സാധാരണ മനുഷ്യർക്ക് ദുരിതങ്ങൾ മാത്രം സമ്മാനിച്ച സ്വകാര്യ മേഖല എന്ത് മാറ്റമാണ് കാർഷിക മേഖലയിൽ കൊണ്ട് വരാൻ പോകുന്നത്? : പി.സായ്‌നാഥ്

P. Sainath
P. SainathPhoto: Wikimedia Commons/Mullookkaaran CC BY SA 4.0

"കാർഷിക ഉത്‌പന്ന വിപണന സമിതി' (Agricultural Produce Market Committee), 'കുറഞ്ഞ താങ്ങുവില' (Minimum Support Price) എന്നിവയുമായി ബന്ധപ്പെട്ട് പല വിമർശനങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, വൻകിട കോർപ്പറേറ്റുകൾ കർഷകരെ ഏറ്റവും കുറഞ്ഞ വരുമാനത്തിൽ സാധനങ്ങൾ വിൽക്കാൻ പ്രേരിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കാൻ കർഷക ഭേദഗതി ബില്ലുകൾ (Farm Bills) കാരണമാകും"

'ദി വയർ' -ന് (The Wire) വേണ്ടി 'പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ' -യുടെ (People's Archive of India) സ്ഥാപക എഡിറ്ററായ പി.സായ്‌നാഥ് -മായി (P.Sainath) മിതാലി മുഖർജി (Mitali Mukherjee) നടത്തിയ അഭിമുഖത്തിന്റെ സ്വതന്ത്ര പരിഭാഷ.

Q

'ദി ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കോമേഴ്‌സ് (പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ബിൽ' (The Farmers Produce Trade and Commerce (Promotion and Facilitation) Bill) അല്ലെങ്കിൽ 'എ.പി.എം.സി ബൈപാസ് ഓർഡിനൻസ്' (APMC Bypass Ordinance) എന്ന ബില്ലിനെ കുറിച്ച് ആദ്യം സംസാരിക്കാം. എന്താണ് ഈ നിയമ ഭേദഗതിയിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്? എന്തുകൊണ്ടാണ് ഈ ബില്ലിനെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയരുന്നത്?

A

'കാർഷിക ഉത്‌പന്ന വിപണന സമിതിയെ' ഒരു കുത്തകയായി ചിത്രീകരിച്ച് കൊണ്ട്, ആ 'ദുഷ്‌ട സാമ്രാജ്യത്തിൽ' നിന്ന് കർഷകരെ മോചിപ്പിക്കുന്നതാണ് 'എ.പി.എം.സി. ബിൽ' എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ഈ ബിൽ വായിച്ചു നോക്കിയാൽ മനസിലാകുന്ന ഒരു കാര്യം, എല്ലായിടത്തും പരാമർശിക്കുന്നത് 'റിട്ടൺ എഗ്രിമെന്റ്' -നെ കുറിച്ചാണ്, ഒരിടത്ത് പോലും 'റിട്ടൺ കോൺട്രാക്‌ട്' നിർബന്ധമാക്കുന്നതിനെ കുറിച്ച് പരാമർശിക്കുന്നില്ല. രേഖാമൂലമുള്ള കരാർ വേണമോ എന്നത് സ്വമേധയാൽ എടുക്കുന്ന തീരുമാനങ്ങൾക്ക് വിട്ടിരിക്കുകയാണ്. എ.പി.എം.സി -യാണ് എല്ലാം നിയന്ത്രിക്കുന്നത് എന്ന വാദം തന്നെ വിവേകശൂന്യമാണ്. കാർഷികോത്പന്ന വിപണനത്തിന്റെ വലിയ ഒരു ശതമാനം ഇടപാടുകളും നടക്കുന്നത് എ.പി.എം.സി എന്ന സംവിധാനത്തിന് വെളിയിലാണ്. പല തരത്തിലുള്ള ഇടനിലക്കാരുമായും ഏജസികളുമായും കർഷകർക്ക് നേരത്തെ തന്നെ 'രേഖാമൂലം എഴുതപ്പെട്ടിട്ടില്ലാത്ത കരാർ' ഉള്ളത് കൊണ്ട്, വലിയ അളവിലുള്ള ഇടപാടുകൾ അത്തരത്തിലാണ് നടക്കുന്നത്. എ.പി.എം.സി എത്രത്തോളം അവർ ഉപയോഗിക്കുന്നുണ്ട്, അല്ലെങ്കിൽ അതിലൂടെയുള്ള 'കുറഞ്ഞ താങ്ങുവില' (Minimum Support Price) എത്രത്തോളം പ്രയോജനപ്പെടുത്തുന്നുണ്ട് എന്നത് ഇപ്പോഴും പരിശോധിക്കപ്പെടേണ്ട വസ്‌തുതയാണ്‌. സർക്കാർ-ഇതര കുത്തകകൾക്ക് (non-state monopolies) ഈ മേഖലയെ തുറന്ന് കൊടുക്കുകയാണ് ഈ ബില്ലിലൂടെ ചെയ്യുന്നത്.
തൊണ്ണൂറ്റിയെട്ട് ശതമാനം ഇടപാടുകളും നടക്കുന്നത് എ.പി.എം.സി. വഴിയാണെന്നും, അതുകൊണ്ടാണ് ആ കുത്തക അവസാനിപ്പിക്കേണ്ടത് എന്നും പറയുമ്പോൾ, കുറച്ച് കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട് -

