ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഇനിയെങ്കിലും ഇച്ഛാശക്തി കാണിക്കണം: പി ടി തോമസ് അഭിമുഖം

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഇനിയെങ്കിലും ഇച്ഛാശക്തി കാണിക്കണം: പി ടി തോമസ് അഭിമുഖം

കഴിഞ്ഞവര്‍ഷത്തെ പ്രളയത്തിന് ശേഷം ഈ ദുരന്തകാലത്ത് വീണ്ടും ചര്‍ച്ചയാകുകയാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ഗാഡ്ഗില്‍ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്ന് പി ടി തോമസ് എംഎല്‍എയും ആവര്‍ത്തിക്കുകയാണ്. സ്ഥാപിത താല്‍പര്യക്കാര്‍ ഇപ്പോഴും തെറ്റിദ്ധാരണ പരത്തുകയാണെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ജനങ്ങളുടെ ഇടയില്‍, താഴെത്തട്ടില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും സര്‍ക്കാര്‍ ഇനിയെങ്കിലും ഇച്ഛാശക്തി കാണിക്കണമെന്നും മുന്‍ ഇടുക്കി എംപി പറയുന്നു. പി ടി തോമസ് എംഎല്‍എ 'ദ ക്യൂ'വിന് നല്‍കിയ അഭിമുഖം.

Q

പാര്‍ലമെന്റിന് മുന്നില്‍ മറ്റ് കേരള എംപിമാര്‍ക്കൊപ്പം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ താങ്കള്‍ ബാനര്‍ പിടിച്ച് നില്‍ക്കുന്ന ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പി ടി തോമസ് ഇരട്ടത്താപ്പ് കാണിച്ചു എന്നാണ് ആരോപണം?

A

അതില്‍ വലിയ കാര്യമൊന്നും ഇല്ല. അതിന്റെ യാഥാര്‍ത്ഥ്യം അതല്ല. ആ സമയത്ത് പാര്‍ലമെന്റില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമരം നടക്കുന്നുണ്ടായിരുന്നു. രണ്ടാഴ്ച്ചയായി എന്നും രാവിലെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ബാനര്‍ പിടിച്ച് സമരം നടത്തുമായിരുന്നു. ഒരു ദിവസം ഞാന്‍ വൈകിയാണ് ചെന്നത്. അപ്പോള്‍ ഗാഡ്ഗിലിനെതിരെ വ്യാളിയുടെ പടം വെച്ച ഒരു ബാനറുമായി നമ്മുടെ എംപിമാര്‍ സമരം ചെയ്യുകയാണ്. പുറകില്‍ നിന്ന് കേറി ചെന്ന് ഞാന്‍ ആ കൂട്ടത്തില്‍ നിന്നു. മുല്ലപ്പെരിയാര്‍ വിഷയത്തിലാണ് സമരം എന്നാണ് കരുതിയത്. ഗാഡ്ഗിലിനെതിരെ മുദ്രാവാക്യം വിളിയുണ്ടായപ്പോഴാണ് കാര്യം മനസിലായത്. അപ്പോള്‍ തന്നെ ഞാനിതില്‍ കൂടുന്നില്ല എന്ന് പറഞ്ഞ് മാറിപ്പോവുകയും ചെയ്തു. അന്നത്തെ കേരള എംപിമാരോട് ചോദിച്ചാല്‍ ഇക്കാര്യം അറിയാം. അത് കഴിഞ്ഞിട്ടാണല്ലോ ഇടുക്കിയില്‍ ബഹളങ്ങളെല്ലാം ഉണ്ടായത്. ഇടുക്കിയില്‍ പത്രസമ്മേളനം നടത്തിയതും സെമിനാര്‍ സംഘടിപ്പിച്ചതും കട്ടപ്പന ടൗണ്‍ ഹാളില്‍ യോഗം വിളിച്ചതും രണ്ട് മൂന്ന് മാസക്കാലം ക്യാംപെയ്ന്‍ നടത്തിയതും എല്ലാം അതിന് ശേഷമാണ്. എന്തെങ്കിലും പറഞ്ഞ് വിമര്‍ശിക്കാനാണ് ആ ചിത്രമൊക്കെ ഉപയോഗിക്കുന്നത്.

Q

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കര്‍ഷകവിരുദ്ധമാണെന്നും കേന്ദ്രസര്‍ക്കാര്‍ അത് തള്ളിക്കളയണമെന്നും താങ്കള്‍ ആവശ്യപ്പെട്ടതായുള്ള 2012ലെ ഒരു ഇംഗ്ലീഷ് വാര്‍ത്തയും പ്രചരിക്കുന്നുണ്ട്?

