Dileesh Pothan Interview : റിയലിസം അവസാനിപ്പിക്കാന്‍ സമയമായി, റിയലിസ്റ്റിക് മാത്രം നല്ലതെന്ന ചിന്ത അനാവശ്യം

കമോണ്ട്രാ മഹേഷേ ട്രെയിലറിന് തൊട്ടുമുമ്പ് എഴുതിയത്
Dileesh Pothan Interview : റിയലിസം അവസാനിപ്പിക്കാന്‍ സമയമായി, റിയലിസ്റ്റിക് മാത്രം നല്ലതെന്ന ചിന്ത അനാവശ്യം
Q

റിയലിസത്തിലൂന്നിയാണ് ദിലീഷിന്റെ സിനിമകള്‍. സിനിമ റിയലിസ്റ്റിക്കല്ല, സിനിമാറ്റിക്കായി നിര്‍മ്മിക്കപ്പെടുന്നതാണ്. സഹസംവിധായകന്‍ എന്ന നിലയില്‍ എക്‌സ്പീരിയന്‍സ് ചെയ്ത സിനിമകള്‍ റിയലിസ്റ്റിക്ക് ആയിരുന്നില്ല.  മഹേഷിന്റെ പ്രതികാരം ചിട്ടപ്പെടുത്തുമ്പോള്‍ അതിന്റെ അനുഭവാന്തരീക്ഷം യാഥാര്‍ത്ഥ്യ പരിസരത്തുനിന്നായിരിക്കണം എന്ന ചിന്ത രൂപപ്പെടുന്നത് എപ്പോഴാണ് ?

A

എപ്പോഴാണെന്ന് കൃത്യമായി അറിയില്ല. ചെറുപ്പം മുതലേ സിനിമ കാണുന്നുണ്ട്. അതായത് സ്‌കൂളിലൊക്കെ പഠിക്കുമ്പോള്‍ മുതല്‍ തന്നെ സിനിമ കാണുന്നുണ്ട്. അന്ന് സിനിമകളിലൊക്കെ തള്ള് കഥകളാണ്. ആ സമയത്തൊക്കെ ചില കഥകളൊന്നും വിശ്വസിക്കാന്‍ പറ്റുന്നില്ല. പടം കണ്ടുകഴിഞ്ഞാല്‍ കൂട്ടുകാരുടെ അടുത്തൊക്കെ കഥപറയും. അങ്ങനെയൊരു ശീലമെനിക്കുണ്ടായിരുന്നു. പക്ഷേ ഞാന്‍ കഥ പറഞ്ഞുവരുമ്പഴത്തേക്കും മൂന്ന് നാല് മണിക്കൂറെടുക്കും. യഥാര്‍ത്ഥത്തില്‍ സിനിമ രണ്ട് രണ്ടര മണിക്കൂറേ കാണൂ. അങ്ങനെയൊരു കുഴപ്പം എനിക്കുണ്ടായിരുന്നു. ഞാനിങ്ങനെ വലിച്ചുവാരിയൊക്കെ പറയും. നീ പോയിന്റ് പറഞ്ഞാല്‍ മതിയെന്നൊക്കെ അവര് പറയും. പക്ഷേ പോയിന്റായിട്ട് പറയാന്‍ എനിക്ക് പറ്റത്തില്ല. പറയുമ്പോള്‍ അതിലെ സാഹചര്യങ്ങളൊക്കെ കൃത്യമായി എക്‌സ്‌പ്ലെയിന്‍ ചെയ്യണം. അങ്ങനെയൊരു റൂട്ടിലാണ് സിനിമ കണ്ടുവളര്‍ന്നിട്ടുള്ളത്. വര്‍ക്ക് ചെയ്യാന്‍ വന്നപ്പോഴും ഏതാണ്ട് അതേ സാഹചര്യങ്ങളൊക്കെയായിരുന്നു ആദ്യ കാലത്ത്. എന്നാല്‍ സിനിമ ഡിജിറ്റലിലേക്ക് മാറി, പുതിയ സംവിധായകര്‍ വന്നു. അത്തരത്തില്‍ ചെറിയതോതിലെങ്കിലും 2010 മുതല്‍ മലയാളത്തിലുണ്ടായ മാറ്റങ്ങളുടെ ഭാഗമാകാന്‍ സാധിച്ചിട്ടുണ്ട്. കഥ പറയുന്ന കാര്യം പറഞ്ഞല്ലോ, ചിലപ്പോ നടന്ന സംഭവം തന്നെയായിരിക്കും ചെറിയ പൊടിപ്പും തൊങ്ങലും വെയ്ക്കും. വൈകുന്നേരം  കൂട്ടുകാരുടെ കൂടെയിരിക്കുമ്പോള്‍ അവരൊന്ന് ചിരിക്കാന്‍ വേണ്ടിയാണ്. കളം ഒന്നു മൂക്കാന്‍ വേണ്ടി, അല്ലെങ്കില്‍ ഹ്യൂമര്‍ ഒന്ന് അണ്ടര്‍ലൈന്‍ ചെയ്യാന്‍, അല്ലെങ്കില്‍ അതിന്റെ പൊളിറ്റിക്‌സ് ഒന്ന് അണ്ടര്‍ലൈന്‍ ചെയ്യാന്‍ വേണ്ടി ആ ഇവന്റിനെ ഒന്ന് മോഡിഫൈ ചെയ്യും. കാരണം സാധാരണ ജീവിതം എന്നുപറയുന്നത് ഭയങ്കര ബോറാണ്. റിയലിസ്റ്റിക് സിനിമയാണെന്ന് പറഞ്ഞ് മനുഷ്യര്‍ വര്‍ത്താനം പറയുന്നത് അതേ പോലെയെടുത്താല്‍ ബോറാണ്. അതിനിടെയില്‍ ഒരുപാട് വലിച്ചിലുകളുണ്ട്. ചില നേരത്ത് നമ്മുടെ ചര്‍ച്ചകള്‍ ഭയങ്കര ഇന്ററസ്റ്റിങ് ആയിരിക്കും. എന്നാല്‍ രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള ചര്‍ച്ചകള്‍ അത്ര ഇന്ററസ്റ്റിംഗ് ഒന്നുമല്ല. അതൊക്കെ ബോറടിയാണ്. അതില്‍ നിന്ന് പോയിന്റ്‌സ് പിക്ക് ചെയ്യുക എന്നതാണൊരു കാര്യം. അതൊരു സാധ്യതയാണ്. ഞാനൊരു സിനിമയെടുക്കുമ്പോള്‍ ഏറ്റവും ഡീറ്റെയിലായിട്ടും വൃത്തിയായിട്ടും പറയണമെന്നുണ്ട്. നമ്മള്‍ ഒരു അനുഭവം പറയുമ്പോള്‍ പൊടിപ്പും തൊങ്ങലും കുറച്ചുകൂടിക്കഴിഞ്ഞാല്‍ കഥ വര്‍ക്കാകില്ല. കൂട്ടുകാരുടെ മുന്‍പില്‍ അത് പൊളിഞ്ഞുപോകും. അവര്‍ തള്ളാണെന്ന് പറയും. അപ്പോള്‍ അതില്‍ ലോജിക്ക് ഉണ്ടാകണം. ഒരളവുണ്ടാകണം. ഒറിജിനല്‍ ഇന്‍സിഡന്റ് അതേപോലെ പറഞ്ഞാല്‍ ആളുകള്‍ ആസ്വദിച്ചെന്നും വരില്ല. ഈയൊരു ഷിഫ്റ്റ് ആണ് ഞാന്‍ സിനിമയിലും ട്രൈ ചെയ്യാന്‍ ശ്രമിച്ചത്. നമ്മള്‍ ഒരു കാര്യം പറയുമ്പോള്‍ അത് നടന്നതാണെന്ന് തോന്നുമ്പോഴാണ് ആളുകള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നത്.  ഒരു സീനില്‍ ഒന്ന് ചിരിപ്പിക്കാന്‍ വേണ്ടി മേക്കഴ്‌സ് നടത്തുന്ന ശ്രമങ്ങള്‍ ഭീകരമാണ്. ഹ്യൂമറിനുള്ള സാധ്യതയൊക്കെ ആലോചിച്ച് ഭയങ്കരമായി കഷ്ടപ്പെടുകയാണ്. ഇടയ്ക്ക് ഞാന്‍ കാലടിയില്‍ വന്ന് നാടമൊക്കെ ചെയ്തു. നാടകത്തില്‍ വലിയ ഹ്യൂമറിന്റെ ആവശ്യമില്ല. ചെറിയ മൊമെന്റുകള്‍ക്ക് പോലും ആളുകള്‍ ചരിക്കും. എന്നാല്‍ സിനിമയില്‍ വലിയ മീറ്റര്‍ ഹ്യൂമറില്ലെങ്കില്‍ ആളുകള്‍ ചിരിക്കില്ല. കാരണം നാടകത്തില്‍ ലൈവ് ആയിട്ട് ആളുകള്‍ മുന്നില്‍ നിന്ന് പെര്‍ഫോം ചെയ്യുകയാണ്. അതിനോട് ഒരു അടുപ്പമുണ്ട്. അതുപോലെ തന്നെയാണ് സിനിമയിലും. ജീവിതത്തോട് അടുത്തുനില്‍ക്കുമ്പോള്‍ നമുക്ക് വിശ്വാസ്യത കൂടും. പക്ഷേ അങ്ങനയാക്കാന്‍ പാടാണ്. കാരണം അത് റിയല്‍ അല്ല. സിനിമാറ്റിക്കാണ്. സിനിമാറ്റിക്കായ സാധനത്തെ റിയല്‍ ആണെന്ന് ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഒറിജിനല്‍ ആണെന്ന് തോന്നിപ്പിക്കുകയാണ്. അതിന് എന്തൊക്കെ ചെയ്യാന്‍ സാധിക്കും. അതിനായുള്ള ശ്രമമാണ് മഹേഷിന്റെ പ്രതികാരത്തില്‍ ഉണ്ടായിട്ടുള്ളത്. കഥപറയുമ്പോള്‍ നമ്മള്‍ പറയുന്നതില്‍ ആളുകള്‍ക്ക് വിശ്വാസ്യത കൂടട്ടെ എന്ന് കരുതിയാണ്. വേറൊരാള്‍ക്കുണ്ടായ അബദ്ധം എന്റെ സുഹൃദ് സംഘത്തില്‍ പറയുമ്പോള്‍ കഥ എന്റേതായി മാറും. എനിക്ക് പറ്റിയ പോലെ പറയും. എന്നാലാണത് ആ സര്‍ക്കിളില്‍ ആസ്വദിക്കപ്പെടുക എന്നാണ് തോന്നിയിട്ടുള്ളത്. ഈ സമീപനം സിനിമയുടെ അവതരണത്തിലും ശ്രദ്ധിച്ചിരുന്നു. നടന്ന സംഭവമാണെന്ന് തോന്നിപ്പിക്കാന്‍ ശ്രമിച്ചാല്‍ പറയുന്നതിന്റെ അളവ് കുറച്ചുമതി എന്ന് തോന്നി. അതായത് അതിഭാവുകത്വമില്ലാതെ നടന്ന കാര്യം പോലെ അവതരിപ്പിക്കാനുമാണ് ശ്രമിച്ചത്.

Q

ദിലീഷിന്റെ രണ്ട് സിനിമകളും രണ്ട് സ്വഭാവത്തിലുള്ളതാണ്. മഹേഷിന്റെ പ്രതികാരത്തില്‍ എല്ലാ സന്ദര്‍ഭങ്ങളും ഹാസ്യത്തില്‍ അവസാനിക്കുന്ന തരത്തില്‍ സെമി റിയലിസ്റ്റിക് പാറ്റേണ്‍. ഒരു മരണം ഒരു നാടിന്റെ തന്നെ ദുരന്തമാകുമ്പോഴും അത് ഹ്യൂമറിലേക്ക് ഡ്രൈവ് ചെയ്യുന്ന സംവിധായകന്റെ കൗശലമുണ്ട്. എന്നാല്‍ തൊണ്ടിമുതലില്‍, എന്താണോ സംഭവിക്കേണ്ടത് ഓര്‍ഗാനിക്കായി സംഭവിക്കട്ടെ എന്ന വിട്ടുകൊടുക്കലുണ്ട്. അവിടെ റിയലിസത്തിന് പ്രാധാന്യം നല്‍കുകയാണ്. രണ്ടിനും രണ്ട് ട്രീറ്റ്‌മെന്റ് ഏന്ന നിലയ്ക്കാണോ അതോ രണ്ടാം സിനിമയിലെത്തുമ്പോള്‍ കൂടുതല്‍ റിയലിസ്റ്റിക് ആകട്ടെ എന്ന തരത്തില്‍ ഷിഫ്റ്റിംഗ് നടത്തുകയായിരുന്നോ?