എത്ര കർഷകർക്കാണ് 'കുറഞ്ഞ താങ്ങുവില' -യുടെ പ്രയോജനം ലഭിക്കുന്നത്? എത്ര കർഷകരാണ് അതിന് അർഹരായിട്ടുള്ളത്?. കർഷകരുടെ കടങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല, കാർഷിക മേഖലയിൽ കൊള്ളലാഭത്തിനായി ഇടപെടുന്നവരെ തടയാൻ കഴിഞ്ഞിട്ടില്ല. അത് മാത്രമല്ല, തങ്ങൾ ഉൽപാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നത് പോലും കർഷകരല്ല. 1991 മുതൽ മറ്റ് പല മേഖലകളിലും നടപ്പാക്കി കൊണ്ട് വന്ന നയം ഇവിടെയും തുടരുകയാണ്. ഇത് പ്രത്യേശാസ്ത്രപരമായ ആലോചനകളുടെ തുടർച്ചയാണ്. ഇത്രയും കാലമെങ്കിലും വൈകിയത്, കർഷകർ ഇതിനെതിരെ ശക്തമായ പ്രതിരോധം തീർത്തത് കൊണ്ടാണ്. തങ്ങൾക്ക് ലഭിക്കാവുന്ന എക്കാലത്തെയും മികച്ച സൗഭാഗ്യമാണ് ഈ ബില്ലിലൂടെ വാഗ്‌ദാനം ചെയ്യുന്നത് എന്ന പ്രചാരണത്തോടെ അവതരിപ്പിച്ചിട്ട് പോലും, ലക്ഷകണക്കിന് കർഷകരാണ് ശക്തമായ എതിർപ്പുമായി തെരുവിലിറങ്ങിയിരിക്കുന്നത്.


ശ്രദ്ധേയമായ മറ്റൊരു കാര്യം, രാജ്യത്ത് ആദ്യമായല്ല ഇത്തരം ഒരു മാതൃക നടപ്പിലാക്കാൻ പോകുന്നത്. ഇതേ മാതൃക കുറച്ച് വർഷങ്ങൾക്ക് മുൻപ് ഞാനിപ്പോഴുള്ള മഹാരാഷ്ട്രയിൽ കോൺഗ്രസ് സർക്കാർ കൊണ്ട് വന്നിരുന്നു. ഈ മാതൃക നടപ്പിലാക്കുന്നതിലൂടെ എ.പി.എം.സി -ക്ക് വെളിയിലായി നിരവധി സ്വകാര്യ കമ്പോളങ്ങൾ സൃഷ്ടിക്കുകയും, അതിലേക്ക് കോർപ്പറേറ്റ് നിക്ഷേപങ്ങൾ ഉണ്ടാകുകയും, അതുവഴി 'മത്സര സ്വഭാവമുള്ള മാർക്കറ്റ് (competitive market)' ഉണ്ടാക്കിയെടുക്കാനാണ് ശ്രമിക്കുന്നത് തുടങ്ങിയവയായിരുന്നു അവകാശവാദങ്ങൾ. എന്നാൽ ഇന്ത്യൻ സ്വകാര്യ മേഖലയെ സംബന്ധിച്ച് 'മത്സരം' എന്നത് അത്ര ആസ്വാദ്യകരമായ കാര്യമല്ല എന്ന് നമ്മുക്കറിയാവുന്നതാണ്. മഹാരാഷ്ട്രയിൽ ഈ മാതൃക കൊണ്ടുവന്നപ്പോൾ ഈ പറഞ്ഞതൊന്നും സംഭവിച്ചില്ല. സ്വകാര്യ മാർക്കറ്റുകൾ വര്‍ദ്ധിക്കും എന്ന് പറഞ്ഞു, അതുണ്ടായില്ല. മികച്ച ഉദാഹരണമായി ചൂണ്ടി കാണിക്കപ്പെടുന്ന ബീഹാറിലും സ്ഥിതി വ്യത്യസ്‌തമല്ല. കേരളത്തിൽ എ.പി.എം.സി മാർക്കറ്റുകൾ നിലവിലില്ല, അവിടെയും 'സ്വകാര്യ മാർക്കറ്റ്' -കൾ ഉണ്ടായില്ല. 'സ്വതന്ത്ര മാർക്കറ്റ്' എന്നാൽ 'സ്വാതന്ത്ര്യം' ആണെന്നും, ഭരണകൂടം ഒരു രാജ്യത്തെ പാവപ്പെട്ടവരെയും പട്ടിണിയനുഭവിക്കുന്നവരെയും സഹായിക്കുന്നത് അടിമത്തവുമാണ് എന്നാണ് ഇപ്പോൾ പലരും പറയുന്നത്.

