അംബേദ്കറെ ഹൈന്ദവനും സങ്കുചിത ദേശീയവാദിയുമാക്കുന്നത് ഗുരുവിനെ ഹിന്ദുവാക്കുന്നത് പോലെ: ഡോ. അജയ് ശേഖർ 

അംബേദ്കറെ ഹൈന്ദവനും സങ്കുചിത ദേശീയവാദിയുമാക്കുന്നത് ഗുരുവിനെ ഹിന്ദുവാക്കുന്നത് പോലെ: ഡോ. അജയ് ശേഖർ 
Summary

മാറിമറിയുന്ന നവോത്ഥാന മൂല്യങ്ങളും തമസ്കരിക്കപ്പെടുന്ന സാംസ്കാരിക ചരിത്രവും ഇന്നിന്റെ സൂചകങ്ങളാണ്. ഭാരതത്തിൽ വേരുറച്ച ബുദ്ധിസ്റ് ആശയസംഹിതകൾക്കുമേൽ സവർണ്ണ ജാതീയത നടത്തിയ അടിച്ചമർത്തലുകളുടെ ചരിത്രത്തിനു സംഭവിച്ചതും മറ്റൊന്നല്ല. എങ്കിലും, എല്ലാം പൂർണ്ണമായി തുടച്ചുനീക്കാനാകില്ല എന്നതിന്റെ സാക്ഷ്യമായി കേരളത്തിൽ ഇന്നും നിലനിൽക്കുന്ന പല പേരുകൾക്കും രൂപങ്ങൾക്കും പിന്നിൽ ഈ മഹത് സംസ്കാരത്തിന്റെ കൈയ്യൊപ്പുണ്ട്.

. ഗവേഷകൻ, എഴുത്തുകാരൻ, വിവർത്തകൻ, ചിത്രകാരൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച  ഡോ. അജയ് ശേഖറുമായി രാജേഷ് പഞ്ഞത്തൊടിയും അശ്വിന്‍ പ്രശാന്തും നടത്തിയ സംഭാഷണം. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലാ ഇംഗ്ലീഷ് വിഭാഗം അധ്യാപകനും സെന്റർ ഫോർ ബുദ്ധിസ്റ്റ്‌ സ്റ്റഡീസ് കോഡിനേറ്ററുമാണ്‌ ഡോ. അജയ് ശേഖർ

Q

കേരള സംസ്കാരത്തിന്റെ ബൗദ്ധ അടിത്തറ കണ്ടെത്താനുള്ള ശ്രമമാണല്ലോ പുത്തൻ കേരളം, സമകാലിക കേരളസമൂഹത്തെ സംബന്ധിച്ചിടത്തോളം സമാന്തരചരിത്രത്തിന്റെ ‘പുത്തൻ’ അദ്ധ്യായമാണോ ഈ പുസ്തകം മുന്നോട്ടുവെക്കുന്നത്?

A

സമഗ്രാധിപത്യത്തിലേക്കു പെരുകിയിരിക്കുന്ന ഹൈന്ദവ മുഖ്യധാരാ ചരിത്രം മായിക്കുകയും മറയ്ക്കുകയും ചെയ്യുന്ന അടിത്തട്ടിലുള്ള മണ്ണില്‍ വേരിറക്കമുളള അടിസ്ഥാന ചരിത്രധാരയാണ് ബഹുജനങ്ങളുടെ ബഹുസ്വരമായ പ്രബുദ്ധതയുടെ ചരിത്രം. കേരളത്തിന്‍റേയും ഇന്ത്യയുടേയും ലോകത്തിന്‍റേയും തന്നെ അടിസ്ഥാന സംസ്കാരവും നാഗരികതയുമാണത്. പുത്തന്‍ എന്ന വാക്ക് കേരളഭാഷയുടെ ആധാരമായ പഴന്തമിഴില്‍ ബുദ്ധനെ തന്നെ കുറിക്കുന്നു. നിരവധി പുത്തൂരുകള്‍ അഥവാ പുത്തരുടെ ഊരുകള്‍ കേരളത്തിലിന്നും ജീവിക്കുന്നു. പുതുമയുടേയും ആധുനികതയുടേയും സൂചനയും ആ വാക്കു തരുന്നു. കേരളനവോത്ഥാന ആധുനികതയുടെ വിധാതാവായ നാരായണഗുരുവിന്‍റെ ശിഷ്യരായ സഹോദരനും മിതവാദിയും സി. വി. കുഞ്ഞിരാമനും കൂടിയാണ് കേരളത്തിലെ ആധുനിക കാലത്തെ ആദ്യ നവബുദ്ധവാദ പ്രസ്ഥാനത്തിനു തുടക്കം 1920 കളില്‍ കുറിച്ചത്. അത് സഹോദരന്‍ വിടവാങ്ങിയ 1960 കളുടെ അന്ത്യം വരെ സജീവമായിരുന്നു. കേരള സംസ്കാര സാഹിത്യചരിത്രങ്ങളുടെ അക്കാദമിക അടിത്തറപാകിയ ഇളംകുളത്തിലും പി. കെ. ഗോപാലകൃഷ്ണനിലും ശ്രീധരമേനോനിലും കേരളചരിത്രപഠിതാക്കളായ പി. സി. അലക്സാണ്ടറിലും എസ്. എന്‍. സദാശിവനിലും പവനനിലും പി. ഒ. പുരുഷോത്തമനിലും അജു നാരായണനിലുമെല്ലാം കേരളത്തിന്‍റെ ബൗദ്ധ സംസ്കാര പശ്ചാത്തലത്തെ കുറിച്ചുള്ള സ്ഥായിയായ തിരിച്ചറിവുണ്ട്. എന്നാല്‍ ഇളംകുളത്തിന്‍റെ ശിഷ്യരായി കളംപിടിച്ചു ആശാന്‍റെ നെഞ്ചത്തു ചവിട്ടി കളരിക്കു പുറത്താക്കിയ ചില കുല്‍സിത പണ്ഡിത മന്യരായ ആസ്ഥാന അധിനായകരാണ് ഹിന്ദുദേശീയവാദം വിരാടവിശ്വരൂപമാര്‍ന്ന തൊണ്ണൂറുകളോടെ ഹൈന്ദവവും തികച്ചും ക്ഷുദ്രവും ക്ഷേത്രകേന്ദ്രിതവുമായ കേരള ചരിത്രത്തെ പലതരത്തില്‍ അക്കാദമികളിലും മാധ്യമങ്ങളിലും പ്രസിദ്ധീകരണ സ്ഥാപനങ്ങളിലും നടത്തിയ കുടില ജാതിഹിന്ദു സമവായ തന്ത്രങ്ങളിലൂടെ സ്ഥാപിച്ചു വന്നത്. ജാതിഹിന്ദുത്വം വംശഹത്യയിലും മതവിവേചനപരമായ പൗരത്വശുദ്ധീകരണത്തിലുമെത്തി നില്‍ക്കുന്ന വര്‍ത്തമാനത്തിലും അവരാണ് കേരള പൊതുരംഗങ്ങളിലും സ്വകാര്യമാധ്യമങ്ങളിലും വാഴുന്നോര്. ഇവരെല്ലാം കൂടി ഹിംസാത്മകമായി വെട്ടിനീക്കി കാലടിയില്‍ ചവുട്ടിയമര്‍ത്തിയിരിക്കുന്ന അടിസ്ഥാന ബഹുജന ചരിത്രത്തെ വീണ്ടെടുക്കുന്ന രചനയാണ് പുത്തന്‍ കേരളം. അധീശമായിരിക്കുന്ന വിജ്ഞാനത്തിന്‍റെ വിടവുകളേയും പിഴവുകളേയും മൗനങ്ങളേയും മറവികളേയും മായിക്കലിനേയും സമ്മത അജ്ഞതയേയും പൂരിപ്പിക്കാനും മുഴുമിപ്പിക്കാനും മാറ്റിയെഴുതാനും തിരുത്താനുമുള്ള ശ്രമമാണത്. സമാന്തരവും വിമതവും വിമര്‍ശ നൈതിക ബോധത്തിലൂന്നിയതുമായ സംസ്കാര ചരിത്രാഖ്യാനമാണത്. കേരള ചരിത്രത്തെ ജനായത്തപരവും ബഹുജനോന്മുഖവുമാക്കാനുള്ള അവസാനിക്കാത്ത പോരാട്ടത്തിന്‍റെ ഭാഗമാണത്. അന്തിമവും ആധികാരികവും അവസാനത്തേതുമായ ചരിത്രമില്ല എന്ന തുടര്‍ച്ചയുടെ ചെറുത്തു നില്‍പ്പാണത്.

