അരുന്ധതി റോയ് അഭിമുഖം: ലോക് ഡൗൺ നയം മഹാപരാധം, രാഷ്ട്രമനസ്സിൽ പാവങ്ങളില്ല

രാഷ്ട്രങ്ങളുടെ ആലോചനയില്‍ നിന്ന് ദരിദ്രര്‍ അപ്രത്യക്ഷരായി
അരുന്ധതി റോയ് അഭിമുഖം: ലോക് ഡൗൺ നയം മഹാപരാധം, രാഷ്ട്രമനസ്സിൽ പാവങ്ങളില്ല
Summary

ട്രൈകോണ്ടിനെന്റൽ: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ച് -ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ വിജയ് പ്രഷാദ് ന്യൂസ്‌ക്ലിക്ക് -നു വേണ്ടി അരുന്ധതി റോയുമായി നടത്തിയ അഭിമുഖത്തിന്റെ സ്വതന്ത്ര പരിഭാഷ. പരിഭാഷ ഗോകുല്‍ കെ.എസ്‌

Q

വിജയ് പ്രഷാദ്: 'ദി ഗോഡ് ഓഫ് സ്മാൾ തിങ്‌സ്', 'ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ് ഹാപ്പിനെസ്സ്' എന്നീ ഉജ്ജ്വല നോവലുകളുടെ രചയിതാവായ അരുന്ധതി റോയ് ആണ് നമ്മുക്കൊപ്പമുള്ളത്. കഴിഞ്ഞ വർഷം, 'മൈ സെഡിഷ്യസ് ഹാർട്ട്' (My Seditious Heart) എന്ന പേരിൽ തന്റെ എഴുത്തുകളുടെ സമാഹാരവും പ്രസിദ്ധീകരിച്ചിരുന്നു. കൊറോണവൈറസ് ലോക്‌ഡൗണിന്റെ പശ്ചാത്തലത്തിൽ രണ്ട് ലേഖനങ്ങളാണ് അരുന്ധതി റോയ് 'ഫിനാൻഷ്യൽ ടൈംസ്' -ൽ (Financial Times) എഴുതിയത്. 'ദി പാൻഡെമിക് ഈസ് എ പോർട്ടൽ' (The Pandemic is a Portal) എന്ന ലേഖനം ആദ്യം എഴുതിയിരുന്നു, പിന്നീട് 'ആഫ്റ്റർ ദി ലോക്‌ഡോൺ, വി നീഡ് എ റെക്കണിങ്' (After the lockdown, we need a reckoning) എന്ന ലേഖനവും പുറത്തുവന്നു... 'പാൻഡെമിക് ആസ് എ പോർട്ടൽ' എന്ന ലേഖനം ഒരുപാട് പേർ വായിക്കുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തിരുന്നു. 'പാൻഡെമിക് ആസ് എ പോർട്ടൽ' എന്ന ആശയത്തെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ?