ഇത് മറ്റു മേഖലകളിൽ എത്ര 'മികച്ച രീതിയിലാണ്' പ്രവർത്തിച്ചത് എന്ന് നോക്കുക. ആരോഗ്യ മേഖല തന്നെ എടുക്കാം, കോവിഡ് മഹാമാരിയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും അപകടകരമായ ഇടത്തേക്ക് എത്തിച്ചേരാൻ മത്സരിക്കുകയാണ് ഇന്ത്യ. അനുദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം ഒരു ലക്ഷത്തിന് അടുത്ത് എത്തിയിരിക്കുന്നു. ആരോഗ്യ മേഖലയിൽ ഇത്തരത്തിൽ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കി 'സ്വതന്ത്രമാക്കി' -യതാണ്. അതിന്റെ അനന്തരഫലങ്ങൾ നമ്മൾ ഇപ്പോൾ അനുഭവിച്ചറിയുന്നുണ്ട്. കഴിഞ്ഞ ബഡ്‌ജറ്റിൽ, ഇപ്പോഴുള്ള സർക്കാർ, ജില്ലാ ആശുപത്രികളെ സ്വകാര്യ മേഖലയുടെ മേൽനോട്ടത്തിലേക്ക് കൊണ്ട് വരാൻ നിർദേശിച്ചിരുന്നു. യു.എസ് മാതൃകയിൽ നിന്ന് സ്വാധീനം ഉൾകൊണ്ട് അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഈ മാതൃക, അവിടെ പൂർണ പരാജയമാണ് എന്നത് നമ്മൾ ഓർക്കണം. ഇതാണ് 'സ്വതന്ത്ര മാർക്കറ്റ് എന്നാൽ സ്വാതന്ത്ര്യം' ("free market is freedom") എന്ന ആശയത്തിന്റെ അനന്തരഫലങ്ങളായി നമ്മൾ ആരോഗ്യമേഖലയിൽ കാണുന്നത്. അയർലണ്ട്, സ്പെയിൻ അടക്കമുള്ള മുതലാളിത്ത സമ്പത്ത് വ്യവസ്ഥയുള്ള രാജ്യങ്ങൾ കോവിഡ് മഹാമാരി വന്നപ്പോൾ ആദ്യ വാരം തന്നെ ആരോഗ്യ മേഖലയെ പൂർണമായും ദേശസാൽക്കരിക്കുകയാണ് (nationalize) ചെയ്‌തത്‌. ഇന്ത്യയിൽ എന്താണ് നടന്നത്? രണ്ട് മാസങ്ങൾക്ക് ശേഷമാണ് സ്വകാര്യ ആശുപത്രികളോട് ബെഡുകൾ പോലും ആവശ്യപ്പെട്ടത്. ഇത് തന്നെയാണ് വിദ്യാഭ്യാസ മേഖലയിലും കാണാൻ കഴിയുക.

'യു.പി.എ നേരെ വെടിവയ്ക്കാൻ കഴിയുന്ന സംഘമാണ്, എൻ.ഡി.എ. നിർത്താതെ തലങ്ങും വിലങ്ങും വെടിവെച്ചുകൊണ്ടിരുന്ന സംഘമാണ്'
Q


എ.പി.എം.സി -യുടെ അനന്തരഫലങ്ങളെ കുറിച്ചാണ് ജനങ്ങൾ കൃത്യമായും മനസ്സിലാക്കാത്തത് എന്നാണ് പല പ്രതികരണങ്ങളും നിന്നും മനസ്സിലായ ഒരു കാര്യം. താങ്കളുടെ ഉത്തരത്തിൽ നിന്ന് വ്യക്തമാകുന്ന രണ്ട് കാര്യങ്ങൾ: ഒന്ന്, ഒരു കൂട്ടം സ്വകാര്യ കമ്പനികൾ ഒത്തുചേര്‍ന്ന് വിപണി നിയന്ത്രിക്കുന്ന വ്യവസ്ഥ (oligopoly) വരുകയും കർഷകർ കുറഞ്ഞ വിലക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കാൻ നിർബന്ധിതരാകും എന്നതാണ്; രണ്ട്, സ്വകാര്യ മാർക്കറ്റുകളുടെ മാതൃക നടപ്പിലാക്കിയ ബിഹാറിൽ വലിയ അളവിലുള്ള വിലകയറ്റവും സ്ഥിരതയില്ലായ്‌മയുമായാണ് ഉണ്ടായത്, ഇത് കർഷകർക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്. ഇതിനെ എങ്ങനെയാണ് നോക്കി കാണുന്നത്?