A

‘ഞാന്‍ ഏതെങ്കിലും കാര്യത്തില്‍ രണ്ട് അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കില്‍ അവസാനം പറഞ്ഞതാണ് മുഖവിലയ്ക്ക് എടുക്കേണ്ടത്’ എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. എംപിയായിരുന്ന സമയത്ത് കേരളത്തിലെ 14 ജില്ലകളിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് വേണ്ടി ക്യാംപെയ്ന്‍ നടത്തിയിരുന്നു. അതെല്ലാം മറന്നാണ് അതിന് മുന്‍പത്തെ ഒരു കാര്യം മാത്രം എടുത്ത് പറയുന്നത്.

Q

ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നും എല്ലാ മഴക്കാലവും ദുരിതകാലമാകുമെന്നും ചില വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. രണ്ട് എക്‌സ്ട്രീമുകളിലായാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ഗാഡ്ഗില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ നിലനില്‍പില്ലെന്ന് ഒരു കൂട്ടര്‍. അപ്രായോഗികമാണെന്ന് മറുവിഭാഗവും

A

പശ്ചിമഘട്ടത്തില്‍ സൂക്ഷ്മമായ എക്കോളജിക്കല്‍ പ്രശ്‌നങ്ങളുള്ള പ്രദേശങ്ങളെ കണ്ടെത്തിയ ശേഷം അവിടെ വന്‍തോതിലുള്ള നിര്‍മ്മാണങ്ങള്‍ ഒഴിവാക്കണം എന്നാണ് ഗാഡ്ഗില്‍ പറഞ്ഞത്. ഇതാണ് അതിന്റെ ലളിതമായ രത്‌നച്ചുരുക്കം. അത് കര്‍ഷര്‍ക്ക് എതിരല്ല. ഗോവ തൊട്ട് ഇവിടെ വരെയുള്ള പശ്ചിമഘട്ട പ്രദേശങ്ങളിലാണ് പ്രളയമുണ്ടായത്. ഗാഡ്ഗില്‍ ചൂണ്ടിക്കാണിച്ചതും ഗോവ മുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളെയാണ്. ആ പ്രദേശങ്ങളില്‍ ഒരു നിര്‍മ്മാണവും പാടില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. വന്‍ തോതിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, വലിയ തോതിലുള്ള കരിങ്കല്‍ ഖനനം ഇവയൊക്കെ അവസാനിപ്പിക്കണമെന്നാണ് പറഞ്ഞത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഇനിയെങ്കിലും ഇച്ഛാശക്തി കാണിക്കണം: പി ടി തോമസ് അഭിമുഖം
അത്ര സുസ്ഥിരമല്ല കാര്യങ്ങള്‍; ദുരന്തങ്ങള്‍ പലരൂപത്തില്‍ ഇനിയുമുണ്ടാകാം  
Q

വിഴിഞ്ഞം പദ്ധതിയും മെട്രോയും ഉള്‍പ്പെടെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് എന്ത് ചെയ്യും എന്ന ചോദ്യങ്ങളുയരുന്നു?

A

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വായിച്ചുനോക്കാത്തത് കൊണ്ടാണത്. കരിങ്കല്‍ ഖനനം വേണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. നിയന്ത്രണങ്ങള്‍ വേണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. പാറ പൊട്ടിച്ചാല്‍ കുഴപ്പമില്ലാത്ത പ്രദേശങ്ങളുണ്ട്. അവിടെ നിന്ന് കൊണ്ടുവരേണ്ടി വരും. എല്ലാ വിധ ലൈസന്‍സുകളും എടുത്ത് നിയമാനുസൃതമായി നടത്തുന്ന ക്വാറികളെ എതിര്‍ക്കുന്നില്ല. അങ്ങനെ നടത്തുന്ന ക്വാറികളില്‍ ഒരു പാറയില്‍ ഇത്ര ശതമാനമേ പൊട്ടിക്കാന്‍ പാടുള്ളൂ എന്നുണ്ട്. ഒരു മല മുഴുവനായി ഖനനം ചെയ്‌തെടുക്കാന്‍ പറ്റില്ല. സാഹചര്യം നോക്കിയും ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ നിരന്തരം പരിശോധന നടത്തിയുമാണ് കരിങ്കല്‍ ഖനനം നടത്തേണ്ടത്. കേരളത്തില്‍ മാത്രം പതിനായിരത്തലധികം അനധികൃത ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്.

Q

ഭൂപ്രകൃതി, ചരിവ് ഇവയ്ക്ക് അനുസൃതമായിട്ടായിരിക്കണം കൃഷിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടല്ലോ?

