ഫ്ലാഷ് ഫിക്ഷന്‍ : ചെറിയ കാന്‍വാസിലെ വലിയ ലോകങ്ങള്‍

ഫ്ലാഷ് ഫിക്ഷന്‍ : ചെറിയ 
കാന്‍വാസിലെ വലിയ ലോകങ്ങള്‍

ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തിലെ ശ്രദ്ധേയമായ മലയാളി സാന്നിധ്യമാണ് എഴുത്തുകാരനും വിവർത്തകനുമായ ജോസ് വര്‍ഗീസ്‌. കഥ, കവിത എന്നിവയിലൂടെ അന്താരാഷ്‌ട്രതലത്തിൽ വേരുറപ്പിച്ച അദേഹം ഫ്ലാഷ് ഫിക്ഷൻ എന്ന എഴുത്തുരൂപത്തെ വായനക്കാരിലേക്ക് എത്തിക്കുന്നതിൽ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. ഈ മേഖലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സ്ട്രാന്‍ഡ്സ് ഇന്റെര്‍നാഷണൽ ഫ്ലാഷ് ഫിക്ഷൻ മത്സരത്തിന്‍റെ വിധികര്‍ത്താവും സ്ട്രാന്‍ഡ്സ് പബ്ലിഷേഴ്സിന്‍റെ എഡിറ്ററുമാണ് അദ്ദേഹം. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ ലേയ്ക്ക്-വ്യൂ മാഗസിന്‍റെ സ്ഥാപകനും എഡിറ്ററുമായ അദ്ദേഹത്തിന്‍റെ എഴുത്ത് 2019 –ലെ ‘ബെസ്റ്റ് ഏഷ്യന്‍ ഷോർട്ട് സ്റ്റോറി ആന്തോളജി’ക്ക് പുറമേ നിരവധി അന്താരാഷ്‌ട്ര ആനുകാലികങ്ങളിലും ഉള്‍പെടുത്തിയിട്ടുണ്ട്. ‘Silver Painted Gandhi and Other Poems’ (കവിതാസമാഹാരം), ‘In/Sane’ (കഥാസമാഹാരം – ബെവര്‍ലി ഇന്റെര്‍നാഷണൽ പ്രൈസ് ഫൈനലിസ്റ്റ്) എന്നിവയാണ് പ്രധാന രചനകൾ. ലണ്ടന്‍ ഇന്‍ഡിപ്പെന്‍ഡന്റ് സ്റ്റോറി പ്രൈസ് ഫൈനലിസ്റ്റ്, റിവർ മ്യൂസ് സ്പ്രിംഗ് പോയട്രി പ്രൈസ് വിജയി, സാള്‍ട്ട് ഫ്ലാഷ് ഫിക്ഷൻ പ്രൈസ് (റണ്ണർ അപ്), അവർ ഗ്ലാസ് ഷോര്‍ട്ട് സ്റ്റോറി പ്രൈസ് ഫൈനലിസ്റ്റ് എന്നീ സ്ഥാനങ്ങൾ നേടിയിട്ടുള്ള അദ്ദേഹം തന്റെ എഴുത്തുവഴികളെക്കുറിച്ച് സംസാരിക്കുകയാണ് ഈ അഭിമുഖത്തിൽ.

Q

2019-ലെ ബെസ്റ്റ് ഏഷ്യൻ ഷോർട്ട് സ്റ്റോറീസ് ആന്തോളജിയിലേക്ക് താങ്കളുടെ കഥ ‘വാട്ട് സ്പ്രൌട്ട്‍സ് ഹിയർ ദീസ് ഡേയ്‌സ്’ തിരഞ്ഞെടുക്കപ്പെട്ടല്ലോ; കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തിൽപോലും പ്രതീക്ഷയുടെ നുറുങ്ങുവെട്ടം ബാക്കിവെക്കുന്ന ഈ കഥ ഉരുത്തിരിഞ്ഞ സാഹചര്യത്തെക്കുറിച്ച് പറയാമോ?

A

ഈ ആന്തോളജിയുടെ എഡിറ്ററായ ജോർഡേനിയൻ എഴുത്തുകാരൻ ഹിഷാം ബുസ്താനി ആഖ്യാനത്തിലെ പരീക്ഷണങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കുന്ന കഥകള്‍ക്കായിരുന്നു തിരഞ്ഞെടുപ്പിൽ പ്രാധാന്യം നല്‍കിയത്. ഓര്‍മ്മകളും ഭാവനയും യാഥാര്‍ത്ഥ്യവും കൂടിക്കലരുന്ന ആഖ്യാനരീതിയുള്ള ഒരു കഥ അതിന് അനുയോജ്യമായേക്കുമെന്ന് തോന്നി അയച്ചുകൊടുക്കുകയായിരുന്നു.