A

ഞാൻ ഒരു ഉദാഹരണത്തിൽ നിന്ന് തുടങ്ങാം. ഞാൻ താമസിക്കുന്ന സ്ഥലത്ത്, മഹാരാഷ്ട്രയിൽ, കോവിഡ് മഹാമാരിയുടെ ആദ്യ ഘട്ടത്തിൽ ഒരു ലിറ്റർ പശുവിൻ പാലിന് (cow milk) 48 രൂപയാണ് ഒരു ദിവസം കൊടുത്തു കൊണ്ടിരുന്നത്. പാലിന്റെ കാര്യം പറയാൻ കാരണം, സർക്കാരിന്റെ ഒരു ഏജൻസി ഒഴിച്ച് നിർത്തിയാൽ, ക്ഷീരോൽപാദനത്തിന്റെയും അതിന്റെ വിപണനത്തിന്റെയും മേഖല ഏറെക്കുറെ സ്വകാര്യ മേഖലയുടെ കയ്യിലാണ് എന്നുള്ളത് കൊണ്ടാണ്. ഈ നാല്പത്തിയെട്ടു രൂപയിൽ മുപ്പത് രൂപയാണ് ക്ഷീര കർഷകരിലേക്ക് പോകുന്നത്. ആ വില കിട്ടാൻ തന്നെ ഒരുപാട് വലിയ സമരങ്ങളും പ്രക്ഷോഭങ്ങളും മുൻപ് നടന്നിരുന്നു എന്നത് വിസ്‌മരിക്കാൻ കഴിയില്ല. ലോക്‌ഡോൺ ആരംഭിച്ച് ഒരു മാസം കഴിഞ്ഞപ്പോഴും, ഞങ്ങൾ അതെ വിലയാണ് നൽകികൊണ്ടിരുന്നത്. എന്നാൽ ഏപ്രിൽ മാസം മുതൽ കർഷകർക്ക് ലഭിക്കുന്നത് 17 രൂപ മാത്രമാണ്. ഇതിൽ ഒരു തരത്തിലും ഈ പറയുന്ന എ.പി.എം.സി -യുടെ (APMC) സ്വാധീനം ഇല്ല എന്നോർക്കണം. എ.പി.എം.സി സമ്പൂർണമായും അപര്യാപ്‌തമായ ഒരു മാതൃകയാണ് എന്നതിൽ തർക്കമില്ല. പക്ഷേ ഇവിടെ എന്താണ് നടന്നത്, എ.പി.എം.സി ഇല്ലാതെ തന്നെ ഏറെക്കുറെ പൂർണമായും സ്വകാര്യ ഇടത്തിലുള്ള ക്ഷീരോൽപ്പന്നമായ പാലിൽ നിന്ന് കർഷകർക്ക് കിട്ടുന്ന വരുമാനത്തിൽ 45 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയിൽ കർഷകർ റോഡിലേക്ക് പാല് ഒഴിച്ച് പ്രതിഷേധിക്കുന്നത് കുറച്ച് മാധ്യമങ്ങളിൽ എങ്കിലും വാർത്തയായി വന്നിരുന്നു. ഇതുപോലെ കാർഷികോത്പന്ന വിപണനത്തിന്റെ വലിയ ഒരു ശതമാനവും നടക്കുന്നത് എ.പി.എം.സി -യുടെ വെളിയിലാണ്.

പിന്നെ പറയുന്ന മറ്റൊരു കാര്യം, എ.പി.എം.സി ഈ ബിൽ പാസ്സായാലും എവിടെയും പോകില്ല, ഇവിടെ തന്നെയുണ്ടാകും എന്നാണ്. അത് ശരിയായിരിക്കാം. വിദ്യാഭ്യാസ മേഖലയിൽ സർക്കാർ സ്‌കൂളുകൾ നിലനിൽക്കുന്നത് പോലെയായിരിക്കും എന്നേയുള്ളു. ഈ സ്ക്കൂളുകളുടെ വികസനത്തിനായി എന്താണ് സർക്കാരുകൾ ചെയ്തിട്ടുള്ളത്‌? മുൻപ് നമ്മൾ സാങ്കേതിക-അന്തരത്തെ (digital divide) കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്, എന്നാൽ ഇപ്പോൾ സാങ്കേതിക-വിഭജനത്തെ (digital partition) കുറിച്ച് സംസാരിക്കേണ്ട സാഹചര്യം വന്നു ചേർന്നിരിക്കുകയാണ്. കഴിഞ്ഞ 28 വർഷമായി പറഞ്ഞോണ്ട് ഇരിക്കുന്ന അതേ യുക്തിയിലേക്കും ന്യായത്തിലേക്കും കാർഷിക ബില്ലുകളെ കുറിച്ചുള്ള ചർച്ചകൾ ചുരുക്കരുത്. ഈ ലോക്‌ഡോൺ കാലത്ത് കോർപ്പറേറ്റ് കമ്പനിയുടെ ആപ്പായ 'ബൈജ്ജൂസ് അപ്' -ന്റെ (Byju's App) ഉപഭോക്താക്കളുടെ എണ്ണത്തിൽ ഇരട്ടി വർദ്ധനയാണ് ഉണ്ടായത്. ഇന്ത്യയിൽ പതിനഞ്ച് വയസിനു താഴെയുള്ള എത്ര പെൺകുട്ടികൾക്കാണ് സ്വന്തമായി ഒരു സ്‌മാർട്ട്ഫോൺ ഉള്ളത്? ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ ആരോഗ്യ മേഖലയെയും വിദ്യാഭ്യാസ മേഖലയെയും മുൻനിർത്തി ചോദിക്കാം. ഈ മേഖലകളിൽ എല്ലാം സാധാരണ മനുഷ്യർക്ക് ദുരിതങ്ങൾ മാത്രം സമ്മാനിച്ച സ്വകാര്യ മേഖല എന്ത് മാറ്റമാണ് കാർഷിക മേഖലയിൽ കൊണ്ട് വരാൻ പോകുന്നത്?

Q

ഈ ബില്ലുകളിലെ രണ്ടാമത്തേത്, ദി ഫാർമേഴ്‌സ് (എംപവർമെൻറ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെന്റ് ഓൺ പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സെർവിസ്സ് ബിൽ, പ്രധാനമായും ചർച്ചചെയ്യപ്പെടുന്നത് 'കുറഞ്ഞ താങ്ങുവില' -യിൽ (Minimum Support Price) ഉണ്ടായേക്കാവുന്ന മാറ്റങ്ങളെ സൂചിപ്പിച്ച് കൊണ്ടാണ്. പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത് സർക്കാർ തീർച്ചയായും താങ്ങുവില നൽകും എന്നാണ്. ശാന്താ കുമാർ കമ്മിറ്റിയുടെ (Shanta Kumar Committe) റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 6 ശതമാനം കർഷകർക്ക് മാത്രമാണ് 'കുറഞ്ഞ താങ്ങുവില' ലഭിക്കുന്നത് എന്നാണ്. ഇക്കാരണങ്ങൾ കൊണ്ട് മാത്രമാണോ പഞാബിലെയും ഹരിയാനയിലെയും കർഷകർ തെരുവിൽ ഇറങ്ങിയിരിക്കുന്നത്?

