ഉയരുന്നത് പ്രതിപക്ഷ ഐക്യം; ബിജെപിയെ അധികാരത്തില്‍ നിന്നും തുരത്തും; കോണ്‍ഗ്രസിനെ ആശ്രയിച്ച് മുന്നോട്ട് പോകാനാവില്ല: കെ കെ രാഗേഷ്

ഉയരുന്നത് പ്രതിപക്ഷ ഐക്യം; ബിജെപിയെ അധികാരത്തില്‍ നിന്നും തുരത്തും; കോണ്‍ഗ്രസിനെ ആശ്രയിച്ച് മുന്നോട്ട് പോകാനാവില്ല: കെ കെ രാഗേഷ്
Summary

കാര്‍ഷിക ബില്ല്, പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം, ബിജെപി വിരുദ്ധ സമരങ്ങളിലെ കോണ്‍ഗ്രസ് നിലപാട് എന്നീ വിഷയങ്ങളില്‍ കെ കെ രാഗേഷ് എംപി സംസാരിക്കുന്നു. കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ചതില്‍ നടപടി നേരിട്ട എട്ട് എംപിമാരില്‍ ഒരാളായ കെ കെ രാഗേഷ് കേരള കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റാണ്.

Q

കാര്‍ഷിക ബില്ലെനെതിരായ സമരത്തിലൂടെ ദേശീയതലത്തില്‍ ബിജെപിക്കെതിരായ യോജിപ്പ് ഉണ്ടാകുന്നുണ്ടോ?

A

തീര്‍ച്ചയായിട്ടും അത്തരമൊരു യോജിപ്പ് ഉണ്ടായി വരുന്നുണ്ട്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ആദ്യമായിട്ടാണ് പ്രതിപക്ഷത്തെ 14 പാര്‍ട്ടികള്‍ ഒന്നിച്ച് നിന്നത്. രണ്ടാമത്തെ വിഷയം ബിജെപിയെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ സഹായിച്ചിട്ടുള്ള ബിജെഡി, എഐഡിഎംകെ, ടിആര്‍എസ്, അവരുടെ കൂടെ തന്നെയുള്ള ശിരോമണി അകാലിദള്‍ എന്നീ നാല് പാര്‍ട്ടികളും ബിജെപിക്ക് എതിരായി. ശക്തമായിട്ട് ബിജെപി വിരുദ്ധ പ്രതിപക്ഷ ഐക്യം ഉണ്ടായി. ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നതില്‍ കടുത്ത ദൗര്‍ബല്യമാണ് കോണ്‍ഗ്രസ് കാണിക്കുന്നത്. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമാണ് പ്രതിപക്ഷത്തിന്റെ മൊത്തത്തിലുള്ള ദൗര്‍ബല്യമായി മാറുന്നത്. പൗരത്വ ഭേദഗതിക്കെതിരായ സമരമുണ്ടായ സ്ഥലങ്ങളില്‍ ചാമ്പ്യരാകാന്‍ കഴിയുമായിരുന്നു കോണ്‍ഗ്രസിന്. പക്ഷേ കോണ്‍ഗ്രസ് നേതൃത്വത്തെ അവിടെ എവിടെയും കണ്ടില്ല. സമാനമായ രീതിയില്‍ ശക്തമായ കര്‍ഷക സമരവും ഉയര്‍ന്നു വരുന്നു. പ്രക്ഷോഭത്തിലുള്ള സംഘടനകളുമായി ചേര്‍ന്ന് പ്രതിപക്ഷ സഖ്യം ബലപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കേണ്ടത്. കോണ്‍ഗ്രസ് നേതൃത്വം ഇപ്പോളും ടൂറിലാണ്. രാഷ്ട്രീയ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതിലല്ല കോണ്‍ഗ്രസ് നേതൃത്വത്തിന് താല്‍പര്യം. നിലവിലുള്ള സ്ഥിതി ഒപ്പിച്ച് പോകുകയാണ് അവര്‍. കോണ്‍ഗ്രസിനെ ആശ്രയിച്ച് അത് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല. തൊഴിലാളികളുടെയും കര്‍ഷരുടെയും ശക്തമായ സമരം രൂപപ്പെട്ട് വരുമ്പോള്‍ ഭരണപക്ഷത്തിനെതിരായ പ്രതിപക്ഷ ഐക്യം സ്വാഭാവികമായി ഉണ്ടാക്കുമെന്ന അനുഭവമാണിത്. ആ ഐക്യം ബിജെപിയെ അധികാരത്തില്‍ നിന്നും തുരത്താന്‍ കഴിയുന്ന തരത്തിലുള്ളതായിരിക്കും.

