ദളിതരുടെ മൂലധനമാണ് ഈ ഭാഷ, ഇതെന്റെ രാഷ്ടീയമാണ്: മൃദുലാദേവി.എസ് അഭിമുഖം

ദളിതരുടെ മൂലധനമാണ് ഈ ഭാഷ, ഇതെന്റെ രാഷ്ടീയമാണ്: മൃദുലാദേവി.എസ് അഭിമുഖം

ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയിലെ 'ഒരു കൊടം പാറ് ഒല്ലിയടുത്താല്‍ ചൊല്ലാം' എന്ന ഗാനം ചുരുങ്ങിയ സമയത്തിനകം പ്രേക്ഷകപ്രീതി നേടിയെടുത്തിരുന്നു. വാമൊഴി മാത്രമുള്ള ലിപിയില്ലാത്ത പാളുവാ ഭാഷയിലാണ് ഈ മനോഹര ഗാനം. ദലിത് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ എസ്. മൃദുലാദേവിയാണ് സുരാജ് വെഞ്ഞാറമ്മൂടും നിമിഷാ സജയനും അഭിനയിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ രചയിതാവ്.

ഓരോ ഭാഷയും ഓരോ സംസ്‌കാരമാണ്. പാളുവ ഭാഷ, തിരസ്‌കരിക്കപ്പെട്ട ജനതയുടെ ശബ്ദമാണ്. മലയാളസിനിമ ചിലപ്പോള്‍ തൊടാന്‍ മടിക്കുന്ന, ഉള്‍ക്കൊള്ളാന്‍ ഇനിയും ഏറെ കാലങ്ങള്‍ മുന്നോട്ട് കിടക്കുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയായി ശബ്ദമുയര്‍ത്തുകയാണ് മൃദുല ദേവി തന്റെ വരികളിലൂടെ. കലയെന്നത് തങ്ങള്‍ക്ക് കഴിവ് മാത്രമല്ല, ജ്ഞാനവും അംഗീകാരവും വെളിപ്പെടുത്തലുമാണെന്ന് മൃദുലാ ദേവി ദ ക്യു അഭിമുഖത്തില്‍ പറയുന്നു.

Q

പറയ സമൂഹത്തിന്റെ സ്വന്തം ഭാഷ, പാളുവ ഭാഷയെന്ന് പരക്കെ അറിയപ്പെടുന്ന ഭാഷയിലൊരു ഗാനം. ഒറ്റദിവസം കൊണ്ട് യൂടൂബില്‍ ലക്ഷകണക്കിന് പേര് കണ്ട ഗാനം.

A

ഞാനത് സിനിമയ്ക്കായി എഴുതിയല്ല, എന്റെ കവിതയായിരുന്നു അത്. കുറച്ചുനാള്‍ മുമ്പ് ഫെയ്സ്ബുക്കില്‍ ഈ പാട്ടിന്റെ ആദ്യ വരികള്‍ കവിതയായി ഞാന്‍ എഴുതിയിടുകയായിരുന്നു. അത് കണ്ട് ഉടന്‍ സംവിധായകന്‍ ജിയോ ബേബി വിളിച്ച് അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിലേയ്ക്ക് ഇതൊരു പാട്ടായി എഴുതിത്തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ വളരെ യാഥൃശ്ചികമായും വേഗത്തിലും സംഭവിച്ചൊരു കാര്യമാണിത്. ജിയോ എന്നോട് പാട്ട് എടുത്തോട്ടെ എന്നുചോദിക്കുന്നതും ഞാന്‍ അത് സമ്മതിക്കുന്നതും എല്ലാം കൂടി 10 മിനിറ്റില്‍ സംഭവിച്ചു. അതുകൊണ്ട് സിനിമയിലേക്കുള്ള എന്റെ പ്രവേശനം വളരെ ഈസിയായി സംഭവിച്ചു എന്നുപറയാം.അല്ലാതെ മറ്റുള്ളവര്‍ക്ക് പറയേണ്ടിവരുന്നതുപോലെ കോടമ്പാക്കത്തെ പൈപ്പുവെള്ളം ഞാന്‍ കുറേ കുടിച്ചതാണ് തുടങ്ങിയ കഷ്ടപ്പാടുകഥകളൊന്നും എനിക്ക് പറയാനില്ല. ദലിത് സമൂഹത്തിലെ പറയ സമുദായ അംഗമായ എനിക്ക് പറയ സമൂഹത്തിന്റെ ഭാഷയെന്ന ജ്ഞാനബോധം തന്ന അവസരമാണിത്. എന്റെ രാഷ്ട്രീയം കൂടിയാണ് ഈ പാട്ട്.