A

രണ്ടിന്റേം സ്വാധീനമുണ്ടാകും. സത്യസന്ധമായി പറഞ്ഞാല്‍ മഹേഷിന്റെ പ്രതികാരം ചെയ്യുമ്പോള്‍ ഞാനൊരു തുടക്കക്കാരനെന്ന നിലയില്‍ സിനിമയില്‍ പിടിച്ചുനില്‍ക്കേണ്ടതിന്റെ അനിവാര്യതയുണ്ടായിരുന്നു. ആ സിനിമ തിയേറ്ററില്‍ ഓടേണ്ടത് എന്റെയും കൂടി ആവശ്യമായിരുന്നു. എന്നാല്‍ തൊണ്ടിമുതല്‍ ചെയ്യുമ്പോള്‍ മഹേഷിന്റേതുപോലെ ഒരു വിജയം അനിവാര്യമായിരുന്നില്ല. മഹേഷിന്റെ വിജയത്തിന് മുകളില്‍ നിന്ന് സിനിമ ചെയ്യുമ്പോള്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കുള്ള സാധ്യതയുണ്ടായിരുന്നു. മഹേഷ് ആളുകള്‍ തിയേറ്ററില്‍ കയ്യടിച്ച് വിജയിപ്പിച്ചതാണ്. അതിന് ശേഷമെടുക്കുന്ന സിനിമ കാണാന്‍ കുറച്ചുപേര്‍ വരും എന്ന പ്രതീക്ഷയുണ്ടായിരുന്നു.അതായിരുന്നു തൊണ്ടിമുതലിനുള്ള ധൈര്യം. പിന്നെ മരണത്തിന്റെ സീക്വന്‍സ് ഹ്യൂമറിനുവേണ്ടി ചെയ്തതല്ല. മരണമുണ്ടാകുമ്പോള്‍ അവരുമായി ഏറ്റവുമടുത്ത് നില്‍ക്കുന്ന അപൂര്‍വം ആളുകളിലാണ് ഭീകരമായ ഫീലിങ് ഉണ്ടാകുന്നത്. മഹേഷിന്റെ പോയിന്റ് ഓഫ് വ്യൂവില്‍ അവിടെ ഹ്യൂമറാകാം. ചില മരണങ്ങളുമായി ബന്ധപ്പെട്ട് എന്റെ അനുഭവത്തില്‍ ചില നര്‍മ്മ സംഭവങ്ങളുണ്ട്. എന്റെ അമ്മയുടെ അമ്മ മരിച്ചപ്പോള്‍, കോട്ടയത്ത് പഠിക്കുകയായിരുന്ന പെങ്ങള്‍ക്ക് പരീക്ഷയായിരുന്നു. അതിനാല്‍ പരീക്ഷയ്ക്ക് ശേഷമാണ് അവളെ മരണവിവരമറിയിച്ചത്. ഉച്ചകഴിഞ്ഞായിരുന്നു അടക്ക്. അതിനുമുമ്പായി അവളെയെത്തിക്കാന്‍ ഞാനാണ് പോയത്. അവളെയും കൂട്ടി ഞാന്‍ വീട്ടില്‍ ചെന്നു. അതോടെ കരച്ചിലിന്റെ ശക്തികൂടി. അവളെ കണ്ടതും മമ്മിയും അനിയത്തിമാരും ഒക്കെ കൂട്ടക്കരച്ചിലാണ്. അമ്മച്ചി പോയെടീ എന്നുപറഞ്ഞ് കരയുകയാണ്. അമ്മയുടെ അമ്മ കുറേ നാളായി തീരെ വയ്യാതെ കിടപ്പിലായിരുന്നു. അമ്മച്ചിയെ ഇങ്ങനെ കിടത്താതെ വേഗം ഒന്ന് വിളിച്ചിരുന്നെങ്കില്‍ എന്ന് ഇവരൊക്കെ നേരത്തേ പറഞ്ഞിട്ടുള്ളതാ. എന്നാലും മരണപ്പെട്ടപ്പോള്‍ ഇവരൊക്കെ ഭയങ്കര കരച്ചിലായിരുന്നു. എന്റെ പെങ്ങളാണെങ്കില്‍ അതിലേറെ ഉച്ചത്തില്‍ കരയുന്നു. എന്റെ അമ്മ ഓടിവന്ന് പെങ്ങളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. പെങ്ങളുടെ കയ്യില്‍ ബാഗുണ്ടായിരുന്നു. തടസമാകേണ്ടെന്ന് കരുതി അത് വാങ്ങുമ്പോള്‍ കരച്ചിലിനിടെയുള്ള അവരുടെ സംസാരം ഞാന്‍ കേട്ടു. അമ്മച്ചി പോയെടീ എന്ന് പറഞ്ഞ് കരയുന്നതിനിടെ പരീക്ഷയെങ്ങനെയുണ്ടായിരുന്നു എന്ന് അമ്മയുടെ ചോദ്യം. അമ്മച്ചീ എന്ന് വിളിച്ചുള്ള കരച്ചിലിനിടെ പതിഞ്ഞ സ്വരത്തില്‍ കുഴപ്പോല്ലായിരുന്നു എന്ന് അവളുടെ മറുപടിയും. ഈ രംഗം മറ്റൊരു തരത്തില്‍ മഹേഷിന്റെ പ്രതികാരത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. മനുഷ്യര്‍ പവര്‍ഫുള്ളാണ്. അടുപ്പക്കാരുടെ വിയോഗത്തെയൊക്കെ നമുക്ക് അതിജീവിക്കാനാകും. മഹേഷിന്റെ പ്രതികാരത്തില്‍ സണ്ണിച്ചേട്ടന്‍ പ്ലാവില്‍ നിന്ന് വീണ് മരണപ്പെട്ടു എന്ന് കേള്‍ക്കുമ്പോള്‍ സൗമ്യയും മമ്മിയും തമ്മിലുള്ള സംഭാഷണമാണ് മഹേഷ് കേള്‍ക്കുന്നത്. മഹേഷിന് അത് ആഹ്ലാദകരമായ സംഭവമാണ്. മഹേഷിന്റെ കാഴ്ചപ്പാടില്‍ അയാള്‍ക്ക് സൗമ്യ വരുന്നതിലുള്ള സന്തോഷമാണ്. അങ്ങിനെയാണ് ആ മരണം ഹ്യൂമറിലേക്ക് ഷിഫ്റ്റ് ചെയ്തത്.

ദിലീഷുമായുള്ള സംഭാഷണം ഇവിടെ കേള്‍ക്കാം

Q

മഹേഷിന്റെ പ്രതികാരം പുറത്തുവന്നപ്പോള്‍, ഒരുപാട് കാലത്തിന് ശേഷമാണ് പൂര്‍ണ്ണമായും ഒരു സംവിധായകനെ കേന്ദ്രീകരിച്ച് ചര്‍ച്ച നടക്കുന്നത്. ചിത്രത്തില്‍ ഫഹദ് ഉണ്ട്, ഫഹദിനെ സംബന്ധിച്ച് തന്റെ അഭിനയവും ശരീരവും ഒരുപോലെ പരീക്ഷണത്തിന് വിട്ടുകൊടുത്ത പ്രതിഭയാണ്. നവസിനിമയെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ ഫഹദിന്റെ പേര് ഒഴിച്ചുനിര്‍ത്താനാവില്ല, ഫഹദിന് പുറമെ ഒരു പറ്റം മികച്ച പ്രകടനം നടത്തുന്ന അഭിനേതാക്കളുണ്ട്. താരങ്ങളെ കേന്ദ്രീകരിച്ച് സിനിമ ചര്‍ച്ചചെയ്യപ്പെട്ടിരുന്ന അവസ്ഥയില്‍ നിന്ന് ഒരു സംവിധായകന്റെ ക്രാഫ്റ്റ് ചര്‍ച്ച ചെയ്യപ്പെടുകയാണ്. സംവിധായകന്‍ എന്ന രീതിയില്‍ ദിലീഷിനെ അടയാളപ്പെടുത്തുന്ന സിനിമ തന്നെയാകണം എന്ന നിര്‍ബന്ധത്തില്‍ ചെയ്യുകയായിരുന്നോ ?

A

എന്നെ അടയാളപ്പെടുത്തുമോ ഇല്ലയോ എന്നതൊന്നും വിഷയമായിരുന്നില്ല. പക്ഷേ എനിക്ക് ഇഷ്ടപ്പെട്ട ഒരു സിനിമയേ ചെയ്യൂ എന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. മഹേഷിന്റെ പ്രതികാരം ചെയ്യുമ്പോള്‍ 36 വയസ്സുണ്ട്. കേരളത്തില്‍ മിഡില്‍ ക്ലാസ് ഫാമിലിയില്‍ ജനിച്ചുവളര്‍ന്ന ഒരു സാധാരണക്കാരനാണ്, എംസിഎ വരെയൊക്കെ പഠിച്ചിട്ട് വന്‍ പരാജയമായാണ് നാട്ടില്‍ വരുന്നത്. നമ്മുടെ സൊസൈറ്റിയില്‍ 36 വയസ്സുവരെ സക്‌സസ് ഇല്ലാതെ പിടിച്ചുനില്‍ക്കേണ്ടിവരുന്ന ഒരു യുവാവിന്റെ അവസ്ഥ വളരെ ദാരുണമാണ്. കുറച്ച് സമ്മര്‍ദ്ദങ്ങളെ നമ്മള്‍ നേരിടണം, തടഞ്ഞുവെയ്ക്കണം. ഇരുപത്തെട്ട് ഇരുപത്തിയൊമ്പതാമത്തെ വയസ്സില്‍ ആദ്യ സിനിമ ചെയ്യാനുള്ള അവസരം ലഭിച്ച ആളാണ് ഞാന്‍. മുപ്പത്തിരണ്ട് മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ ആദ്യ സിനിമ ചെയ്യാനുള്ള അഡ്വാന്‍സൊക്കി കിട്ടിയിട്ടുള്ള ആളാണ്. പക്ഷേ എനിക്കിഷ്ടപ്പെട്ട ഒരു സിനിമയിലേക്ക് പൂര്‍ണ്ണ താല്‍പ്പര്യത്തോടെ എത്താന്‍ പറ്റിയിരുന്നില്ല. ജീവിതത്തില്‍ പ്രതിസന്ധികള്‍ പലതുമുണ്ടായിട്ടും ആ സിനിമകളൊന്നും ചെയ്യേണ്ടെന്ന് തീരുമാനിച്ചയാളാണ് ഞാന്‍. 2011 ല്‍ തന്നെ ഫഹദിന്റെ ഡേറ്റ് കിട്ടുകയും അഡ്വാന്‍സ് വാങ്ങുകയും അതിന്റെ കാര്യങ്ങള്‍ നീക്കി എഴുതുകയും ചെയ്തതാണ്. എഴുതിവന്നപ്പോ എനിക്ക് തൃപ്തികരമായ ഒരു സ്‌ക്രിപ്റ്റിലേക്ക് എത്താന്‍ പറ്റിയില്ല. നമ്മള്‍ ഒരു ആര്‍ട്ട് ഫോം ട്രൈ ചെയ്യുകയാണ്. പക്ഷേ ശ്രമിച്ചിട്ടും നമുക്കൊരു തൃപ്തികരമായ അവസ്ഥയിലേക്ക് എത്താന്‍ പറ്റുന്നില്ല. അതിപ്പോ ആരുടേം കുഴപ്പമൊന്നുമല്ല. ആലോചനകളില്‍ നിന്ന് ഉണ്ടാകേണ്ടതല്ലേ, ഉണ്ടായില്ലെങ്കില്‍ പിന്നെ എന്തുചെയ്യാന്‍ പറ്റും. വെച്ചത് വെച്ച് പഴുപ്പിക്കുന്ന രീതിയില്ലെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. അങ്ങനെയൊരു നിര്‍ബന്ധബുദ്ധി അതിനകത്തുണ്ടായിരുന്നു. എനിക്കിഷ്ടപ്പെട്ട ഒരു സിനിമ, അതുചെയ്യാനാണ് മഹേഷിന്റെ പ്രതികാരത്തില്‍ ശ്രമിച്ചത്. ആ കാര്യത്തില്‍ ഭയങ്കര നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു. എന്റെ രീതികള്‍ക്ക് അനുസരിച്ചുള്ളതായിരിക്കണം സിനിമ എന്നത്. പക്ഷേ എന്നെ ചുറ്റിപ്പറ്റി സിനിമ ചര്‍ച്ചയാകണമെന്ന് ആഗ്രഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്തിട്ടില്ല. അതങ്ങനെ സംഭവിച്ചുപോയതാണ്. എനിക്കുവേണ്ട സിനിമ തന്നെ ഉണ്ടാവണമെന്നും ആഗ്രഹിച്ചിരുന്നു. അതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല.

