'ഇവിടെവരെ എത്തിച്ചത് പിന്നാക്കക്കാരുടെ പോരാട്ടചരിത്രത്തെക്കുറിച്ചുള്ള ബോധ്യം'; ഉയര്‍ന്ന മാര്‍ക്കോടെ പിജി പൂര്‍ത്തിയാക്കി ദിനു വെയില്‍

'ഇവിടെവരെ എത്തിച്ചത് പിന്നാക്കക്കാരുടെ പോരാട്ടചരിത്രത്തെക്കുറിച്ചുള്ള ബോധ്യം'; ഉയര്‍ന്ന മാര്‍ക്കോടെ പിജി പൂര്‍ത്തിയാക്കി ദിനു വെയില്‍
Summary

പുറംതള്ളാനും, ഇല്ലാതാക്കാനും, ഒഴിവാക്കാനുമൊക്കെയുള്ള ശ്രമം ഉണ്ടായിട്ടും, പിന്നാക്ക വിഭാഗത്തിന്റെ ചരിത്രത്തെ കുറിച്ചുള്ള ബോധ്യമാണ് ഇടറാതെ തുടരാന്‍ സഹായിച്ചതെന്ന് ദളിത് ആക്ടിവിസ്റ്റ് ദിനു വെയില്‍. കാലടി സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ ഏറ്റവും അധികം മാര്‍ക്കോടെ പിജി പൂര്‍ത്തിയാക്കിയ ദിനു ദ ക്യുവിനോട് സംസാരിക്കുന്നു.

പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന ഒരാള്‍ ഉന്നത വിജയം നേടുന്നത് പലര്‍ക്കും വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. എത്ര കഴിവുണ്ടെങ്കിലും പഠിക്കാന്‍ മിടുക്കനാണെന്നും കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമെന്നും എപ്പോഴും പൊതുസമൂഹത്തില്‍ തെളിയിച്ചുകൊണ്ടിരിക്കേണ്ട ഗതികേടാണ് പാര്‍ശ്വവല്‍കൃത സമുദായത്തിലെ കുട്ടികള്‍ക്കുള്ളത്. സോഷ്യോളജിയില്‍ തന്നെ പിഎച്ച്ഡി ചെയ്യുകയാണ് അടുത്ത ലക്ഷ്യം, വരും കാലത്തും ആര്‍ജ്ജിക്കുന്ന അറിവ് ഉപയോഗിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടുമെന്നും ദിനു പറയുന്നു.

നീതിപുലര്‍ത്താനായെന്നതില്‍ അഭിമാനം

അച്ഛന്റെ തലമുറ തൊട്ട് മാത്രം ക്യാമ്പസുകളിലെത്തിയിട്ടുള്ള ഒരു കുടുംബമാണ് എന്റേത്. എന്റെ വീട്ടില്‍ ആദ്യമായി പി.ജി എടുക്കുന്ന ആളാകും ഞാന്‍. സ്വാഭാവികമായും സവര്‍ണ്ണ സമുദായങ്ങള്‍ വളരെ എളുപ്പത്തില്‍ സ്‌കൂളുകളിലും ക്യാമ്പസുകളിലുമൊക്കെ കയറിയ സമയങ്ങളില്‍ വിദ്യാലയങ്ങളില്‍ കയറാന്‍ സമരം നടത്തിയ വിഭാഗത്തില്‍ നിന്നുള്ളയാളാണ് ഞാന്‍. വിദ്യാഭ്യാസത്തിന് വേണ്ടി, അറിവ് നേടാന്‍ വേണ്ടി ഇത്രയധികം കരുത്തോടെ പോരാടിയ മറ്റൊരു സമുദായമുണ്ടാകില്ല. അതുകൊണ്ടുതന്നെ ഒരുപാട് പേര്‍ നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമാണ് ഇന്ന് ഞങ്ങള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസമെന്ന ബോധ്യമുണ്ട്. അവരോടൊക്കെ നീതി പുലര്‍ത്താന്‍ സാധിച്ചു എന്നതില്‍ അഭിമാനമുണ്ട്.

