധായകനാകുന്ന ആദ്യ ചിത്രം കൂടിയാണിത്. തരുണ്‍ തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും.

ഷൈജു ഖാലിദിനൊപ്പമുണ്ടായ ആലോചന

ഞാന്‍ കുറച്ചുകാലം ഷൈജു ഖാലിദിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ഇങ്ങനെയൊരു സിനിമയ്ക്ക് മലയാള സിനിമയില്‍ സാധ്യതയുണ്ടെന്ന് അഞ്ച് വര്‍ഷം മുമ്പ് ഷൈജുക്കയാണ് എന്നോട് ആദ്യം പറയുന്നത്. പിന്നെ ആക്ഷന്‍ ഹിറോ ബിജുവിന്റെയും ഉണ്ടയുടേയുമെല്ലാം ആലോചനകള്‍ നടന്നപ്പോള്‍ ഇത് വിട്ടു. ഷൈജുക്ക അദ്ദേഹത്തിന്റെ വഴിയ്ക്കും ഞാന്‍ എന്റെ വഴിയ്ക്കുമായി.പിന്നീട് ആലോചിച്ചപ്പോള്‍ ഷൈജുക്കയുടെ മനസ്സില്‍ തോന്നിയ കാര്യമാണ് അതൊരിക്കലും മോശമാകില്ല എന്നു മനസിലാക്കിയ ഞാന്‍ കഥ പൂര്‍ത്തിയാക്കുകയായിരുന്നു.ആലോചിക്കുമ്പോഴും പറയുമ്പോഴും എല്ലാം ഈ സിനിമയ്ക്കൊരു കിക്കുണ്ട്.അത് പ്രേക്ഷകരുമറിയണമെന്ന് തോന്നി.

Operation Java
Operation JavaOperation Java

കാസ്റ്റിംഗിലും പുതുമ

തിരക്കഥ പൂര്‍ത്തിയാക്കുന്നതുവരെ ആരൊക്കെ അഭിനയിക്കണം എന്ന കാര്യം തീരുമാനിച്ചിരുന്നില്ലെന്ന് തരുണ്‍. ആദ്യം തങ്ങളുടെ തന്നെ സൗഹൃദകൂട്ടായ്മയില്‍ നിന്നുകൊണ്ട് ഒരു ചെറിയ സിനിമയായി ചെയ്യാമെന്ന് വിചാരിച്ചാണ് എഴുതിത്തുടങ്ങിയത്. എന്നാല്‍ എഴുത്ത് പൂര്‍ത്തിയായതോടെ ഇതൊരു പ്രൊഡക്ഷന്‍ പിന്‍ബലത്തോടെ ചെയ്യേണ്ട ഒന്നാണെന്ന് തോന്നുകയും അങ്ങനെ വി സിനിമാസിനെ സമീപിക്കുകയുമായിരുന്നുവെന്ന് തരുണ്‍ പറയുന്നു.കഥ വായിച്ചുകഴിഞ്ഞ് അവര്‍ ആരെയൊക്കെയാണ് കാസ്ററ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നുചോദിച്ചു. അപ്പോള്‍ എന്റെ മനസ്സില്‍ ആകെയുണ്ടായിരുന്നത് ലുക്മാനും അലക്സാണ്ടര്‍ പ്രശാന്തുമായിരുന്നു.ഉണ്ടയിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് ലുക്മാന്‍.കഥ എഴുതിക്കൊണ്ടിരിക്കുന്ന സമയത്താണ് ഉണ്ട സിനിമ ഇറങ്ങുന്നത്. അങ്ങനെ അദ്ദേഹം എന്റെ മനസ്സില്‍ കഥാപാത്രമായി തന്നെ രൂപംകൊണ്ടു.നമ്മുടെ അപ്പുറത്തെ വീട്ടിലെ ചേട്ടന്‍ എന്നൊക്കെ തോന്നുന്ന രീതിയിലുള്ള അഭിനേതാക്കള്‍ മതിയെന്നായിരുന്നു എനിക്ക്. കഥയ്ക്ക് ചേരുന്നത് അത്തരം സുപരിതിമായ മുഖങ്ങളായിരിക്കും.അങ്ങനെയാണ് ഓരോ കഥാപാത്രങ്ങള്‍ക്കും വേണ്ട അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത്. എവിടെയങ്കിലുമൊരു തീപ്പൊരി കിട്ടിയാല്‍ കത്തിക്കയറാന്‍ നില്‍ക്കുന്ന മികച്ച അഭിനേതാക്കളെയാണ് മനസിലുണ്ടായിരുന്നത്. ആ ഫയറുള്ളവരെ തേടിപ്പിടിച്ച് ഒരുമിച്ച് കൂട്ടി.സിനിമയുടെ ക്യാപ്ഷന്‍ പോലെ തന്നെ ഇത് പറയപ്പെടാത്ത ഹീറോസിന്റെ ചിത്രമാണ്. അറിയപ്പെടാതെ പോകുന്ന നായകന്‍മാരുടെ കഥയെന്ന നിലയിലാണ് ഇത്തരമൊരു കാസ്റ്റിംഗിലേയ്ക്ക് വന്നത്.