ഞാന്‍ ജിയോയോട് ആവശ്യപ്പെട്ടത് ഒന്നുമാത്രമായിരുന്നു, എന്റെ പേര് ഇതില്‍ വരണം. ദലിതെന്ന പേരില്‍ മാറ്റിനിര്‍ത്തപ്പെടാനോ തിരസ്‌കരിക്കപ്പെടാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. മറിച്ച് അങ്ങനെ തന്നെ അറിയപ്പെടാനും പറയപ്പെടാനുമാണ് എനിക്ക് താല്‍പര്യം. തീര്‍ച്ചയായും മലയാള സിനിമ എന്നത് ജാതിവ്യവസ്ഥയ്ക്കകത്ത് നിലകൊള്ളുന്ന ഒരിടമാണ്. ആ ഇടത്തിലേയ്ക്ക് കയറ്റപ്പെടാത്ത സമൂഹത്തിന്റെ ഒരു ഭാഗമായിത്തന്നെയാണ് ഞാന്‍ മലയാളസിനിമയിലേയ്ക്ക് പ്രവേശിക്കുന്നത്. അതായത് അതിന്റെ സൗന്ദര്യാത്മക ഭാഗങ്ങളിലേയ്ക്ക് ഒന്നുതന്നെ ഞാനുള്‍പ്പെടുന്ന ദലിത് സമൂഹത്തെ കയറ്റുന്നില്ല, അവിടേയ്ക്കാണ് ഞാന്‍ ഇതുതന്നെയാണ് എന്ന് ഉറക്കെപറഞ്ഞുകൊണ്ട് കയറിച്ചെല്ലുന്നത്. അപ്പോഴും കലാഭവന്‍ മണിയും വിനായകനുമെല്ലാം നമുക്ക് മുന്നിലുണ്ട്. പിന്നീടുള്ള മനുഷ്യര്‍ എന്നുപറയുന്നത് ജാതിയറിയിക്കാതെ നില്‍ക്കുന്ന ദലിത് സമൂഹമാണ്. തങ്ങളുടെ ജാതി വെളിപ്പെട്ടാല്‍ ഫീല്‍ഡില്‍ നിന്നും പുറത്താക്കപ്പെടുമെന്ന് ഭയന്നുകഴിയുന്നവരെ എനിക്ക് നേരിട്ടറിയാം. അവരുടെ കല പ്രദര്‍ശിപ്പിക്കണമെങ്കില്‍ മറ്റൊരു ജാതിയായി നടിക്കേണ്ടിവരുന്നവരാണ് അങ്ങനെയുള്ളവര്‍.

പേര് വേണമെന്ന് ഞാന്‍ പറഞ്ഞത് എനിക്ക് ആ ഒരു രാഷ്ട്രീയബോധമുള്ളതുകൊണ്ടാണ്. പ്രശസ്തമായ കല്ലമാല സമരം പരാമര്‍ശിക്കപ്പെടുമ്പോള്‍ കല്ലമാല സമരം നടത്തിയ സ്ത്രീകള്‍ എന്നാണ് അവരെക്കുറിച്ച് പറയുന്നത്. അവരുടെ പേരുകളില്‍ അല്ല. കല്ലമാല എന്നുപോലുമല്ല കല്ലുമാല എന്നാണ് പലപ്പോഴും പറയുന്നത്. അതുപോലെ മാറുമറയ്ക്കല്‍ സമരം. എവിടെയും അതിന് വേണ്ടി ശബ്ദമുയര്‍ത്തിയവരുടെ പേര് പറയുന്നില്ല. പക്ഷേ 1857 ല്‍ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരം, ബ്രീട്ടീഷുകാര്‍ ശിപായി ലഹള എന്നുവിളിച്ച സമരത്തിന് ഭാഗഭാക്കായ ഝാന്‍സിയിലെ റാണി ലക്ഷ്മി ഭായിയുടെ പേരടക്കം നമ്മള്‍ പഠിക്കുന്നുണ്ട്. അവരുടെ ചിത്രവും ഉണ്ട്. എന്നാല്‍ ആധുനിക കേരളത്തില്‍ ഫോട്ടോഗ്രഫി വികസിച്ച കാലത്ത് നടന്ന കല്ലമാല സമരത്തിന്റെയോ മാറുമറക്കല്‍ സമരത്തിന്റേയോ ചിത്രങ്ങളോ പങ്കെടുത്ത സ്ത്രീകളുടെ പേരോ ലഭ്യമല്ല. അത് അറിയപ്പെടാതെ പോയത് അതില്‍ പ്രവര്‍ത്തിച്ചവര്‍ അയിത്തജാതിയിലെ പെണ്ണുങ്ങള്‍ ആയതിനാലാണ്.