Q

നല്ല സിനിമകള്‍ എന്ന് വിളിക്കുന്ന ഒരു കൂട്ടം സിനിമകള്‍ ഉണ്ടാവുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. നേരത്തെ സമാന്തര സിനിമകളെന്നോ വാണിജ്യ സിനിമകളെന്നോ ഉള്ള തരംതിരിവുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനപ്രിയതയുടെ കരുത്തുള്ള സിനിമകളില്‍ക്കൂടി പൂര്‍ണമായ പരീക്ഷണങ്ങള്‍ ഉണ്ടാവുകയാണ്.

A

ഓരോരുത്തര്‍ക്കും ഓരോ കാഴ്ചപ്പാടുണ്ടാകും. ഞാന്‍ പറയുന്നത് എന്റെ കാഴ്ചപ്പാടാണ്. ആളുകളിലേക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നില്ലെങ്കില്‍ കല കൊണ്ട് ഒരു കാര്യവുമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് എന്റെ വിശ്വാസമാണ്. ഓഡിയന്‍സിലോട്ട് നമ്മള്‍ പറയുന്ന കാര്യം കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റിയിട്ടില്ലെങ്കില്‍ ഇതാര്‍ക്കുവേണ്ടിയിട്ടാണ് . ആളുകളിലേക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതിന്റെ അളവനുസരിച്ചിരിക്കും അതിന്റെ സ്വീകാര്യത. തൊണ്ടിമുതല്‍ പോലുള്ള സിനിമ ചെയ്യുമ്പോള്‍, ആളുകള്‍ കഥ കണ്ടിരിക്കുകയും അതിനിടയിലൂടെ ഞാന്‍ പറയേണ്ട കാര്യങ്ങള്‍ പറയുകയും വേണം. തൊണ്ടിമുതല്‍ എന്ന സിനിമ ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്. അതിന്റെ രാഷ്ട്രീയം എന്താണ്. അങ്ങനെ കുറച്ചുകാര്യങ്ങള്‍ പറഞ്ഞാല്‍ മതിയെങ്കില്‍ എനിക്ക് മൈക്ക് കെട്ടി പ്രസംഗിച്ചാല്‍ മതി. ഒരു ലേഖനം എഴുതിയാല്‍ മതി. എനിക്കൊരു ഡോക്യുമെന്ററി ചെയ്താല്‍ മതി. ആളുകളോട് അങ്ങനെ പലരീതിയില്‍ സംവദിക്കാന്‍ പറ്റും. ഞാന്‍ എന്തിനാണ് സിനിമയെന്ന മാധ്യമം അതിനുവേണ്ടി തെരഞ്ഞെടുത്തത്. ഞാനത് തെരഞ്ഞെടുക്കുന്നത്, എന്റര്‍ടെയ്ന്‍മെന്റ് നല്‍കിക്കൊണ്ട് ആളുകളെ അട്രാക്ട് ചെയ്ത് അവരത് ആസ്വദിക്കുന്നതിനിടയിലൂടെ കുറച്ച് കാര്യങ്ങള്‍ കൂടി പറയാന്‍ വേണ്ടിയാണ്. അതാണ് എനിക്ക് അതിര്‍ത്തി. ഓരോരുത്തര്‍ക്കും അത് പല രീതിയിലായിരിക്കും. രസിപ്പിക്കുകയും അതേസമയം അവരുടെ തലച്ചോറില്‍  എന്തൊക്കെയോ രസങ്ങള്‍ ഒക്കെ ഉണ്ടാകുന്ന തരത്തില്‍ ആസ്വാദനത്തിന്റെ പലതലങ്ങള്‍ സൃഷ്ടിക്കുകയും വേണം. അതേസമയം തന്നെ ലോകത്തില്‍ ജീവിതത്തില്‍ നാട്ടില്‍ നമ്മള്‍ ശ്രദ്ധിക്കാതെപോകുന്ന ഒരായിരം സത്യങ്ങളുണ്ട്. അതിനെ അടയാളപ്പെടുത്തണം. അതിനപ്പുറത്തേക്ക് ഒരുദ്ദേശവുമില്ല. ഈ നാട് ഇങ്ങനെയായിരുന്നു. ഇങ്ങനെയാണ് . 2017 ല്‍ തൊണ്ടിമുതല്‍ ഇറങ്ങുമ്പോള്‍ അത് ഈ കാലഘട്ടത്തിന്റെ രേഖപ്പെടുത്തല്‍ തന്നെയായിരിക്കണം. ഇരുപത്തഞ്ചോ അന്‍പതോ കൊല്ലം കഴിഞ്ഞ് ഒരാള്‍ കാണുമ്പോള്‍ 2017 ലെ കേരളീയ ജീവിതം ഇങ്ങനെയെയായിരുന്നു എന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കണം. തെറ്റിദ്ധരിപ്പിക്കാന്‍ പാടില്ല. ചരിത്രത്തില്‍ പലപ്പോഴായി നാം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. നമ്മള്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. ഇനിയൊരു തലമുറയ്ക്ക് വേണ്ടിയെങ്കിലും നമുക്കാ തെറ്റിദ്ധാരണകള്‍ പരമാവധി കുറയ്ക്കാന്‍ കഴിയണം. അതിന് കലയില്‍ നമ്മള്‍ കൃത്യതയോടെ തന്നെ വര്‍ക്ക് ചെയ്യണം എന്ന് ഞാന്‍ വിശ്വസിക്കുന്നു.

Q

ആര്‍ട്ട് ഹൗസ് ആയാലും ജനപ്രിയ സിനിമയായാലും നമ്മള്‍ ആഘോഷിച്ചതെല്ലാം സംഭാഷണ കേന്ദ്രീകൃതമായവയാണ്. സിനിമയുടെ കേള്‍വിയും കാഴ്ചയും പ്രദാനം ചെയ്യുന്ന തരത്തില്‍ ശബ്ദരേഖകള്‍ സജീവമായ കാലമുണ്ടായിരുന്നു. സിനിമയിലെ പഞ്ച് ഡയലോഗുകള്‍, സംഭാഷണങ്ങള്‍ എന്നിവയില്‍ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ ദൃശ്യപ്രധാനമാവുകയാണ് സിനിമ. പറയുന്നത് മിനിമലായാല്‍ മതി ഒന്നരപ്പുറം സംഭാഷണം വേണ്ട എന്ന രീതി പിന്‍തുടരുന്നുണ്ട്. കൂടാതെ ഓര്‍ഗാനിക്കായ സംഭാഷണം മതി, സാഹിത്യഭാഷ വേണ്ട എന്ന ചിന്തയുമുണ്ട്. സിനിമ ദൃശ്യപ്രധാനമായിരിക്കണം എന്ന ആലോചനയെ സ്വാധീനിച്ചത് എന്താണ് ?

A

അത് ഞാനെന്ന വ്യക്തിയുമായി ബന്ധപ്പെട്ടതാണ്. ഞാന് സിനിമയെക്കുറിച്ച് അത്രയേറെ അറവുള്ളയാളൊന്നുമല്ല. സിസ്റ്റമാറ്റിക്കായി പഠിച്ചിട്ടൊന്നുമില്ല. വെര്‍ബല്‍ മെമ്മറി കുറവുള്ളയാളാണ് ഞാന്‍. ആളുകളെ പേര് ഓര്‍ത്തിരിക്കില്ല, വാക്കുകള്‍ ഓര്‍ത്തിരിക്കില്ല, പുതിയ വാക്കുകളൊന്നും എനിക്ക് കിട്ടില്ല, എനിക്കത് കളക്ട് ചെയ്തുവെയ്ക്കല്‍ ഇത്തിരി പാടാണ്. ഇംഗ്ലീഷിലുള്ള വാക്കുകളൊക്കെ മാറിപ്പോകും പലപ്പോഴും, ഇന്‍കോണ്‍ഫിഡന്‍സ് ആണോ അണ്‍കോണ്‍ഫിഡന്‍സാണോ എനിക്കെപ്പോഴും കണ്‍ഫ്യൂഷന്‍ ഉള്ളതാണ്. എപ്പോഴും തെറ്റിപ്പോകും. അപ്പോ ആളുകള്‍ പറയും അതല്ല ഇതാണെന്ന്. പക്ഷേ ഇപ്പോഴും ഏതാണ് ശരിയെന്ന് എനിക്കറിയില്ല. അങ്ങനത്തെ ചില പ്രശ്‌നങ്ങള്‍ ഉള്ളയാളാണ്. പക്ഷേ ജീവിതത്തില്‍ കണ്ട ഒരു കാര്യം ഞാനൊരിക്കലും മറക്കില്ല. ഇമേജുകളാണ് എന്റെ മെമ്മറിയിലേക്ക് കളക്ട് ചെയ്യാറ്. ചില വാക്കുകള്‍ ഓര്‍ത്തിരിക്കില്ല, അപ്പോ അതിന്റെ ചിത്രം വരച്ച് അതിലേക്ക് ഒന്നുനോക്കും, അപ്പോള്‍ ഞാനത് മറക്കില്ല. എനിക്കാ പടം ഒന്നുകൂടി വരയ്ക്കാന്‍ പറ്റും. അങ്ങനെയാണ് എന്നെ ഞാന്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇതൊക്കെ സ്വാധീനിച്ചിട്ടുണ്ടാകാം. ഒരു സിറ്റ്വേഷന്‍ ഷൂട്ട് ചെയ്യുമ്പോള്‍ കഥാപാത്രങ്ങള്‍ ആ സാഹചര്യത്തിന് യോജിക്കാത്ത തരത്തില്‍  എനിക്ക് പറയാനുള്ള കാര്യങ്ങള്‍ മുഴുവന്‍  പറഞ്ഞുകൊണ്ടിരുന്നാല്‍ ബോറായിരിക്കും. സിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഞാന്‍ എന്റെ തോന്ന്യാസങ്ങള്‍ മുഴുവന്‍ ഇവിടെയിരുന്ന് പറഞ്ഞാല്‍ ആളുകള്‍ക്ക് ബോറടിക്കും. അവര്‍ എണീറ്റുപോകും. ഓരോ സീനിലെയും കഥാപാത്രങ്ങള്‍ ആ സാഹചര്യത്തില്‍ പറയുന്ന കാര്യങ്ങള്‍ക്ക് പരിമിതിയുണ്ട്. പല പഴയ സിനിമകള്‍ കാണുമ്പോഴും നമുക്ക് തോന്നുന്ന ചില കാര്യങ്ങളുണ്ട്. ഒരു മരണവീട്ടില്‍ വന്നിട്ടാണോ ഇയാള്‍ ഇക്കാര്യം പറയുന്നത്. ഇയാള്‍ എന്താണീ കാണിക്കുന്നതെന്ന് തോന്നും. ഇത്തരം ഡിസ്റ്റര്‍ബന്‍സുകള്‍ സിനിമയില്‍ നിന്നുള്ള നമ്മുടെ കാഴ്ചയെ കട്ട്‌ചെയ്ത് കളയും. അതുകൊണ്ട് ഒരു കാരണവശാലും ഇത്തരം ഡയലോഗുകള്‍ സിനിമയില്‍ വരരുത്. മനുഷ്യന്‍ സംസാരിക്കുന്ന ഭാഷയിലേക്ക് അത് വരണം. മഹേഷിന്റെ പ്രതികാരം പോലെ, തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോലെ റിയലിസ്റ്റിക് ആഖ്യാനം വേണ്ട സിനിമകളെക്കുറിച്ചാണ് ഞാനിത് പറയുന്നത്. ഞാന്‍ അങ്ങനെയാണ് അതിനെ കാണുന്നത്. എല്ലാ സിനിമകളിലും അത് പ്രായോഗികമായിരിക്കില്ല. കണ്ടോണ്ടിരിക്കുന്നവരില്‍ ഇത് സിനിമയാണെന്ന ബോധ്യം വരുത്താതിരിക്കണം. അതിന് സിനിമയിലെ ക്ലീഷേകളെ ആദ്യം ഒഴിവാക്കണം. നമ്മള്‍ കാലങ്ങളോളം കണ്ടുകൊണ്ടിരിക്കുന്നത് തന്നെ വരുമ്പോള്‍ ആളുകള്‍ക്ക് മനസ്സിലാകും ഇത് മറ്റേ സിനിമയിലെ സീനാണെന്ന്. നമ്മള്‍ ഒരുപാട് സിനിമകള്‍ കാണാറുണ്ട്, ഒരുപാടെണ്ണം ആസ്വദിക്കാറുണ്ട്. ഒരുപാടെണ്ണം ഇഷ്ടവുമാണ്. അതിന്റെ ഒരു സ്വാധീനം ഉണ്ടാകുമല്ലോ, ഇപ്പോ കവലയില്‍ വെച്ചുള്ള അടിയെക്കുറിച്ച് എഴുതാനിരിക്കുമ്പോള്‍, സിനിമാറ്റിക്കായ ഇന്‍സിഡന്‍സ് ആണ് മനസ്സില്‍ പൊന്തിവരിക, കണ്ട സിനിമയിലെ ഒരു ഇമേജാണ് പെട്ടെന്ന്  തള്ളിക്കയറി വരിക. കവലയില്‍ യഥാര്‍ത്ഥത്തില്‍ കണ്ട എതെങ്കിലും ഒരടി സിനിമയിലേക്ക് കൊണ്ടുവരാന്‍ പലപ്പോഴും ആള്‍ക്കാര്‍ ശ്രമിക്കാറില്ല ഞാന്‍ വര്‍ക്ക് ചെയ്ത എന്റെ പരിമിതമായ ഒരു കാലയളവില്‍ നിന്നുകൊണ്ടാണ് ഞാനിത് പറയുന്നത്. മറ്റേ സിനിമയിലെ അടി കണ്ടിട്ടില്ലേ.. അതാണ് അവരുടെ റഫറന്‍സ്. അതുപോലത്തെ ഒരു ഫൈറ്റ് സിനിമയില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഒരു പാട്ടുകണ്ടാല്‍ അതുപോലത്തെ ഒരു പാട്ടുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ എനിക്കതത്ര വര്‍ക്കായിരുന്നില്ല. ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് മാന്നാനം അപ്പറെ വെച്ചിട്ട് പള്ളിപ്പെരുന്നാളിന്റെ അന്നൊരു അടി കണ്ടിരുന്നു. നല്ല ഉഗ്രന്‍ തല്ലായിരുന്നു. മഹേഷിന്റെ പ്രതികാരം ചെയ്യുമ്പോള്‍ അതാണെന്നെ ഇന്‍സ്പയര്‍ ചെയ്യുന്നത്. അതിരപ്പുഴ പള്ളി പെരുന്നാളിന്റെയന്ന് കണ്ട തല്ല് റീ ക്രിയേറ്റ് ചെയ്യാന്‍ പറ്റുമോയെന്നാണ് ഞാന്‍ മഹേഷില്‍ ശ്രമിച്ചത്. എന്നുപറഞ്ഞപോലെ ചുറ്റുവട്ട ജീവിതങ്ങളില്‍ നിന്ന് പിക്ക് ചെയ്യാന്‍ ശ്രമിച്ച കാര്യങ്ങളാണ് ഈ രണ്ട് സിനിമകളിലും ഉപയോഗിച്ചത്. പറഞ്ഞുപറഞ്ഞ് ഇപ്പോ ഞാന്‍ ഭയങ്കര പ്രശ്‌നക്കാരനായിട്ടുണ്ട്. ന്യൂ ഇയറിന്റെ സമയത്ത്  2019 ലെ പദ്ധതികളെക്കുറിച്ച് ഒരു സ്റ്റേറ്റ്‌മെന്റ് ചോദിച്ചപ്പോള്‍ ഞാന്‍ പറയുകയും ചെയ്തു. റിയലിസം അവസാനിപ്പിക്കാന്‍ സമയമായി. അങ്ങനെ ഒരു കുഴപ്പവും മലയാള സിനിമയിലുണ്ട്. റിയലിസ്റ്റിക് സിനിമ മാത്രമാണ് ശരിയെന്ന തോന്നല്‍ വന്നിട്ടുണ്ടെന്ന് തോന്നുന്നു.

