അപവാദത്തെ വിറ്റുതിന്നുന്ന ഒരുത്തനെ ശിക്ഷിക്കാന്‍ വകുപ്പില്ലെന്നു പറഞ്ഞാല്‍ ആത്മാഭിമാനമുള്ള സ്ത്രീകള്‍ അടങ്ങിയിരിക്കില്ല: ജെ ദേവിക

അപവാദത്തെ വിറ്റുതിന്നുന്ന ഒരുത്തനെ ശിക്ഷിക്കാന്‍ വകുപ്പില്ലെന്നു പറഞ്ഞാല്‍ ആത്മാഭിമാനമുള്ള സ്ത്രീകള്‍ അടങ്ങിയിരിക്കില്ല: ജെ ദേവിക
Q

സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ വെര്‍ച്വല്‍ റേപ്പ് ഉള്‍പ്പെടെ നേരിടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വിജയ് പി നായര്‍ക്കെതിരെ ഇപ്പോള്‍ ഉയര്‍ന്ന പ്രതിഷേധത്തിന്റെ സാഹചര്യം ഭരണകൂടം തന്നെ സൃഷ്ടിച്ചതല്ലേ

A

തീര്‍ച്ചയായും. കേരളത്തില്‍ 201112 മുതലെങ്കിലും സ്ത്രീകള്‍ സൈബര്‍കുറ്റകൃത്യങ്ങള്‍ കാര്യമായി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. എങ്കിലും വേണ്ടവിധമുള്ള അന്വേഷണമോ നീതിയോ ലഭിച്ചിട്ടുള്ളവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. അവയില്‍ത്തന്നെ പൊതുമാദ്ധ്യമങ്ങളിലും സൈബര്‍ ഇടങ്ങളിലും അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ആക്രമിക്കപ്പെട്ട സ്ത്രീകളോട് ഗുരുതരമായ അവഗണനയാണ് വളരെ സ്വാധീനശക്തിയുള്ള സ്ത്രീകളുടെ പോലും കാര്യത്തില്‍ ഇതാണ് സ്ഥിതി.

പിടിക്കപ്പെടുന്ന കേസുകളില്‍ത്തന്നെ നീതി അകലത്താണ്. പലപ്പോഴും സാമൂഹ്യമാദ്ധ്യമങ്ങളിലെ സൈബര്‍ അതിക്രമം നടത്തുന്നവര്‍ മറഞ്ഞും ഒറ്റപ്പെട്ടും ഇരിക്കുന്ന പുരുഷന്മാരുടെ വിക്രിയയാണ്. അവര്‍ പലപ്പോഴും നമ്മുടെ മനസ്സിലെ വില്ലന്‍ സങ്കല്പത്തെ തൃപ്തിപ്പെടുത്തുന്നവരല്ല കണ്ടാല്‍ നാം പ്രതീക്ഷിക്കുന്ന ആ ലുക്ക് അഥവാ മാച്ചോ പുരുഷത്വം അവരില്‍ കണ്ടുവെന്ന് വരില്ല (ഈ വിജയ് നായരെത്തന്നെ നോക്കൂ കണ്ടാല്‍ത്തോന്നും, അയാളാണ് ഇരയെന്ന്). ഞങ്ങളുടെ ഗവേഷണത്തില്‍ പലപ്പോഴും നിയമപാലകര്‍ ഇതാണ് ചൂണ്ടിക്കാട്ടിയത് കണ്ടില്ലേ, വെറും എല്ലും തോലും മാത്രമായ ഒരുത്തന്‍, അല്ലെങ്കില്‍ കഷ്ടിച്ച് കൗമാരം കഴിഞ്ഞ ചെറുക്കന്‍, എന്നൊക്കെ. ഈ അപര്യാപ്ത പുരുഷത്വങ്ങളെ നിയമപാലകര്‍ തങ്ങളുടെ ശരീരത്തില്‍ വഹിക്കുന്ന ഭരണകൂടമെന്ന മഹാപുരുഷത്വത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ അവര്‍ തീര്‍ത്തും അപ്രസക്തര്‍, അശക്തര്‍ എന്നേ തോന്നൂ.