ജാതീയ പരിതസ്ഥിതിയില്‍ നിന്നും നടത്തിയ ഏതൊരു നവോത്ഥാന പ്രക്ഷോഭങ്ങളും അറിയപ്പെടുന്നത് ഇങ്ങനെയാണ്.അതുകൊണ്ടാണ് എന്റെ പേര് അറിയപ്പെടണമെന്ന് ഞാന്‍ പറഞ്ഞത്. ഇതൊരു രാഷ്ട്രീയ ജാഗ്രതയാണ്. പേര് ഒരു അധികാരവും.

Q

മലയാള സിനിമപോലെ ശക്തമായൊരിടത്ത് ദലിത് സമുദായത്തില്‍ നിന്നൊരു ഭാഷയില്‍ പാട്ടുണ്ടാകുന്നു, സമരപ്രഖ്യാപനം പോലെ ?

A

അതെ ഇതൊരു സമരപ്രഖ്യാപനം തന്നെയാണ്. എന്നെ സംബന്ധിച്ച് രാഷ്ട്രീയമാണ് എന്റെ എഴുത്തുകള്‍. കവിതയായിരുന്ന ഈ എഴുത്തിനെ സിനിമയെന്ന വലിയ മാധ്യമത്തിലൂടെ പുറത്തേയ്ക്ക് എത്തിക്കുന്നതിന് സത്യത്തില്‍ നന്ദിപറയേണ്ടത് ചിത്രത്തിന്റെ സംവിധായകനായ ജിയോ ബേബിയോടാണ്. എന്റെ കവിത കണ്ട് എന്നെ അദ്ദേഹം ആദ്യം വിളിച്ച് ചോദിച്ചത് ഞാന്‍ ഈ പാട്ട് എടുത്തോട്ടെ എന്നായിരുന്നു. ഉടനെ തന്നെ ഞാന്‍ എടുത്തോളാനും പറഞ്ഞു. അപ്പോഴൊന്നും ഇതിത്ര മുന്നോട്ട് പോകുമെന്നും വാര്‍ത്താ പ്രാധാന്യം നേടുമെന്നും ഞാന്‍ കരുതിയില്ല. വളരെ ധീരമായൊരു നിലപാടാണ് അദ്ദേഹം ഇപ്പോള്‍ കൈകൊണ്ടിരിക്കുന്നത്. ഇനിയും ഇതുപോലെയുള്ള ഇടപെടലുകള്‍ ഉണ്ടാകണം.