റിയലിസം അവസാനിപ്പിക്കാന്‍ സമയമായി. അങ്ങനെ ഒരു കുഴപ്പവും മലയാള സിനിമയിലുണ്ട്. റിയലിസ്റ്റിക് സിനിമ മാത്രമാണ് ശരിയെന്ന തോന്നല്‍ വന്നിട്ടുണ്ടെന്ന് തോന്നുന്നു.
Q

സാഹിത്യത്തിലായാലും സിനിമയിലായാലും ആഖ്യാനം ഭാവനാത്മകമാണ്. ജെയിംസ് കാമറൂണിന്റെ അവതാര്‍ ആയാലും റെവനന്റ് ആയാലും റിയലിസത്തെ മറികടന്ന് ഫാന്റസിയിലേക്ക് പോകുന്നുണ്ട്. നമുക്ക് റിയലിസ്റ്റിക് സിനിമ, ബാധ്യതയാവില്ലേ ? എന്റെ സിനിമകള്‍ റിയലിസ്റ്റിക്കാകണം എന്ന ചിന്തയുണ്ടോ ? അല്ലെങ്കില്‍ റിയലിസം ആവശ്യപ്പെടുന്നവ അങ്ങനെയും ഫാന്റസി ആവശ്യപ്പെടുന്നവ ആ രീതിയിലും സിനിമാറ്റിക് ആകേണ്ടവ അത്തരത്തിലുമാകണം എന്ന് ചിന്തിക്കുന്ന സംവിധായകനാണോ താങ്കള്‍ ?

A

എനിക്ക് പറയാനുള്ള കാര്യം ഏറ്റവും വൃത്തിയായിട്ടും ഏറ്റവും എഫക്ടീവ് ആയിട്ടും ആളുകള്‍ക്ക് മനസ്സിലാകുന്ന രീതിയിലും എങ്ങനെ പറയാം. അത്രേയുള്ളൂ എന്റെ ആലോചന. അതിപ്പോ ഫാന്റസിയുടെ പ്ലാറ്റ്‌ഫോമില്‍ നിന്നുള്ളവയാണെങ്കില്‍ അങ്ങനെ പറയാം. റിയലിസ്റ്റിക്കായി പറയേണ്ടതാണെങ്കില്‍ അങ്ങനെ. എന്റെ ആദ്യ രണ്ട് സിനിമകള്‍ നോക്കിയാല്‍ അങ്ങനെയുള്ള കഥകള്‍ ആയതുകൊണ്ടാണ് റിയലിസ്റ്റിക് ആയത്. അതുകൊണ്ടിപ്പോ എനിക്കൊരു ബാധ്യത വന്നിട്ടുണ്ട്. അതൊന്ന് ബ്രെയ്ക്ക് ചെയ്യണമെന്ന് മേക്കര്‍ എന്ന നിലയില്‍ ആഗ്രഹമുണ്ട്. അപ്പോള്‍ അടുത്തതായി ഒരു ഫാന്റസിയുടെ സപ്പോര്‍ട്ടുള്ള അല്ലെങ്കില്‍ റിയലിസത്തിന് അപ്പുറത്തേക്കുള്ള എന്തെങ്കിലുമൊരു സ്റ്റെപ്പിനുള്ള ശ്രമം ഞാന്‍ നടത്തും. അതിനെല്ലാവരുടെയും സപ്പോര്‍ട്ട് വേണം അത്രേയുള്ളൂ. റിയലിസ്റ്റിക് സിനിമ മാത്രമാണ് നല്ല സിനിമ എന്ന അനാവശ്യ ചിന്താധാര മലയാളത്തില്‍ വന്നിട്ടുണ്ട്. അതിനെ  ബ്രേക്ക് ചെയ്യാനെങ്കിലും ഒരു സിനിമയ്ക്ക് ശ്രമിച്ചുനോക്കണം. പരാജയപ്പെട്ടാല്‍ പറയാമല്ലോ, ഇപ്പോഴേ തോല്‍ക്കാന്‍ ഒരു സമയമുള്ളൂന്ന്. ഞാനെന്തായാലും ഒരു അറ്റംറ്റിന് തയ്യാറാണ്.

Q

തിരക്കഥാക്ഷാമം മൂലമാണ് നല്ല സിനിമയുണ്ടാകാത്തത് എന്നതായിരുന്നു മലയാള സിനിമ കുറേ കാലം കേട്ട പരിഭവവും പരാതിയും. പക്ഷേ നല്ല സ്‌ക്രിപ്ടില്‍ മാത്രം നല്ല സിനിമയുണ്ടാകില്ലെന്ന സാഹചര്യമുണ്ടാകുന്നു. സമഗ്രതയില്‍, കഥ പറച്ചിലില്‍ എന്തൊക്കെ ചെയുന്നുവെന്നതിനെ ആശ്രയിച്ചാണ് സിനിമ മികച്ചതാകുന്നത്, സംവിധായകന് കൂടുതല്‍ ുത്തരവാദിത്വം ഉണ്ടാകുന്നുണ്ടോ?

A

എനിക്ക് എല്ലാ ഘടകങ്ങളും വളരെ ഇംപോര്‍ട്ടന്റാണ്. മലയാളത്തില്‍ എഡിറ്റര്‍മാര്‍ക്ക് വിലകുറവായിരുന്നു. അവര്‍ക്ക് ഡിമാന്റില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡിജിറ്റല്‍ ഫിലിം മേക്കിംഗില്‍ എഡിറ്ററുടെ റോള്‍ വളരെ വലുതാണ്. നേരത്തത്തെ സാധ്യതകളൊക്കെ വെച്ച് തിയേറ്ററില്‍ കൂടുതല്‍ ഡയലോഗ് വന്നെങ്കില്‍ മാത്രമേ സിനിമയില്‍ ശബ്ദത്തിന്റെ സാധ്യതകള്‍ പ്രയോഗിക്കാനാകൂ എന്നൊക്കെയുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇപ്പോ അങ്ങനത്തെ പ്രശ്‌നങ്ങളില്ല. ആളുകള്‍ കണ്ടോണ്ടിരിക്കുന്നത് കാഴ്ചയും ശബ്ദവുമാണ്. തിയേറ്ററില്‍ കണ്ടോണ്ടിരിക്കുമ്പോള്‍ ഇവയിലൂടെയാണ് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. അപ്പോള്‍ സൗണ്ട് അത്രമേല്‍ ഇംപോര്‍ട്ടന്റായിട്ടുള്ള കാര്യമാണ്. ടെക്‌നിക്കല്‍ സൈഡിലെ എല്ലാ കാര്യങ്ങളും പ്രധാനമാണ്. എല്ലാറ്റിന്റെയുമൊരു ഫിനിഷിംഗ് വേണം. സിനിമയില്‍ നിന്ന് ആളുകളെ പുറത്തേക്ക് കൊണ്ടുപോകാതിരിക്കാന്‍ അതത്യാവശ്യമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

Q

വിഷ്വലിനെ കണക്ട് ചെയ്യുമ്പോള്‍ നമ്മള്‍ പലപ്പോഴും അവോയ്ഡ് ചെയ്യുന്നതാണ് സൗണ്ട് .മ്യൂസിക്കിനെ പരിഗണിച്ചതിന്റെ പാതി പോലും സൗണ്ടിനെ പരിഗണിച്ചിട്ടില്ല. ലോകത്ത് സൗണ്ട് ഇന്‍സ്റ്റലേഷനടക്കം നടക്കുന്ന കാലമാണ്. സമീപകാല ചിത്രങ്ങളിലൊക്കെ സൗണ്ടിനെ കൃത്യമായി ഉപയോഗപ്പെടുത്തി വരുന്നുണ്ട്. തൊണ്ടിമുതലിലൊക്കെ ഇത് വളരെ പ്രാധാന്യത്തോടെ ചെയ്തിട്ടുണ്ടല്ലേ ?