A

അരുന്ധതി റോയ്: യു.പി. -യുടെ അതിർത്തി വരെ നടന്നു ചെന്ന്, കാൽനടയായി വീടുകളിലേക്കു മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളെ നേരിൽ കണ്ട് അവരോടു സംസാരിച്ചിട്ട് മടങ്ങി വീട്ടിൽ വന്നിരിക്കുമ്പോഴാണ് ഞാൻ ആ ലേഖനം എഴുതുന്നത്. നമ്മൾക്ക് അറിയാവുന്നത് പോലെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ 'റിവേർസ് മൈഗ്രേഷൻ' (reverse migration) ആണലോ വലിയ നഗരങ്ങളിൽ നിന്ന് മടങ്ങി പോകുന്ന തൊഴിലാളികളുടെ ആ നീണ്ട വരിയിൽ നാം കണ്ടത്. എന്തോ ഒരു വലിയ വ്യതിയാനം ആണ് സംഭവിച്ചിരിക്കുന്നത് എന്ന് ഞാൻ തിരിച്ചറിഞ്ഞു. നല്ലതിനായാലും അല്ലെങ്കിലും, ലോകത്തെ എല്ലാ ആളുകളും ഇത്രയും വലിയ ഒരു സമയത്തേക്കു ലോക്‌ഡോണിൽ ആകുന്നത് നമ്മുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും. എന്നെ സംബന്ധിച്ച് അതൊരു ഭയപ്പെടുത്തുന്ന കാര്യമായിരുന്നു. ഭരണകൂടങ്ങൾ; അത് ഏകാധിപത്യമോ, ജനാധിപത്യമോ, കമ്മ്യൂണിസമോ എന്തുമായിക്കോട്ടെ, അവർക്ക് ഇതിനു മുൻപില്ലാത്ത അളവിൽ ജനങ്ങളുടെ മേൽ അധികാരം ഉപയോഗിക്കാൻ കഴിയുന്നു. അങ്ങനെ ഒരു അധികാരം ഉപയോഗിക്കുമ്പോൾ, ഈ രാജ്യങ്ങളുടെ അല്ലെങ്കിൽ സർക്കാരുകളുടെ കണക്കുകൂട്ടലുകൾക്കും തീരുമാനങ്ങൾക്കും ആലോചനപരിധിക്കും പരിഗണനകൾക്കും അപ്പുറത്തുള്ളവരാണ് തങ്ങളുടെ വീടുകളിലേക്ക് കാൽനടയായി മടങ്ങാൻ തീരുമാനിച്ച ദശലക്ഷത്തോളം വരുന്ന ഈ മനുഷ്യർ എന്നതാണ് വസ്‌തുത. അതേസമയം ലോക്‌ഡോൺ ആരംഭിച്ചു കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ തന്നെ, ഡൽഹി പോലെ ഒരു നഗരത്തിൽ തെളിഞ്ഞ ആകാശം നമ്മൾ കണ്ടു, മയിലുകൾ പറക്കുന്നത്, കിളികൾ പാട്ടുപാടുന്നത്, പുകപടലങ്ങൾ മറഞ്ഞു പോകുന്നതെല്ലാം നമ്മൾ കാണാനിടയായി. ഈ ഘട്ടത്തിൽ നമ്മൾ മരിക്കുകയാണോ, അതോ ജനിക്കുകയാണോ എന്ന് ഞാൻ ആലോചിച്ചുപോകുകയാണ്. കാരണം ഒരു വ്യക്തി എന്ന നിലയ്ക്ക് നമ്മൾക്കാർക്കും നമ്മൾ ജനിക്കുന്നതോ മരിക്കുന്നതോ ഒന്നും തീരുമാനിക്കാൻ കഴിയില്ല. മനുഷ്യഗണം അല്ലെങ്കിൽ ഒരു 'സ്‌പീഷീസ്' എന്ന നിലയ്ക്ക്, ഒരുപക്ഷേ ചില നിയന്ത്രണങ്ങൾ എങ്കിലും നമ്മൾക്ക് സാധ്യമാണ്. നമ്മൾ ഈ പല ലോകങ്ങൾക്കിടയിലുള്ള പ്രവേശനകവാടത്തിലാണ് (portal) എന്ന് ഞാൻ കരുതുകയാണ്. ഈ ലോകം ഒരു ശ്‌മശാനഭൂമിയാണെന്ന് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. മനുഷ്യരെല്ലാം ജീവനോടെ ഉണ്ടെങ്കിലും, വെളിച്ചം മങ്ങിയ, നക്ഷത്രങ്ങൾ മരിച്ചു കഴിഞ്ഞ ഒരു ലോകത്ത്; ഈ ഗ്രഹത്തെ നശിപ്പിച്ചിരിക്കുകയാണെന്ന് അറിയാമെങ്കിലും നമ്മൾ ജീവനോടെ ഉണ്ടെന്ന് നടിക്കുകയാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ ചില കാഴ്ച്ചകൾ കാണുമ്പോൾ നിരാശകൾക്കിടയിലും ചില പ്രതീക്ഷയുടെ വാതിലുകൾ തുറന്നു കിടപ്പുണ്ട് എന്ന് തോന്നുന്നു. ചിലപ്പോൾ കൂടുതൽ നിരാശകൾ മാത്രമായിരിക്കാം ഉണ്ടാവുക. പക്ഷേ തീർച്ചയായും ഒരു വിള്ളൽ സംഭവിച്ചിട്ടുണ്ട് എന്ന കാര്യം ഉറപ്പാണ്.