ഇന്ത്യയ്ക്ക് ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതു കൊണ്ട് മാത്രം ഞാനുള്‍പ്പെടുന്ന പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടില്ലായിരുന്നു. സ്വാതന്ത്ര്യത്തില്‍ നിന്ന് സാമൂഹ്യ നീതിയിലേയ്ക്ക്, തുല്യതയിലേയ്ക്ക് വലിയ ദൂരമുണ്ട്. സ്വതന്ത്ര്യാനന്തര ഭാരതത്തില്‍ ഡോ ബി ആര്‍ അംബേദ്ക്കറിന്റെ നേതൃത്വത്തില്‍ ഒരു ഭരണഘടന നിലവില്‍ വരികയും എല്ലാ പൗരന്മാക്കുമായ് മൗലികാവകാശങ്ങള്‍ ഉണ്ടാവുകയും ചെയ്തതു കൊണ്ട് മാത്രമാണ് ഇക്കാലത്ത് നിന്നു കൊണ്ട് എനിയ്ക്ക് ഉന്നത വിദ്യാഭ്യാസം നേടാനാവുന്നത്. എന്റെ വിദ്യാഭ്യാസത്തിനുള്ള അവകാശം ചരിത്രപരമായ് ഒരു ജനതയുടെ പോരാട്ടത്തിനാല്‍ നേടിയെടുത്തതാണ്. അതുകൊണ്ട് തന്നെ എന്റെ വിദ്യാഭ്യാസത്തിന് എപ്പോഴും പ്രചോദനമായിട്ടുള്ളത് ഈ ചരിത്ര ബോധ്യമാണ്. മഹാത്മാ അയ്യന്‍ങ്കാളിയും പൊയ്കയില്‍ അപ്പച്ചനും കണ്ടന്‍ കുമാരനും സാവിത്രി ഭായ് ഫൂലെയും ഒക്കെ തീര്‍ത്ത ഒരു വലിയ പ്രതിഷേധത്തിന്റെ കണ്ണിയായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്റെ തലമുറ നില്‍ക്കുന്നു എന്നതിലാണ് ഏറ്റവും വലിയ സന്തോഷം. ഒന്നാമതായ് കയറിയ പഞ്ചമിയില്ലായിരുന്നെങ്കില്‍ ഞാനിന്ന് ഒന്നാമതാവുന്നതെങ്ങനെയാണ്. അതുകൊണ്ട് തന്നെ ഈ വിജയം എന്റേതു മാത്രമല്ലെന്നത് എന്റെ രാഷ്ട്രീയ ബോധ്യമാണ്.

നിറത്തിന്റെ പേരില്‍ കുട്ടിക്കാലം മുതല്‍ വിവേചനം

പഠിച്ച എല്ലാ ഇടങ്ങളിലും നിറയെ സൗഹ്യദങ്ങളും പ്രിയപ്പെട്ട അധ്യാപകരും ഉണ്ടായിട്ടുണ്ടെങ്കിലും ജാതി വിവേചനങ്ങളുടെ സൂക്ഷ്മാനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. ക്ലാസ് റൂമുകളിലെ സ്റ്റെപന്റ് വാങ്ങാനുള്ള എഴുന്നേറ്റു നില്‍പ്പില്‍ ക്ലാസില്‍ പഠിക്കാന്‍ മുന്നിലായിരുന്ന എന്നോട് 'എടാ ഇത് പഠിക്കാത്ത കുട്ടികള്‍ക്കുള്ളതാണ്, നീ ഇരിയ്ക്ക്' എന്ന് വിളിച്ചു പറഞ്ഞ ക്ലാസ് മേറ്റുണ്ടായിരുന്നു. ആ ക്ലാസ്‌മേറ്റിന്റെയല്ല ആ തെറ്ററിവ് , മറിച്ച് അവന്‍ വരുന്ന ഒരു വീടിന്റേതാണ്. പിന്നാക്കവിഭാഗത്തില്‍ നിന്ന് ഒരു കുട്ടി ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുക എന്നത് പലര്‍ക്കും വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. ഒരിക്കലൊരു സുഹൃത്ത് അയാളുടെ മാതാപിതാക്കള്‍ക്ക് എന്നെ പരിചയപ്പെടുത്തുമ്പോള്‍ 'ഇതാണോ, ഇത് തന്നെയാണോ മോന്‍ പറയാറുള്ള ദിനു' എന്ന് എന്റെ മുഖത്ത് നോക്കി ചോദിച്ച ഒരു സന്ദര്‍ഭം ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്. ഇപ്പോഴും അത് ഞാന്‍ ഓര്‍ക്കുന്നു എന്നതത് തന്നെയല്ലേ ഉള്ളിലെ കുട്ടിയെ അതെത്ര ആഴത്തില്‍ ബാധിച്ചിട്ടുണ്ടെന്നതിന്റെ തെളിവ്.