A

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ശാന്താ കുമാർ കമ്മീഷന് ശേഷം, കുറേകൂടി പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് സ്വാമിനാഥൻ കമ്മീഷൻ (Swaminathan Commission) വന്നിരുന്നു. ഇത് സ്വാമിനാഥൻ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ മാത്രമുള്ള കമ്മീഷൻ ആയിരുന്നില്ല, മറിച്ച്, കർഷകരുടെ ദേശീയ കമ്മീഷനും അതിന്റെ ഭാഗമായിരുന്നു. പ്രധാനമന്ത്രിയും സർക്കാരും 'കുറഞ്ഞ താങ്ങുവിലയെ' കുറിച്ച് കഴിഞ്ഞ ആറു വർഷത്തിനിടക്ക് എടുത്ത നിലപാടുകളും നയങ്ങളും പരിശോധിച്ച് നോക്കുക. 2014 -ലെ തിരഞ്ഞെടുപ്പിന് മുൻപ് ബി.ജെ.പി കർഷകർക്ക് നൽകിയ ഉറപ്പ് എന്തായിരുന്നു? പന്ത്രണ്ട് മാസങ്ങൾക്കുള്ളിൽ സ്വാമിനാഥൻ കമ്മീഷന്റെ പ്രധാന നിർദേശങ്ങൾ എല്ലാം നടപ്പിലാക്കും എന്നായിരുന്നു. COP + 50 (ഉൽപാദനച്ചെലവ് + 50 ശതമാനം) താങ്ങുവില നൽകും എന്ന് ആവർത്തിച്ച് പറഞ്ഞിരുന്നു. ഭരണത്തിൽ വന്ന് പന്ത്രണ്ട് മാസത്തിനിടക്ക് ബി.ജെ.പി സർക്കാർ എന്താണ് ചെയ്‌തത്‌? സ്വാമിനാഥൻ കമ്മീഷന്റെ ഈ നിർദേശം നടപ്പിലാക്കുന്നത് പ്രായോഗികമല്ല എന്ന സത്യവാങ്‌മൂലം കോടതിയിൽ നൽകുകയാണ് ചെയ്‌തത്‌. അതിൽ കാരണമായി ചൂണ്ടിക്കാണിച്ചത്,

ഈ നിർദേശങ്ങൾ നടപ്പിലാക്കിയാൽ വിപണിയിലെ വിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും എന്നാണ്. കർഷകരുടെ ജീവിതവും നിലനിൽപ്പും തന്നെ തകിടം മറിഞ്ഞാലും, മാർക്കറ്റ് വിലക്ക് ഒന്നും സംഭവിക്കരുതല്ലോ.
ബി.ജെ.പി സർക്കാരിൽ ആരാണ് കൃഷി വകുപ്പ് മന്ത്രി? കഴിഞ്ഞ ദിവസം നടന്ന ഒരു ചാനൽ ചർച്ചയിൽ ബി.ജെ.പി. -യെ പ്രതിനിധീകരിച്ച് സംസാരിക്കാൻ എത്തിയ ആൾക്ക് ഈ ചോദ്യത്തിന്റെ ഉത്തരം അറിയില്ലായിരുന്നു. ഇപ്പോഴും എത്രപേർക്ക് അറിയാം എന്നത് അന്വേഷിക്കേണ്ട കാര്യമാണ്. ആരാണ് ഈ ബില്ലുകളുടെ അടക്കം തീരുമാനങ്ങൾ എടുക്കുന്നത്? 2016 -ൽ അന്നത്തെ കൃഷി വകുപ്പ് മന്ത്രിയായിരുന്ന രാധ മോഹൻ സിംഗ് പറഞ്ഞത്, "ഞങ്ങൾ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കും എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല" എന്നാണ്. 2017 -ൽ അദ്ദേഹം പറഞ്ഞത്, "ഈ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് എന്തിനാണ് നിങ്ങൾ മുഖവിലക്കെടുക്കുന്നത്, മധ്യപ്രദേശിലേക്ക് നോക്കൂ, അവിടെ ശിവരാജ് സിംഗ് ചൗഹാന്റെ മാതൃക സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിനും എത്രയോ മുകളിലാണ്" എന്നാണ്. ഈ മധ്യപ്രദേശ്‌ മാതൃകയെ പുകഴ്ത്തിക്കൊണ്ട് ഒരു 'സാമ്പത്തിക വിദഗ്ദ്ധന്റെ' പുസ്‌തകം ഐ.ഐ.എസ്.സി. -യിൽ (IISc) പ്രകാശനം ചെയ്ത ആ ആഴ്ച്ചയാണ്, മൈസൂരിൽ അഞ്ചു കർഷകർ വെടിയേറ്റ്‌ മരിച്ചത്. 2018-19 വർഷങ്ങളിലെ അരുൺ ജെയ്റ്റ്ലിയുടെ ബജറ്റ് പ്രസംഗങ്ങൾ വായിച്ച് നോക്കുക; അതിൽ പറയുന്നത് "ഞങ്ങൾ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കി കഴിഞ്ഞു" എന്നാണ്. റാബി (Rabi) വിളകൾക്ക് നടപ്പാക്കി കഴിഞ്ഞു, ഉടനെ ഖാരിഫ് (Kharif) വിളകൾക്കും നടപ്പിലാക്കും എന്നാണ് ജെയ്റ്റ്‌ലി തന്റെ അവസാന ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്. 2020 -ൽ പാർലമെൻറ്റിൽ നിലവിലെ 'പേരില്ലാത്ത' കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞത്, "ഞങ്ങൾ ആണ് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയ ഒരേയൊരു രാഷ്ട്രീയ പാർട്ടി, ഞങ്ങളാണ് അതിലെ നിർദേശങ്ങൾക്ക് ഒപ്പം നിന്നത്, ഞങ്ങൾ മാത്രമാണ് 'കുറഞ്ഞ താങ്ങുവില' നൽകിയത്" എന്നാണ്.