ദേശീയതയുടെ പ്രശ്നത്തെ ഇരുതല മൂര്‍ച്ചയുള്ള വാളായി ആദ്യമായി വിശദീകരിച്ചത് ബാബാസാഹേബാണ്. പാക്കിസ്ഥാനെ കുറിച്ചുള്ള കുറിപ്പുകളിലാണത്. സങ്കുചിത രാഷ്ട്രീയ ദേശീയ താല്‍പ്പര്യങ്ങള്‍ക്കപ്പുറത്തുള്ള അടിസ്ഥാനപരമായ ജനതയുടെ ഇച്ഛയേയും കാമനയേയും പ്രാഥമികമായി കാണുന്ന ബഹുജന ദര്‍ശനമാണ് ബാബാസാഹേബ് എടുത്തു പോന്നത്.
Q

ചരിത്രത്തിന്റെ സാധ്യതകളെ വളച്ചൊടിച്ച് സമസ്തമേഖലകളിലും ഹിന്ദുത്വവത്ക്കരണം നടക്കുന്ന ഇക്കാലത്ത് ഭാരതത്തിന്റെ ബൗദ്ധ ചരിത്രം ആർ. എസ്. എസ്. മുന്നോട്ടുവെക്കുന്ന സാംസ്കാരിക ദേശീയതയ്ക്ക് വഴിപ്പെടുന്നുണ്ടോ?