മദ്രാസ് ഐഐടിയില്‍ പോയിട്ട് അവിടുന്ന് പഠനം നിര്‍ത്തിവന്ന ആളാണ് ഞാന്‍, ദലിത് വിഭാഗത്തില്‍ നിന്ന് ഹ്യുമാനിറ്റീസില്‍ ആ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും അധികം മാര്‍ക്ക് നേടിയാണ് പ്ലസ് ടു പാസായത്. ആ എനിയ്ക്ക് തന്നെ പഠനം നിര്‍ത്തുവാന്‍ തീരുമാനമെടുക്കേണ്ടി വന്നു. ഐ.ഐ.ടിയില്‍ എത്തിയപ്പോഴും പല തരത്തിലുള്ള വിവേചനങ്ങള്‍ ഉണ്ടായി. ആദ്യമൊന്നും എനിക്കത് മനസ്സിലായില്ലന്നതാണ് വാസ്തവം. അത്രയും രാഷ്ട്രീയ പക്വത അന്നില്ലായിരുന്നു. എന്റെ എന്തോ പ്രശ്‌നമാണെന്നൊക്കെയാണ് വിചാരിച്ചുകൊണ്ടിരുന്നത്. അതെന്റെ Home sickness ആയി പോലും തെറ്റിദ്ധരിച്ചു. ഒരു കലാലയം ഒരിക്കലും എന്റെ വീട് പോലെ തോന്നാത്തത് അതെന്നെ ഉള്‍ക്കൊള്ളാത്തത് കൊണ്ടാണല്ലോ. ഒരു പക്ഷേ പലപ്പോഴും ഞാനടങ്ങുന്ന പിന്നാക്ക സമുദായങ്ങളിലെ വിദ്യാര്‍ത്ഥിസമൂഹത്തിന് പഠനം നിര്‍ത്തേണ്ടി വരുന്നത് അഗ്രഹാരങ്ങളായ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ടു തന്നെയാണ്.

തുടര്‍ന്ന് ഫാറൂഖ് കോളേജില്‍ നിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി , ലിംഗ നീതിയ്ക്ക് വേണ്ടി സംസാരിച്ചതിന് സസ്‌പെന്‍ഷന്‍ നേരിട്ടു. ഹൈ കോടതിയില്‍ നിന്ന് ലഭിച്ച ഉത്തരവിന്റെ പുറത്താണ് 3 വര്‍ഷത്തെ ബിരുദപഠനം പൂര്‍ത്തിയാക്കിയത്. കാലടിയിലെ വിദ്യാഭ്യാസ കാലത്തും രാഷ്ട്രീയപരമായി ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. രാത്രിയില്‍ ഒരു മണിക്കൂറോളം പോലീസുകാര്‍ ലുക്ക് ശരിയല്ലെന്ന പേരില്‍ നടുറോട്ടില്‍ തടഞ്ഞു നിര്‍ത്തിയുട്ടുണ്ട്. പറഞ്ഞു വന്നത് നമ്മളെ പുറംതള്ളാനും, ഇല്ലാതാക്കാനും, ഒഴിവാക്കാനുമൊക്കെയുള്ള ശ്രമങ്ങള്‍ എക്കാലത്തുമുണ്ടായിട്ടുണ്ട് എന്ന് തന്നെയാണ്. ഒരു പക്ഷേ സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരാത്തതു കൊണ്ട് തന്നെ മാനസിക ആരോഗ്യം തകര്‍ക്കുക എന്നത് തന്നെയാണ് എനിയ്ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. നിങ്ങള്‍ക്ക് വിഭവങ്ങള്‍ തരാതിരിക്കുവാന്‍ നോക്കുന്ന ജാതീയ വ്യവസ്ഥ നിങ്ങള്‍ വിഭവങ്ങള്‍ നേടിയാല്‍ മാനസിക ആരോഗ്യം തകര്‍ക്കുക എന്നത് തന്നെയാണ് പിന്നീട് ശ്രമിക്കുക. ജാതീയതയുടെ പ്രവര്‍ത്തന കൗശലമാണിത്. പക്ഷേ എന്തു വന്നാലും പഠനം ഒരിക്കലും അവസാനിപ്പിക്കരുതെന്ന് തീരുമാനിക്കുന്നത് ചരിത്രത്തെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ടാണ്. ഇനി പിഎച്ച്ഡി ചെയ്യണം, അതിനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ അറിവുകളും അനുഭവങ്ങളുമാണ് ഉത്തരക്കടലാസിലേക്ക് പകര്‍ത്തിയത്