Q

വിജയ് പ്രഷാദ്: ആ ലേഖനത്തിൽ ഇങ്ങനെ എഴുതിയിരുന്നു, "പ്രധാന മന്ത്രിയുടെ രീതികൾ കണ്ടാൽ നമ്മൾക്ക് തോന്നുന്നത് അദ്ദേഹം ഇന്നാട്ടിലെ പൗരന്മാരെ ശത്രുപക്ഷത്താണ് കാണുന്നത് എന്നാണ്. അതുകൊണ്ട് ആകസ്മികമായി അവരെ കടന്നാക്രമിക്കുകയാണ് ചെയ്യേണ്ടത്, അല്ലാതെ ഒരിക്കലും അവരെ വിശ്വസിക്കാൻ കഴിയില്ല എന്നാണ് അദ്ദേഹം മനസിലാക്കിയിരിക്കുന്നത് എന്ന് തോന്നുന്നു". ഇത് വായിച്ചപ്പോൾ എനിക്ക് പെട്ടന്ന് ഓർമ്മ വന്നത് 'ഡീമോനിട്ടൈസേഷൻ' നടപ്പിലാക്കിയ രീതിയെ കുറിച്ചാണ്. ലോക്‌ഡോണായാലും ഡീമോനിട്ടൈസേഷൻ ആയാലും ജനങ്ങളെ ശത്രു സൈന്യമായിട്ടാണ് പ്രധാനമന്ത്രി കാണുന്നത്, ഇതിനെ കുറിച്ച് കൂടുതലായി എന്താണ് പറയാൻ തോന്നുന്നത്?

A

അരുന്ധതി റോയ്: ഞാനും 'ഡീമോനിട്ടൈസേഷൻ' -നെ കുറിച്ച് ചിന്തിച്ചിരുന്നു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാൻ പോകുന്നു എന്ന് പറയുമ്പോൾ പുറത്തുവരുന്ന മീമുകളും ചില അഭിപ്രായങ്ങളും കാണുമ്പോൾ തന്നെ മനസിലാക്കാം, ജനങ്ങൾ എന്തോ മഹാവിപത്ത് സംഭവിക്കാൻ പോകുന്നു എന്നാണ് കരുതുന്നത്. രാത്രി എട്ടു മണിക്ക് ടി.വി. യിൽ പ്രത്യക്ഷപെട്ടുകൊണ്ട്, കൃത്യം നാലുമണിക്കൂർ കഴിയുമ്പോൾ അർദ്ധരാത്രിയോടെ നൂറ്റിമുപ്പത് കോടിയിലേറെ ജനങ്ങളുള്ള രാജ്യത്തെ ലോക്‌ഡോൺ ചെയ്യാൻ പോവുന്നു എന്ന് പറയുമ്പോൾ, അങ്ങനെ ഒരു രീതിയെ എന്തായിട്ടാണ് കാണേണ്ടത്? വളരെ സൂത്രശാലികളായ, തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ മിടുക്കരായ, ജാതി-മത സമവാക്യങ്ങളെ കുറിച്ച് വ്യകതമായി അറിയുകയും, ഓരോ ബൂത്തു തിരിച്ചുള്ള കണക്കുകൂട്ടലുകൾ വരെ നടത്തി തിരഞ്ഞെടുപ്പ് വിജയം ഉറപ്പു വരുത്തുന്ന ഒരു പാർട്ടി അധികാരത്തിൽ ഇരിക്കുന്ന ഭരണകൂടം പക്ഷേ ഈ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ കുറിച്ചോ, ചരിത്രത്തെ പറ്റിയോ, ആളുകൾ എങ്ങനെയാണ് ജോലി ചെയ്യുന്നത്, എവിടെയാണ് തൊഴിൽ ചെയ്യുന്നത്, എവിടെ നിന്നാണ് വരുന്നത്, എവിടേക്കാണ് പോകുന്നത് തുടങ്ങിയ കാര്യങ്ങളിൽ ഒരു അറിവും ഇല്ലാത്തവരാണോ? ഒരു പ്രഖ്യാപനത്തിലൂടെ ഇത്രയും സങ്കീർണതകൾ ഉള്ള ഒരു രാജ്യത്തെ കടന്നാക്രമിക്കുന്ന ഒരു സാഹചര്യം ഉണ്ടായിരിക്കുന്നു. അതുകൊണ്ടാണ് ഞാൻ അങ്ങനെ എഴുതേണ്ടി വന്നത്.

വലിയ ഒരു ജനസമൂഹം നഗരങ്ങളിലേക്ക് കുടിയേറുമ്പോൾ അവർക്കെല്ലാവർക്കും ആവശ്യമായ ഇടമോ സൗകര്യങ്ങളോ ഈ നഗരങ്ങളിൽ ഉണ്ടായിരുന്നില്ല. ഈ രാജ്യത്തിന്റെ, അല്ലെങ്കിൽ സർക്കാരുകളുടെ സങ്കൽപങ്ങളിൽ പോലും ഈ കുടിയേറ്റക്കാർക്ക് ഒരു ഇടം ഉണ്ടായിരുന്നില്ല; ഞാൻ കുറേ വർഷങ്ങളായി പറയുന്നതാണ് ഈ കാര്യം. നിങ്ങൾ ശ്രദ്ധിച്ചു നോക്കിയാൽ മനസിലാക്കാം,