'ഉൽപാദനച്ചെലവിനെ' (cost of production) എങ്ങനെയാണ് നിർവ്വചിക്കുന്നത് എന്നതിലാണ് കാപട്യം ഒളിഞ്ഞിരിക്കുന്നത്. പ്രധാനമായും രണ്ട് രീതിയിലാണ് ഉൽപാദനച്ചെലവ് കണക്കാക്കുന്നത്. a2 രീതി അനുസരിച്ച് 'ഇൻപുട്ട് കോസ്റ്റ്' (input cost) മാത്രമാണ് ഉൽപാദനച്ചെലവായി കണക്കാക്കുന്നത്. കീടനാശിനിയും, വളങ്ങളും, വിത്തുകളും വാങ്ങിക്കുന്ന ചിലവ് മാത്രമാണ് ഇതിൽ വരിക. a2 + ഫിൽ രീതി അനുസരിച്ച് ഇതിന്റെ കൂടെ 'ഫാമിലി ലേബർ' (family labour) കൂടി ചേർക്കും. ഈ രണ്ട് രീതിയും സ്വാമിനാഥൻ കമ്മിഷൻ അതിന്റെ റിപ്പോർട്ടിൽ എവിടെയും നിർദേശിക്കുന്നില്ല. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് മുന്നോട്ട് വെക്കുന്നത് cop2 +50 % അല്ലെങ്കിൽ 'കോമ്പ്രെഹെൻസീവ് കോസ്റ്റ് ഓഫ് പ്രൊഡക്ഷൻ' (comprehensive cost of production) എന്ന നിർദേശമാണ്. ഈ രീതിയും a2 -ഉം തമ്മിലുള്ള വ്യത്യാസം ക്വിന്റലിന് 800 രൂപ എന്നതാണ്. a2 + FL ആകുമ്പോൾ അത് 500 രൂപയാണ്. ഇതിൽ a2 + FL എന്ന രീതിയാണ് സർക്കാർ നടപ്പിലാക്കിയത്. ഇതിൽ a2 + FL എന്ന രീതിയാണ് സർക്കാർ നടപ്പിലാക്കിയത്. ഇവിടെ കർഷകർ എന്താണ് ആവശ്യപ്പെടുന്നത്? 'ഉറപ്പുള്ള വിലയും' (Assured Price) 'സ്ഥിരത' -യുമാണ് (stability) അവർ ആവശ്യപ്പെടുന്നത്. ഇപ്പോൾ അവരിലേക്ക് എന്താണ് അടിച്ചേൽപ്പിക്കാൻ പോകുന്നത്? അനിയന്ത്രിതമായി വിപണിയിലെ ശക്തികൾക്ക് അനുസരിച്ച് വില കൂടുകയും കുറയുകയും ചെയ്യുന്ന അവസ്ഥയിലേക്കാണ് കർഷകരെ കൊണ്ട് എത്തിച്ചിരിക്കുന്നത്. സർക്കാരിന് വളരെ വ്യക്തമായ കോർപ്പറേറ്റ് അനുകൂല നിലപാടാണ് ഈ വിഷയത്തിലുള്ളത്. പക്ഷേ സർക്കാർ ആഗ്രഹിക്കുന്ന കോർപ്പറേറ്റ് അനുകൂല സാഹചര്യം ഉണ്ടാകും എന്ന് ഒരു ഉറപ്പും ഇല്ല. കൂടുതൽ കുഴപ്പങ്ങളിലേക്കും ദുരിതങ്ങളിലേക്കുമാണ് ഇത് കർഷകരെ കൊണ്ടെത്തിക്കുക. ഇടനിലക്കാർ ഇതോടെ കൂടുതൽ കരുത്തരാകും.