A

ഇന്ത്യയിലെ ഹിന്ദുത്വമെന്ന സംസ്കാര ദേശീയവാദം വ്യാജപഴക്കവാദങ്ങളിലൂടെ നിര്‍മിച്ചെടുത്ത കെട്ടുകഥയാണെന്ന് പുതു സംസ്കാര ചരിത്ര രാഷ്ട്രീയ വിമര്‍ശ പഠനങ്ങള്‍ കൂടുതലായി പുറത്തേക്കു കൊണ്ടു വന്നിരിക്കുന്നു. സനാതനവും വൈദികവുമായ വര്‍ണാശ്രമധര്‍മത്തിനെതിരായ വിമര്‍ശവ്യവഹാരവും സാമൂഹ്യ ജനായത്ത പ്രയോഗമായ ഉള്‍ച്ചേര്‍ക്കലും പ്രാതിനിധ്യവും ആദ്യമായി അവതരിപ്പിച്ചത് സംഘത്തിലെ ജനായത്തപരമായ വിനയ നിയമങ്ങളിലൂടെ ഗോതമ ബുദ്ധനാണ്. ബുദ്ധന്‍റെ ജനായത്ത ഗണങ്ങളായ സംഘങ്ങളില്‍ നിന്നുമാണ് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആധുനിക ജനായത്ത മൂല്യങ്ങളെ താന്‍ വീണ്ടെടുക്കുന്നതെന്ന് ഇന്ത്യന്‍ ജനായത്ത നിര്‍മാണ ഘടനയുടെ വാസ്തുശില്പിയായ ബാബാസാഹേബ് അംബേദ്കര്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടേയും ലോകത്തിന്‍റേയും ആദ്യത്തെ ബഹുജന ജനായത്ത ധാരയാണ് ബുദ്ധനിലാരംഭിക്കുന്ന സംഘസംസ്കാരം. ബഹുജന സുഖായ ബഹുജന ഹിതായ എന്നതായിരുന്നു പുത്തരുടെ തത്വചിന്തയും സാമൂഹ്യ ദര്‍ശനവും പ്രയോഗവും. അതിന്നും പുതുപുത്തനായി തിളങ്ങുന്നു. നീ നിന്‍റെ വിളക്കാവുക, സത്യത്തേ ഒരു വിളക്കെന്നവണ്ണം ചേര്‍ത്തു പിടിക്കുക എന്നതായിരുന്നു പുത്തരുടെ താക്കോല്‍വാക്കുകള്‍. തെന്നിന്ത്യയില്‍ അശോക ഭിക്കുനിമാരാല്‍ അവതരിപ്പിക്കപ്പെട്ട്, വികസിച്ച് ഇന്ന് കീഴടിയിലെ പുരാവസ്തു പര്യവേഷണത്തിലൂടെ ലോകശ്രദ്ധയിലേക്കു വന്നിരിക്കുന്ന ധമ്മലിപിയിലൂടെ വളര്‍ന്ന പ്രബുദ്ധ സംസ്കാരം തന്നെയാണ് മുസിരിസിന്‍റെ ഭാഗമായ പട്ടണത്തും പുറത്തുവന്നത്. കീഴടിയെ പൂട്ടിച്ചത് ഹിന്ദു ദേശീയവാദ കക്ഷിയാണെങ്കില്‍ പട്ടണം പര്യവേഷണത്തെ തടഞ്ഞത് കേരളത്തിലെ ഇടതിലൂടെ പ്രവര്‍ത്തിക്കുന്ന ബ്രാഹ്മണിക-ശൂദ്ര സഖ്യങ്ങളാണ്. ധമ്മലിപി എന്ന ബ്രാഹ്മി പുറത്തു വന്നതാണ് കാരണം. അശോക മിഷനറിമാരായ ഭിക്കുനികളും ഭിക്കുക്കളുമാണത് തെന്നിന്ത്യയില്‍ ബി. സി. മൂന്നാം നൂറ്റാണ്ടില്‍ പടര്‍ത്തിയത്. കേരളബുദ്ധനായി കവിശിഷ്യരായ മൂലൂരും കറുപ്പനും സഹോദരനും ചമല്‍ക്കാരം ചെയ്ത നാണുഗുരുവാണ് 1918 ല്‍ ശ്രീലങ്ക സന്ദര്‍ശിച്ച് സിംഹളബുദ്ധഭിക്കുവായ അമരസിംഹനെഴുതിയ അമരകോശം ഉദ്ധരിച്ച് വിനായകനായ ബുദ്ധനെ ഓര്‍മിച്ചുകൊണ്ട് നമ്മുടേതും ബുദ്ധമതം തന്നെ എന്നു പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്‍റെ ശിഷ്യരായ മിതവാദിയും സഹോദരനും സി. വി. കുഞ്ഞിരാമനും കൂടിയാണ് ഇന്ത്യയിലെ രണ്ടാമത്തെ നവബുദ്ധവാദത്തെ കേരളത്തില്‍ 1920 കളില്‍ തുടങ്ങിയത്. 1890 കളില്‍ തമിളകത്ത് പണ്ടിത അയ്യോതി താസരാണതു ഇന്ത്യയിലാദ്യമായി തുടങ്ങിയത്. 1950 കളിലെ അംബേദ്കറുടെ നവയാനമാണ് ബുദ്ധവാദത്തെ ഇന്ത്യയില്‍ സഫലമായി തിരിച്ചു കൊണ്ടുവന്നത്. ജാതിഹിന്ദു അതിദേശീയതയുടെ ദമനങ്ങളേയും തമസ്കരണങ്ങളേയും ഹിംസയേയും ചെറുക്കുന്ന രാജ്യാന്തര സംസ്കാരവും മാനവികതയും നൈതിക ചിന്തയും ഇന്ത്യന്‍ സംസ്കാരത്തിന്‍റേയും നിര്‍മാണ ഘടനയുടേയും ജനായത്തത്തിന്‍റേയും അടിത്തറയുമാണ് ബുദ്ധിസം. അതിനു മാത്രമേ ബ്രാഹ്മണികമായ വര്‍ണാശ്രമധര്‍മത്തേയും ജാതിയേയും ഹൈന്ദവമായ സംസ്കാര ദേശീയവാദത്തേയും ഇന്ത്യയില്‍ സ്ഥായിയായി, രൂഢമൂലമായി ചെറുക്കാനാവൂ എന്നാണ് സാമൂഹ്യ ചരിത്രം കാട്ടിത്തരുന്നത്.

ഗുരുവിനെ ഹിന്ദു സന്യാസിയാക്കാനും പാഠ്യപദ്ധതി എന്നപോലെ കാവിവല്‍ക്കരിക്കാനുമുള്ള ശ്രമം തുടങ്ങിയിട്ട് ഏറെ പതിറ്റാണ്ടുകളായി. നാംജാതിമതഭേദങ്ങള്‍ വിട്ടിട്ട് ഏറെ കാലമായി എന്നു 1916 ല്‍ പ്രഖ്യാപിച്ചഅദ്ദേഹത്തെ ഹൈന്ദവാചാര്യനും സനാതനഗുരുവര്യനുമാക്കാനുള്ള കുല്‍സിത വേലയിലാണ്പരിവാരവും അതിന്‍റെ പൊള്ളത്തരം തിരിച്ചറിയാനാവാത്ത അല്‍പ്പജ്ഞരായ പലഅനുയായികളും.  
Q

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല അടുത്തിടെ സ്ഥാപിച്ച സെന്റർ ഫോർ ബുദ്ധിസ്റ്റ്‌ സ്റ്റഡീസ് ഏകോപിക്കുന്നതിലൂടെ കേരളത്തിലെ ബൗദ്ധ ജ്ഞാനമണ്ഡലത്തിൽ എന്തെല്ലാം ഇടപെടലുകളാണ് പ്രതീക്ഷിക്കുന്നത്?

A

ബൗദ്ധ പഠന കേന്ദ്രത്തിന്‍റെ ജ്ഞാന പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലേയും ഇന്ത്യയിലേയും ബൗദ്ധ സംസ്കാര ധാരകളേക്കുറിച്ചുള്ള വിമര്‍ശ വിജ്ഞാനീയം ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിന്‍റെ കാലിക പ്രസക്തിയെ ഊന്നുന്ന വിജ്ഞാന ഉല്‍പ്പാദനവും വിതരണവും സാധ്യമാക്കേണ്ടതുണ്ട്. അതു ബഹുജനങ്ങളിലേക്കു വിനിമയം ചെയ്യുന്നതിനുള്ള സെമിനാറുകളും പാഠവല്‍ക്കരിക്കുന്ന പുസ്തകങ്ങളുമാണ് ആവശ്യമായി വരുന്നത്. അക്ഷരങ്ങളിലൂടെയുളള ചെറുത്തു നില്‍പ്പും അതിജീവനവുമാണ് ചരിത്രപരമായി മാറുന്നത്. ഫണ്ടിന്‍റെ ലഭ്യത പോലെ സ്ഥിരം പ്രസിദ്ധീകരണങ്ങളും തുടങ്ങേണ്ടതുണ്ട്.

Q

ഉന്നതവിദ്യാഭ്യാസമേഖലയിൽ ദളിത് പഠനത്തെ തളർത്തുന്ന കേന്ദ്രസർക്കാർ സമീപനം മുന്നോട്ടുവെക്കുന്ന പ്രധാന വെല്ലുവിളികൾ എന്തെല്ലാമാണ്?