ന്യൂസ് ക്ലിക്ക് അഭിമുഖം ഇവിടെ കാണാം

Q

വിജയ് പ്രഷാദ്: തീവണ്ടി കയറി പതിനാറോളം ആളുകൾ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് രണ്ടാമത്തെ ലേഖനത്തിൽ പരാമർശിച്ചിരുന്നു. ഈ ലോക്‌ഡോൺ നടപ്പിലാക്കിയ രീതി കാണുമ്പോൾ തന്നെ, സർക്കാരിന്റെ നയം പരാജയപെട്ടു എന്നതിനപ്പുറം, മനുഷ്യവര്‍ഗത്തിനെതിരെ വലിയ ഒരു മഹാപരാധമാണ് നടന്നിരിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.

A

അരുന്ധതി റോയ്: അത് തന്നെയാണ് ഞാനും ചിന്തിക്കുന്നത്. ഈ പ്രശ്‌നങ്ങളെല്ലാം മൂടിവെക്കപെട്ട രീതി ശ്രദ്ധിക്കുകയാണെങ്കിൽ... ഞാൻ ഓർക്കുന്നു, 2011 -ൽ 'ബ്രോക്കൻ റിപ്പബ്ലിക്ക്' എന്ന പുസ്‌തകത്തിന്റെ ആമുഖത്തിൽ ഞാൻ എഴുതിയിരുന്നു, ധനകാര്യ മന്ത്രിയും ആഭ്യന്തര മന്ത്രിയും ഒക്കെയായിരുന്നു പി. ചിദംബരത്തിന്റെ പോലെയുള്ളവരുടെ ഒരു തുറന്ന നയം എന്തായിരുന്നുവെന്നാൽ ഇന്ത്യയുടെ ജനസംഖ്യ ക്രമത്തെ അപ്പാടെ മാറ്റുക എന്നതായിരുന്നു. ജനങ്ങൾ ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് മാറണം എന്നതായിരുന്നു പ്രധാന നയം എന്ന് മാത്രമല്ല, അത് ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കുകയും ചെയ്‌തു. വലിയതോതിലുള്ള കുടിയേറ്റങ്ങൾക്കും, ജനങ്ങളുടെ സ്ഥാനമാറ്റത്തിനും ആ നയങ്ങൾ കാരണമായി എന്ന് മാത്രമല്ല ഭൂമിയുടെ വിഘടനവും, ഇന്ത്യൻ ഗ്രാമങ്ങളുടെ അസന്തുലിതാവസ്ഥയും എല്ലാം പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്‌തു. വലിയ ഒരു ജനസമൂഹം നഗരങ്ങളിലേക്ക് കുടിയേറുമ്പോൾ അവർക്കെല്ലാവർക്കും ആവശ്യമായ ഇടാമോ സൗകര്യങ്ങളോ ഈ നഗരങ്ങളിൽ ഉണ്ടായിരുന്നില്ല. ഈ രാജ്യത്തിന്റെ, അല്ലെങ്കിൽ സർക്കാരുകളുടെ സങ്കൽപങ്ങളിൽ പോലും ഈ കുടിയേറ്റക്കാർക്ക് ഒരു ഇടം ഉണ്ടായിരുന്നില്ല; ഞാൻ കുറേ വർഷങ്ങളായി പറയുന്നതാണ് ഈ കാര്യം. നിങ്ങൾ ശ്രദ്ധിച്ചു നോക്കിയാൽ മനസിലാക്കാം, അവർക്ക് സാഹിത്യത്തിലോ, കവിതകളിലോ, സിനിമകളിലോ ഒന്നും ഇടമില്ല. സിനിമകളിൽ ആണെങ്കിൽ എഴുപതുകൾ കഴിഞ്ഞിങ്ങോട്ടുള്ള കാലത്ത് പോലും സാധാരണക്കാരായ പാവപ്പെട്ടവരുടെ സാന്നിധ്യം ഉണ്ടായിരുന്നു, അവരുടെ ജീവിതം മികച്ച രീതിയിൽ അവതരിപ്പിക്കപ്പെടുമായിരുന്നു. എന്നാൽ മൾട്ടിപ്ലെക്‌സ് യുഗത്തിലേക്ക് കടന്നതോടെ ബോളിവുഡും അവരെ കൈവെടിഞ്ഞു. പിന്നീട് നമ്മൾ പാവപ്പെട്ടവരുടെ മുഖങ്ങൾ കാണുന്നത് ഏതെങ്കിലും എൻ.ജി.ഓ -കളുടെ ബ്രോഷറുകളിൽ മാത്രമാണ്. ഇന്ന് നമ്മൾ കാണുന്ന ഈ സാഹചര്യം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് നമ്മളുടെ സങ്കൽപങ്ങളിൽ നിന്ന് തന്നെയുള്ള ഇത്തരത്തിലെ മായ്ച്ചുകളയലാണ്. നഗരങ്ങളുടെ അരികുകളിലേക്ക് കുടിയേറ്റ തൊഴിലാളികളെ മാറ്റുക, അങ്ങനെ ഒരു വിഭാഗം ഉണ്ടെന്ന് അറിയാത്ത പോലെ നടിക്കുക, അവരുടെ ജീവിത സാഹചര്യങ്ങളെ കുറിച്ച് നമ്മൾക്ക് അറിയാവുന്നതല്ലേ? ടെന്റുകളിൽ കഴിയുന്നതിനു സമാനമായി പത്തും പതിനഞ്ചും ആളുകൾ ഒരിടത്ത് താമസിക്കുക, അതും മോശമായ സൗകര്യങ്ങളിൽ. അവർക്ക് വേണ്ട സാധനങ്ങൾ ഉയർന്ന വിലയ്ക്ക് കൊടുക്കുക, എല്ലാ തൊഴിൽ സംരക്ഷണങ്ങളും ആനുകൂല്യങ്ങളും നൽകാതിരിക്കുക.. ഇതൊക്കെയല്ലേ ചെയ്‌തു കൊണ്ടിരുന്നത്. എന്നിട്ട് ഇപ്പോൾ ഇത്രയും വലിയ ഒരു ദുരിതം ഉണ്ടാകുമ്പോൾ ചെയ്യുന്നതും അവകാശലംഘനം തന്നെയല്ലേ. പിന്നെയും തൊഴിൽ നിയമങ്ങളും അവകാശങ്ങളും എല്ലാം ലംഘിക്കപ്പെടുകയാണ്. ഇതൊരു അസാധാരണ സാഹചര്യമാണെന്നും, ഇന്ത്യ മറ്റു രാജ്യങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്‌തമായ ഒരു രാജ്യമാണെന്നും ഒക്കെ മനസിലാക്കാതെ ഇറ്റലിയിലോ സ്‌പെയിനിലോ സ്വീകരിച്ച മാർഗ്ഗങ്ങൾ അതേപടി ഇവിടെ നടപ്പിലാകുകയല്ല ചെയ്യേണ്ടിയിരുന്നത്. അതിന്റെ അനന്തരഫലങ്ങൾ നമ്മൾ കാണുന്നത് പോലെ ഒരു വലിയ ദുരന്തത്തിലേക്കാണ് രാജ്യത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്. താങ്കൾ പറഞ്ഞത് പോലെ ഇത് മനുഷ്യവർഗ്ഗത്തിനെതിരായുള്ള വലിയ കുറ്റകൃത്യമാണ്.