ദി വയര്‍ വീഡിയോ അഭിമുഖം ഇവിടെ കാണാം

Q

സർക്കാർ മുൻകാലങ്ങളിലും കർഷകരേക്കാൾ പ്രാധാന്യം നൽകിയിരുന്നത് ഉപഭോക്താവിനാണ് എന്നത് വ്യക്തമാണ്. മറ്റൊരു കാര്യം, താങ്കൾ പറഞ്ഞത് പോലെ ഇതാദ്യമായിട്ടല്ല കർഷകർ തെരുവുകളിലേക്കിറങ്ങുന്നത്. മഹരാഷ്ട്രയിലും, പഞ്ചാബിലും, ഹരിയാനയിലും, ഇപ്പോൾ മറ്റുള്ള സംസ്ഥാനങ്ങളിലേക്കും സമരം വ്യാപിക്കുകയാണ്. എന്താണ് നമ്മുക്ക് ഇതിൽ നിന്ന് പ്രതീക്ഷിക്കാൻ കഴിയുക? 'കുറഞ്ഞ താങ്ങുവില' എന്തായാലും തുടരുക തന്നെ ചെയ്യും എന്ന നിലപാടിലേക്ക് സർക്കാർ വരുമോ?

A

എനിക്ക് ഒരു കാര്യത്തിൽ വിയോജിപ്പുണ്ട്. അതായത് സർക്കാർ എല്ലാകാലത്തും ഉപഭോക്താവിനാണ് പ്രാധാന്യം കൽപ്പിച്ചിരുന്നത് എന്ന കാര്യത്തിൽ. സർക്കാരുകൾക്ക് എല്ലാ കാലത്തും പ്രധാനം കോർപ്പറേറ്റ് മുതലാളിമാർ തന്നെയാണ്. 2011 -ലെ സെൻസസ് സർവ്വേ പ്രകാരം ഇന്ത്യയിൽ 95 ദശലക്ഷം കർഷകരാണ് ഉള്ളത്, അവരും ഉപഭോക്താക്കളാണ്. മാർക്കറ്റിൽ നിന്ന് ഭക്ഷ്യധാന്യം വാങ്ങുന്നവരിൽ ഈ കർഷകരുടെ എഴുപത് ശതമാനം ഉണ്ട്. ഭക്ഷ്യ വില കൂടുന്നത് ഏറ്റവും ദുരിതത്തിലാഴ്ത്തുന്നത് കർഷകരെ തന്നെയാണ്. ഈ ബില്ലുകളെയും ചർച്ചകളെയും കോവിഡ് -ന്റെ സാഹചര്യത്തിൽ കൂടി വിലയിരുത്തേണ്ടതുണ്ട്. സാമ്പത്തിക അസമത്വത്തെ മഹത്വവൽക്കരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന സമൂഹമാണ് ഇവിടെയുള്ളത്. കഴിഞ്ഞ റാബി സീസണിൽ പരുത്തി, കരിമ്പ് അടക്കമുള്ള നാണ്യ വിളകൾ മികച്ച രീതിയിൽ ഉൽപാദിപ്പിച്ചിരുന്നു. എന്നാൽ അന്താരാഷ്ട്ര തലത്തിൽ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ആരാണ് ഇതെല്ലാം വാങ്ങുന്നത്? ഏത് മാർക്കറ്റിലാണ് നമ്മുക്ക് വിൽക്കാൻ കഴിയുക? അറുപത് ശതമാനം ഇടിവാണ് ലോകത്തെ തൊഴിലാളി വർഗ്ഗത്തിന്റെ വരുമാനത്തിൽ ഉണ്ടായത് എന്നാണ് ഐ.എൽ.ഓ -യുടെ (ILO) കണക്കുകൾ സൂചിപ്പിക്കുന്നത്. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിൽ ഇത് വളരെ കൂടുതലാണ്. ഗ്രാമീണ മേഖലകളിൽ തീർച്ചയായും വലിയ ഇടിവാണ് വരുമാനത്തിൽ ഉണ്ടായിരിക്കുന്നത് എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. ജൂലൈ അവസാനവും ഓഗസ്റ്റ് തുടക്കത്തിലുമായി മഹാരാഷ്ട്രയിൽ റാബി വിളകളിൽ, 30 ലക്ഷം ക്വിന്റൽ പരുത്തിയാണ് വിറ്റുപോവാതെ ഇരിക്കുന്നത്, കരിമ്പിന്റെ കാര്യത്തിൽ ഇതിലും കൂടുതലാണ് എന്നാണ് കണക്കുകൾ പറയുന്നത്. സർക്കാരുകൾ ഖാരിഫ് സീസണിലും ഇതേ വിളകൾ തന്നെ ഉൽപാദിപ്പിക്കാനാണ് കർഷകരോട് പറയുന്നത്. ഇതിനെതിരെ 'ദി വയർ' -ൽ തന്നെ ഞാൻ ലേഖനം എഴുതിയിരുന്നു. ഒക്‌ടോബർ-നവംബർ -ഓടെ പരുത്തിയും കരിമ്പും മാത്രമാണ് വിറ്റുപോവാതെ ഇവിടെയുണ്ടാവുക. എവിടെയാണ് നിങ്ങൾ ഇത് വിൽക്കാൻ പോകുന്നത്? ആരാണ് ഇതെല്ലാം വാങ്ങാൻ പോകുന്നത്?