ഏതെങ്കിലും രീതിയില്‍ പൊതുസമൂഹത്തില്ലേക്ക് ഇറങ്ങുമ്പോള്‍ പഠിപ്പ് കളഞ്ഞുമുടിക്കുന്നു എന്നതാണല്ലോ പ്രധാന ആരോപണം. പക്ഷെ അങ്ങനെയല്ലെന്ന് എന്റെ അനുഭവത്തില്‍ നിന്ന് ഉറച്ച് പറയാനാകും. നോക്കൂ ഇപ്പോള്‍ പോലും എന്തുകൊണ്ടാണ് പൊതു സമൂഹം ഒരു യൂണിവേഴ്‌സിറ്റിയിലെ ഒരു ഡിപ്പാര്‍ട്ട്‌മെന്റിലെ ഉയര്‍ന്ന മാര്‍ക്കിനെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നത്. ഇത്രയധികം ആളുകളെന്നെ ചേര്‍ത്തു പിടിയ്ക്കുന്നത് സ്‌നേഹിക്കുന്നത് സമൂഹത്തില്‍ നടത്തിയ ചെറു ഇടപ്പെടലുകള്‍ കൊണ്ട് മാത്രമാണെന്ന പൂര്‍ണ്ണ ബോധ്യം എനിയ്ക്കുണ്ട്. നാം നേടുക എന്നതിനേക്കാള്‍ എത്രയധികം സമൂഹത്തിന് നമ്മളെ കൊടുക്കുന്നു അത്രയധികം സമൂഹം നമ്മളേയും ചേര്‍ത്തു പിടിയ്ക്കും. എന്നെ സംബന്ധിച്ച് എന്റെ ഏറ്റവും വലിയ സന്തോഷങ്ങള്‍ ദിശയിലൂടെ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്.

പഠന വിഷയം സോഷ്യോളജി ആയതുകൊണ്ടു തന്നെ പരീക്ഷകളില്‍ വായിച്ചതിനേക്കാളുപരി എന്നെ സഹായിച്ചത് ഞാന്‍ സംസാരിച്ച ആളുകളും പങ്കെടുത്ത പരിപാടികളില്‍ നിന്നുള്ള അനുഭവങ്ങളുമാണ്. അങ്ങനെ ലഭിച്ച അറിവുകളാണ് ഉത്തരക്കടലാസുകളിലേക്ക് മാറ്റാന്‍ സാധിച്ചത്. നടത്തിയ യാത്രകളും സംസാരിക്കുന്ന ഓരോ വ്യക്തികളും ഒക്കെയാണ് എന്റെ പുസ്തകങ്ങളോളം വരുന്ന വായന.

പഠിക്കാന്‍ മിടുക്കനാണെന്നും കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമെന്നും എപ്പോഴും തെളിയിച്ചുകൊണ്ടിരിക്കേണ്ട ഗതികേടാണ് പിന്നാക്കവിഭാഗങ്ങളിലെ കുട്ടികള്‍ക്കുള്ളത്. പലപ്പോഴും കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നത് അധ്യാപകരുടെയും വികസനനയങ്ങളുടെയും പോരായ്മ കൊണ്ടു തന്നെയാണ്. ഈ കുട്ടികള്‍ എപ്പോഴും കുറ്റാരോപിതരായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ട്.