പിതൃമേധാവിത്വസംസ്‌കാരത്തില്‍ സ്ത്രീസംരക്ഷണമെന്നാല്‍ പുരുഷന്മാര്‍ തമ്മിലുള്ള ഇടപാടാണെന്ന് ( അതായത്, നീ എന്റെ സ്ത്രീയെ പിടിക്കാന്‍ വരരുത്, തിരിച്ചും) കരോളി പെയ്റ്റ്മാനെ പോലുള്ള സൈദ്ധാന്തികര്‍ ചുമ്മാതല്ല പറയുന്നത് . പോലീസിലൂടെ ഭരണകൂടത്തിന്റെ മഹാപുരുഷത്വം വിജയ് പി നായരടക്കമുള്ള സൈബര്‍ ആണ്‍ അക്രമികളെ വിലയിരുത്തുംപോള്‍ അവര്‍ ഒരു ഭീഷണിയായി കാണപ്പെടുന്നില്ല. മാത്രമല്ല, മഹാപുരുഷത്വത്തിന്റെ നിയമങ്ങളെ അതുപടി അനുസരിക്കാത്തവരെ ഒതുക്കുന്ന പണിയാണ് അവര്‍ ചെയ്യുന്നതും. രണ്ടും കൂടി ആകുംപോള്‍ അവരെ ശിക്ഷിക്കാനുള്ള വാശി ഭരണകൂടത്തിന് കുറയുകതന്നെ ചെയ്യും.

ഇതു ശരിക്കും പ്രശ്‌നം തന്നെയാണ്. വളരെ ഗുരുതരമായ സൈബര്‍ ശല്യം നടത്തിയവരെ വെറും പയ്യന്മാര്‍ ആയി ചിത്രീകരിച്ച്, അവരുടെ കുറ്റകൃത്യത്തെ വെറും ബാലലീലയായി എണ്ണി, ഇത്തരക്കാരെ വളരാന്‍വിടുന്ന രീതി സര്‍വ്വസാധാരണമാണെന്നാണ് ഗവേഷണത്തിന്റെ ഭാഗമായി ഞങ്ങള്‍ സമീപിച്ച അഭിഭാഷകര്‍ പറഞ്ഞത്. ഈ ചെറുപ്പക്കാരുടെ വീട്ടുകാര്‍ ഏതു വിലയും കൊടുത്ത് ഇവരെ രക്ഷിക്കാനും തയ്യാറാകുമത്രെ.

ഇതിനൊക്കെപ്പുറമെ പോലീസിന്റെ ആന്തരികപ്രശ്‌നങ്ങളുമുണ്ട്. മതിയായ വിഭവങ്ങള്‍ ഇല്ലാതിരിക്കുക, വേണ്ടത്ര, നിലവാരമുള്ള, പരിശീലനം ഇല്ലാതിരിക്കുക, പോലീസ് സേനയ്ക്കുള്ളിലെ ലിംഗസംസ്‌കാരം തന്നെ വികൃതമായ പുരുഷമേധാവിത്വത്തിന്റേതായിരിക്കുക, തുടങ്ങിയവ.