ബാലു വര്‍ഗ്ഗീസ്, ലുക്മാന്‍ എന്നിവരുടെ കഥാപാത്രങ്ങളിലൂടെയാണ് ചിത്രം കഥപറയുന്നത്.എന്നുകരുതി മറ്റുള്ള കഥാപാത്രങ്ങള്‍ അപ്രധാനമെന്നല്ല. എല്ലാ കഥാപാത്രങ്ങളും അവരുടേതായ ഇടങ്ങളില്‍ പ്രാധാന്യമുള്ളതാണ്. വിനായകന്‍,ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, അങ്ങനെ എല്ലാവരും മികച്ച പെര്‍ഫോര്‍മന്‍സുമാണ് കാഴ്ച വച്ചിരിക്കുന്നത്.

Operation Java
Operation JavaOperation Java

കൊറോണയ്ക്ക് നന്ദി

കൊറോണയ്ക്കും ലോക്ഡൗണിനുമെല്ലാം ഒരര്‍ത്ഥത്തില്‍ നന്ദിപറയുകയാണ്. 2020 മെയില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ഷൂട്ടിംഗ് എല്ലാം തീര്‍ന്നു.പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ മാത്രമായിരുന്നു പിന്നീട് ഉണ്ടായിരുന്നത്.എല്ലാം വളരെ വേഗത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് വെള്ളിടിപോലെ കൊവിഡിന്റെ വ്യാപനവും ലോക്ഡൗണും.ഞാനൊരിടത്ത്,എഡിറ്റര്‍ വേറൊരിടത്ത്.ആകെ പെട്ടുപോയ അവസ്ഥ.ഷൂട്ട് ചെയ്ത് വച്ചിരിക്കുന്നത് നല്ലതാണോ ചീത്തയാണോ എന്നൊന്നും പറയാന്‍ പറ്റുന്നില്ല.അങ്ങനെ ഞങ്ങള്‍ എല്ലാവരും ചര്‍ച്ച ചെയ്ത് ഒടുവില്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ വിളിച്ച് കാര്യമറിയിച്ചു.പോലീസിന്റെ അനുമതിയോടെ യാത്ര ചെയ്ത് സ്‌ക്രിപ്റ്റും ഹാര്‍ഡ്ഡിസ്‌കുമെല്ലാം എടുത്ത് എന്റെ വീട്ടില്‍ വന്ന് ക്വാറന്റൈനും നിന്ന് ക്യത്യമായി എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ഞങ്ങള്‍ ചിത്രത്തിന്റെ ആദ്യ എഡിറ്റ് പൂര്‍ത്തിയാക്കുന്നത്.ഇങ്ങനെ നോക്കുമ്പോള്‍ മലയാളസിനിമയില്‍ ചിലപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന് ഏറ്റവും കൂടുതല്‍ സമയം കിട്ടിയ സംവിധായകന്‍ ഞാനാകും.ഞാനിതൊരു അനുഗ്രഹമായിട്ടാണ് കാണുന്നത്.കാരണം കൊവിഡിന് ശേഷം പറയേണ്ട പല കാര്യങ്ങളും ഈ ചിത്രത്തില്‍ വരുന്നുണ്ട്. കൊവിഡിന് ശേഷം മലയാളികള്‍ അറിയേണ്ട ചില കാര്യങ്ങള്‍,അതായത് കൊറോണക്കാലത്ത് നമ്മള്‍ കണ്ടിട്ടുള്ള കുറേ കാര്യങ്ങളാണ് സിനിമ പങ്കുവയ്ക്കുന്നത്.