A

ഉറപ്പായിട്ടും, അത് പലവിധ കാരണങ്ങള്‍കൊണ്ടാണ്. തൊണ്ടിമുതലില്‍ സിങ്ക് സൗണ്ട് ചെയ്യാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഇപ്പോള്‍ ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അഭിനയിക്കുന്ന ടൈമില്‍ നമ്മളില്‍ നിന്നുവരുന്ന ഒരു എനര്‍ജിയുണ്ട്. ആ ഡയലോഗില്‍ നമ്മുടെ ശ്വാസത്തിന്റെ ശബ്ദം,ഡയലോഗ് ഡെലിവറി, പഞ്ച്, എനര്‍ജി, അതിന്റെ ഡെപ്ത്ത് എല്ലാമുണ്ട്. അതൊന്നും നമുക്ക് കെട്ടിയടച്ച ശീതീകരിച്ച ഡബ്ബിംഗ് സ്യൂട്ടിലിരുന്ന് റീക്രിയേറ്റ് ചെയ്യാന്‍ പറ്റുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മറ്റൊന്ന് ഉണ്ടാക്കാന്‍ പറ്റുമായിരിക്കും, പക്ഷേ ആ മൊമെന്റില്‍ നമ്മള്‍ എനര്‍ജിയെടുത്ത് ആ പെയിന്‍ഫുളായിട്ടുള്ള മൂഡില്‍ നിന്നു വരുന്ന ശബ്ദം, ആ ഡയലോഗ്, ആ സൗണ്ട്, അത് പിന്നീട് റീക്രിയേറ്റ് ചെയ്യുക ഭയങ്കര പാടായിരിക്കും. നേരെ മറിച്ച് അതിനേക്കാള്‍ ബെറ്ററായി നമുക്ക് ചിലതൊക്കെ ചെയ്യാം. പക്ഷേ റിയലിസ്റ്റിക് സാഹചര്യമായതിനാലാണ് ഞാന്‍ സിങ്ക് സൗണ്ടിലേക്ക് പോകുന്നത്. ആ സമയത്ത് ആക്ടര്‍ ഡെലിവര്‍ ചെയ്യുന്ന സാധനം നശ്ടപ്പെട്ടുകൂട. അത് സിനിമയില്‍ അവിഭാജ്യ ഘടകമാണെന്നുതന്നെ വിശ്വസിക്കുന്നു. പക്ഷേ ഇപ്പോഴാണ് നമുക്ക് ടെക്‌നോളജിയൊക്കെ ആ ഏരിയയില്‍ സാധ്യമായത്. നമ്മുടെ ബഡ്ജറ്റിന്റെ പരിമിതികള്‍കൊണ്ടോ ടെക്‌നോളജിയുടെ അവൈലബിളിറ്റി കുറവുകൊണ്ടോ സൗണ്ട് പോലുള്ള കാര്യങ്ങളില്‍ അധികം ഇന്‍വെസ്റ്റ് ചെയ്യാനോ പറ്റിയിരുന്നില്ല. 2010 ന് മുന്‍പൊക്കെ മലയാളസിനിമയുടെ ബഡ്ജറ്റില്‍ ചെറിയ ശതമാനം മാത്രമേ സൗണ്ടിന് നീക്കിവെച്ചിരുന്നുള്ളൂ. ഇപ്പോള്‍ അങ്ങിനെയല്ല, സൗണ്ടിന് വേണ്ടി മികച്ച രീതിയില്‍ ബഡ്ജറ്റില്‍ സ്‌പെന്റ് ചെയ്യുന്നുണ്ട്. റസൂല്‍ പൂക്കുട്ടിക്ക് ഓസ്‌കര്‍ ലഭിച്ചത് ഒരുപക്ഷേ ഘടകമായിട്ടുണ്ടാകും റസൂലിന് മുന്‍പേ തന്നെ മലയാളത്തില്‍ നിന്ന് നിരവധിപേര്‍ ആ ഏരിയയില്‍ വര്‍ക്ക് ചെയ്തിരുന്നു. ഇന്ത്യന്‍ സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന മേജര്‍ ആയിട്ടുള്ള ടെക്‌നീഷ്യന്‍മാരെല്ലാം മലയാളികളാണ്.

Q

പാസിംഗ് ഷോട്ടുകളില്‍ ,പാട്ടുരംഗങ്ങളില്‍, തല്ലുരംഗങ്ങളില്‍, ആള്‍ക്കൂട്ടം ആരവം മുഴക്കേണ്ട സീനുകളില്‍ മാത്രമാണ് നേരത്തെ സമൂഹത്തിന്റെ പ്രതിനിധാനം ഉണ്ടായിരുന്നത്.അതും പാസിംഗ് ഷോട്ടിലെ ആള്‍ക്കൂട്ടമെന്ന നിലയ്ക്കായിരുന്നു. എന്നാല്‍ റിയലിസ്റ്റിക് സിനിമയില്‍ സമൂഹം കുറച്ചുകൂടി ഇന്‍ക്ലൂഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ആ ആള്‍ക്കൂട്ടത്തിലുള്ളവര്‍ ഐഡന്റിഫൈ ചെയ്യപ്പെടുന്ന സ്ഥിതിവന്നു. തിരക്കഥയില്‍ കഥാപരിസരത്തിന് കൊടുക്കുന്ന പ്രധാന്യമാണോ ഇത് കാണിക്കുന്നത്?

A

എനിക്ക് തോന്നുന്നത് പുതിയ സിനിമകളില്‍ മേക്കേര്‍സിന് അത് ഒഴിവാക്കാന്‍ സാധിക്കില്ലെന്നാണ്. മഹേഷിന്റെ പ്രതികാരം പോലൊരു സിനിമ ചെയ്യുമ്പോള്‍ ആ പ്രദേശത്തെ അടയാളപ്പെടുത്തേണ്ടത് ഇംപോര്‍ട്ടന്റ് ആണ്. ആ പ്രദേശം ഒരു കൂട്ടം ആള്‍ക്കാരുടേതാണ്. പ്രധാന കഥാപാത്രങ്ങളെ ലിസ്റ്റ് ചെയ്ത ശേഷം ആള്‍ക്കൂട്ടത്തെ നോക്കിയപ്പോള്‍ പലരുമുണ്ട്. ആള്‍ ഒന്ന്, ആള്‍ രണ്ട്, ആള്‍ മൂന്ന് അങ്ങനെ പ്രധാനകഥാപാത്രങ്ങളുടെ ജീവിതത്തില്‍ നേരിട്ടോ അല്ലാതെയോ ഇടപെടുന്ന കുറച്ചാളുകള്‍, ആദ്യഘട്ട എഴുത്തില്‍ അവര്‍ക്ക് വ്യക്തിത്വമൊന്നുമുണ്ടായിരുന്നില്ല  അതായത് ഞാന്‍ വര്‍ക്ക് ചെയ്‌തോണ്ടിരുന്നപ്പോള്‍ സ്‌ക്രിപ്റ്റിലൊക്കെ കാണാം, നടന്നുവന്നയാള്‍ എന്നൊക്കെ. അങ്ങനെ കുറച്ച് ആള്‍ക്കാരുണ്ടാകും ഒരു സ്‌ക്രിപ്റ്റില്‍ അവരിങ്ങനെ ചിതറിച്ചിതറിയങ്ങ് പോകാറാണ് പതിവ്, ഈ ആള്‍ക്കാരെയെല്ലാം കോര്‍ഡിനേറ്റ് ചെയ്യാമെന്നാണ് മഹേഷിന്റെ പ്രതികാരത്തില്‍ ആലോചിച്ചത്. ചിതറിക്കിടന്ന കുറേ ആളുകളെ കൂട്ടിയിട്ട് ചില കഥാപാത്രങ്ങളാക്കാന്‍ തീരുമാനിച്ചു. അഞ്ചാമത്തെ സീനിലെ ആളെയും ഏഴാമത്തെ സീനിലെ ആളെയും പന്ത്രണ്ടാമത്തെ സീനിലെ ആളെയും കൂട്ടിയിട്ട് ചെരുപ്പുകടക്കാരനാക്കി. അങ്ങനെയൊരു സിംഗിള്‍ ക്യാരക്ടറിലേക്ക് അതിനെ കൊണ്ടുവരികയും ആ ക്യാരക്ടറിനെ റെഗുലറായിട്ട് ഉപയോഗിക്കുകയും ചെയ്തു. വെറുതെ കൊണ്ടുവന്ന് ആള്‍ക്കൂട്ടത്തില്‍ വെയ്ക്കാതെ കൃത്യമായ ഐഡന്റിറ്റിയോടെ അയാളെകൊണ്ടുപോയി പ്ലെയ്‌സ് ചെയ്യുകയായിരുന്നു. മരത്തിന്റെ മുകളില്‍ കെട്ടാന്‍ നില്‍ക്കുന്ന അതേ ആള്‍ തന്നെയാണ് ബേബിച്ചേട്ടന് നെഞ്ചുവേദന വരുമ്പോള്‍ തിരുമ്മുന്നത്. അതേ ആള് തന്നെയാണ് ജിംസണെ തല്ലാന്‍ മഹേഷ് പോയിട്ടുണ്ടെന്ന് അറിഞ്ഞ് ഓട്ടോയില്‍ കേറി പോയിട്ടുള്ളത്. അങ്ങനെ നമ്മുടെ നാട്ടില്‍ കാണുന്ന കവലയില്‍ കാണുന്ന പതിവുമുഖങ്ങളെ പ്രസന്റ് ചെയ്യുകയായിരുന്നു. അങ്ങനയുള്ള ആളുകള്‍ വന്നാലേ ആ പ്രദേശത്തിന്റെ കൃത്യമായ സ്വഭാവത്തിലേക്ക് എത്തുകയുള്ളൂ. അതുകൊണ്ടുതന്നെ ബോധപൂര്‍വ്വം അത്തരത്തില്‍ ഒരു അറ്റ്‌മോസ്ഫിയര്‍ ക്രിയേറ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നു.

Q

മനുഷ്യന്‍ എന്ന നിലയിലും ഫിലിം മേക്കര്‍ എന്ന രീതിയിലും ഉള്ള അനുഭവങ്ങള്‍, പരിചയങ്ങള്‍, സ്വാധീനിക്കപ്പെട്ട സംഭവങ്ങള്‍ എന്നിവയൊക്കെ റിയലിസ്റ്റിക് ട്രീറ്റ്‌മെന്റ് തെരഞ്ഞെടുക്കുമ്പോള്‍ ഭാഗമാകുന്നുണ്ടോ?

A

ഉറപ്പായിട്ടുമുണ്ട്. എന്റെ അറിവ് ശരിയാണെന്ന് ഞാന്‍ വാദിക്കുന്നില്ല.  പക്ഷേ എന്റെ അറിവ് എന്റെ ശരിയാണ്. എന്റെ കാഴ്ചപ്പാടുകള്‍ ഉറപ്പായിട്ടും കൃത്യമായും ശക്തമായും അടയാളപ്പെടുത്തണം. അല്ലെങ്കില്‍ സിനിമയെടുക്കുന്നതില്‍ കാര്യമില്ലെന്ന് വിശ്വസിക്കുന്നയാളാണ്. ഒരു കലാകാരന്റെ ഫിലിംമേക്കറുടെ സൊസൈറ്റിയോടുള്ള കടമയും ഉത്തരവാദിത്വുമാണത്. അങ്ങനെയുള്ള മാര്‍ക്കുകള്‍ നമ്മള്‍ അടയാളപ്പെടുത്തണം. കൃത്യമായി റഫര്‍ ചെയ്യണം. കൃത്യമായി മുന്നോട്ടുവെയ്ക്കണം. ഇതെല്ലാം നമ്മുടെ നാട്ടില്‍ നിനില്‍ക്കുന്ന കാര്യമാണ്. എല്ലാവര്‍ക്കുമറിയുന്ന പച്ചയായിട്ടുള്ള കാര്യമാണ്. കേരളത്തില്‍ നോക്കിയാല്‍ ജാതി മതം പണം അങ്ങനെയുള്ള ഘടകങ്ങളെല്ലാം നോക്കി കല്യാണം കഴിക്കുന്നവരാണ് കൂടുതലും. ഓര്‍ഗാനിക്കായി ഇഷ്ടപ്പെട്ട് കല്യാണം കഴിക്കുന്നവര്‍ വളരെ കുറവാണ്. മഹേഷിന്റെ മതജീവിതത്തെ സിനിമ അടയാളപ്പെടുത്തുകയോ ചര്‍ച്ച ചെയ്യുന്നോ ഇല്ല.  വീട്ടിലെ ഒന്നോ രണ്ടോ ചിത്രങ്ങളില്‍ നിന്നാണ് മഹേഷ് ഏത് മതക്കാരനാണെന്ന്  വായിച്ചെടുക്കേണ്ടത്. അയാളുടെ മത കാഴ്ചപ്പാടുകള്‍ മനസ്സിലാക്കേണ്ടത്.

മഹേഷിന്റെ പ്രതികാരത്തിലും തൊണ്ടിമുതലിലുമൊക്കെ സെന്‍സറിന്റെ തലേദിവസം എഴുതിയ ഡയലോഗ് പോലും ആഡ് ചെയ്യപ്പെട്ടിട്ടുണ്ട്. കമോണ്‍ഡ്രാ മഹേഷേ എന്നത് ട്രെയിലര്‍ റിലീസാകുന്നതിന് പത്തോ പതിനഞ്ചോ ദിവസം മുന്‍പ് മാത്രം എഴുതിയ ഡയലോഗാണ്
Q

സംവിധായകന്‍, തിരക്കഥാകൃത്ത് രണ്ടുപേരുടെയും കൂട്ടായ്മ ഇവിടെ സംഭവിക്കുന്നുണ്ട് സ്‌ക്രിപ്റ്റിങ്ങിന്റെ ഒരു പ്രോസസ്സിംഗ് എങ്ങനെയാണ്. എഴുതിപ്പൂര്‍ത്തിയാക്കിയ തിരക്കഥയാകുമ്പോള്‍ എഴുത്തുകാരന്റെ രാഷ്ട്രീയം കൂടിയായിരിക്കും കടന്നുവരുന്നത്. കഥയില്‍ ചെറിയ ചെറിയ അടരുകള്‍ ചേര്‍ത്തുവെയ്ക്കുമ്പോള്‍ സംവിധായകന്റെ രാഷ്ട്രീയമാണോ അതോ ഇരുവരുടെയും കൂട്ടായ കാഴ്ചപ്പാടുകളാണോ വരിക ?