Q

വിജയ് പ്രഷാദ്: ഒരുപക്ഷേ കോവിഡ് കാലം കഴിയുമ്പോൾ പാർക്കിൽ പോകാനോ, ബന്ധുക്കളെയോ സുഹൃത്തുക്കളായോ സന്ദർശിക്കാനോ ആകും എല്ലാവരും ശ്രമിക്കുക. പക്ഷേ അരുന്ധതി റോയ് ഫിനാൻഷ്യൽ ടൈംസിൽ എഴുതിയ രണ്ടാമത്തെ ലേഖനത്തിൽ പറഞ്ഞിരിക്കുന്നത്, "നമ്മൾക്കു വേണ്ടത് കുറഞ്ഞപക്ഷം അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നടക്കുന്ന കോവിഡ് കുറ്റവിചാരണയാണ്, അതാണ് എന്റെ കോവിഡ് അനന്തര സ്വപ്‌നം" എന്നാണ്. എന്താണ് ഈ കോവിഡ് കുറ്റവിചാരണ (Covid trial) ?

A

അരുന്ധതി റോയ്: ഫിനാൻഷ്യൽ ടൈംസ് എന്നോട് ആവശ്യപ്പെട്ടത് ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോൾ എന്താണ് നിങ്ങൾ ചെയ്യാൻ പോകുന്നത്, അല്ലെങ്കിൽ എന്താണ് നിങ്ങൾ ഉറ്റുനോക്കുന്നത്, സുഹൃത്തുക്കളെ കാണാൻ പോവുകയാണോ, അതോ നിങ്ങൾ ഏതു നഗരത്തിലേക്ക് പോകണം എന്നാണ് ആഗ്രഹിക്കുന്നത്, എന്നിങ്ങനെ എന്തെങ്കിലും ഒരു നൂറ്റമ്പത് വാക്കിൽ എഴുതികൊടുക്കാമോ എന്നാണ്. അപ്പോൾ ഞാൻ പറഞ്ഞത്, ക്ഷമിക്കണം എനിക്കങ്ങനെ സന്തോഷവാക്കുകൾ ഒന്നും എഴുതാനില്ല, നിങ്ങൾ വേറെ ആരോടെങ്കിലും ചോദിക്കൂ... അപ്പോൾ എഡിറ്റർ പറഞ്ഞത്, എന്ത് എഴുതണം എന്ന് തോന്നുന്നുവോ അതെഴുതാൻ ആണ്. അതാണ് ഞാൻ എഴുതിയ ആ ചെറിയ ലേഖനം. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോൾ 10 മരണവും 545 പോസിറ്റീവ് കേസുകളും ആയിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നത്. രണ്ട് മാസങ്ങൾക്ക് ശേഷം, സർക്കാരിന്റെ വ്യാജകണക്കുകൾ നോക്കിയാൽ പോലും 1,25,000 കേസുകൾ ആണ് ഇപ്പോഴുള്ളത്. മുസ്ലിങ്ങളാണ് ഈ അസുഖം രാജ്യമാകെ വ്യാപിച്ചത് എന്നതടക്കമുള്ള മുദ്രകുത്തലുകൾ നമ്മൾ കേട്ടു. ലേബർ ക്യാമ്പുകളിലും, ബസുകളിലും, മറ്റു വാഹനങ്ങളിലും, തീവണ്ടികളിലും "സാമൂഹിക അകലം" (ജാതി എന്താണെന്ന് മനസിലാക്കാത്ത ചില ആളുകൾ ഉപയോഗിക്കുന്ന ദാരുണമായ വാക്ക്) പാലിക്കാതെ ആളുകൾ തിങ്ങിനിറയുന്നത് നമ്മൾ കണ്ടു. സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അത്ര മോശമായ സാഹചര്യങ്ങളിലൂടെ, കഷ്ടപാടുകളിലൂടെ തിരിച്ചു വീടുകളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് കൊറോണവൈറസ് രാജ്യമൊട്ടാകെ വ്യാപിപ്പിച്ചത് എന്ന വാദങ്ങളുമായി പിന്നീട് ചിലർ വന്നു. മറുവശത്ത് അധീശവർഗ്ഗവും, വിമാനതാവളങ്ങളും മറ്റും അണുവിമുക്‌തമാകുന്ന വാർത്തകളുമായി ചാനലുകളും ഉണ്ട്. നമ്മൾ ഇപ്പോൾ എന്താണ് ചിന്തിക്കുന്നത്?

കാറ്റുകയറാത്തവിധം ഈ വിമാനത്തിൽ വരുന്ന ആളുകളെ തൊഴിലാളി വർഗ്ഗത്തിൽ നിന്ന് മാറ്റിനിർത്തി സംരക്ഷിക്കാൻ പോവുകയാണോ? ജാതിവിവേചനം കൂടാതെ, ആൾക്കൂട്ടക്കൊലപാതകങ്ങളിലൂടെ, പുതിയ പൗരത്വ നിയമത്തിലൂടെ, തടങ്കൽ പാളയങ്ങളിലൂടെ, മതവിവേചനം കൊണ്ട് വരുകയാണോ? ഒരു വർഗ്ഗത്തിലുള്ള ആളുകളുടെ ശരീരം മറ്റൊരു വർഗ്ഗത്തിന് 'ബയോഹസാർഡ്' ആകും എന്ന് പറയുമ്പോൾ വർഗ്ഗവിവേചനം അല്ലേ നടക്കുന്നത്? , ഈ ഒരു ദുരന്തത്തിന് ആരാണ് ഉത്തരവാദി? കോവിഡ് കുറ്റവിചാരണ എന്നതിന് പകരം 'വിപ്ലവം' (Revolution) എന്ന് പറയാൻ താൽപര്യം ഉണ്ടെകിലും, 'കോവിഡ് ട്രയൽ' എന്ന് പറയാൻ കാരണമുണ്ട്...