A

വലിയ ചരിവുള്ള പ്രദേശങ്ങളില്‍ എല്ലാ വര്‍ഷവും മണ്ണിന് ഇളക്കം തട്ടുന്ന കൃഷികള്‍ ചെയ്യുന്നതിന് പകരം ദീര്‍ഘകാലവിളകളായ തെങ്ങ്, റബ്ബര്‍, കശുമാവ്, തേയില, കാപ്പി, ഏലം തുടങ്ങിയവയുടെ കൃഷിയാണ് ഉത്തമം എന്നാണ് നിര്‍ദ്ദേശിച്ചത്. നിരോധനമൊന്നുമല്ല. തേയിലയും കാപ്പിയുമെല്ലാം മണ്ണ് സംരക്ഷിക്കുന്നവയാണ്. റബ്ബര്‍ വെള്ളം വലിച്ചെടുക്കുമെങ്കിലും വേരോട്ടമുണ്ട്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഇനിയെങ്കിലും ഇച്ഛാശക്തി കാണിക്കണം: പി ടി തോമസ് അഭിമുഖം
‘ദുരന്തത്തിന് കാരണം പശ്ചിമഘട്ട സംരക്ഷണത്തില്‍ വരുത്തിയ വീഴ്ച്ച’; മാധവ് ഗാഡ്ഗില്‍
Q

അന്ന് വ്യക്തിപരമായി അധിക്ഷേപിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത ക്രിസ്തീയ സഭകള്‍ ഉള്‍പ്പെടെയുള്ളവരോട് ഇപ്പോള്‍ എന്താണ് പറയാനുള്ളത്?

A

അവരുടെ നിലപാടുകള്‍ തെറ്റായിപ്പോയി എന്നുള്ളത് അവര്‍ തുറന്ന് പറയേണ്ടതുണ്ട്. കത്തോലിക്കാ സഭയിലെ എല്ലാവരും അടച്ച് എതിര്‍ത്തിരുന്നില്ല. പുരോഗമനവാദികളായ വൈദികര്‍ റിപ്പോര്‍ട്ടിനെതിരെയുള്ള നിലപാട് തെറ്റാണെന്ന് അന്നും പറഞ്ഞിരുന്നു. എറണാകുളത്തുള്ള ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി കേരളം മുഴുവന്‍ പിന്തുണ പ്രഖ്യാപിച്ച് ജാഥ തന്നെ നടത്തി.

സഭയുടെ നേതൃത്വത്തില്‍ നടത്തിയ പി ടി തോമസ് പ്രതീകാത്മക ശവഘോഷയാത്ര 
സഭയുടെ നേതൃത്വത്തില്‍ നടത്തിയ പി ടി തോമസ് പ്രതീകാത്മക ശവഘോഷയാത്ര 
Q

ഗാഡ്ഗില്‍ നിര്‍ദേശിച്ച തദ്ദേശീയരുടെ ജനാധിപത്യ പങ്കാളിത്തം ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നില്ലല്ലോ?

A

ആളുകളെ വല്ലാതെ ഭയപ്പെടുത്തിക്കളഞ്ഞു. റിപ്പോര്‍ട്ടിനേക്കുറിച്ച് ആലോചിക്കാനോ ചര്‍ച്ച ചെയ്യാനോ പോലും പാടില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചല്ലോ. ആളുകള്‍ വീടൊഴിഞ്ഞ് പോകേണ്ടിവരും, സ്ഥലം നഷ്ടപ്പെടും എന്നൊക്കെ പ്രചാരണങ്ങളുണ്ടാകുമ്പോള്‍ എങ്ങനെയാണ് കേള്‍ക്കാന്‍ തോന്നുക? പ്രളയം വരുന്നതിന് മുമ്പ് വരെ വാട്ടര്‍ ഫ്രണ്ട് വാസസ്ഥലങ്ങള്‍ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ വലിയ പരസ്യവാചകമായിരുന്നു. വിലക്കൂടുതലുമായിരുന്നു. ഇപ്പോള്‍ അവിടെയൊക്കെ വെള്ളം കയറുമെന്നാണ് ജനം ചിന്തിക്കുന്നത്. ആളുകള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കാര്യങ്ങള്‍ മനസിലാക്കുന്നുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിലുള്ള സമിതികള്‍ ഉണ്ടായിരുന്നെങ്കില്‍ വെള്ളപ്പൊക്ക സാധ്യതയുള്ള നദീതീരത്തോട് ചേര്‍ന്ന് കെട്ടിടം നിര്‍മ്മിക്കുമ്പോഴൊക്കെ എതിര്‍ത്തേനെ.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഇനിയെങ്കിലും ഇച്ഛാശക്തി കാണിക്കണം: പി ടി തോമസ് അഭിമുഖം
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനേക്കുറിച്ച് മലയോര ജനതയോട് പറയാത്തത്
Q

ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിന്റെ പ്രായോഗികതയില്‍ പൂര്‍ണവിശ്വാസമുണ്ടോ?