ഞാന്‍ ജിയോയോട് ഒരിക്കല്‍ പറഞ്ഞു, പാളുവ ഭാഷ ഗൂഢസ്വഭാവമുള്ളൊരു ഭാഷയാണ്. പറയ ഭാഷയെന്ന് പറയാതെ, സമുദായത്തിന്റെ പേരില്‍ അല്ലാതെ പാളുവ ഭാഷയെന്ന് ഉപയോഗിക്കുന്നത് പോലും ഗൂഡ സ്വഭാവമുള്ളതിനാലാണ്. അംഗീകരിക്കാനാവാത്ത ഒരു സമുദായത്തിന്റെ കലയെ ഏറ്റെടുക്കാന്‍ ആരുമില്ലാത്തതിനാല്‍ ഇന്നും കഷ്ടപ്പെടുന്ന ഒത്തിരി കലാകാരന്‍മാരെ എനിക്കറിയാം. ജിയോയോടും ഞാന്‍ ചോദിച്ചത് അതായിരുന്നു. കാരണം ഒരു സിനിമ ചെയ്താല്‍ അത് വിതരണക്കാരില്ലാതെ പ്രേക്ഷകരിലേയ്ക്ക് എത്തില്ല. എന്നാല്‍ ജിയോ പറഞ്ഞത് ഇപ്പോള്‍ ഇതൊക്കെ ചെന്ന് പറഞ്ഞാല്‍ മനസിലാകുന്ന ഒരു സമൂഹം ഇന്ന് രൂപപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു പദ്ധതിയുമായി ചെന്നാല്‍ ഏറ്റെടുക്കുന്ന വിതരണക്കാരുമുണ്ടെന്നായിരുന്നു. അങ്ങനെയൊരു മാറ്റം സംഭവിക്കുന്നുണ്ട്. ഇപ്പോള്‍ ഈ ഗാനമാലപിച്ചിരിക്കുന്നവര്‍ക്ക് തോന്നുകയാണ് ഇങ്ങനെയൊരു പാട്ട് പാടിയാല്‍ ഞങ്ങളുടെ സമുദായത്തില്‍ നിന്നും ബഹിഷ്‌കരിക്കപ്പെടുമോ എന്ന്. എന്നാല്‍ അവര്‍ അങ്ങനെ ചിന്തിച്ചില്ല.അതുപോലെ മാത്യൂസ് പുളിക്കലാണ് ഇതിന്റെ സംഗീതം. അദ്ദേഹത്തിന്റെ മനോഹരസംഗീതമാണ് ഈ പാട്ട് കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണം. ദലിത് സമൂഹത്തിന്റെ വിജയമാണിത്. നിരന്തരമായിട്ടുള്ള ഇടപെടലുകളിലൂടെ, സംവാദങ്ങളിലൂടെ എസ്റ്റാബ്ലിഷ് ആയൊരു സമൂഹത്തെ രൂപപ്പെടുത്തിയെടുക്കാന്‍ ദലിത് സാഹിത്യത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയുടെ സാംസ്‌കാരിക മൂലധനം ജാതിയായി നിലനില്‍ക്കുന്നിടത്തോളം കാലം ജാതി അഡ്രസ് ചെയ്ത് ചോദ്യം ചെയ്യുക എന്നത് ഒരു വലിയ റിസ്‌ക് തന്നെയാണ്.ആ റിസ്‌ക് എടുത്തുകൊണ്ടാണ് ഞാന്‍ മുന്നോട്ട് പോകുന്നത്.

മൃദുലയുടെ വരികളും സംഗീതവും ആലാപനവും മനോഹരമായി. പാളുവഭാഷയുടെ സംഗീതാത്മകതയും സൗന്ദര്യവും ലോകം അറിയാനിരിക്കുന്നതേയുള്ളു. എല്ലാവർക്കും അഭിനന്ദനങ്ങൾ

ബാലചന്ദ്രന്‍ ചുള്ളിക്കാട് (യൂട്യൂബില്‍ ഗാനത്തിന് കമന്റായി എഴുതിയത്)

Q

പൊതുവെ പറയപ്പെടുന്നത് ഇത്തരം സാമൂദായിക ഭാഷകള്‍ സമുദായത്തിനകത്ത് തന്നെ നിലനില്‍ക്കുന്നവയാണ് പുറത്തേയ്ക്ക് വരുന്നതിനോട് എതിര്‍പ്പുണ്ടെന്നാണ്. താങ്കള്‍ക്കും അത്തരം എതിര്‍പ്പുകള്‍ ഉണ്ടായിരുന്നോ ?