മറ്റൊരു കാര്യം എല്ലാ വിദ്യാര്‍ത്ഥി രാഷ്ട്രീയ പാര്‍ട്ടികളും അണികളായി നിര്‍ത്തി ഏറ്റവും അധികം മുതലെടുക്കുന്നത് പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയാണെന്നതാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലുള്ളവരുടെ ജാതി എടുത്ത് നോക്കിയാല്‍ കേസായ കേസുകളെല്ലാം വന്നുകിടക്കുന്നത് പാര്‍ശ്വവല്‍കൃത വിഭാഗങ്ങളിലെ കുട്ടികള്‍ക്കെതിരെയാണെന്ന് വ്യക്തമാകും. പോസ്റ്ററൊട്ടിച്ചും ലാത്തിയടി വാങ്ങിയും കേസുകളേറ്റുവാങ്ങിയും അണികളായി നമ്മളെ നിര്‍ത്തുമ്പോള്‍ നേതാക്കന്‍മാരുടെയും മന്ത്രിമാരുടെയും മക്കള്‍ വിദേശത്തെ സര്‍വകലാശാലകളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും നേടും. കുറച്ചുകൂടി ഭരണഘടനാപരമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുക എന്നാണ് അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികളോട് എനിക്ക് പറയാനുള്ളത്. ഡോ. ബിആര്‍ ആംബേദ്കര്‍ കാണിച്ചു തന്ന പാത Educate, Agitate, Organise എന്നാണ്.

'ഇവിടെവരെ എത്തിച്ചത് പിന്നാക്കക്കാരുടെ പോരാട്ടചരിത്രത്തെക്കുറിച്ചുള്ള ബോധ്യം'; ഉയര്‍ന്ന മാര്‍ക്കോടെ പിജി പൂര്‍ത്തിയാക്കി ദിനു വെയില്‍
Metoo മാതൃകയില്‍ 'പാപിച്ച', ലൈംഗികാതിക്രമത്തില്‍ അധ്യാപകനെതിരെ വെളിപ്പെടുത്തല്‍; തുറന്നുപറച്ചിലിന് യു.സിയിലെ വിദ്യാര്‍ത്ഥികൂട്ടായ്മ

തിരിഞ്ഞുനോക്കുമ്പോള്‍ സന്തോഷം

കലാലയങ്ങള്‍ എപ്പോഴും ജനാധിപത്യത്തിന്റെ ലഘുരൂപങ്ങള്‍ തന്നെയാണ്. ഫാറൂഖ് കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍, മാപ്പെഴുതി വളരെ എളുപ്പത്തില്‍ തിരിച്ചു കയറാം എന്ന ഒപ്ഷനാണ് അന്നുണ്ടായിരുന്നത്. പക്ഷെ അങ്ങനെ ചെയ്താല്‍ അത് ഞാന്‍ എന്നോട് തന്നെ ചെയ്യുന്ന കള്ളത്തരമായിരിക്കും. അതുകൊണ്ടാണ് എന്തുവന്നാലും മാപ്പ് എഴുതി നല്‍കില്ലെന്ന് തീരുമാനിച്ചത്. ഇപ്പോള്‍ ആ കാമ്പസില്‍ നിറയെ ഇരിപ്പിടങ്ങളുണ്ട്. ഒന്നിച്ച് നാടകങ്ങള്‍ വന്നു, തരംതിരിക്കുന്ന തരത്തിലുള്ള ബോര്‍ഡുകളുള്‍പ്പടെ ഒഴിവാക്കി. ഈയിടെ ഒരു അധ്യാപകനില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിക്ക് സെക്ഷ്വല്‍ ഹരാസ്‌മെന്റ് നേരിടേണ്ടി വന്നപ്പോള്‍ അതിനെതിരെ ക്യാമ്പസ് ഒറ്റക്കെട്ടായി നിന്നു. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഇത്രയും മാറ്റങ്ങള്‍ കാണുന്നത് അന്നെടുത്ത തീരുമാനത്തിന്റെ പുറത്ത് കൂടിയാണെന്നതില്‍ ഒത്തിരി സന്തോഷം തോന്നുന്നുണ്ട്. കാലടിയിലെത്തിയപ്പോള്‍ ഞാന്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നതില്‍ ഒന്ന് ഫാറൂഖ് കോളേജിലെ കലാലയ രാഷ്ട്രീയത്തിന്റെ പാരമ്പര്യവും വൈവിധ്യവുമാണ്.

അന്ന് ദിനു മാപ്പുപറയാതിരുന്നതും കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണ്‍ മാപ്പ് പറയാതിരുന്നതും ബന്ധപ്പെടുത്തുന്ന പോസ്റ്റ് ചൂണ്ടിക്കായപ്പോള്‍ ഇങ്ങനെയായിരുന്നു മറുപടി,

കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണെടുത്തത് വലിയ നിലപാടാണ്. ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ നിരന്തരം പോരാടുന്നയാള്‍ കൂടിയാണ് അഡ്വ. പ്രശാന്ത് ഭൂഷണ്‍. അങ്ങനെയാണെങ്കില്‍ പോലും ജസ്റ്റിസ് കര്‍ണന്റെ വിഷയം വന്നപ്പോള്‍ പ്രശാന്ത് ഭൂഷണുള്‍പ്പടെയുള്ളവര്‍ എടുത്തിട്ടുള്ള നിലപാടുകള്‍ ആത്മപരിശോധനയ്ക്ക് വിധേയമാക്കണം എന്ന അഭിപ്രായം കൂടി എനിക്ക് ഈ വിഷയത്തിലുണ്ട്.