A

പ്രായോഗികതയേക്കുറിച്ച് 100 ശതമാനം വിശ്വാസവും നിലപാടില്‍ ആത്മവിശ്വാസവും ഉണ്ട്.

പുത്തുമലയിലെ ദുരന്തത്തിന് ഇരയായ ആളുടെ മൃതദേഹം കണ്ടെടുക്കുന്ന രക്ഷാപ്രവര്‍ത്തകര്‍  
പുത്തുമലയിലെ ദുരന്തത്തിന് ഇരയായ ആളുടെ മൃതദേഹം കണ്ടെടുക്കുന്ന രക്ഷാപ്രവര്‍ത്തകര്‍  
Q

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ഇപ്പോഴും ക്യാംപെയ്ന്‍ തുടരുന്നുണ്ട്

A

ചില സ്ഥാപിത താല്‍പര്യക്കാരാണ് അതിന് പുറകില്‍. രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, മുന്‍പ് റിപ്പോര്‍ട്ടിനെതിരെ പ്രവര്‍ത്തിച്ചത് തെറ്റായിപ്പോയി എന്ന് തുറന്ന് സമ്മതിക്കാനുള്ള വൈമുഖ്യം. ഇന്ന് പ്രകൃതിദുരന്തത്തിന് ഇരയാകുന്നവരോട് വലിയ ക്രൂരതയാണ് ചെയ്തത് എന്ന ബോധ്യമുണ്ടായിട്ടും അവര്‍ അതില്‍ തന്നെ പിടിച്ചുനില്‍ക്കുന്നു. അതുകൊണ്ടാണല്ലോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാനര്‍ പിടിച്ചതൊക്കെ തിരഞ്ഞ് കണ്ടെത്തുന്നത്. ചിലര്‍ പുനര്‍വിചിന്തനം നടത്തി തെറ്റാണെന്ന് സമ്മതിക്കുന്നുണ്ട്. ക്വാറി മാഫിയയുടേയും ഭൂമി കയ്യേറ്റക്കാരുടേയും വനം കൊള്ളക്കാരുടേയും വക്താക്കളാണ് പശ്ചിമഘട്ടസംരക്ഷണത്തെ ഇപ്പോഴും എതിര്‍ക്കുന്ന രണ്ടാമത്തെ വിഭാഗം.

Q

ന്യൂനമര്‍ദ്ദമുണ്ടായതിന് മലയോര ജനത എന്ത് പിഴച്ചു എന്ന് ചിലര്‍ ചോദിക്കുന്നു

A

ഉരുള്‍പൊട്ടിയത് ആലപ്പുഴയിലോ കോട്ടയത്തോ അല്ല. ദുരന്തത്തിന് ഇരയായത് പരിസ്ഥിതിലോല പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ്. അവരെ കുറ്റം പറഞ്ഞിട്ട് എന്തുകാര്യം? അവരെ ആരും കുറ്റപ്പെടുത്തുന്നുമില്ല. ഭിന്നിപ്പുണ്ടാക്കാന്‍ സ്ഥാപിത താല്‍പര്യക്കാര്‍ ശ്രമിക്കുന്നതിന്റെ ഭാഗം തന്നെയാണിത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഇനിയെങ്കിലും ഇച്ഛാശക്തി കാണിക്കണം: പി ടി തോമസ് അഭിമുഖം
‘ഹിറ്റാച്ചികൊണ്ട് മലകുഴിച്ചു’; കവളപ്പാറയിലെ ദുരന്തം വരുത്തിവച്ചതെന്ന് നാട്ടുകാർ
Q

സംസ്ഥാന സര്‍ക്കാര്‍ ഇനിയെന്ത് ചെയ്യണമെന്നാണ് പറയാനുള്ളത്?

A

തകര്‍ന്ന പ്രദേശങ്ങള്‍ സര്‍ക്കാര്‍ ഉത്തരവ് കൊണ്ട് പുനസൃഷ്ടിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ഇനിയെങ്കിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ഇച്ഛാശക്തി കാണിക്കണം.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഇനിയെങ്കിലും ഇച്ഛാശക്തി കാണിക്കണം: പി ടി തോമസ് അഭിമുഖം
‘ദുരന്തത്തിന് പരിസ്ഥിതി പ്രശ്‌നങ്ങള്‍ കാരണമാണ്’; പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി

Related Stories

No stories found.
logo
The Cue
www.thecue.in