ഉയരുന്നത് പ്രതിപക്ഷ ഐക്യം; ബിജെപിയെ അധികാരത്തില്‍ നിന്നും തുരത്തും; കോണ്‍ഗ്രസിനെ ആശ്രയിച്ച് മുന്നോട്ട് പോകാനാവില്ല: കെ കെ രാഗേഷ്
നരേന്ദ്രമോഡി സര്‍ക്കാരിന്റെ ലക്ഷ്യം കമ്പനിരാജ്, സംസ്ഥാനങ്ങളുടെ അധികാരം കവരുന്നു : വിജു കൃഷ്ണന്‍
Q

കാര്‍ഷിക ബില്ലിനെതിരെ കോണ്‍ഗ്രസ് നിലപാട് എങ്ങനെയായിരുന്നു. ഇതില്‍ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നോ?

A

ബില്‍ ലോകസഭയില്‍ വന്നപ്പോള്‍ മുഖ്യപ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ് ബില്ലില്‍ വോട്ടെടുപ്പ് വേണമെന്ന ആവശ്യം പോലും ഉന്നയിച്ചിരുന്നില്ല. ശബ്ദവോട്ടോടെ പ്രതിഷേധങ്ങളില്ലാതെ ഏകപക്ഷീയമായി ബില്‍ പാസ്സാകുകയാണുണ്ടായത്. ലോകസഭയില്‍ ഇടതുപക്ഷത്തിന്റെ ദുര്‍ബലമായ ശബ്ദം അവഗണിക്കപ്പെട്ടു. ബില്ലില്‍ നിരാകരണ പ്രമേയം കൊണ്ടുവരുന്നതിനോ ഭേദഗതികള്‍ കൊണ്ടുവരുന്നതിനോ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. ലോകസഭ പാസ്സാക്കിയശേഷം രാജ്യസഭയില്‍ ബില്ല് ലിസ്റ്റ് ചെയ്യപ്പെട്ട സന്ദര്‍ഭത്തിലാണ് ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശക്തമായ കര്‍ഷക പ്രക്ഷോഭം ഉയര്‍ന്നുവന്നത്. അപ്പോള്‍ മാത്രമാണ് അതില്‍ ഒരു നിരാകരണപ്രമേയമെങ്കിലും കൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായത്. ഇടതുപക്ഷമാകട്ടെ, നിരാകരണപ്രമേയത്തിലൂടെയും ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയത്തിലൂടെയും പന്ത്രണ്ടോളം ഭേദഗതികളിലൂടെയും ശക്തമായ നിലപാടെടുത്തു. ബില്ലില്‍ ഒളിഞ്ഞിരിക്കുന്ന കോര്‍പ്പറേറ്റ് അനുകൂല അജണ്ടയെ തുറന്നുകാട്ടി. ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരും ശക്തമായി രംഗത്തുവന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നടക്കുന്ന ശക്തമായ പ്രക്ഷോഭങ്ങളുടെയും പാര്‍ലമെന്റില്‍ ഇടതുപക്ഷം ഉയര്‍ത്തിയ അവഗണിക്കാനാവാത്ത എതിര്‍പ്പിന്റെയുമെല്ലാം സമ്മര്‍ദ്ദഫലമായാണ് ബില്ലിനെതിരെ കോണ്‍ഗ്രസിനുപോലും രംഗത്തിറങ്ങേണ്ടിവന്നത്. അതോടെ ലോകസഭയില്‍ എതിര്‍ക്കാത്തവര്‍ രാജ്യസഭയില്‍ ബില്ലിനെ എതിര്‍ക്കുന്ന നിലയുണ്ടായി. സോണിയ ഗാന്ധിയെ അനുകൂലിക്കുന്ന ഔദ്യോഗിക വിഭാഗത്തിനാണ് ലോകസഭയില്‍ മുന്‍തൂക്കം. രാജ്യസഭയിലാകട്ടെ, ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരടക്കമുള്ള നേതാക്കളും. ഇതും വ്യത്യസ്തസമീപനം രാജ്യസഭയില്‍ സ്വീകരിക്കാന്‍ ഇടയായിട്ടുണ്ടാവാം.