സംവരണം എന്താണെന്ന് പഠിപ്പിക്കണം

പിന്നാക്ക വിഭാഗങ്ങളിലെ എല്ലാവര്‍ക്കും നിയമത്തെക്കുറിച്ച് അടിസ്ഥാനപരമായ അറിവെങ്കിലും ഉണ്ടാകുന്നത് വളരെ അത്യാവശ്യമാണ്. ഏതു നേരവും നമ്മുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ നമ്മള്‍ക്ക് കൃത്യമായി ഉറച്ചുനില്‍ക്കാനാകണം. എന്റെ കാര്യത്തില്‍ പോലും പലപ്പോഴും അത് തന്നെയാണ് ഗുണമായിട്ടുള്ളത്.

അട്ടപ്പാടിയിലെ ഊരുകളില്‍ നിന്ന് ഏറ്റവും അധികം മാര്‍ക്ക് വാങ്ങി കോളേജുകളിലേക്ക് പോയ പല കുട്ടികളും മാനസികാരോഗ്യം തകര്‍ന്ന് തിരിച്ചു വരുന്ന അവസ്ഥയുണ്ട്. ക്യാമ്പസിലെ മറ്റു കുട്ടികള്‍ക്കുള്‍പ്പടെ വലിയ രീതിയിലുള്ള ബോധവല്‍ക്കരണം നല്‍കേണ്ടത് ആവശ്യമാണ്. പ്രധാനമായും റിസര്‍വേഷന്‍ എന്നുള്ളത് സംബന്ധിച്ചെങ്കിലും അവബോധം നല്‍കണം. റിസര്‍വേഷന്‍ എന്താണെന്ന് മനസ്സിലാക്കാതെയാണ് മിക്ക വിദ്യാര്‍ത്ഥികളും വളര്‍ന്നുവരുന്നത്. പാഠ്യപദ്ധതിയുടെ ഭാഗമായി തന്നെ ചെറിയ ക്ലാസുകളില്‍ നിന്ന് റിസര്‍വേഷന്‍ എന്താണെന്ന് കുട്ടികളെ പഠിപ്പിക്കണം. എങ്കില്‍ മാത്രമേ തൊട്ടടുത്തിരിക്കുന്നവര്‍ അവരില്‍ നിന്ന് ഒന്നും തട്ടിപ്പറിച്ച് ഇരിക്കുകയല്ല, മറിച്ച് അത് ജനാധിപത്യത്തിന്റെ മഹത്തായ പരിരക്ഷയാണെന്ന ബോധ്യം സമൂഹത്തില്‍ വളരുകയുള്ളൂ.

സര്‍ക്കാരിന്റ രേഖകളില്‍ ഒരു സ്‌കോളര്‍ഷിപ്പിനെ വൃത്തിഹീന തൊഴില്‍ ചെയ്യുന്നവരുടെ മക്കള്‍ക്ക് എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തയായിരുന്നു. ഇത്തരം പദപ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതാണ് എന്നതില്‍ സംശയമില്ല. 'ദിശ' ഇതിരെതിരെ പരാതി അയച്ചിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ സര്‍ക്കുലര്‍ തിരുത്തിക്കൊണ്ടുള്ള ഉത്തരവുണ്ടാകുകയും ചെയ്തു. അവര്‍ വൃത്തിയുണ്ടാക്കുന്നതുകൊണ്ടാണല്ലോ മറ്റുള്ളവര്‍ക്ക് വൃത്തിയുള്ള സ്ഥലത്ത് ജീവിക്കാന്‍ പറ്റുന്നത്. ബാക്കിയുള്ളവരുടെ എല്ലാ വൃത്തികേടും വൃത്തിയാക്കുന്ന മനുഷ്യരെ വൃത്തിഹീനര്‍ എന്ന് പറയാനാകുമോ. ബാക്കിയുള്ളവര്‍ ശുചിത്വം പാലിക്കാന്‍ പഠിച്ചെങ്കില്‍ അവര്‍ക്ക് വൃത്തിയാക്കേണ്ട ആവശ്യം വരില്ല.