A

അടിസ്ഥാന ജനതയുടെ സംസ്കാരവും സാഹിത്യവും പഠിക്കുന്നതിലൂടെ മാത്രമേ പുതു സമൂഹത്തെ ജനായത്തപരമായും നൈതികമായും മാറ്റിത്തീര്‍ക്കാനാവൂ. ഹിംസാത്മകമായിത്തീര്‍ന്ന അധീശ സംസ്കാരത്തെ അപനിര്‍മിക്കാനും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സംതുലനം പാലിക്കാനും ദലിതബഹുജന സാഹിത്യ പഠനങ്ങള്‍ അനിവാര്യമാണ്. ആധുനിക കാലത്ത് ദലിത് സാഹിത്യം അംബേദ്കര്‍ സാഹിത്യത്തിന്‍റെ തുടര്‍ച്ചയാണ്. അത് മാനവികതയുടേയും ആധുനികതയുടേയും ജനായത്തത്തിന്‍റേയും എഴുത്തു വഴിയും വഴക്കവുമാണ്. ഇന്ത്യയിലെ ബഹുസ്വരതയും ജനായത്ത സ്വഭാവവുമുള്ള ഏറ്റവും സര്‍ഗാത്മകവും വിമര്‍ശാവബോധം പുലര്‍ത്തുന്നതുമായ സാഹിത്യ ഗണവുമിതാണ്. ദലിത ബഹുജന സംസ്കാരം ജാതിവിരുദ്ധവും നിര്‍മാണ ഘടനയിലെ സാമൂഹ്യ നീതിയുടെ ആധാരത്തെ ഊന്നുന്നതുമാണ്. ജാതിവിരുദ്ധമായ ബ്രാഹ്മണിക വിമര്‍ശമുള്ള ബൗദ്ധസാഹിത്യത്തിലാണതിന്‍റെ വേരുകള്‍. തെന്നിന്ത്യയുടെ സംഘ സാഹിത്യ സംസ്കാര ഭൂമികയും അതിന്‍റെ ആധാരമാണ്. ദലിത ബഹുജന സാഹിത്യത്തെ ഉന്നത വിദ്യാഭ്യാസരംഗത്ത് അടിസ്ഥാനപരമായി കാണുകയും കൂടുതല്‍ ഗവേഷണ പഠന കേന്ദ്രങ്ങളിലൂടെ അടിയന്തിരമായി വികസിപ്പിക്കുകയും ചെയ്താലേ ഇന്ത്യന്‍ ജനായത്തത്തിനു ഭാവിയുള്ളൂ.

Q

പൊയ്‌കയിൽ അപ്പച്ചന്റെ പാട്ടുകൾ ‘അൺനോൺ സബ്ജെക്ട്സ്: ദ സോങ്‌സ് ഓഫ് പൊയ്‌കയിൽ അപ്പച്ചൻ’ എന്ന പേരിൽ ഇംഗ്ളീഷിലേക്കു വിവർത്തനം ചെയ്തിരുന്നല്ലോ; ബഹുജനമുന്നേറ്റത്തെ രാഷ്ട്രീയമായി നിർവീര്യമാക്കാൻ ശ്രമിക്കുന്ന കാലത്ത് വിമോചന (പുനർ)വായനകളുടെയും വീണ്ടെടുപ്പുകളുടെയും പ്രസക്തിയെക്കുറിച്ച് പറയാമോ?

A

അടിത്തട്ടിലുള്ള കേരള ജനതയുടെ വിമോചനാവേശമാണ് പൊയ്കയില്‍ അപ്പച്ചന്‍ എന്ന ശ്രീ കുമാര ഗുരുദേവന്‍. കേരളത്തിലെ ആദിമ ജനത അടിമയാക്കപ്പെട്ട ചരിത്രത്തെ തന്‍റെ പാട്ടുകളിലൂടെയും ഭാഷണങ്ങളിലൂടെയും സജീവമാക്കിയത് അപ്പച്ചനാണ്. താണിരിക്കുന്ന പന്തിയെന്നാണ് അപ്പച്ചന്‍ തന്‍റെ നോക്കുനിലപാടിനെ കുറിച്ചു പാടിയത്. കേരള ചരിത്രത്തെ അടിത്തട്ടില്‍ നിന്നും വീണ്ടുവിചാരം ചെയ്ത അനശ്വരമായ ജനായത്ത ശബ്ദ കര്‍തൃത്വമാണ് പൊയ്ക. അതിനുമപ്പുറത്തേക്കു പോകുമ്പോള്‍ സഹോദരന്‍ “യുക്തികാലം ഓണപ്പാട്ടി”ലും മറ്റും ആദരപരാമര്‍ശം ചെയ്യുന്ന മാവേലിപ്പാട്ടു പാടിയ മധ്യകാല പറയ കവി പാക്കനാരുടെ ഓര്‍മയും ഒച്ചയും നാം വീണ്ടെടുക്കേണ്ടതുണ്ട്. മൂലൂരും വള്ളത്തോളും പാക്കനാരെ കുറിച്ചു കവിത ചമച്ചിട്ടുണ്ട്. ആദിപുലയ കവി ചോതി ചാത്തന്‍ സഹോദരന്‍റെ സമകാലികനായിരുന്നു. വെളുത്തേരിയും പെരുനെല്ലിയുമടക്കമുള്ള ഇത്തരത്തിലുള്ള നിരവധി മൂകമാക്കപ്പെട്ട അവര്‍ണ ശബ്ദകര്‍തൃത്വങ്ങളെ നാം സംഘടിതമായ അടിച്ചേല്‍പ്പിക്കപ്പെട്ട മറവിയില്‍ നിന്നും വീണ്ടെടുത്തു പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതുണ്ട്. ആംഗലവിവര്‍ത്തനങ്ങളിലൂടെ ലോകശ്രദ്ധയെ ആകര്‍ഷിച്ചു കൊണ്ടു മാത്രമേ കുടിലമായ മലയാള കുലീനതയുടേയും പ്രാദേശിക വരേണ്യ മൗലികവാദങ്ങളുടേയും സ്വയംസേവക ഭൃത്യജനസമാജ കോട്ടകളെ തകര്‍ക്കാനാവൂ.

Q

ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനവും ആസ്പദമാക്കി എഴുതിയ ‘നാണുഗുരുവിന്റെ ആത്മസാഹോദര്യവും മതേതര ബഹുസ്വരദർശനവും: അനുകമ്പയോടെ നീതിശാസ്ത്രം’ എന്ന പഠനം നവോദ്ധാന ചരിത്രം റദ്ദുചെയ്യാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികൾക്കെതിരെ അദ്ദേഹത്തിന്റെ വിമോചന സാമൂഹ്യപ്രയോഗത്തെ ഉപയുക്തമാക്കുന്നത് എങ്ങിനെയാണ്?