Q

കാര്‍ഷിക ബില്ലിനെ എതിര്‍ത്തതിന്റെ പേരിലാണ് താങ്കള്‍ ഉള്‍പ്പെടെ എട്ട് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്. സഭയില്‍ എന്താണ് സംഭവിച്ചത്. ഇത്ര കടുത്ത നടപടി ആവശ്യമുണ്ടായിരുന്നോ?

A

ഭരണഘടനയുടെ 123-ാം അനുഛേദമാണ് സര്‍ക്കാറിന് ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് അധികാരം നല്‍കുന്നത്. എന്നാല്‍ ഈ ഓര്‍ഡിനന്‍സ് തള്ളിക്കളയണമെന്ന് ഒരു നിരാകരണ പ്രമേയത്തിലൂടെ പാര്‍ലമെന്റില്‍ ആവശ്യപ്പെടാന്‍ ഇതേ അനുഛേദത്തിന്റെ 2എ ഉപവകുപ്പ് പ്രതിപക്ഷത്തിന് അധികാരം നല്‍കുന്നുണ്ട്. രണ്ട് ബില്ലുകളുമായി ബന്ധപ്പെട്ടുകൊണ്ടും പാര്‍ലമെന്റില്‍ നിരാകരണപ്രമേയ നോട്ടീസ് നല്‍കിയത് ഇടതുപക്ഷമായിരുന്നു. നടപടിക്രമമനുസരിച്ച് നിരാകരണപ്രമേയമാണ് ആദ്യം അവതരിപ്പിക്കുക. അതിനുശേഷം ബില്‍ അവതരിപ്പിക്കും. രണ്ടിന്‍മേലുമുള്ള ചര്‍ച്ച പൂര്‍ത്തിയായാല്‍ ആദ്യം വോട്ടിനിടേണ്ടത് നിരാകരണപ്രമേയമാണ്. തുടര്‍ന്നാണ് ബില്ലുമായി ബന്ധപ്പെട്ട ഭേദഗതികളും മറ്റും പരിഗണിക്കുന്നത്. ചര്‍ച്ചക്കുശേഷം കേന്ദ്രമന്ത്രി മറുപടി ആരംഭിക്കുകയും ഏതാണ്ട് എട്ട് മിനിട്ട് സംസാരിച്ചതിനുശേഷം സഭ നേരത്തെ നിശ്ചയിച്ചതിനെക്കാളും അധികസമയം എടുക്കാന്‍ അനുവാദം തേടുകയുമായിരുന്നു. എന്നാല്‍ ബില്ലുകളിലുള്ള മന്ത്രിയുടെ മറുപടിയും പാസ്സാക്കുന്നതിനുള്ള നടപടിക്രമങ്ങളും ഉടന്‍തന്നെ പൂര്‍ത്തീകരിക്കുക എന്ന നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ഇത് പ്രതിപക്ഷം എതിര്‍ത്തു. മന്ത്രിയുടെ മറുപടി, ബില്ലിന്‍മേലുള്ള ഭേദഗതികള്‍, അതിന്‍മേലുള്ള വോട്ടെടുപ്പ് ഇതെല്ലാം പൂര്‍ത്തിയാകുമ്പോള്‍ മണിക്കൂറുകള്‍ തന്നെ വേണ്ടിവരുമെന്ന് അറിയാമായിരുന്ന പ്രതിപക്ഷം അടുത്ത ദിവസം തുടര്‍ നടപടികള്‍ പൂര്‍്ത്തിയാക്കുന്നതാണ് ഉചിതം എന്ന് പറയുകയുണ്ടായി. അത് പരിഗണിക്കാതെ വന്നപ്പോഴാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ ശബ്ദമുയര്‍ത്തിയത്. പ്രതിഷേധങ്ങളൊന്നും വകവെക്കാതെ മന്ത്രിയോട് മറുപടി പറയാന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ആവശ്യപ്പെട്ടു. മന്ത്രിയുടെ മറുപടി മിനിട്ടുകള്‍ക്കകം അവസാനിപ്പിച്ചു. ഈ ഘട്ടത്തില്‍ പ്രതിപക്ഷാംഗങ്ങളില്‍ ചിലര്‍ വെളിയിലിറങ്ങി പ്രതിഷേധിച്ചു. അപ്പോഴും നിരാകരണപ്രമേയത്തിന്‍മേലുള്ള വോട്ടെടുപ്പ് നടപടിയുമായി ചെയര്‍ മുമ്പോട്ട് പോയി. തുടര്‍ന്ന് ശബ്ദവോട്ട് രേഖപ്പെടുത്തുകയും പ്രമേയം പരാജയപ്പെട്ടതായി ചെയര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ നിരാകരണ പ്രമേയം അവതരിപ്പിച്ച ആളെന്ന നിലയില്‍ ഇതില്‍ വോട്ടെടുപ്പ് വേണമെന്ന് ഞാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടായിരുന്നു. അത് ചെയര്‍ കേട്ടതായിപ്പോലും ഭാവിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചാണ് കരിനിയമങ്ങള്‍ വലിച്ചുകീറി നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായത്. പാര്‍ലമെന്ററി നടപടിക്രമമനുസരിച്ച് ഏതെങ്കിലും ഒരംഗം വോട്ടെടുപ്പിന് ആവശ്യപ്പെട്ടാല്‍ അത് നടത്തണമെന്നാണ് വ്യവസ്ഥ. സ്വന്തം സീറ്റില്‍ നിന്നല്ല വോട്ടെടുപ്പ് ആവശ്യപ്പെട്ടത് എന്ന വാദമാണിപ്പോള്‍ ഭരണപക്ഷം ഉയര്‍ത്തുന്നത്. ഈ പാര്‍ലമെന്റ് സെഷനില്‍ അംഗങ്ങള്‍ക്ക് ഡിവിഷന്‍ നമ്പര്‍ നിശ്ചയിച്ചിരുന്നില്ല. പകുതിയിലേറെ അംഗങ്ങള്‍ ലോക്‌സഭയിലിരുന്നായിരുന്നു രാജ്യസഭാനടപടികളില്‍ പങ്കെടുത്തത്. ലോകസഭയില്‍ ഇരിക്കുന്ന ഒരു അംഗത്തിന് എങ്ങിനെയാണ് സ്വന്തം സീറ്റിലിരുന്ന് രാജ്യസഭയില്‍ വോട്ടെടുപ്പ് ആവശ്യപ്പെടാന്‍ കഴിയുക? അതുകൊണ്ട് തന്നെ പ്രസ്തുത വാദം ഈ പ്രത്യേകസാഹചര്യത്തില്‍ പ്രായോഗികമല്ല. എന്നിരുന്നാലും വോട്ടിംഗിലേക്ക് നീങ്ങുന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍ സ്വന്തം സീറ്റില്‍ തിരിച്ചെത്തിയാണ് വോട്ടെടുപ്പിന് ആവശ്യപ്പെട്ടത്. എന്നാല്‍ മുന്നിലുള്ള മൈക്ക് ഓണാക്കുന്നതിനോ ഉച്ചത്തില്‍ അലറിവിളിച്ചിട്ടുപോലും പ്രതിപക്ഷത്തിന്റെ ഭാഗത്തേക്ക് നോക്കുന്നതിനോ ഡെപ്യൂട്ടിചെയര്‍മാന്‍ തയ്യാറായില്ല. ഇതോടെയാണ് പ്രതിഷേധം ശക്തിപ്പെട്ടത്. തുടര്‍ന്ന് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന മൂന്നു പ്രമേയങ്ങളും വോട്ടിനിടാതെ ജനാധിപത്യവിരുദ്ധമായി തള്ളിക്കളഞ്ഞു. നിരവധി അംഗങ്ങള്‍ നല്‍കിയ മുപ്പതിലേറെ വരുന്ന ഭേദഗതികളും പല തവണ ആവശ്യപ്പെട്ടിട്ടുപോലും ശബ്ദവോട്ടോടെ തള്ളിയതായി ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രഖ്യാപിച്ചു. പാര്‍ലമെന്ററി നടപടിക്രമങ്ങളെയാകെ ഗളഹസ്തം ചെയ്യുകയാണ് ബിജെപി നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങി ഡെപ്യൂട്ടി ചെയര്‍മാന്‍ ചെയ്തത്. ഇക്കാരണത്താലാണ് അസാധാരണമായ വിധത്തില്‍ പ്രതിഷേധിക്കാന്‍ പ്രതിപക്ഷം നിര്‍ബന്ധിതമായത്. പ്രതിഷേധങ്ങള്‍ കണക്കിലെടുക്കാതെയും പാര്‍ലമെന്ററി മര്യാദകള്‍ പാലിക്കാതെയും കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിക്കുന്ന രണ്ടുബില്ലുകളും നിയമമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഈ ഭേദഗതികളും പ്രമേയങ്ങളും വോട്ടിനിട്ടിരുന്നുവെങ്കില്‍ ബില്‍ പാസ്സാക്കാന്‍ കഴിയുമായിരുന്നില്ല. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നിരവധി ഭരണകക്ഷി അംഗങ്ങള്‍ സഭയില്‍ ഹാജരായിരുന്നില്ല. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ബിജെപിയുടെ കൂടെ നില്‍ക്കാറുണ്ടായിരുന്ന വിജെഡി, എഐഎഡിഎംകെ, ടിആര്‍എസ് തുടങ്ങിയ കക്ഷികള്‍ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യമായിരുന്നു ഉയര്‍ത്തിയത്. അതിനായി വോട്ടുചെയ്യും എന്നും പ്രഖ്യാപിച്ചു. നേരത്തെ ബിജെപി സഖ്യ കക്ഷിയായ എസ്എഡി അവരുടെ മന്ത്രിയെത്തന്നെ പിന്‍വലിച്ച് ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു.

