വിജയമുലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ചെലവൂര്‍ വേണുവിന്

വിജയമുലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ചെലവൂര്‍ വേണുവിന്

ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ രണ്ടാമത് വിജയമുലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ചെലവൂര്‍ വേണുവിന് ലഭിച്ചു. ചലച്ചിത്ര മേഖലയില്‍ അദ്ദേഹം നടത്തിപോരുന്ന ക്രിയാത്മകവും സമഗ്രവുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നത്.

ഗ്രാമ നഗര ഭേദമന്യേ കേരളത്തിൽ 70കളിലും 80കളിലുമായി രൂപംകൊണ്ട നിരവധി ഫിലിം സൊസൈറ്റികളുടെ പിന്നിലെ ശക്തി സ്രോതസ്സായ ചെലവൂർ വേണു കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലെ പ്രധാനിയാണ് . കോഴിക്കോട്ടെ പ്രശസ്തമായ അശ്വനി ഫിലിം സൊസൈറ്റി സ്ഥാപിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ചെലവൂർ വേണു കേരളത്തിലെ ചലച്ചിത്രാസ്വാദന സംസ്‌ക്കാരത്തില്‍ കലാമൂല്യമുള്ള നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കാനും മികവുറ്റ പ്രേക്ഷകസമൂഹത്തെ വാര്‍ത്തെടുക്കാനുമുള്ള പരിശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ് .

ചെലവൂർ വേണു ആരംഭിച്ച 'സൈക്കോ' എന്ന മനഃശാസ്ത്ര മാസികയാണ് സാധാരണ മലയാളികൾക്ക് മനസ്സിന്റെയും ശരീരത്തിന്റെയും പ്രാഥമിക അറിവുകൾ സ്വായത്തമാക്കാൻ അവസരമൊരുക്കിയത് .ചെലവൂർ വേണു തുടങ്ങി വെച്ച സ്പോർട്സ് മാഗസിനായ 'സ്റ്റേഡിയം' വും വായനക്കാരെ ഏറെ ആകർഷിച്ചു . എഴുപതുകളിലെ രാഷ്ട്രീയ കാലാവസ്ഥയെ അടയാളപ്പെടുത്തിയ പൊളിറ്റിക്കല്‍ വീക്കിലി 'സര്‍ച്ച് ലൈറ്റ്' അദ്ദേഹത്തിന്റെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെ മറ്റൊരു മുഖമുദ്രയായിരുന്നു. ഇപ്പോള്‍ ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡണ്ടാണ്. സംഘടനയുടെ മുഖമാസികയായ 'ദൃശ്യതാളം' എന്ന ചലച്ചിത്ര പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററുമാണ്.

ശശികുമാര്‍ ചെയര്‍മാനും, എഫ്. എഫ്. എസ്. ഐ. സെക്രട്ടറി വി.കെ. ജോസഫ്, ഫിലിം മേക്കറും ഐ.എഫ്.എഫ്.ടി. ഡയറക്ടറേറ്റ് മെമ്പറുമായ ഡോ. കെ. ഗോപിനാഥന്‍ അംഗങ്ങളുമായുള്ള ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

Related Stories

No stories found.
logo
The Cue
www.thecue.in