A

ഗുരുവിനെ ഹിന്ദു സന്യാസിയാക്കാനും പാഠ്യപദ്ധതി എന്ന പോലെ കാവിവല്‍ക്കരിക്കാനുമുള്ള ശ്രമം തുടങ്ങിയിട്ട് ഏറെ പതിറ്റാണ്ടുകളായി. നാം ജാതിമതഭേദങ്ങള്‍ വിട്ടിട്ട് ഏറെ കാലമായി എന്നു 1916 ല്‍ പ്രഖ്യാപിച്ച അദ്ദേഹത്തെ ഹൈന്ദവാചാര്യനും സനാതനഗുരുവര്യനുമാക്കാനുള്ള കുല്‍സിത വേലയിലാണ് പരിവാരവും അതിന്‍റെ പൊള്ളത്തരം തിരിച്ചറിയാനാവാത്ത അല്‍പ്പജ്ഞരായ പല അനുയായികളും. പിന്നോക്ക ജനവിഭാഗത്തെ ഒറ്റയടിക്കു ഹിന്ദുവല്‍ക്കരിച്ചു വോട്ടു ബാങ്കുറപ്പിക്കുക എന്ന രഹസ്യ രാഷ്ട്രീയ അജണ്ടയാണ് ഗുരുവിനെയും സ്ഥാപനങ്ങളേയും സംഘടനാനേതൃത്വത്തേയും ഹിന്ദുവല്‍ക്കരിക്കാനുള്ള പരിവാര പാദജ അജണ്ടയുടെ പിന്നില്‍. എന്നാല്‍ അദ്ദേഹത്തിന്‍റെ പാഠങ്ങളും ഭാഷണങ്ങളും വ്യക്തമാക്കുന്ന പോലെ തികച്ചും ബഹുസ്വരവും മാനവികവും മതേതരവും നൈതികവുമായ രചനകളാണ് ഗുരു നമുക്കു തന്നിട്ടുള്ളത്. അവയുടെ കാലികവും മതേതരവും ബഹുസ്വരവും അധീശ വിരുദ്ധവുമായ വായനകളും വ്യാഖ്യാനങ്ങളുമാണ് കാവിഭീകരതയുടെ നാളില്‍ കേരളത്തിനും ഇന്ത്യക്കുമാവശ്യം. അപഹിന്ദുവല്‍ക്കരണത്തിന്‍റെ ഭാഗമായി അദ്ദേഹത്തിന്‍റെ വിമര്‍ശ ബോധമുള്ള ശിഷ്യരായ സഹോദരന്‍റേയും മൂലൂരിന്‍റേയും സി. വി. കുഞ്ഞിരാമന്‍റേയും മിതവാദിയുടേയും ധര്‍മതീര്‍ഥരുടേയും ആനന്ദതീര്‍ഥരുടേയും സി. കേശവന്‍റേയും മറ്റും ജീവിതസമരങ്ങളേയും രചനകളേയും കൂടി വര്‍ത്തമാനവല്‍ക്കരിക്കുന്ന വായനകളും പാഠവല്‍ക്കരണങ്ങളുമാണ് അനുകമ്പയുടെ നീതിശാസ്ത്രം എന്ന പുസ്തകത്തിലൂടെ നടത്തിയിട്ടുള്ളത്. സാമൂഹ്യ നീതി ചിന്തയെ പ്രാഥമികമാക്കുന്ന നൈതിക വിചാരങ്ങളും ജാതിഹിന്ദുത്വത്തെ ചെറുക്കുന്ന ബൗദ്ധവും ഇസ്ലാമികവും ക്രൈസ്തവുമായ ബഹുസ്വരമായ ബഹുജനോന്മുഖ “മ്ലേഛ”വായനകളും തികഞ്ഞ സാമൂഹ്യ രാഷ്ട്രീയ വിമര്‍ശങ്ങളും ദളവാക്കുളവും നങ്ങേലിയും വൈക്കം സത്യഗ്രഹവുമടങ്ങുന്ന വിമര്‍ശ വിചിന്തനങ്ങളും പുസ്തകത്തിന്‍റെ വിമോചനാത്മകമായ സംസ്കാര രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. മാനവ സമുദായത്തേ കുറിച്ചും പ്രപഞ്ച സാഹോദര്യത്തെ കുറിച്ചുമുള്ള ദര്‍ശനങ്ങളാണ് ഗുരുവും സഹോദരനും കേരളത്തിനും ലോകത്തിനും കൊടുത്ത ഏറ്റവും നിത്യനൂതനങ്ങളായ ആധുനിക സന്ദേശങ്ങള്‍. അവയെ റദ്ദുചെയ്യാനുള്ള ക്ഷുദ്രലഹളകളും കൗടില്യവേലകളും കേരളത്തിലടക്കം കൊടുമ്പിരിക്കൊളളുമ്പോളാണ് ഗുരുവിന്‍റെ ബഹുസ്വര ചിന്തയും എല്ലാവരുമാത്മ സഹോദരരെന്ന ഉടപ്പിറപ്പരുളും അറിവും അന്‍പും അനുകമ്പയുമായി മാറുന്നത്. കേരളപുത്തരുടെ അരുളുള്ള ജീവദര്‍ശനം പുത്തരില്‍ തന്നെ തുടങ്ങുന്നതും ഭാവിയിലേക്കു വളരുന്നതുമാണ്.

Q

ഭക്ഷണസംസ്കാരത്തിന്റെ പേരിലുള്ള തരംതിരിവും ആൾക്കൂട്ട അക്രമങ്ങളും വർദ്ധിച്ചുവരുന്ന രാഷ്ട്രീയാന്തരീക്ഷത്തിൽ പന്തിഭോജനത്തിന്റെ സമകാലിക പ്രസക്തിയെക്കുറിച്ച് ‘സഹോദരൻ അയ്യപ്പൻ: ടുവാഡ്‌സ് എ ഡെമോക്രാറ്റിക് ഫ്യൂചർ’ എന്ന പുസ്തകത്തെ മുൻനിർത്തി പറയാമോ?