അതിലുമുപരി ഈ വിജയ് പി നായര്‍ക്ക് ഹിന്ദുത്വബന്ധങ്ങളുണ്ടെന്ന് പറയപ്പെടുന്നു. കേരളസര്‍ക്കാരിന്റെ നിശബ്ദനയം, ഹിന്ദുത്വബന്ധുക്കളായ കുറ്റവാളികളെ വെറുതേ വിടുക, അവരുടെ പരാതികളെ ഗൗരവമായി എടുക്കുക, എന്നതാണ്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും എന്തൊക്കെപ്പറഞ്ഞാലും ഈ സ്ത്രീകള്‍ക്കെതിരെയുള്ള കേസുകള്‍ നിരുപാധികം പിന്‍വലിക്കാതെ ഒന്നും വിശ്വസിക്കാന്‍ വകുപ്പില്ല.
Q

കേന്ദ്ര സര്‍ക്കാരാണ് നിയമം കൊണ്ടു വരേണ്ടതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. വെര്‍ച്വര്‍ റേപ്പ് ഉള്‍പ്പെടെ നടക്കുന്ന സംസ്ഥാനത്ത് ഈ വാദം പറഞ്ഞ് ഒഴിഞ്ഞാല്‍ മതിയോ

A

ഐടി നിയമത്തിന്റെ സെക്ഷന്‍ 66A, കേരളാ പോലീസ് ആക്ടിന്റെ സെക്ഷന്‍ 118D എന്നിവയെ റദ്ദുചെയ്തത് കാര്യങ്ങളെ കുറേക്കൂടെ പ്രയാസകരമാക്കിയെന്ന് പൊതുവേ പറയാം. മുഴുവന്‍ എടുത്തുകളയുന്നതിനു പകരം ഒരുപക്ഷേ offensive എന്ന പദത്തെ കൂടുതല്‍ സൂക്ഷ്മമായി നിര്‍വചിച്ചിരുന്നെങ്കില്‍ ഇത്തരം കുറ്റകൃത്യങ്ങളെ നേരിടാന്‍ കുറച്ചുകൂടി കഴിഞ്ഞേനെ. എന്നാല്‍ ഇത്തരം കേസുകളില്‍ പോലീസ് outraging a woman's modesty സംബന്ധമായ വകുപ്പാണ് ചേര്‍ക്കുന്നത്. എന്നാല്‍ ഇത്തരം വിഡിയോകളും മറ്റും ഫലത്തില്‍ പലപ്പോഴും criminal intimidation തന്നെയാണ് (ഫേസ്ബുക്കിലെ ട്രോള്‍ ആക്രമണങ്ങള്‍, പലപ്പോഴും). പക്ഷേ 506, 507 വകുപ്പുകള്‍ ചേര്‍ക്കാനാവില്ലെന്നാണ് പലപ്പോഴും പോലീസധികാരികളുടെ അഭിപ്രായം.

ഓര്‍ത്തു നോക്കൂ ഇപ്പറഞ്ഞ വിജയ് പി നായര്‍, പോണോഗ്രഫിയോടു ചേര്‍ന്നു കിടക്കുന്ന ഈ വിഡിയോകളുപയോഗിച്ച് കേരളത്തിലെ ഫെമിനിസ്റ്റുകളെ തോജോവധം ചെയ്യുകയും, അതിലൂടെ തന്റെ സ്ത്രീവിരുദ്ധതയെ പ്രക്ഷേപിക്കുകയും മാത്രമല്ല, അതിലൂടെ കാര്യമായ വരുമാനം ഉണ്ടാക്കുന്നുമുണ്ട്. ഈയാളുടെ അപവാദപ്രചരണം ഒരു വരുമാനമാര്‍ഗം കൂടിയാണെന്നു മറക്കരുത്. അതുകൂടി ഓര്‍ത്താല്‍ ഭാഗ്യലക്ഷ്മിയും കൂട്ടരും എന്തുകൊണ്ടിതുചെയ്തു എന്ന് ശരിക്കും മനസ്സിലാകും. അവരെപ്പറ്റിയുള്ള അപവാദത്തെ വിറ്റുതിന്നുന്ന ഒരുത്തനെ ശിക്ഷിക്കാന്‍ വകുപ്പില്ലെന്നു പറഞ്ഞാല്‍ ആത്മാഭിമാനമുള്ള സ്ത്രീകള്‍ അടങ്ങിയിരിക്കില്ല, തീര്‍ച്ച.