ഈ രാജ്യത്ത് ഒരു കുറ്റവിചാരണയ്ക്ക് എന്തെങ്കിലും ഒരു ഫലം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നില്ല എങ്കിലും, വിചാരണകളോട് അനുബന്ധിച്ച് ആധാരരേഖകളും മറ്റും ശേഖരിക്കപ്പെടുന്നത് തന്നെ വിപ്ലവകരമായ ഒരു പ്രവർത്തിയാണ്. എന്താണ് സംഭവിച്ചത് എന്ന് അറിയാനുള്ള അവകാശം നമ്മൾക്കെല്ലാവർക്കും ഉണ്ട്. ഭയാനകമായ ഒരു സാഹചര്യത്തിലേക്കാണ് എല്ലാവരും കൂടെ നമ്മളെ കൊണ്ടെത്തിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കൃത്യമായ വിവരങ്ങൾ ആണ് നമ്മൾക്കു വേണ്ടത്.

Q

വിജയ് പ്രഷാദ്: ഇതൊരു മികച്ച ആശയമാണ്. അന്തരാഷ്ട്ര തലത്തിൽ ഒരു ട്രൈബ്യുണൽ തീർച്ചയായും ഉണ്ടാകണം. റസ്സൽ ട്രൈബ്യുണൽ പോലെ, ഇന്ത്യ, ബ്രസീൽ പോലെയുള്ള രാജ്യങ്ങൾ കോവിഡ് വിചാരണയ്ക്ക് ട്രൈബ്യുണൽ തുടങ്ങണം എന്ന ആശയം തീർച്ചയായും പരിഗണിക്കപ്പെടണം.

A

അരുന്ധതി റോയ്: ഇറാക്ക് യുദ്ധത്തിന്റെ ട്രൈബ്യുണൽ പോലെ... അതിന്റെ വിചാരണ നടക്കുമ്പോ ഞാൻ അവിടെ ജൂറിയുടെ ഭാഗമായിരുന്നു. എത്രമാത്രം പരിശ്രമങ്ങളാണ് അവിടെ നടന്നത് എന്ന് ഞാൻ കണ്ടതാണ്. തീർച്ചയായും അത്തരത്തിൽ ഒരു ഇടപെടൽ ഉണ്ടായാലേ മതിയാകുകയുള്ളു. കാരണം അത്രയും ഭീതി നമുക്ക് ചുറ്റും നിലനിൽക്കുന്നുണ്ട്.

അതുകൊണ്ട് തന്നെയാണ് 'പാനിക്-ഡെമിക്' (panic-demic) എന്ന് കൂടെ ഈ സാഹചര്യത്തെ കാണേണ്ടത്. നമ്മളെ നിയന്ത്രിക്കാൻ എല്ലാ രീതിയിലും ശ്രമങ്ങൾ നടക്കുകയാണ്. എന്തൊക്കെയാണ് നടക്കുന്നത്? വ്യാജവാർത്തകൾ, തെറ്റായ പ്രചാരണങ്ങൾ, വ്യാജ വീഡിയോകൾ, പേടിപ്പെടുത്തുന്ന വീഡിയോ സന്ദേശങ്ങൾ, വ്യാജ ഫോൺ കോളുകൾ, അങ്ങനെ എന്തെല്ലാം...

നമ്മളെല്ലാം ഇങ്ങനെ ഒരു സാഹചര്യത്തിൽ അകപ്പെട്ടിരിക്കുമ്പോൾ അവർ, അവരുടെ അധികാരം ഉറപ്പിക്കാനും സുരക്ഷിതമാക്കാനും ഉള്ള ശ്രമങ്ങളിൽ മുഴുകിയിരിക്കുകയാണ്.
Q

വിജയ് പ്രഷാദ്: ഇതിനിടയിൽ പുറത്തു വന്ന ഒരു 'പോൾ' സൂചിപ്പിക്കുന്നത് പ്രധാനമന്ത്രിയുടെ ബഹുജനസമ്മതി വർദ്ധിച്ചു എന്നാണ്. വലിയ വാർത്തയായി പല മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്‌തിരുന്നു. എനിക്ക് ഒരു രാഷ്ട്രീയ പ്രചാരണം മാത്രമായിട്ടാണ് തോന്നിയത്. എന്താണ് ഇതിനെ കുറിച്ച് തോന്നുന്നത്?