A

കൂട്ടായ ഒരു രാഷ്ട്രീയകാഴ്ചപ്പാടിന്റെ സ്വാധീനമുണ്ട്. പലരീതിയില്‍ അത് സംഭവിക്കാറുണ്ട്. പല തിരക്കഥാകൃത്തുക്കളും എഴുതിപൂര്‍ത്തിയാക്കി ഒരി വരി പലും വെട്ടാന്‍ പാടില്ലെന്ന ഡിമാന്‍ഡോടെ സംവിധായകനെ ഏല്‍പ്പിക്കുകയാണ് ചെയ്യാറ്. ആ സംവിധായകന്‍ ആ തിരക്കഥയെ കവര്‍ ചെയ്യുന്നു. അങ്ങനെയേ ഞാന്‍ വിശേഷിപ്പിക്കാറുള്ളൂ. ചിലര്‍ തിരക്കഥയെഴുതി സംവിധായകനെ ഏല്‍പ്പിക്കുന്നു. അയാള്‍ തോന്നിയപോലെ അയാളുടെ കാഴ്ചപ്പാടിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തി സിനിമയാക്കുന്നു. അതൊക്കെ സംഭവിക്കാറുണ്ട്. പക്ഷേ എന്റെ രണ്ട് സിനിമകളും സംഭവിച്ചത് അങ്ങനെയല്ല. ഒരു ആശയം തോന്നുകയും ഒരു തിരക്കഥാകൃത്തുമായി ആദ്യഘട്ടം മുതല്‍ സംസാരിക്കുകയും ആ ആശയത്തെ ആവര്‍ത്തിച്ച് ചര്‍ച്ചകളിലൂടെ വികസിപ്പിക്കുകയുമായിരുന്നു. എഴുത്തിന്റെ എല്ലാ ഘട്ടത്തിലും സംവിധായകനെന്ന നിലയില്‍ ഞാന്‍ ഇന്‍വോള്‍വ്ഡ് ആണ്. ഓരോ സീനുകള്‍ ഡെവലപ്പ് ചെയ്യുമ്പോഴും അതില്‍ പങ്കാളിയാണ്. ചിലത് മാസങ്ങളെടുത്ത് എഴുതുന്നതുണ്ട്. ഇങ്ങനെ പൂര്‍ത്തിയാക്കിയ ഒരു സ്‌ക്രിപ്റ്റുമായിട്ട് ഷൂട്ട് ചെയ്യാനുള്ള സ്പേസിലേക്ക് പോകുമ്പോള്‍ അഭിനേതാക്കള്‍ക്ക് ഇതൊന്നും വായിക്കാന്‍ കൊടുക്കാറില്ല. സിറ്റ്വേഷന്‍ അവര്‍ക്ക് വിവരിച്ച് കൊടുക്കാറേയുള്ളൂ. എന്റെ സിനിമകള്‍ ശ്യാമും സജീവുമാണ് എഴുതിയിട്ടുള്ളത്. എന്റെ റൈറ്റേഴ്സുമായിട്ട് എനിക്കൊരു ധാരണയുണ്ട്. നമ്മള് കൃത്യമായിട്ട് എഴുതിവെച്ച ഒരു സാധനത്തെ ആക്ടറെ കൊണ്ട് അതേപലെ ഡെലിവര്‍ ചെയ്യിപ്പിക്കാതെ നമ്മള്‍ പറയുന്ന ആശയം ഓര്‍ഗാനിക്കായി ആക്ടറുടെ ഉള്ളില്‍ നിന്ന് വരട്ടെ എന്ന ഐഡിയയിലാണ് നമ്മള്‍ വിശ്വസിക്കാറ്. അതുകൊണ്ടുതന്നെ അതിന്റെ പൊളിച്ചെഴുത്തുകള്‍ എപ്പോഴും സംഭവിക്കാറുണ്ട്. സംവിധായകനെന്ന നിലയില്‍ എഴുത്തിന്റെ ഓരോ ഘട്ടത്തിലും ഇടപെട്ടിരുന്നതുപോലെ എന്റെ രണ്ടെഴുത്തുകാരും എഴുത്തുകാരെന്ന ഷൂട്ടിംഗിന്റെ എല്ലാ ഘട്ടത്തിലും ഇടപെട്ടിട്ടുണ്ട്.

Q

തിരക്കഥ പൂര്‍ത്തിയാകുന്നത് ഷൂട്ടിംഗ് പൂര്‍ത്തിയാകുമ്പോഴാണ് ?

A

എക്സാക്ട്ലി, അങ്ങനെതന്നെയാണ്, സിനിമ പൂര്‍ത്തിയാകുമ്പോഴേ തിരക്കഥാ രചനയും പൂര്‍ത്തിയാകുന്നുള്ളൂ. മഹേഷിന്റെ പ്രതികാരത്തിലും തൊണ്ടിമുതലിലുമൊക്കെ സെന്‍സറിന്റെ തലേദിവസം എഴുതിയ ഡയലോഗ് പോലും ആഡ് ചെയ്യപ്പെട്ടിട്ടുണ്ട്. കമോണ്‍ഡ്രാ മഹേഷേ എന്നത് ട്രെയിലര്‍ റിലീസാകുന്നതിന് പത്തോ പതിനഞ്ചോ ദിവസം മുന്‍പ് മാത്രം എഴുതിയ ഡയലോഗാണ്. പിന്നെ അതാണ് സിനിമയുടെ ടാഗ് ലൈന്‍ ആയി വന്നത്. അപ്പോള്‍ പിന്നെയെങ്ങനെ തിരക്കഥ നേരത്തേ പൂര്‍ത്തിയായെന്ന് പറയാന്‍ പറ്റും. ഓരോ ഘട്ടങ്ങള്‍ക്കും സിനിമ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. കൃത്യമായി വരച്ച രീതിയിലല്ല എന്റെ സിനിമകള്‍. ഓരോരുത്തര്‍ക്കും ഓരോ രീതിയാണ്. വേറെ രീതികളിലും ചെയ്യാം. ഹാന്‍ഡ് മെയ്ഡ് ആയിട്ടുളള ഓര്‍ഗാനിക്കായ സിനിമകള്‍ നിര്‍മ്മിക്കാനാണ് ഞാന്‍ താല്‍പ്പര്യപ്പെടുന്നത്. അത് ഉണ്ടായിവരേണ്ടതാണ്. സിനിമ സിസ്റ്റമാറ്റിക്കാകണമെന്ന് ഇഷ്ടപ്പെടാത്തയാളാണ്.

Q

സിനിമ ഷോ ബിസിനസ് കൂടിയാണ്. തിയേറ്ററുകളില്‍ എത്തുകയും ഓടുകയും ചെയ്യേണ്ട സിനിമകള്‍ എന്നുപറയുമ്പോള്‍ മൂലധന കേന്ദ്രീകൃത  സ്പേസുണ്ട്. ഷോ ബിസിനസ് എന്ന തലമുണ്ട്. ഓരോ കാലത്തും അഭിരുചികളെ പുതുക്കിക്കൊണ്ടിരിക്കുകയാണ് പ്രേക്ഷകന്‍. ട്രെന്‍ഡുകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഈ ഡയലോഗില്‍ ഞാനെന്ന പ്രേക്ഷകന്‍ എങ്ങനെ പ്രതികരിക്കും. തിയേറ്ററില്‍ എങ്ങനെ ഇംപാക്ടുണ്ടാക്കും അങ്ങനെ കണ്ടുകൊണ്ട് എഴുത്തിലോ ഫിലിംമേക്കിംഗിലോ ഇടപെടേണ്ടി വരുമോ ? അത്തരമൊരു വെല്ലുവിളിയുണ്ടോ ?

A

അത്തരമൊരു വെല്ലുവിളിയുണ്ട്. അതില്‍ നിന്ന് സ്വതന്ത്രമാകാനുള്ള ശ്രമമാണ്. ശ്യാമുമായിട്ട് ഈ കാര്യം സംസാരിക്കാറുണ്ട്. ഇതില്‍ നിന്ന് എപ്പോള്‍ സ്വതന്ത്രമാകാന്‍ കഴിയുമോ അപ്പോഴേ നമുക്ക് കറക്ടായിട്ട് സിനിമ ചെയ്യാനാവൂ. പൂര്‍ണ്ണമായും നമ്മുടേതായ സിനിമകള്‍ ചെയ്യണമെങ്കില്‍ ഈ ഷോ ബിസിനസിന് അപ്പുറത്തേക്കുള്ള നിലപാടിലേക്ക് നമുക്ക് എത്താന്‍ സാധിക്കണം.അതിനിനിയും നമ്മള്‍ വളരേണ്ടതുണ്ടാകും. അതിനുള്ള ശ്രമങ്ങള്‍ നമ്മളെപ്പോഴും നടത്താറുണ്ട്. തിയേറ്ററില്‍ വരുന്ന ഓഡിയന്‍സിനെ നമുക്ക് കാണേണ്ടതുണ്ട്. ഞാന്‍ വിശ്വസിക്കുന്നു, എല്ലാ പ്രായത്തിലുള്ളവരും സിനിമ കാണാന്‍ തിയേറ്ററിലേക്ക് ആദ്യമേ എത്താറില്ല. അതിലൊരു ഏജ് ഗ്രൂപ്പ് പ്രതീക്ഷിക്കാറുണ്ട്. ഈ സിനിമയെയും കഥാപാത്രങ്ങളെയും ഏത് ഏജ് ഗ്രൂപ്പിലുള്ളവര്‍ക്കാണ് ഏത് തലത്തിലുള്ളവര്‍ക്കാണ് സ്വീകരിക്കാന്‍ കഴിയുകയെന്ന് നോക്കാറുണ്ട്.  എന്റെ സിനിമകളുടെ കഥയോടും കഥാപാത്രങ്ങളോടും ശക്തമായ വിയോജിപ്പുള്ള നിരവധിയാളുകളുണ്ടാകും. നമ്മുടെ രാഷ്ട്രീയത്തോടും കാഴ്ചപ്പാടുകളോടും ശക്തമായി എതിര്‍പ്പുള്ള പ്രേക്ഷക സമൂഹമുണ്ടാകും. ഒരു കച്ചവട സിനിമ തിയേറ്ററിലേക്ക് കൊണ്ടുവരുമ്പോള്‍ പ്രസന്റ് ചെയ്യുമ്പോള്‍ ഭൂരിപക്ഷം വരുന്ന പ്രേക്ഷകസമൂഹത്തിന് കൂടി ആസ്വദിക്കാന്‍ പറ്റുന്നതാകണം എന്റെ കാഴ്ചപ്പാട് എന്റെ പ്ലോട്ട് എന്ന ബാധ്യത എനിക്ക് മേലുണ്ട്. ഇതൊരു എക്സ്പിരിമെന്റല്‍ സിനിമയാണ്. ആസ്വാദന നിലവാരത്തേക്കുറിച്ച്  മുന്‍വിധികളിലാതെ കാണണം ചെറിയമുതല്‍മുടക്കില്‍ ചെയ്തതാണ് എന്നൊക്കെ പോസ്റ്ററില്‍ എഴുതിവെയ്ക്കാം. പക്ഷേ അത് സാധ്യമാകുന്ന ഒരു കാലഘട്ടത്തിന് വേണ്ടയാണ് ഫിലിം മേക്കറെന്ന നിലയില്‍ ശ്രമിക്കുന്നുന്നത്.

സംവിധായകരെല്ലാം ക്രാഫ്റ്റ്മാന്‍ഷിപ്പിന്റെ ഉയര്‍ച്ച അനുഭവപ്പെടുന്ന ഘട്ടത്തില്‍ കോംപ്രമൈസുകള്‍ വേണ്ടെന്ന് തീരുമാനിച്ച് സ്വന്തം പ്രൊഡക്ഷനില്‍ സിനിമ ചെയ്യുക എന്ന നിലയിലേക്ക് മാറുന്നുണ്ട്. ശ്യാമുമായി ചേര്‍ന്ന് വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്ന കമ്പനി ഉണ്ടാക്കിയത് അങ്ങനെയാണ്‌.
Q

ദിലീഷ് പോത്തന്‍ എന്നൊരാളുടെ ചിത്രം വരുമ്പോള്‍ അഭിനയിക്കുന്നവരും അണിയറയിലുള്ളവരും ആരൊക്കെയാണെന്ന് ചിന്തിക്കാതെ ദിലീഷ് എന്ന ബ്രാന്‍ഡിനെ കേന്ദ്രീകരിച്ച ആ സംവിധായകന്റെ ക്രാഫ്റ്റില്‍ വിശ്വസിക്കാവുന്ന തരത്തില്‍ വലിയൊരു പ്രേക്ഷക സമൂഹത്തെ താങ്കള്‍ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. പ്രേക്ഷകരെ കൂടി കണക്കിലെടുക്കുക എന്ന് പറയുമ്പോള്‍, അഭിരുചികളെ നവീകരിക്കുമ്പോള്‍ അല്ലെങ്കില്‍ സാങ്കേതികമായും ഘടനാപരമായും നവീകരണം സാധ്യമാക്കുന്ന തരത്തില്‍ പരീക്ഷണത്തിന് മുതിരുമ്പോള്‍ നേരത്തെ പറഞ്ഞ തടസം കൂടി വരുന്നില്ലേ ?

A

ഉണ്ടാകും. ആരെങ്കിലും അതിന് മുതിര്‍ന്നാലേ എന്തെങ്കിലും നടക്കൂ. ഉറപ്പായും അതൊരു വെല്ലുവിളി തന്നെയാണ്. ചിലപ്പോള്‍ അത് കനത്ത തോല്‍വിക്ക് കാരണമാകാം.രണ്ട് സാഹചര്യങ്ങളാണുള്ളത്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഏറ്റവും എളുപ്പം അതുപോലത്തെ ഒരു സിനിമ ചെയ്യാം. പക്ഷേ തൊണ്ടിമുതല്‍ പോലൊരു സിനിമ ചെയ്യാന്‍ പാടാണ്. എന്തിനാണ് ഞാനങ്ങനെയൊരു റിസ്‌ക് എടുക്കുന്നത്. മാര്‍ക്കറ്റുള്ളൊരു നടനെ വിളിച്ച് കുറച്ചുകൂടി കോമഡിയുള്ള എന്റര്‍ടെയ്ന്‍മെന്റുമുള്ള രണ്ട് ഫൈറ്റൊക്കെയുള്ള സിനിമ ചെയ്യാം. അല്ലെങ്കില്‍ മഹേഷിന്റെ പാറ്റേണിലുള്ള വേറൊരു സിനിമ ചെയ്യാം. മഹേഷിനുള്ള അത്രയും പൊതുസ്വീകാര്യത തൊണ്ടിമുതലിനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മഹേഷിനേക്കാളും തൊണ്ടിമുതല്‍ ഇഷ്ടമുള്ള പ്രേക്ഷകര്‍ ഒരുപാടുണ്ടാകും. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട സിനിമ മഹേഷാണെന്നാണ് രണ്ട് സിനിമകളും കംപയര്‍ ചെയ്യുമ്പോള്‍ എനിക്ക് തോന്നുന്നത്. തൊണ്ടിമുതല്‍ വേറൊരു മെജോറിറ്റിക്ക് ഇഷ്ടമുള്ളതാണ്. മഹേഷിന്റെ അത്രയും എന്റര്‍ടെയ്ന്‍മെന്റ് തൊണ്ടിമുതലിനില്ല എന്നത് യാഥാര്‍ത്ഥ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കുറച്ചുകൂടി എന്റര്‍ടെയ്ന്‍മെന്റിന് സാധ്യതയുള്ള വിഷയമെടുത്തിട്ട് കുറച്ചുകൂടി ആസ്വാദനത്തിന് സാധ്യതയുള്ള തരത്തില്‍ മഹേഷിനെ പോലൊരു സിനിമയാണ് എന്നെപ്പോലുള്ള ഒരു സംവിധായകന്റെ നിലനില്‍പ്പിന് നല്ലത്. എന്റെ മാര്‍ക്കറ്റ് മുകളിലേക്ക് ഉയരുകയേയുള്ളൂ. എനിക്ക് കിട്ടുന്ന ശമ്പളത്തിന്റെ അളവ് കൂടുമായിരിക്കും. സൗകര്യങ്ങളുടെ അളവ് കൂടുമായിരിക്കും. എനിക്ക് മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്കും തമിഴിലേക്കും തെലുങ്കിലേക്കും സിനിമ ചെയ്യാനുള്ള ഓപ്പര്‍ച്യൂനിറ്റി വരുമായിരിക്കും. പക്ഷേ തൊണ്ടിമുതല്‍ ചെയ്തപ്പോഴാണ് എനിക്ക് കുറച്ച് സമാധാനം കിട്ടിയത്. സംവിധായകനെന്ന നിലയില്‍ കുറച്ചുകൂടി ആത്മാര്‍ത്ഥമായി പണിയെടുത്തു എന്ന തോന്നലുണ്ടായത്. ഷര്‍ട്ട് തുന്നുമ്പോ ഇതാരാണ് ഇടുകയെന്നതിനെക്കുറിച്ച് ഒരു ബോധ്യമുണ്ടല്ലോ. അപ്പോഴും ഒരാള്‍ക്ക് വേണ്ടിയിട്ട് നമ്മള്‍ ഷര്‍ട്ട് തുന്നുക എന്ന പ്രശ്നമുണ്ട്. അതില്‍ നിന്ന് അല്‍പ്പമെങ്കിലും സ്വതന്ത്രമാകാന്‍ പറ്റിയത് തൊണ്ടിമുതല്‍ ചെയ്തപ്പോഴാണ്.  സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമ ഭയങ്കര ഹിറ്റായി നില്‍ക്കുന്ന സമയത്ത് ആഷിക്ക് എന്നെ കാണണമെന്ന് പറഞ്ഞു. അടുത്ത സിനിമയുടെ ഒരു ഐഡിയ വന്നിട്ടുണ്ടെന്ന ആഷിക് എന്നോട് പറഞ്ഞു. അങ്ങനെ ട്വന്റി റ്റു ഫീമെയില്‍ കോട്ടയത്തിന്റെ ഐഡിയ എന്നോട് പറയുകയാണ്. എങ്ങനെയുണ്ടെന്ന് എന്നോട് ചോദിച്ചപ്പോള്‍ നല്ല വര്‍ക്കാകാനാണ് സാധ്യത എന്ന ്പറഞ്ഞു. അടിപൊളിയാകും പക്ഷേ പൊട്ടിപ്പോകാനാണ് സാധ്യതയെന്ന് പറഞ്ഞു. സിനിമ ഓടുമോന്ന് എനിക്ക് സംശയമുണ്ടെന്ന് പറഞ്ഞു. സത്യസന്ധമായി പറഞ്ഞതാണ്. ഒരു സക്സസിന്റെ മുകളില്‍ നില്‍ക്കുമ്പോഴല്ലേ നമുക്ക് പൊട്ടുന്ന ഒരു പടം ചെയ്യാന്‍ പറ്റുള്ളൂ. ഡാഡി കൂള്‍ കഴിഞ്ഞിട്ട് എക്സ്പിരിമെന്റല്‍ സിനിമയായിട്ട് ട്വന്റി റ്റു ഫീമെയില്‍ ചെയ്യാന്‍ പറ്റില്ല. സോള്‍ട്ട് ആന്റ് പെപ്പര്‍ കഴിഞ്ഞിട്ടേ ഇത് ചെയ്യാന്‍ പറ്റുളളൂ. അതെന്നെ ഭയങ്കരമായി സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ ട്വന്റി റ്റു ഫീമെയില്‍ മലയാളത്തിലെ മികച്ച കൊമേഴ്സ്യല്‍ സിനിമയായിട്ട് മാറി. അതുപോലെ മഹേഷിന്റെ പ്രതികാരം പോലെ ഒരു സിനിമ കഴിഞ്ഞിട്ട് തൊണ്ടിമുതല്‍ പോലെ പരാജയപ്പെട്ടേക്കാവുന്ന ഒരു സിനിമ ചെയ്യുന്നതിലായിരുന്നു എനിക്ക് ത്രില്‍. തൊണ്ടിമുതലിനും നല്ല വിജയം ലഭിച്ചു. അപ്പോള്‍ അടുത്ത സിനിമയില്‍ എക്സ്പിരിമെന്റല്‍ ലെവലില്‍ ഒരു സ്റ്റെപ്പ് കൂടി കയറി നോക്കാമെന്നാണ് ആഗ്രഹം. ഒറ്റയടിക്ക് ചാടിയാല്‍ ഒരു പക്ഷേ വീണ് നടുവൊടിയാന്‍ സാധ്യതയുണ്ട്. ചെറിയ ചെറിയ സ്റ്റെപ്പുകളായി നമുക്ക് ട്രൈ ചെയ്യാം എന്നാണ് തോന്നല്‍.

ഇന്ത്യന്‍ സിനിമ ശ്രദ്ധിച്ചാലറിയാം സംവിധായകരെല്ലാം ക്രാഫ്റ്റ്മാന്‍ഷിപ്പിന്റെ ഉയര്‍ച്ച അനുഭവപ്പെടുന്ന ഘട്ടത്തില്‍ കോംപ്രമൈസുകള്‍ വേണ്ടെന്ന് തീരുമാനിച്ച് സ്വന്തം പ്രൊഡക്ഷനില്‍ സിനിമ ചെയ്യുക എന്ന നിലയിലേക്ക് മാറുന്നുണ്ട്. ശ്യാമുമായി ചേര്‍ന്ന് വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്ന കമ്പനി ഉണ്ടാക്കിയത് അങ്ങനെയാണ്‌.

Q

സ്വതന്ത്രമായി സിനിമ ചെയ്യുക എന്ന ആശയത്തിലാണോ അതോ മനസ്സില്‍ക്കാണുന്ന നല്ല സിനിമ ചെയ്യാന്‍ ചുറ്റുമുള്ളവരെക്കൂടി ഉള്‍പ്പെടുത്തുകയാണോ ലക്ഷ്യം ?

A

രണ്ടും അതില്‍ സംഭവിക്കുന്നുണ്ട്. കുമ്പളങ്ങി നൈറ്റ്സ് പോലൊരു സിനിമ വന്നപ്പോള്‍ ഞാനിത്രയേ ആലോചിച്ചുള്ളൂ. സ്വതന്ത്രമായി മഹേഷിന്റെ പ്രതികാരം പോലൊരു സിനിമ ചെയ്യാന്‍ പറ്റിയതില്‍ അതിന്റെ നിര്‍മ്മാതാവിന് വലിയ പങ്കുണ്ട്. ഒരു പ്രൊഡ്യൂസറുടെ ഭാഗത്തുനിന്ന്  തുടക്കക്കാരനായൊരു സംവിധായകന് വലിയ പിന്‍തുണയുടെ ആവശ്യമുണ്ട.  എനിക്ക് യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളും മഹേഷിന്റെ നിര്‍മ്മാതാവിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല. എന്നെ വിശ്വസിക്കുന്നൊരു പ്രൊഡ്യൂസറായതുകൊണ്ടാണ് അത് സാധ്യമായത്. എനിക്ക് വേണ്ടി് അങ്ങനെയൊരു പടം ഒരാള്‍ ചെയ്തുതന്നപ്പോള്‍, എനിക്കൊരു അവസരം വരുമ്പോള്‍ എന്റെ കൂടെയുള്ളവര്‍ക്ക് വേണ്ടി അതുപോലൊരു പ്രൊഡ്യൂസറാകാന്‍ എനിക്കും പറ്റണമല്ലോ.  അങ്ങനെയൊരു ആഗ്രഹം എനിക്കുമുണ്ടായിരുന്നു. ക്രാഫ്റ്റുണ്ടെന്ന് എനിക്ക് വിശ്വാസമുള്ള ഒരു പുതിയ സംവിധായകന്റെ കൂടെ ശക്തമായി നില്‍ക്കാന്‍ സാധിക്കുന്ന ഒരു പ്രൊഡ്യൂസറായി മാറുകയെന്നത് പ്രധാനമാണ്. അങ്ങനെയാണ് കുമ്പളങ്ങിയുടെ നിര്‍മ്മാണത്തില്‍ പങ്കാളിയാകുന്നത്. ആദ്യമായി നിര്‍മ്മിച്ച സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ്. നിര്‍മ്മാണത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ പുതിയ ഒരു ഡയറക്ടര്‍ക്കുള്ളൊരു സ്പേസ് ആയി അതുമാറണമെന്ന് ആഗ്രഹിച്ചിരുന്നു.  നാലഞ്ച് വര്‍ഷത്തിന് ശേഷം ഇതെല്ലാം നിര്‍ത്തിയിട്ട് സ്വാതന്ത്ര്യമുള്ള, കച്ചവട സിനിമയുടെ ബാധ്യതകളൊന്നുമില്ലാത്ത നാട്ടുകാരോട് സമാധാനം പറയേണ്ടാത്ത കുറച്ച് സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹമാണ് ഇങ്ങനെ പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങാന്‍ പ്രേരിപ്പിക്കുന്നത്.  അത് ശരിയായി പോവുകയാണെങ്കില്‍ എല്ലാം സാധ്യമാകും. ഇതെല്ലാം ശ്രമങ്ങളാണ്. ഈ രണ്ട് കാര്യങ്ങളും അതില്‍ ഘടകമായിട്ടുണ്ട്. എന്റെ കൂടെയുള്ള ഒരാള്‍ക്ക് വേണ്ടിയിട്ടോ അല്ലെങ്കില്‍ പൂര്‍ണ്ണമായിട്ടും എന്റെയൊരു എക്സ്പിരിമെന്റല്‍ സിനിമയോ ആയിരിക്കും നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. എനിക്ക് വേണ്ടി കച്ചവട സിനിമ പ്രൊഡ്യൂസ് ചെയ്യാന്‍ എനിക്ക് താല്‍പ്പര്യമില്ല.