Operation Java
Operation JavaOperation Java

ഈ ഓപ്പറേഷന്‍ തീയറ്ററില്‍ തന്നെ കാണണം

ബിഗ് ബജറ്റ് ചിത്രങ്ങള്‍ അടക്കം ഒടിടി പ്ലാറ്റ്ഫോമിലേയ്ക്ക് മാറിയപ്പോഴും ഓപ്പറേഷന്‍ ജാവ തീയറ്ററില്‍ തന്നെയായിരിക്കും റിലീസ് ചെയ്യുക എന്ന നിലപാടിലായിരുന്നു. അതിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ട്. .ഈ ചിത്രം ഒരുപിടി മനുഷ്യരുടെ പ്രതീക്ഷയാണ്.ചിത്രത്തിനായി പ്രവര്‍ത്തിച്ചിരിക്കുന്നവരില്‍ ഭൂരിഭാഗവും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നവാഗതരാണ്. തീയറ്ററുകള്‍ തുറക്കുന്നതിനായി കാമ്പയിന്‍ വരെ ഞങ്ങള്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷം മറ്റുള്ളവരെപ്പോലെ ഒതുങ്ങിപ്പോകാതെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം തീയറ്ററുകള്‍ തുറക്കുന്നതിനുവേണ്ടി ഞങ്ങള്‍ ശബ്ദമുയര്‍ത്തിയിരുന്നു. നിറയണം വയറുകള്‍, കാണണം കാഴ്ച്ചകള്‍ എന്നായിരുന്നു കാമ്പയിന്‍.

ചില ഒടിടി റീലീസ് പ്ലാറ്റ്ഫോമുകള്‍ സമീപിച്ചുവെങ്കിലും ഞങ്ങള്‍ ആ ഓഫര്‍ നിരസിക്കുകയായിരുന്നു. എന്റെ ആദ്യ സിനിമയാണിത്, എല്ലാവര്‍ക്കും ഉണ്ടാകും സ്വന്തം സിനിമ തിയറ്ററില്‍ റിലീസ് ചെയ്യണമെന്ന ആഗ്രഹം. അതൊന്ന്. മറ്റൊന്ന് ഇതിന്റെ ശബ്ദമിശ്രണം ചെയ്തിരിക്കുന്നത് വിഷ്ണുഗോവിന്ദ്,ശ്രീശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്. അറ്റ്മോസ് 7.1 മിക്സിലാണിത് ചെയ്തിരിക്കുന്നത്. മലയാളത്തില്‍ അധികം ചിത്രങ്ങള്‍ അറ്റ്മോസ് 7.1 ചെയ്യാറില്ല. അത് തിയറ്ററില്‍ തന്നെ ഫീല്‍ ചെയ്യേണ്ടതാണ്.

ജേക്‌സ് ബിജോയി ആണ് സംഗീതസംവിധാനം. കഥാപാത്രങ്ങള്‍ പോകുന്ന സ്ഥലം കൊച്ചിയാണെങ്കില്‍ ആ ഒരു ആമ്പിയന്‍സ് ക്യത്യമായി പറയാന്‍ സാധിക്കണം.അങ്ങനെ ഓരോ സ്ഥലത്തിനെക്കുറിച്ചും ഫീല്‍ ചെയ്യിപ്പിക്കാന്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. ഫായിസ് സ് സിദ്ദിഖെന്ന നവാഗതനാണ് ക്യാമറ. മഞ്ജുഷ രാധാകൃഷ്ണനാണ് കോസ്റ്റിയും. അതുപോലെതന്നെയാണ് അഭിനേതാക്കളുടെ കാര്യവും.അപ്കമിംഗ് ആര്‍ട്ടിസ്റ്റുകളുടെ ലൈഫ് തീയറ്ററിലാണെന്ന് പറയാം. ഈ സിനിമയ്ക്ക് വേണ്ടി മുന്നിലും പിന്നിലുമായി പ്രവര്‍ത്തിച്ചവരുടെ മുഴുവന്‍ കഷ്ടപ്പാടുകളുടെ കൂടി കഥയാണ് ഓപ്പറേഷന്‍ ജാവ. അതുകൊണ്ടാണ് തീയറ്ററില്‍ തന്നെ സിനിമ റിലീസ് ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.

No stories found.
The Cue
www.thecue.in