എന്നാലിവിടെ ഐടി വകുപ്പ് പര്യാപ്തമാണോ എന്നതു മാത്രമല്ല പ്രശ്‌നം. ഇവിടെ യഥാര്‍ത്ഥ കുറ്റവാളിയ്‌ക്കെതിരെ താരതമ്യേന ലഘുവായ വകുപ്പുകള്‍ ചാര്‍ത്തുകയും യഥാര്‍ത്ഥ ഇരകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ക്കുകയും ചെയ്തതാണ് അനീതിയുടെ ആഴത്തെ കാട്ടുന്നത്.

അതിലുമുപരി ഈ വിജയ് പി നായര്‍ക്ക് ഹിന്ദുത്വബന്ധങ്ങളുണ്ടെന്ന് പറയപ്പെടുന്നു. കേരളസര്‍ക്കാരിന്റെ നിശബ്ദനയം, ഹിന്ദുത്വബന്ധുക്കളായ കുറ്റവാളികളെ വെറുതേ വിടുക, അവരുടെ പരാതികളെ ഗൗരവമായി എടുക്കുക, എന്നതാണ്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും എന്തൊക്കെപ്പറഞ്ഞാലും ഈ സ്ത്രീകള്‍ക്കെതിരെയുള്ള കേസുകള്‍ നിരുപാധികം പിന്‍വലിക്കാതെ ഒന്നും വിശ്വസിക്കാന്‍ വകുപ്പില്ല.

Q

സൈബര്‍ ആക്രമണങ്ങളില്‍ പരാതിയുമായി പോകുന്ന സ്ത്രീകള്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നും ഉപദേശം കേട്ട് മടങ്ങേണ്ടി വരുന്നതും ഇതേ യുക്തിയല്ലേ?

A

തികച്ചും. 201718ല്‍ നടത്തിയ ഗവേഷണത്തിന്റെ ഭാഗമായി ഞങ്ങള്‍ സമീപിച്ച പരാതിക്കാരികള്‍ പ്രായവിദ്യാഭ്യാസവര്‍ഗഭേദമന്യേ സ്ഥിരീകരിച്ച കാര്യമാണിത്. അതില്‍ ഒരാള്‍ പോലും പോലീസിന്റെ സമീപനത്തില്‍ തൃപ്തരായിരുന്നില്ല. വന്‍സ്വാധീനമുള്ളവര്‍ പോലും. ഇത്തരം കേസുകള്‍ രഹസ്യത്തില്‍ ഒതുക്കിത്തീര്‍ത്ത ചിലര്‍ മാത്രമാണ് തങ്ങള്‍ക്ക് വലിയ മുറിപ്പാടുണ്ടായില്ല എന്നു പറഞ്ഞത്. ഈ പഠനത്തിനായി ഞങ്ങള്‍ സമീപിച്ച അഭിഭാഷകരും ഇതേ അതൃപ്തിയാണ് പ്രകടിപ്പിച്ചത്. എന്നാല്‍ സാമ്പത്തിക സൈബര്‍കുറ്റകൃത്യങ്ങള്‍ക്കിരയായവര്‍ മറ്റൊരു അനുഭവമാണ് പങ്കുവച്ചത്. പലപ്പോഴും പോലീസില്‍ നിന്നും പൊതുവെ അധികൃതരില്‍ നിന്നും നല്ല പെരുമാറ്റമായിരുന്നുവെന്ന് അവര്‍ പറയുന്നു. സ്വന്തം പൗരത്വത്തെ കാര്യമായി ഉപയോഗിക്കുന്ന സ്ത്രീകളാണ് ഏറ്റവും അവഗണിക്കപ്പെടുന്നവര്‍ , അവഹേളിക്കപ്പെടുന്നവര്‍ എന്നായിരുന്നു ഞങ്ങളുടെ നിഗമനം.