എനിക്ക് കുറച്ച് താടീം മുടിയുമൊക്കെയുണ്ട്. നിനക്ക് പണിയൊന്നും അറിയത്തില്ലെങ്കിലും ഒരു ഡയറക്ടറുടെ ലുക്കുള്ളതുകൊണ്ട് നമുക്ക് ഏതെങ്കിലും പ്രൊഡ്യൂസറെ പറ്റിക്കാന്‍ എളുപ്പമാണെന്ന് ശ്യാം പറയുമായിരുന്നു
Q

ദിലീഷ് എന്ന അഭിനേതാവ് സംവിധായകന് മുന്‍പേ എത്തിയിട്ടുണ്ട്. സാള്‍ട്ട് ആന്റ് പെപ്പര്‍ മുതലാണ് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലെത്തിയത്. സംവിധായകന്‍ എന്ന നിലയിലുള്ള തെരഞ്ഞെടുപ്പില്‍ നിന്ന് എത്രമാത്രം വിഭിന്നമാണ് അഭിനേതാവ് എന്ന നിലയിലുള്ള തെരഞ്ഞെടുപ്പ് ?

A

കാലഘട്ടം എനിക്കൊരു പ്രശ്നമാണ്. എന്നെ സംബന്ധിച്ചിടത്തോളം, സംവിധായകനാകാന്‍ വേണ്ടി ഞാന്‍ എന്തും ചെയ്യാന്‍ തയ്യാറായിരുന്നു എന്നാല്‍ അഭിനയിക്കാന്‍ വേണ്ടി ആഗ്രഹിക്കുകയോ ശ്രമിക്കുകയോ ഒന്നും ചെയ്തിട്ടില്ല. വളരെ യാദൃശ്ചികമായിട്ടാണ് സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നത്. സിനിമയിലൊക്കെ എത്തുന്നതിന് മുന്‍പ് ഞാനും ശ്യാമുമൊക്കെ ഒരുമിച്ചായിരുന്നു താമസം. സിനിമയ്ക്ക് വേണ്ടി ട്രൈ ചെയ്യുന്ന കാലമാണ്., എനിക്ക് കുറച്ച് താടീം മുടിയുമൊക്കെയുണ്ട്. നിനക്ക് പണിയൊന്നും അറിയത്തില്ലെങ്കിലും ഒരു ഡയറക്ടറുടെ ലുക്കുള്ളതുകൊണ്ട് നമുക്ക് ഏതെങ്കിലും പ്രൊഡ്യൂസറെ പറ്റിക്കാന്‍ എളുപ്പമാണെന്ന് ശ്യാം പറയുമായിരുന്നു. മലയാളത്തിലെ കണ്‍വെന്‍ഷല്‍ ഡയറക്ടര്‍മാരുടെ പൊതുലുക്കിനോടടുത്താണ് എന്റെ ലുക്കെന്ന ചര്‍ച്ച ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അങ്ങനെയൊരു ലുക്കുള്ളതുകൊണ്ടാണ് സാള്‍ട്ട് ആന്റ് പെപ്പറില്‍ ആ വേഷത്തില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. കാലടി യൂണിവേഴ്‌സിറ്റിയില്‍ നാടകം പഠിക്കാന്‍ പോകുന്ന കാലത്ത് അതിനൊന്നുമുള്ള ധൈര്യം ഉണ്ടായിരുന്ന ആളായിരുന്നില്ല. അവിടെയെത്തിയപ്പോഴാണ് അഭിനയിക്കുകയൊക്കെ വേണമെന്നറിഞ്ഞത്. അവിടെയെന്നെ നിര്‍ബന്ധിച്ച് അഭിനയിപ്പിക്കുകയൊക്കെ ചെയ്യുമായിരുന്നു. അങ്ങനെയാണ് സ്റ്റേജിലൊക്കെ കേറുന്നത്. യാദൃശ്ചികമായിട്ടാണ് ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയത്. സാള്‍ട്ട് ആന്റ് പെപ്പര്‍ ഹിറ്റായി. പിന്നേം ആള്‍ക്കാര് അഭിനയിക്കാന്‍ വിളിച്ചു. എന്നെ സംബന്ധിച്ചിടത്തോളം സിനിമേല് അഭിനയിക്കാന്‍ പോയാല്‍ പൈസ കിട്ടും. സത്യം പറഞ്ഞാല്‍ ആദ്യ കാലത്ത് പൈസമാത്രമായിരുന്നു അഭനയിക്കുന്നതിലെ എന്റെ അട്രാക്ഷന്‍. എനിക്ക് ഒരു ദിവസം പതിനായിരം രൂപ കിട്ടുന്ന വേറൊരു പണിയും അന്നില്ല. അഭിനയിക്കാന്‍ പോയാല്‍ മാത്രമാണ് ഒരു ദിവസം എനിക്ക് പതിനായിരം രൂപ കിട്ടുന്നത്. 5 ദിവസം വര്‍ക്കുണ്ടെങ്കില്‍ അന്‍പതിനായിരം രൂപ കിട്ടും. അസിസ്റ്റന്റ് ഡയറക്ടറായിട്ട് ഒരു വര്‍ഷമൊക്കെ വര്‍ക്ക് ചെയ്യുമ്പോഴാണ് ഈ പറഞ്ഞ തുക കിട്ടുന്നത്. ആ കാലഘട്ടത്തില്‍ അങ്ങനെയൊരു വരുമാനമാര്‍ഗം ഉണ്ടായതുകൊണ്ടാണ് പിടിച്ചുനില്‍ക്കാന്‍ പറ്റിയത്.  ഇന്‍കം സോഴ്‌സ് മാത്രമായിട്ടാണ് ഞാന്‍ ആക്ടിംഗിനെ കണ്ടിരുന്നത്. കുറച്ചുകാലം മുന്‍പുവരെ  അതിനപ്പുറത്തേക്ക് എനിക്ക് ഒരു കമിറ്റ്‌മെന്റും ഉണ്ടായിരുന്നില്ല. ആള്‍ക്കാരിങ്ങനെ വിളിക്കുന്നു, ഞാന്‍ പോകുന്നു, കാശുമേടിക്കുന്നു പോരുന്നു. ഇങ്ങനെയായിരുന്നു നടന്നുപോന്നിരുന്നത്. സത്യത്തില്‍ എനിക്ക് അഭിനയത്തില്‍ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നുമില്ല. പക്ഷേ ചില കഥാപാത്രങ്ങള്‍ സ്വീകരിക്കപ്പെട്ടപ്പോള്‍ ചില വിജയങ്ങള്‍ ഉണ്ടായപ്പോള്‍ അവസരങ്ങളുണ്ടായി. ഈമയൗവിലൊക്കെ എത്തുന്നതിന് മുന്‍പ് ഞാന്‍ കുറച്ച് സീരിയസ്സായി. കുറച്ച് കഥാപാത്രങ്ങളൊക്കെ അംഗീകരിക്ക്‌പ്പെട്ട് വന്നപ്പോ, നമുക്ക് കുറച്ച് ഡാര്‍ക്കടിക്കുമല്ലോ, ഒരു കുറ്റബോധം ഉള്ളില്‍നിന്ന് വരുമല്ലോ, ആള്‍ക്കാര് പൈസയും തരുന്നു, നമ്മള്‍ അഭിനയിക്കുന്നത് നന്നായി വരുന്നുമുണ്ട്. അപ്പോള്‍ അതിനെ ആത്മാര്‍ത്ഥമായി സമീപിക്കണമല്ലോ, ഞാന്‍ ഈ പ്രൊഫഷനോട് കാര്യമായിട്ട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നില്ല എന്നെനിക്ക് തോന്നിയിരുന്നു. അതിനുവേണ്ടി ശ്രമിക്കുന്നില്ല, അതിനുവേണ്ടി എഫേര്‍ട്ട് എടുക്കുന്നില്ല, അങ്ങനെയൊക്കെ തോന്നലുണ്ടായിരുന്നു. പക്ഷേ ഇപ്പം ഞാനതിനെ കുറച്ച് സീരിയസായി കാണാന്‍ ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ നല്ല കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിക്കാറുണ്ട്. അത് ഏറ്റവും നന്നായി വര്‍ക്കൗട്ട് ചെയ്യാന്‍ ശ്രമിക്കാറുണ്ട്.  കുറച്ച് സിനിമകള്‍ ചെയ്തത് സാമ്പത്തിക ലക്ഷ്യംവെച്ച് മാത്രമായിരുന്നു. അന്ന് ഞാന്‍ ചെയ്തത് തെറ്റായിരിക്കാം. അത് തിരുത്തുകയാണ്.

ദിലീഷുമായുള്ള സംഭാഷണം ഇവിടെ കേള്‍ക്കാം

Q

ആക്ടര്‍ എന്ന പ്രോസസ്സിംഗ് കൂടി അതിലുണ്ട് ?

A


സംവിധായകനെന്ന നിലയില്‍, ആക്ടറായിരുന്നത് വളരെ സ്വാധീനിച്ചിട്ടുണ്ട്. അത് വളരെ സത്യമാണ്. നമ്മള്‍ എത്ര ഹൈഡ് ചെയ്താലും അഭിനയിക്കുന്ന ആളുടെ ഉള്ളിലുള്ള കാര്യം അയാളുടെ കണ്ണിലുണ്ടാകും. സെറ്റുകളില്‍ ചിലര്‍ വന്ന് അഭിനയിക്കുമ്പോ, അളിയാ ഇവന്‍ അഭിനയിച്ച് കൊളമാക്കുകയാണല്ലോ, എന്ത് ചെയ്യും. എന്നൊക്കെ ആലോചിക്കും. അപ്പോ ആദ്യം ചെയ്യുന്ന പരിപാടി കൂളിംഗ് ഗ്ലാസ് വേണ്ടാത്ത സീനാണെങ്കിലും അവര്‍ക്ക് കൂളിങ് ഗ്ലാസ് കൊടുക്കും. ഗ്ലാസ് വെച്ച് കഴിഞ്ഞാല്‍ പിന്നെ അയാളുടെ കണ്ണില്‍ വരുന്നത് എന്താണെന്ന് അറിയില്ല. അയാളുടെ എനര്‍ജി എന്താണെന്നും അറിയാന്‍ പറ്റില്ല. പിന്നെ അവന്‍ ഡയലോഗ് പറഞ്ഞാല്‍ മതി. ഇത്രേയുള്ളു കാര്യം. കണ്ണ് കണ്ടാല്‍ നമ്മള്‍ പിടിക്കപ്പെടും. അതുകൊണ്ടാണ് ഗ്യാംങ്‌സ്റ്റേര്‍സ് ഒക്കെ കൂളിങ് ഗ്ലാസ് വെയ്ക്കുന്നത്. ആക്ടര്‍ വരുമ്പോ അയാള്‍ക്ക് കോണ്‍ഫിഡന്‍സ് കുറവുണ്ടാകും. ഞാന്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ എനിക്ക് ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. എനിക്ക് കംഫര്‍ട്ട് ആയി അഭിനയിക്കുന്നതിന് കുറച്ച് തടസ്സങ്ങള്‍ തോന്നിയിരുന്നു. ഡയറക്ടര്‍ സിറ്റ്വേഷന്‍ വിവരിക്കുന്നതിലൊക്കെ, അപ്പോ ഇങ്ങനെയായിരുന്നെങ്കില്‍ എത്ര നന്നായേനെയെന്ന് നമുക്ക് തോന്നും. അഭിനയിക്കുന്നതുകൊണ്ടാണ് എനിക്ക് അത് ഫീല്‍ ചെയ്യുന്നത്. അത് ഞാന്‍ എക്‌സ്പീരിയന്‍സ് ആയി എടുക്കുകയും പിന്നെ ഡയറക്ടറായി വന്നപ്പോള്‍ അഭിനേതാക്കളെ ഹാന്‍ഡില്‍ ചെയ്യുന്നതില്‍ ഈ എക്‌സ്പീരിയന്‍സ് ഞാന്‍ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.

Summary

കാലടി സര്‍വകലാശാല ജനപ്രിയ സംസ്‌കാരം, പാഠം, വ്യവഹാരം, പ്രതിനിധാനം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ നടന്ന സംഭാഷണം,2019 ജനുവരി മൂന്നിനായിരുന്നു പരിപാടി

Related Stories

No stories found.
logo
The Cue
www.thecue.in