A

ജാതിയുടെ കിരാതമായ വിഭജന ഭരണ പാഷണ്ഡ മനോനിലയെ തകര്‍ക്കാന്‍ സാമൂഹ്യ പരിഷ്കര്‍ത്താക്കളെല്ലാം പന്തിഭോജനം പ്രയോഗിച്ചു വന്നിട്ടുണ്ട്. ആധുനിക കേരളത്തില്‍ അയ്യാ വൈകുണ്ഠരതിനെ തന്‍റെ നിഴല്‍ തങ്കലുകളിലും പതികളിലും ഒരു ബ്രാഹ്മണിക വിരുദ്ധ പ്രതിരോധ പരിപാടിയാക്കി മാറ്റി. അയ്യന്‍ കാളിയോടൊപ്പം പന്തിഭോജനം ചെയ്ത തയ്ക്കാട്ടയ്യാവും ആ വിമോചന ധാരയെ പിന്‍തുടര്‍ന്നു. ചട്ടമ്പി സ്വാമികള്‍ സഹോദരന്‍റെ മൂത്ത സഹോദരനായ ചെറായി കുമ്പളുത്തു പറമ്പില്‍ വൈദ്യരുടെ കുടിയില്‍ വന്നു കഞ്ഞികുടിച്ചന്തിയുറങ്ങി പോന്നിട്ടുണ്ട്. പന്തിഭോജനത്തെ കേരളമാകെ ഒരു പ്രഖ്യാപിത സാമൂഹ്യ വിപ്ലവ സമരമാര്‍ഗമായി വികസിപ്പിച്ചത് നാണുഗുരുവിന്‍റെ വല്‍സല ശിഷ്യനായ സഹോദരനാണ്. 1917 ലെ ചേറായി പന്തി ഭോജനത്തിലൂടെ അദ്ദേഹം ജാതിയുടെ മേലോട്ടുള്ള തൃഷ്ണയെ തകര്‍ത്തു കൊണ്ട് ദലിത സോദരരായ അയ്യരുടേയും മകന്‍ കണ്ണന്‍റേയും ഒപ്പം പുഴുക്കു കഴിച്ചു കൊണ്ട് നാരായണഗുരുവിന്‍റെ ആത്മസാഹോദര്യ തത്വത്തെ അടിത്തട്ടിലൂറിയ സാമൂഹ്യ പ്രയോഗമാക്കി മാറ്റി. അടികൊണ്ടു വന്ന സഹോദരനെ ക്രിസ്തുവിനെ പോലെ ക്ഷമിക്കാനും പ്രവര്‍ത്തിക്കാനുമാണ് ഗുരു ആലുവയില്‍ ഉപദേശിച്ചത്. മാത്രമല്ല മിശ്രഭോജനത്തിനും മിശ്രവിവാഹത്തിനുമായുള്ള മഹാസന്ദേശം കൈപ്പടയിലെഴുതി ഒപ്പിട്ടു കൊടുക്കുകയും ചെയ്തു. ആഹാരത്തിന്‍റേയും വസ്ത്രത്തിന്‍റേയും മതത്തിന്‍റേയും ജാതിയുടേയും ലിംഗത്തിന്‍റേയും പേരില്‍ മനുഷ്യര്‍ അടിച്ചു കൊല്ലപ്പെടുന്ന ഇന്ത്യയിലാണ് ഗുരുവിന്‍റെ മനുഷ്യരുടെ മതം, വേഷം, ഭാഷ, ആചാരം എന്നിവയെല്ലാം എങ്ങനെയിരുന്നാലും അവര്‍ ഒരു ജാതിയായതു കൊണ്ട് വിവാഹം കഴിക്കുന്നതിലോ പന്തിഭോജനം ചെയ്യുന്നതിലോ യാതൊരു പ്രശ്നവുമില്ല എന്ന മഹാസന്ദേശം ഏറ്റവും കാലിക പ്രസക്തമാകുന്നത്.

Q

ടോണി മോറിസന്റെ രണ്ട് നോവലുകൾ താങ്കൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ടല്ലോ; സ്ത്രീകളുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും പ്രധിനിധി എന്ന നിലയിൽ മലയാളിയുടെ വായനാമണ്ഡലത്തിൽ സമാന്തര കീഴാളചരിത്രത്തിന്റെ അനുരണനങ്ങൾ സൃഷ്ട്ടിക്കാൻ അവർക്ക് എത്രത്തോളം സാധിച്ചിട്ടുണ്ട്?