ഇതില്‍ ഒരു കേസില്‍ ആക്രമിക്കപ്പെട്ട സ്ത്രീകളുടെ കൂട്ടുകാരികള്‍ ചേര്‍ന്ന് തിരിച്ചടിക്കാന്‍ തീരുമാനിച്ചു. ആ സംഭവത്തെക്കുറിച്ചു വിവരിച്ച പോലീസ് മേധാവി സ്ത്രീകളുടെ അടക്കമില്ലായ്മയെപ്പറ്റിയാണ് ഏറെപ്പറഞ്ഞത്. സ്ത്രീകള്‍ ഫേക്ക് ഐഡി ഉണ്ടാക്കി, പയ്യന്മാരെപ്പോലെ, അവരെപ്പോലെ തെറി പറഞ്ഞു, എന്നൊക്കെയുള്ള പരാതിയായിരുന്നു അദ്ദേഹത്തിനധികവും. സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ഗാംങ് വാര്‍ എന്നാണ് അദ്ദേഹം ഈ സംഭവത്തെ വിശേഷിപ്പിച്ചത്. ഇപ്പോഴത്തെ സംഭവവും ഈവിധത്തില്‍ വ്യാഖ്യാനിക്കാനാണിട. നീതി ലഭിക്കാതെ വരുമ്പോള്‍ ചെയ്യേണ്ടി വന്ന ആത്മരക്ഷാപരമായ നീക്കമെന്ന് പോലീസുകാര്‍ ഇതിനെ കാണുന്ന മട്ട് ഇനിയും ഇല്ല.

Q

സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ പൊതുവായിട്ടുള്ളത് എന്തെല്ലാമാണ്

A

ആ പഠനം കേരളത്തിലെ പ്രമുഖ കലാലയങ്ങളില്‍ ചിലതിനെ കേന്ദ്രീകരിച്ചാണ് നടന്നത്. അതില്‍ നിന്നു വ്യക്തമായ ഒരു കാര്യം, ഉന്നതവിദ്യാഭ്യാസം സ്ത്രീകള്‍ക്കു നല്‍കുന്ന ആത്മവിശ്വാസമാണ്. ബിരുദം ഒന്നാംവര്‍ഷക്കാരികള്‍ സൈബര്‍ ലോകത്തില്‍ ഭയന്നാണ് കടക്കുന്നതെങ്കിലും പോസ്റ്റ് ഗ്രാജുവെറ്റ് നിലയിലെത്തുമ്പോള്‍ അവരുടെ ആത്മവിശ്വാസം കാര്യമായി ഉയരുന്നു. ഇതായിരിക്കാം ഒരുപക്ഷേ അരക്ഷിത ആണത്തങ്ങളെ ഇത്രയധികം പ്രകോപിപ്പിക്കുന്നത് പല കാര്യങ്ങളിലും ചെറുപ്പക്കാരികള്‍ തങ്ങളുടെ കര്‍തൃത്വം ഉറപ്പിക്കുന്നതുമൂലം.

ഈ പഠനത്തില്‍ സര്‍വേ ചെയ്യപ്പെട്ട വിദ്യാര്‍ത്ഥിനികളോട് രണ്ട് സന്ദര്‍ഭസംബന്ധ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ് സൈബര്‍ ലോകത്ത് കാമുകന്മാരോടു പോലും ആത്മരക്ഷയെ കണക്കിലെടുത്തുകൊണ്ടേ പെരുമാറാവൂ എന്ന് ഭൂരിപക്ഷം വിദ്യാര്‍ത്ഥിനികളും വിശ്വസിക്കുന്നു. എന്നാല്‍ സാമൂഹ്യരാഷ്ട്രീയനിലപാടുകള്‍ പരസ്യമായിപ്പറഞ്ഞതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ ഒരുചുവടുപോലും പിന്മാറരുതെന്ന് അവരില്‍ ബഹുഭൂരിപക്ഷവും കരുതുന്നു. ഇങ്ങനെയുള്ള സ്ത്രീകളാണ് പോലീസ് സംരക്ഷണം അര്‍ഹിക്കുന്നതെന്നും അവര്‍ പറയുന്നു.