ഈ ബില്ലിൽ പറയുന്ന മറ്റൊരു കാര്യം കർഷകർക്ക് എവിടെ വേണമെങ്കിലും അവരുടെ സാധനങ്ങൾ കൊണ്ടുപോയി വിൽക്കാം എന്നാണ്. ഇന്ത്യയിലെ ദശലക്ഷകണക്കിന് വരുന്ന തൊഴിലാളികളോട് ഇത് തന്നെയല്ലേ പറഞ്ഞത്? എവിടെ വേണമെങ്കിലും പോയി തൊഴിൽ വിൽക്കാം എന്നാണല്ലോ ഇന്ന് നമ്മൾ 'കുടിയേറ്റ തൊഴിലാളികൾ' എന്ന് വിളിക്കുന്ന അവരോട് സർക്കാരുകൾ പറഞ്ഞത്. ആരാണ് അവരുടെ 'തൊഴിൽ' വാങ്ങിയത്? കന്യാകുമാരിയിൽ ഉള്ള കർഷകൻ മികച്ച വില കിട്ടാനായി തന്റെ കാളവണ്ടിയും കൊണ്ട് മധ്യപ്രദേശിലേക്ക് പോകും എന്നാണോ പറയുന്നത്? ആർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കാൻ പോകുന്നത് എന്നും, ആരുടെ താൽപര്യങ്ങളാണ് സംരക്ഷിക്കപെടാൻ പോകുന്നത് എന്നതും വ്യക്തമാണ്, ഈ കുടിയേറ്റങ്ങൾ തന്നെ ഉണ്ടായത് ഗ്രാമീണ മേഖലയിൽ ഉണ്ടായ കാർഷിക പ്രതിസന്ധികളെ തുടർന്നാണ്. ഇത് പലപ്പോഴും മാധ്യമങ്ങളും മറ്റു വിദഗ്‌ധരും സൗകര്യപൂർവം മറക്കുന്ന വസ്‌തുതയാണ്‌. അതുപോലെ തന്നെ മറ്റൊരു കാര്യം കാർഷിക മേഖലയെ പരിഗണിക്കുമ്പോൾ, അതിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന പല മേഖലകളേയും കുറിച്ച് നമ്മൾ ആഴത്തിൽ വിശകലനം ചെയ്യാറില്ല എന്നതാണ്. കരകൗശലം, കൈത്തറി, നെയ്ത്ത്, മണ്‍പാത്രങ്ങളുടെ നിർമ്മാണം എന്നിങ്ങനെയുള്ള മേഖലകളാണ് കൃഷി കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും വലിയ ഉൽപാദന മേഖല. കർഷക ആത്മഹത്യകൾ കഴിഞ്ഞാൽ നെയ്ത്തു തൊഴിലാളികളാണ് ഏറ്റവും അധികം ജീവനൊടുക്കുന്നത് എന്ന കാര്യം ഇവിടെ ഓർക്കേണ്ടതുണ്ട്. കർഷകർ കടങ്ങൾ വീട്ടാൻ കഴിയാതെ നിര്‍ദ്ധനരായപ്പോൾ, നെയ്ത്തു തൊഴിൽ മേഖലയിൽ ഉള്ളവർക്ക് വലിയ നഷ്ടമാണുണ്ടായത്. കാരണം അവർ ഉൽപാദിപ്പിക്കുന്ന സാധനങ്ങളുടെ പ്രധാന മാർക്കറ്റ് ഗ്രാമീണ മേഖലകളിലെ കർഷകരാണ്. ആന്ധ്ര പ്രദേശിൽ ഇതാണ് സംഭവിച്ചത്.

Q

അവസാനമായി, ഈ ബില്ലുകളുടെ രാഷ്ട്രീയമായ അനന്തരഫലങ്ങൾ എന്തൊക്കെയാകും എന്നാണ് താങ്കൾ കരുതുന്നത്?

A

ബി.ജെ.പി കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയായ കോൺഗ്രസ് ഈ ബില്ലുകളെ എതിർക്കുന്നത്, ഈ ബില്ലുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന പ്രത്യേശാസ്ത്രത്തെ കുറിച്ച് ഒന്നും തന്നെ പറയാതെയാണ്. യു.പി.എ. സർക്കാരും ഇതേ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. നമ്മൾ ജീവിക്കുന്ന സമൂഹത്തെയും, നിയോലിബറൽ വ്യവസ്ഥിതിയെയും പൂർണമായും കീറിമുറിച്ചു പഠിക്കുകയാണ് കോവിഡ് മഹാമാരി ചെയ്‌തത്‌. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണത്തെ പിന്തുണക്കുന്ന കോൺഗ്രസ് എം.പി ഇവിടെയുണ്ട്. ഓരോ കാര്യങ്ങളിലും താൽപര്യങ്ങൾക്ക് അനുസരിച്ച് മാത്രം എതിർപ്പുകൾ പ്രകടിപ്പിക്കുകയും, എന്നാൽ ഇതിനെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന വ്യവസ്ഥിതിയെ എതിർക്കാതെ വിധേയത്വം കാണിക്കുകയും ചെയ്യുന്നത് കൊണ്ട് എന്ത് പ്രയോജനം ആണ് ഉണ്ടാവുക? 'യു.പി.എ നേരെ വെടിവയ്ക്കാൻ കഴിയുന്ന സംഘമാണ്, എൻ.ഡി.എ. നിർത്താതെ തലങ്ങും വിലങ്ങും വെടിവെച്ചുകൊണ്ടിരുന്ന സംഘമാണ്' എന്ന് അതുകൊണ്ടാണ് ഞാൻ എപ്പോഴും പറയാറുള്ളത്.

സ്വതന്ത്ര പരിഭാഷ : ഗോകുല്‍ കെ.എസ്

ദ വയര്‍ അഭിമുഖം ഇവിടെ വായിക്കാം

Related Stories

No stories found.
logo
The Cue
www.thecue.in