A

അവരുടെ ബ്ലൂവെസ്റ്റ് ഐയും ബിലവഡും മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യാനായി. നീലിമയേറിയ കണ്ണുമാത്രമേ അച്ചടിയിലേക്കു വന്നിട്ടുളളൂ. അവരുടെ വിമര്‍ശ രചനയായ ഇരുട്ടിലെ കളി പി. ജെ. ബിനോയിയോടൊപ്പം വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. വുമണിസം എന്ന കറുത്ത പെണ്‍വാദവുയി ബന്ധപ്പെട്ട മുന്‍ നിര സമകാലിക വിമര്‍ശകയായ ബെല്‍ ഹുക്സിന്‍റെ രചനകളും സ്നേഹമെന്ന സ്വാതന്ത്ര്യ പ്രയോഗം എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഷര്‍മിള റെഗേ മുതല്‍ ഉമ ചക്രവര്‍ത്തി വരെ അംബേദ്കറെ ഉപജീവിച്ചു കൊണ്ട് ഇന്ത്യയില്‍ വിമര്‍ശിക്കുന്ന ബ്രാഹ്മണിക ആണ്‍കോയ്മയെ പ്രശ്നവല്‍ക്കരിക്കാനും അപനിര്‍മിക്കാനും വിമര്‍ശ പ്രതിനിധാനവും ചരിത്രണവും നിര്‍വഹിക്കാനും മോറിസണും വോക്കറും ഹുക്സുമെല്ലാമടങ്ങുന്ന ആഫ്രിക്കനമേരിക്കന്‍ പെണ്ണെഴുത്തിന്‍റെ ജീവിത സമരമാതൃകകള്‍ ഏറെ സഹായകരമാണ്. ഇന്ത്യയിലെ ദലിതബഹുജന ഫെമിനിസത്തിന്‍റെ പ്രചോദന മാതൃകകളും രീതിശാസ്ത്ര പരിസരവുമായി സൊജേണര്‍ ട്രൂത്തിലും മോറിസണിലും തുടിക്കുന്ന പ്രതിരോധ പാരമ്പര്യം മാറിത്തീരുകയാണ്. ബ്രാഹ്മണിക ആണ്‍കോയ്മ അധികാരം പിടിച്ച വര്‍ത്തമാന ഇന്ത്യയിലും ലിംഗനീതി നടപ്പാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി വരേണ്യ വനിതാത്തൊഴിലാളിയാല്‍ തെരുവില്‍ സാമൂഹ്യമാധ്യമത്തിലൂടെ ജാതിത്തെറി നേരിടുകയും ചെയ്യുന്ന കേരളത്തിലും ഈ കറുത്ത പെണ്‍മയുടെ പ്രതിരോധ പാരമ്പര്യം ഏറെ നിര്‍ണായകമായി വന്നിരിക്കുന്നു. കാരണം കേരളത്തിലെ മുഖ്യമന്ത്രിയുടെ ജന്‍ഡര്‍ ഉപദേശകയായ ഒരു കുലീന വനിത ജനപഥം മാസികയില്‍, പി. ആര്‍. ഡി. വകുപ്പിന്‍റെ ബഹുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു നടത്തുന്ന ജനപഥം മാസികയില്‍ 2019 ജനുവരി ലക്കത്തില്‍ എഴുതി വിട്ടത്, മുലക്കരം ഒരു സാമ്പത്തിക പ്രശ്നമായിരുന്നു എന്നും കാരണം ചേര്‍ത്തല നങ്ങേലിക്ക് മുലക്കരം കൊടുക്കാന്‍ പണമില്ലാത്തതായിരുന്നു യഥാര്‍ഥ പ്രശ്നമെന്നുമാണ്. ഇത്തരം ചരിത്രവിരുദ്ധവും വസ്തുതാവിരുദ്ധവും നീതിവിരുദ്ധവുമായ വരേണ്യ സ്ത്രീവാദാഭാസങ്ങള്‍ നടമാടുന്ന കേരളത്തിലും ഇന്ത്യയിലുമാണ് ദലിതബഹുജന സ്ത്രീവാദത്തിന്‍റേയും രാഷ്ട്രീയത്തിന്‍റേയും പ്രസക്തി അനുദിനം ഏറുന്നത്. സാമ്പത്തിക സംവരണവാദമെന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആധാരമായ സാമൂഹ്യ നീതിയെ അട്ടിമറിക്കുന്ന കുല്‍സിത സാമ്പത്തിക ന്യൂനീകൃത യുക്തിയുടെ വിജയമായ ദേവസം ബോഡിലെ അമിത പ്രാതിനിധ്യ ലഹളയുടെ പരിസരത്താണീ വാദങ്ങളെല്ലാം വെളിച്ചം കണ്ടത്. ദേവസം ബോഡിലെ അട്ടിമറിയാകട്ടെ ചവിരമാനുകള്‍ മേഞ്ഞ സംഘകാല പ്രശസ്തമായ ചവരി മലയെ ശബരി മലയാക്കി ഹിന്ദുവല്‍ക്കരിച്ച 2018 ലെ സ്വയംസേവക സംഘവും ഭൃത്യജനസമാജവും കൂടി നടത്തിയ ശൂദ്രലഹളയുടെ പശ്ചാത്തലത്തിലുമാണരങ്ങേറിയത്. ഈ ശൂദ്രലഹളയുടെ ഹൈന്ദവ വര്‍ണാശ്രമ പരിസരമുണ്ടാക്കിയത് കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി കൊടുമ്പിരിക്കൊണ്ട മാവാരത പട്ടത്താനങ്ങളും ഗീതാഗിരി ശിബിരങ്ങളുമാണ്. 1958 ലെ ഭരണപരിഷ്കാര കമ്മറ്റിയില്‍ സാമൂഹ്യ പ്രാതിനിധ്യം സര്‍വീസിന്‍റെ കാര്യക്ഷമത കുറയ്ക്കുമെന്നു തിട്ടൂരമെഴുതിയ ബ്രാഹ്മണിക ക്ഷുദ്ര ശക്തികള്‍ തന്നെയാണ് കഴിഞ്ഞ അറുപതു വര്‍ഷമായി സാമൂഹ്യ പ്രാതിനിധ്യത്തിനും നീതിക്കുമെതിരായി സുപ്രീം കോടതിയില്‍ കോടികള്‍ മുടക്കി കേസു നടത്തി ഇന്ത്യന്‍ ഭരണഘടനയുടെ ആധാരത്തെ തന്നെ അട്ടിമിറിച്ചത്. 2018 ലെ ചവരി മല ശൂദ്രലഹളയിലൂടെ അമിത പ്രാതിനിധ്യമുണ്ടായിരുന്ന കേരളത്തിലെ ദേവസം ബോഡില്‍ തന്നെ അതു നടപ്പാക്കിയെടുത്ത് അഞ്ചു ദിവസം കൊണ്ട് ഓഡിനന്‍സാക്കി ഇന്ത്യന്‍ ഭരണഘടനയുടെ സാമൂഹ്യ നീതിയുടെ കാതലിനെ രാമന്‍ ശംബൂകനെ എന്ന പോലെ കഴുത്തറുത്തു കൊന്നിരിക്കുന്നു. മൂന്നുമാസം കഴിഞ്ഞാണ് അമിതഷായും മോദിയും കൂടി തിരഞ്ഞെടുപ്പു തുറുപ്പായി സാമ്പത്തിക സംവരണം കേന്ദ്രത്തില്‍ പ്രഖ്യാപിച്ചത്. അന്നു തന്നെ സീതാറാം യച്ചൂരി പോലും അതിനെ അപലപിച്ചപ്പോള്‍ കേരള മുഖ്യമന്ത്രിയുടെ ഓഫീസിനു വേണ്ടി ജാതിഹിന്ദു ചങ്ങാത്തമുതലാളിത്ത ശക്തികള്‍ അതിനെ ആവേശത്തോടെ സ്വാഗതവും ചെയ്തു. സ്വയം സേവകരുടേയും ഭൃത്യജന സമാജത്തിന്‍റേയും അജണ്ട കേരളത്തിലെ ഇടതു പക്ഷത്തിലൂടെ നടപ്പാക്കുന്ന അവിദ്യ ബഹുജനങ്ങള്‍ വൈകിയെങ്കിലും തിരിച്ചറിയുന്നത് അവരുടെ വരും തലമുറകളെ രക്ഷിച്ചേക്കാം. പ്രാതിനിധ്യമില്ലാതെ ജനായത്തമില്ല എന്ന അടിസ്ഥാന രാഷ്ട്രീയ സാക്ഷരതയെങ്കിലും നമ്മുടെ സമൂഹത്തിനുണ്ടാകട്ടെ. നീതിയേയും സത്യത്തേയും ചരിത്രത്തേയും കുറിച്ചുള്ള ബോധമാണ് മോറിസണ്‍ മുതല്‍ ഹുക്സ് വരെയുള്ള ആഫ്രിക്കനമേരിക്കന്‍ എഴുത്തുകാരികള്‍ അഴിച്ചു വിടുന്നത്.