A

ഞങ്ങളുടെ സമുദായങ്ങളില്‍ വീടുകളില്‍ സംസാരിക്കുന്ന ഭാഷയാണത്. സിനിമ പോലെയൊരു വലിയ പ്ലാറ്റ്‌ഫോമിലേയ്ക്ക് ആദ്യമായിട്ടാണ് ഈ ഭാഷ വരുന്നത്. എന്നാല്‍ മുമ്പ് ഷോര്‍ട്ട് ഫിലിമായും കവിതയായുമൊക്കെ പലരും ഇത് ഉപയോഗിച്ചിട്ടുമുണ്ട്.അതിനൊക്കെ നല്ല പ്രതികരണവും ലഭിച്ചിട്ടുണ്ട്. പക്ഷേ പൊതുസമൂഹത്തിലേക്ക് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് സിനിമ എന്ന മാധ്യമത്തിലൂടെയാണെന്ന് മാത്രം. പൊതുവെ സമുദായത്തിന് പുറത്തേയ്ക്ക് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനോട് ഒരു എതിര്‍പ്പുണ്ടെന്ന് പറയാം. കാരണം ഞങ്ങള്‍ ഭാഷയും കലയുമെല്ലാം വളരെ അമൂല്യമായി കണക്കാക്കുന്നവരാണ്. ഈ പാളുവ ഭാഷ തന്നെ എല്ലാവരും ഉപയോഗിക്കുമെങ്കിലും ഒരല്‍പ്പം മുതിര്‍ന്നവര്‍, അതായത് 70-80 പ്രായത്തിലുള്ളവരാണ് അതിന്റെ എല്ലാ തഴക്കത്തോടെയും ഉപയോഗിക്കുന്നത്.അവരില്‍ ചിലര്‍ക്കൊക്കെ ചെറിയ വിഷമമൊക്കെ ഉണ്ടായിരുന്നു, ഈ ഭാഷ പുറംലോകത്തേയ്ക്ക് എടുക്കുന്നതിനോട്.എങ്കിലും എന്നെ സംബന്ധിച്ച് ഇതൊരു രാഷ്ട്രീയമാണ്. എനിക്ക് ഇത് അറിയപ്പെടണം, അംഗീകരിക്കപ്പെടണം എന്നുതന്നെയാണ്.

ഗൂഡസ്വഭാവത്തില്‍ വിനിമയം ചെയ്യുന്ന ഭാഷയെന്ന നിലയില്‍ മറ്റെങ്ങും ഒഴുകിപ്പരക്കുന്നതിനോട് സമുദായത്തിനകത്തുള്ളവര്‍ക്ക് താല്‍പ്പര്യമില്ല. അങ്ങനെ ഭാഷയെ പുറത്തുവിടാതിരിക്കുന്നത് ഒരു മൗലികവാദമാണ്. ഭാഷയെന്നതിലുപരി ഇതൊരു ജ്ഞാനബോധമാണ്. ഉദാഹരണത്തിന് കൊങ്ങിണി ഭാഷ, സാമുദായികമായി നോക്കുകയാണെങ്കില്‍ വളരെ ചെറുതാണ്. പക്ഷേ അതിന് കേന്ദ്രസര്‍ക്കാര്‍ അവാര്‍ഡ് വരെ കിട്ടുന്നുണ്ട്. അപ്പോള്‍ പാളുവ ഭാഷപോലെ മനോഹരമായ ഭാഷയെ മൂടിവയ്‌ക്കേണ്ടതല്ല എന്നാണ് എന്റെ നിലപാട്. ഈ ഭാഷയില്‍ ഒരുപാട് സാധ്യതകളുണ്ട്, പല കലാരൂപങ്ങളായും പല പഠനങ്ങളായും,വരുമാനമാര്‍ഗ്ഗമായും ദൃശ്യവത്കരിക്കേണ്ട ഒന്നാണ്. മലയാളസിനിമയ്ക്ക് തന്നെ മലയാളം എന്ന ഭാഷ വന്നതിനുശേഷമാണ് ഇന്ത്യന്‍ സിനിമയ്ക്കകത്ത് ഒരു സ്ഥാനം കൈവന്നത്. പിന്നീട് ഓരോ കാലത്തും പുതിയ പരിഷ്‌കാരങ്ങളിലൂടെയും മാറ്റങ്ങളിലൂടെയും മലയാള സിനിമ ഓരോ സംഭാവനങ്ങള്‍ നല്‍കുന്നുണ്ട്. അങ്ങനെയുള്ളപ്പോള്‍ മലയാള ഭാഷയെ നെടുംതൂണായി നിര്‍ത്തുന്ന മലയാളേതര ഭാഷകളില്‍ വളരെ പ്രാമുഖ്യമുള്ള ഭാഷ തന്നെയാണ് പാളുവയെന്ന പറയ ഭാഷ. അതുകൊണ്ട് തന്നെയാണ് ആ ഭാഷയുടെ പ്രാധാന്യം എല്ലാവരും അറിയണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in