A

അരുന്ധതി റോയ്: ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു 'പോൾ' നടന്നു എങ്കിൽ ആരാണ് അതിൽ വോട്ട് ചെയ്‌തത്‌ എന്നൊന്നും എനിക്ക് അറിയില്ല. ഫോൺ ഉള്ളവരോ, ഓൺലൈൻ ആയോ എന്തുമാകട്ടെ... ഈ ഒരു പോളിന് ഞാൻ വലിയ പരിഗണന കൊടുക്കുന്നില്ല. എന്നിരുന്നാലും, നമ്മൾ പലതും മനസിലാക്കാൻ തയ്യാറായിരിക്കണം. പല തരത്തിലെ സങ്കൽപങ്ങളും, പ്രചാരണങ്ങളും, കഥകളുമൊക്കെയാണ് ജനങ്ങളുടെ ഇടയിലേക്ക് എത്തുന്നത്. അത്തരത്തിൽ നടക്കുന്ന ഒരു പ്രചാരണം, മോഡി അഭിമന്യു ആണ്, അദ്ദേഹം ഒറ്റയ്ക്കാണ്, ചക്രവ്യൂഹത്തിൽ അകപ്പെട്ടിരിക്കുകയാണ്, ഹിന്ദുക്കൾ വേണം അദ്ദേഹത്തെ രക്ഷിക്കേണ്ടത് എന്നൊക്കെയാണ്. ഇത്തരത്തിൽ ഉള്ള പ്രചാരണങ്ങൾക്ക് ലഭിക്കുന്ന ജനശ്രദ്ധ നമ്മൾക്ക് തള്ളിക്കളയാൻ കഴിയില്ല. ജനങ്ങൾ എല്ലാം മാനസികമായി തകർന്നിരിക്കുന്ന സമയമാണ്, എനിക്കറിയില്ല എന്താണ് നടക്കാൻ പോകുന്നതെന്ന്.

പക്ഷേ ഉറപ്പുള്ള ഒരു കാര്യം, എന്തെങ്കിലും തകർച്ച സംഭവിക്കുകയാണെങ്കിൽ... രാഷ്ട്രീയ ഐക്യദാർഢ്യത്തോടെയല്ല എങ്കിലും പല തരത്തിലെ പ്രതിഷേധങ്ങളും, എഴുത്തുകളും, സമരങ്ങളും, ഭക്ഷണത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളും നമ്മൾ കാണുന്നുണ്ട്. ഇത് ഒരുപക്ഷേ രാഷ്ട്രീയ-ജനകീയ മുന്നേറ്റമായി മാറിയാൽ, അതിനെ വളരെ പെട്ടന്ന് തന്നെ 'ഹിന്ദുത്വ' ഉപയോഗിച്ച് നേരിടുകയും തകർക്കാൻ നോക്കുകയും ചെയ്യും എന്ന കാര്യം ഉറപ്പാണ്. കൂടുതൽ വർഗീയത ഉണ്ടാകും, ഒരു വിഭാഗത്തിനെതിരെ കൂടുതൽ വിരുദ്ധത പ്രചാരണങ്ങൾ ഉണ്ടാകും... എല്ലാവർക്കും അറിയുന്ന പോലെ, നമ്മൾ എല്ലാം

ലോക്ക് ഡൗണിൽ ആയിരിക്കുമ്പോൾ, ഭരണകൂടം അവരുടെ ലക്ഷ്യങ്ങൾ ഓരോന്നായി നേടിയെടുക്കുകയാണ്. ഒരുപാട് ആളുകൾ അറസ്റ്റ് ചെയ്യപ്പെടുന്നു, മുസ്ലിം വിദ്യാർഥികളടക്കം നിരവധി ചെറുപ്പക്കാരെ യു.എ.പി.എ. ചുമത്തി അറസ്റ്റ് ചെയ്‌തിരിക്കുന്നു... ജെ.എൻ.യു -വിലെ രണ്ട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്‌ത വാർത്ത വന്നിരിക്കുന്നു... ഇതെല്ലം നടക്കുന്നത്, ലോക്‌ഡോൺ കഴിയുമ്പോൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്നു കൊണ്ടിരുന്ന പ്രതിഷേധങ്ങളും സമരങ്ങളും വീണ്ടും ഉയർന്നു വരാതെ ഇരിക്കാനാണ്. നമ്മളെല്ലാം ഇങ്ങനെ ഒരു സാഹചര്യത്തിൽ അകപ്പെട്ടിരിക്കുമ്പോൾ അവർ, അവരുടെ അധികാരം ഉറപ്പിക്കാനും സുരക്ഷിതമാക്കാനും ഉള്ള ശ്രമങ്ങളിൽ മുഴുകിയിരിക്കുകയാണ്.

വിജയ് പ്രഷാദ്: ഗൗതം നവ്‌ലാഖ, ആനന്ദ് തെൽതുംദേ അടക്കമുള്ള ആളുകളെ ഈ ലോക്‌ഡൗണിന്റെ ഇടയിൽ തന്നെ അറസ്റ്റ് ചെയ്‌തതടക്കം ഉള്ള സംഭവങ്ങളുമുണ്ടായി. എന്തായാലും വളരെയധികം നന്ദി അരുന്ധതി റോയ്.

Related Stories

No stories found.
logo
The Cue
www.thecue.in