Q

ഇന്ത്യൻ ഭരണഘടന മുൻപില്ലാത്തവിധം പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിൽ ഭരണഘടനാ ശില്പിയായ ഡോ. ബി. ആർ. അംബേദ്‌കറുടെ ആശയങ്ങളെ കാവിവത്ക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അദ്ദേഹത്തെ ഇടത്-മുസ്ലിം വിമർശകനായി ചിത്രീകരിക്കുന്നുണ്ട്. എന്താണ് ഇതിനോടുള്ള പ്രതികരണം?

A

അംബേദ്കറെ ഹൈന്ദവനും സങ്കുചിത ദേശീയവാദിയുമാക്കുന്നത് ഗുരുവിനെ ഹിന്ദുവാക്കുന്നതു പോലെ ഒരു തികഞ്ഞ പരിവാര പാദജ കാര്യപരിപാടിയാണ്. യഥാര്‍ഥ്യത്തില്‍ ദേശീയതയുടെ പ്രശ്നത്തെ ഇരുതല മൂര്‍ച്ചയുള്ള വാളായി ആദ്യമായി വിശദീകരിച്ചത് ബാബാസാഹേബാണ്. പാക്കിസ്ഥാനെ കുറിച്ചുള്ള കുറിപ്പുകളിലാണത്. സങ്കുചിത രാഷ്ട്രീയ ദേശീയ താല്‍പ്പര്യങ്ങള്‍ക്കപ്പുറത്തുള്ള അടിസ്ഥാനപരമായ ജനതയുടെ ഇച്ഛയേയും കാമനയേയും പ്രാഥമികമായി കാണുന്ന ബഹുജന ദര്‍ശനമാണ് ബാബാസാഹേബ് എടുത്തു പോന്നത്. ബുദ്ധനോടു ചെയ്തതു പോലെ വെടക്കാക്കി തനിക്കാക്കുക എന്ന ചാണക്യ തന്ത്രമാണ് ഹിന്ദുത്വ ശക്തികള്‍ നവബുദ്ധന്‍റെ വിമോചനയാനത്തോടും കാട്ടുന്നത്. പക്ഷേ ജാതിയേയും അതിന്‍റെ മതത്തേയും ഉന്മൂലനം ചെയ്തേ മതിയാവൂ എന്നു സ്ഥാപിച്ച് മാനസാന്തരം ചെയ്ത ബാബായുടെ മാര്‍ഗത്തെയും ലക്ഷ്യത്തേയും ജനായത്ത സാമൂഹ്യ പ്രയോഗത്തേയും കരഗതമാക്കാന്‍ പരിവാര പരിഷദുകള്‍ നവയാനത്തില്‍ ചേരുകതന്നെ വേണ്ടിവരും. ബുദ്ധിസത്തേയും കമ്യൂണിസത്തേയും ഇസ്ലാമിനേയും സിഖിസത്തേയും പോലെ ഉള്ളില്‍ നുഴഞ്ഞുകയറി വരേണ്യവാദം കൊണ്ടുവന്നു പിളര്‍ത്താനേ ബ്രാഹ്മണിക ക്ഷുദ്ര ശക്തികള്‍ക്കു കഴിയൂ. മായാവതിക്കു പറ്റിയ “സര്‍വജന” സമുദായമെന്ന അബദ്ധം പുത്തന്‍ അംബേദ്കറൈററ് സംഘങ്ങള്‍ക്കുണ്ടാവാതിരിക്കട്ടെ.

Q

സാമൂഹിക-സാംസ്കാരിക പഠനത്തോടൊപ്പം ചിത്രകലയിലും താങ്കൾ പ്രദർശിപ്പിക്കുന്ന കൃതഹസ്തതയുടെ തെളിവാണ് കേരളത്തിനകത്തും പുറത്തും നടത്തിയ ചിത്രപ്രദർശനങ്ങൾ. എഴുത്തിലെന്നപോലെ വരയിലും ചരിത്രവും മിത്തും അന്വേഷിക്കാൻ താങ്കളെ പ്രേരിപ്പിക്കുന്ന ഘടകം എന്താണ്?

A

എഴുത്തു പോലെ ചരിത്രണത്തിന്‍റെയും സംസ്കാര രാഷ്ട്രീയത്തിന്‍റേയും ഭാവുകത്വനവീകരണത്തിന്‍റേയും ആശയസമരത്തിന്‍റേയും കാമാനാഖ്യാനത്തിന്‍റേയും മറ്റൊരു വഴിയാണ് ചിത്രണം. ചരിത്രത്തില്‍ നിന്നും വേറിട്ടൊരു ചിത്രണം സാധ്യമല്ല. എല്ലാ കലാസൃഷ്ടികളും മാനവികവും ലോകപരവുമായ ഒരു ചരിത്ര സന്ധിയിലാണ് ഒരു മനുഷ്യ വിഷയിയിലൂടെ ആവിഷ്കൃതമാകുന്നത്. സംസ്കാരത്തേയും സമൂഹത്തേയും രാഷ്ട്രീയത്തയും സ്പര്‍ശിക്കാതെ കലാവിഷ്കാരങ്ങള്‍ നടത്താനാവില്ല. ഏതു ചിത്രവും കാലത്തോടും ഇടത്തോടും സമൂഹത്തോടും സംസ്കാര സന്ധിയോടും വിശാലമായ തലത്തില്‍ ചരിത്രത്തോടു തന്നെയുള്ള സര്‍ഗാത്മകവും വിമര്‍ശാത്മകവുമായ പ്രതികരണമാണ്. എഴുത്തിലാകട്ടെ ചിത്രണത്തിലാകട്ടെ പൊതുഭാഷണത്തിലാകട്ടെ സംവാദങ്ങളിലാകട്ടെ ബോധനവിനിമയങ്ങളിലാകട്ടെ ഛായാഗ്രഹണത്തിലാകട്ടെ ചരിത്രത്തേയും സമൂഹത്തേയും സംസ്കാരത്തേയും രാഷ്ട്രീയത്തേയും തൊടുകയും മാറ്റിത്തീര്‍ക്കുകയും ചെയ്യുന്ന ജീവിതസമരത്തിലാണ് നാമേര്‍പ്പെടുന്നത്.

Related Stories

The Cue
www.thecue.in