'ഇവിടെവരെ എത്തിച്ചത് പിന്നാക്കക്കാരുടെ പോരാട്ടചരിത്രത്തെക്കുറിച്ചുള്ള ബോധ്യം'; ഉയര്‍ന്ന മാര്‍ക്കോടെ പിജി പൂര്‍ത്തിയാക്കി ദിനു വെയില്‍
വൃത്തിഹീന തൊഴിലെന്ന് അധിക്ഷേപം, പ്രയോഗം തിരുത്താന്‍ മന്ത്രി എകെ ബാലന്‍ നിര്‍ദേശം നല്‍കിയേക്കും

ലക്ഷ്യം എല്ലാവര്‍ക്കും വിദ്യാഭ്യാസം

ദിശയുടെ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും ഉന്നയിക്കുന്ന പ്രധാനകാര്യങ്ങളിലൊന്ന് എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്നതാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ മൗലികാവശമായി ഹൈക്കോടതി പ്രഖ്യാപിച്ചത് ഞങ്ങള്‍ കൂടി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു. ദിശ വഴി 25 കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഡിവൈഡ്് എത്തിക്കാനായിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയും, പൗരന്മാരുടെ അവകാശവും എന്ന വിഷയത്തില്‍ ഒരു ഹ്രസ്വകാല കോഴ്സ് സെന്റ് തെരാസസ് കോളേജിന്റെ റിസര്‍ച്ച് വിങുമായി ചേര്‍ന്ന് ആരംഭിച്ചിട്ടുണ്ട്. തുടര്‍ന്നും അറിവിന്റെ മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കണം എന്ന് തന്നെയാണ് ആഗ്രഹം.

പഠനത്തിനിടെ കൊഴിഞ്ഞ് പോകുന്ന ഓരോ മനുഷ്യരും ഞങ്ങളെ പോലെ തന്നെ റാങ്ക് വാങ്ങേണ്ട, മികച്ച വിജയം നേടേണ്ട ആത്മാഭിമാനമുള്ള മനുഷ്യരായിരുന്നു. അവരെ കൂടി ഉള്‍ക്കൊള്ളുന്ന രീതിയില്‍ നമ്മുടെ ക്യാമ്പസുകള്‍ മാറുക, അല്ലെങ്കില്‍ രാജ്യത്തെ മാറ്റുക എന്നതാണ് വേണ്ടത്. ഇപ്പോഴുള്ള, അല്ലെങ്കില്‍ ഇനി വരാന്‍ പോകുന്ന തലമുറ ജീവിക്കാന്‍ പോകുന്നത് ഏറ്റവും കൂടുതല്‍ ജനാധിപത്യം അപകടത്തിലാകുന്ന ഒരു ഇന്ത്യയിലാണ്. അറിവിനെ കാവിവല്‍ക്കരിക്കുന്ന കാലത്ത് അറിവിനെ ജനാധിപത്യവല്‍ക്കരിക്കേണ്ടത് ഗവേഷണത്തിലേക്ക് കടക്കുന്ന ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തമാണെന്ന് ഞാന്‍ മനസിലാക്കുന്നു. അക്കാദമിക്ക്‌സില്‍ കൂടുതല്‍ അംബേദ്കറൈറ്റ് ചിന്താഗതികള്‍ കൊണ്ടുവരണം. എത്രത്തോളം അവര്‍ ഹൈന്ദവവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവോ അതിനെ ജനാധിപത്യപരമായ അറിവ് പകര്‍ന്ന് തടുക്കാനായിരിക്കും തുടര്‍ന്നും ശ്രമം. അശാസ്ത്രീയതയെ ശാസ്ത്രീയത കൊണ്ടും, വിദ്വേഷ രാഷ്ട്രീയത്തെ സ്‌നേഹത്തില്‍ അധിഷ്ടിതമായ രാഷ്ട്രീയ ബോധം പടര്‍ത്തിയും ആത്മാഭിമാനമുള്ള ഞങ്ങളുടെ തലമുറ അടിയറവുവെക്കാതെ കാക്കും.

Related Stories

The Cue
www.thecue.in