Q

കര്‍ഷകരുടെ പ്രശ്‌നം പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതില്‍ ലോങ്മാര്‍ച്ച് വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. അത്തരം സമരങ്ങളിലേക്ക് മാറുമോ

സമരത്തിന്റെ രൂപം അതാത് സമയത്തെ സാഹചര്യം കൂടി പരിഗണിച്ചാണ് ഉണ്ടാകുക. ഇന്ന് രാജ്യവ്യാപകമായി ഓള്‍ ഇന്ത്യ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി സമരം നടത്തുകയാണ്. ഹരിയാന,പഞ്ചാബ് സംസ്ഥാനങ്ങള്‍ ശക്തമായ പ്രതിഷേധത്തിന് വേദിയാകാന്‍ പോകുകയാണ്. മറ്റ് സംസ്ഥാനങ്ങളിലും സമാനമായ രീതിയിലുള്ള സമരം ഉണ്ടാകും. അതിന് ശേഷം യോഗം ചേര്‍ന്ന് സമരം എങ്ങനെ വേണമെന്ന് തീരുമാനിക്കും. തുടര്‍ച്ചയായ സമരം നടത്താനാണ് ഇപ്പോള്‍ ആലോചിച്ചിട്ടുള്ളത്. ബില്ലിന് അനുകൂലമായി നിന്ന പാര്‍ട്ടികളെ പറ്റാവുന്ന സന്ദര്‍ഭങ്ങളില്‍ പരാജയപ്പെടുത്തുക എന്ന ആഹ്വാനവും നല്‍കും. ബില്ലിനെ എതിര്‍ത്തവര്‍ക്ക് അനുകൂലമായി നില്‍ക്കണമെന്നുമുള്ള മുദ്രാവാക്യം ഓള്‍ ഇന്ത്യ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഉയര്‍ത്തും. രാഷ്ട്രീയമായി ബിജെപിയെ ഒറ്റപ്പെടുത്തും.

Related Stories

No stories found.
logo
The Cue
www.thecue.in