അതായത്, ഈ പഠനത്തിലൂടെ തെളിഞ്ഞ പോലീസ് നിലപാടിന് കടകവിരുദ്ധമാണ് വിദ്യാര്‍ത്ഥിനികളുടെ അഭിപ്രായവും പ്രതീക്ഷയും. എന്തൊരു ദുരന്തമാണ്, നമ്മുടെ ഭരണകൂടം, ശരിക്കും.

Q

സോഷ്യല്‍ മീഡിയ സാമൂഹ്യ രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്ന ഇടമാണ്.അവിടെ ഉണ്ടാക്കുന്ന വ്യക്തിഹത്യകളും വെര്‍ച്വല്‍ റേപ്പും സ്ത്രീകളെ ഈ ഇടത്തില്‍ നിന്നും അകറ്റി നില്‍ക്കാന്‍ പ്രേരിപ്പിക്കുമോ

A

അങ്ങനെ ഒതുങ്ങുന്നില്ലെന്നതാണ് ഇവരുടെ പ്രശ്‌നം. ഉന്നതവിദ്യാഭ്യാസം, തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ മുകളിലേക്ക് ഉയരുന്നുണ്ട്. വിവാഹം കാരണം തൊഴില്‍ മേഖലയില്‍ ഒതുങ്ങിപ്പോകുന്ന സ്ഥിതിയുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്ത്രീകള്‍ തന്നെയാണ് മുന്നില്‍. ഇത്തരം ശ്രമങ്ങളൊന്നും സ്ത്രീകളെ ഒതുക്കി നിര്‍ത്തില്ല.

ഗതികേടിന്റെ അങ്ങേയറ്റത്തില്‍ ചെയ്ത പ്രവൃത്തിയെ ഏതോ വിപ്‌ളവകൃത്യമെന്നോണം അധികാരക്കസേരയിലിരുന്ന് അഭിനന്ദിക്കുന്നതിന്റെ അനൗചിത്യം സത്യത്തില്‍ അറപ്പുളവാക്കുന്നു. പട്ടിണികിടന്നു സഹിക്കവയ്യാതെ പൂഴ്ത്തിവയ്പ്പുകാരന് നാലടി കൊടുത്ത് കട തുറന്നവരോട്, വളരെ നന്നായി, അങ്ങനെ തന്നെ ചെയ്യൂ. ഇതാണ് വിപ്‌ളവം എന്നു പറയുന്ന ഭരണാധികാരിയെപ്പോലെ ... കുറ്റവാളിയും ഭരണകൂടവും ഒരുപോലെ കോമാളിയാകുന്ന കാലം.
Q

നിയമത്തിന്റെ വഴിയില്‍ നീതി കിട്ടിയില്ല എന്നതാണ് വിജയ് പി നായര്‍ക്കെതിരെ നേരിട്ട് പ്രതിഷേധിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നത്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റ് കണക്ഷനുമുണ്ടെങ്കില്‍ സുരക്ഷിതമായി എവിടെയിരുന്നും ഇത്തരം വീഡിയോകള്‍ ഉണ്ടാക്കാമെന്നതാണ് സ്ഥിതി. ശിക്ഷിക്കപ്പെടുന്നുമില്ല. ആ സ്ഥിതിയില്‍ ഈ സമരം ഒരു മാതൃകയായി മാറുമോ

A

അതിനെ മോഡലാണെന്ന് പറയരുത്. സഹിക്കാന്‍ വയ്യാതായപ്പോളാണ് അവര്‍ പ്രതികരിച്ചത്. ഒരുതരത്തിലും നീതി കിട്ടില്ലെന്നാവുമ്പോള്‍ നിങ്ങള്‍ പിന്നെ എന്തുചെയ്യും? അവരുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ഇത് തന്നെ ചെയ്‌തേനേ. കുറെ കൂടി പ്ലാന്‍ ചെയ്തു പോകുമായിരുന്നു. അത്ര വൃത്തികേടല്ലേ അയാള്‍ ഭാഗ്യലക്ഷമിക്കെതിരെ പറഞ്ഞത്. ഏത് സ്ത്രീക്ക് സഹിക്കാനാവും. ഇവരുടെ സമരം ഒരു താക്കീതാണ്. ഇപ്പോള്‍ ഒരുപേടിയുണ്ടാകും. സര്‍ക്കാരിന്റെ പ്രതികരണം അനുസരിച്ചായിരിക്കും ഇതിന്റെ തുടര്‍ച്ച. സ്ത്രീകള്‍ക്കിടയില്‍ വലിയ ദേഷ്യമുണ്ടാക്കിയിട്ടുണ്ട്. പൊലീസ് കേസ് വന്നോട്ടെ ഇത്തരക്കാര്‍ പത്ത് അടി കൊടുക്കാതെ പിന്‍മാറേണ്ടതില്ലെന്ന തോന്നല്‍ ഉണ്ടായിട്ടുണ്ട്. ഭാഗ്യലക്ഷ്മിയെക്കുറിച്ച് അയാള്‍ കൊടുത്ത സൂചനകള്‍ മക്കളുള്ള ഒരു സ്ത്രീക്കും സഹിക്കില്ല. സഹിക്കാന്‍ വയ്യാത്ത വൃത്തികേടാണ് അയാള്‍ പറഞ്ഞത്. അവരുടെ വികാരം എനിക്ക് നൂറ് ശതമാനം മനസിലാകും. ഇവിടെ വരെ കൊണ്ടെത്തിച്ച കേരള സര്‍ക്കാരിനെയും പൊലീസിനെയും മാത്രമാണ് ഞാന്‍ കുറ്റം പറയുക.

അതുകൊണ്ടാണ് സഖാവ് കെ കെ ശൈലജയുടെ അഭിനന്ദനം വെറും പൊള്ളത്തരമായി അനുഭവപ്പെട്ടത്. വനിതാശിശുക്ഷേമവകുപ്പും വനിതാക്കമ്മിഷനും എല്ലാം നമ്മുടെ നികുതിപ്പണം വിഴുങ്ങി തഴച്ചുവളര്‍ന്നിട്ടും സൈബര്‍ അതിക്രമത്തെ നേരിടാന്‍ പര്യാപ്തമായ നിയമമില്ലെന്ന് ഇപ്പോ കണ്ടുപിടിച്ച ഇടതുജനാധിപത്യവാദികളെപ്പറ്റി എന്തു പറയാന്‍. ഗതികേടിന്റെ അങ്ങേയറ്റത്തില്‍ ചെയ്ത പ്രവൃത്തിയെ ഏതോ വിപ്‌ളവകൃത്യമെന്നോണം അധികാരക്കസേരയിലിരുന്ന് അഭിനന്ദിക്കുന്നതിന്റെ അനൗചിത്യം സത്യത്തില്‍ അറപ്പുളവാക്കുന്നു. പട്ടിണികിടന്നു സഹിക്കവയ്യാതെ പൂഴ്ത്തിവയ്പ്പുകാരന് നാലടി കൊടുത്ത് കട തുറന്നവരോട്, വളരെ നന്നായി, അങ്ങനെ തന്നെ ചെയ്യൂ. ഇതാണ് വിപ്‌ളവം എന്നു പറയുന്ന ഭരണാധികാരിയെപ്പോലെ ... കുറ്റവാളിയും ഭരണകൂടവും ഒരുപോലെ കോമാളിയാകുന്ന കാലം.

Related Stories

The Cue
www.thecue.in