2016 - ൽ എന്‍റെ കശ്മീരി സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും നേരിടേണ്ടി വന്ന ചില പ്രതിസന്ധികൾ അവർ എന്നോട് പങ്കിട്ടതും അടുത്ത തലമുറയെപ്പറ്റിയുള്ള അവരുടെ ആശങ്കകൾ എന്നെയും അസ്വസ്ഥനാക്കിയതുമാണ് ഈ കഥയുടെ തുടക്കം എന്ന് പറയാം. നമ്മുടെ രാജ്യത്തെ ചില പ്രദേശങ്ങളിൽ നടക്കുന്ന സാമൂഹ്യപ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സ്റ്റേറ്റിന്‍റെ ഭാഗത്തുനിന്നും പൊതുസമൂഹത്തോടുള്ള അനുഭാവപൂര്‍ണ്ണമല്ലാത്ത നിലപാടുകള്‍ക്കുനേരേ നാം സൌകര്യപൂര്‍വ്വം കണ്ണടയ്ക്കുന്നു. അവിടെ സാധാരണ ജനങ്ങള്‍ക്കു നേരേ നടക്കുന്ന അതിക്രമങ്ങൾ പോലും നമ്മുടെ ചര്‍ച്ചകളെ ചൂടുപിടിപ്പിക്കാറില്ല. ഈ സാഹചര്യത്തിൽ നടന്ന ഒരു സംഭവമാണ് ‘What Sprouts Here These Days’ എന്ന കഥയിലേയ്ക്ക് എന്നെ നയിച്ചത്. വളരെക്കാലം നീണ്ടുനിന്ന പ്രക്ഷോഭത്തിനും മിലിട്ടറി ഇടപെടലിനും ശേഷം ഭാഗികമായ കര്‍ഫ്യൂ നിലനില്‍ക്കുന്ന ഒരു പ്രദേശത്ത്‌ ഒരു നാലുവയസ്സുകാരൻ വീട്ടുകാരറിയാതെ അവന്‍റെ സൈക്കിളിൽ പുറത്തുപോകുന്നു. കുറെയധികം നേരം അവന്‍റെ വിവരം ഒന്നും ലഭിക്കാതെ വീട്ടുകാർ അനുഭവിക്കുന്ന മാനസികസംഘര്‍ഷവും വീടിനുപുറത്തെ അപകടംനിറഞ്ഞ അന്തരീക്ഷവും രണ്ടു പ്രധാനകഥാപാത്രങ്ങളുടെ (കുട്ടിയുടെയും അവന്‍റെ അച്ഛന്‍റെയും) വീക്ഷണകോണുകളിലൂടെ പറയാനുള്ള ശ്രമമാണ് ഈ കഥ. അതോടൊപ്പം ചരിത്രപരമായി പലപ്പോഴും മനുഷ്യരെ തെറ്റായി രേഖപ്പെടുത്തുന്നതിന് അവർ ജനിച്ച സ്ഥലം മാത്രം കാരണമാകുന്നത് മൂന്ന് തലമുറകളില്‍നിന്നുള്ള കഥാപാത്രങ്ങളുടെ തിക്താനുഭവങ്ങളിലൂടെ കാട്ടിത്തരാനും ഒരു ശ്രമമുണ്ട്. അപ്രധാനകഥാപാത്രങ്ങളും അവർ നല്‍കുന്ന സൂചനകളും ഇതിന് പല വീക്ഷണകോണുകളിലൂടെയുള്ള വായനകളും സാധ്യമാക്കിയേക്കാം.

Q

ഈ കഥയിൽ ഒരു കുട്ടിയുടെ വീക്ഷണത്തിലൂടെ ചില സംഭവങ്ങൾ വിവരിക്കാന്‍ ശ്രമിച്ചതിന്റെ കാരണമെന്താണ്?

A

മനുഷ്യാവകാശധ്വംസനം ചെറിയ കുട്ടികളുടെ മനസ്സിലേല്‍പ്പിക്കുന്ന മുറിവുകൾ മനസ്സിലാക്കാനോ രേഖപ്പെടുത്താനോ ഏതെങ്കിലും സങ്കേതം നാം ഉപയോഗിക്കാറുണ്ടോ എന്ന ചോദ്യം എന്നെ ഏറെ അലട്ടിയിരുന്നു. സാമൂഹ്യപ്രതിസന്ധികളിലൂടെ കടന്നുപോകുന്ന മുതിര്‍ന്നവർ അവരുടെ മാനസികസമ്മര്‍ദ്ദം കുട്ടികളുടെ മുന്‍പിൽ പ്രകടിപ്പിക്കേണ്ടിവരുന്നത് വലിയ ആശയക്കുഴപ്പങ്ങള്‍ക്കാണ് വഴിതെളിക്കുക. സഞ്ചാരസ്വാതന്ത്ര്യമോ സ്കൂള്‍പഠനമോ കളികളോ ഒക്കെ നിഷേധിക്കപ്പെടുമ്പോൾ അതിന്‍റെ ശരിയായ കാരണം മനസ്സിലാക്കാനാവാത്ത വളരെ ചെറിയ കുട്ടികളുടെ കണ്ണിൽ അവരുടെ കുടുംബാംഗങ്ങളും താല്‍ക്കാലികമായെങ്കിലും ശത്രുക്കളാകുന്നു. വീടുതന്നെ ഒരു കാരാഗൃഹമാകേണ്ടിവരുന്ന അവസ്ഥയിൽ മുതിര്‍ന്നവര്‍ക്ക് അവരുടെ അധികാരപരിധിക്കപ്പുറമുള്ള അതിസങ്കീര്‍ണ്ണമായ കാര്യങ്ങൾ കുട്ടികളെ പറഞ്ഞുമനസ്സിലാക്കുക അസാധ്യമാണ്‌. മറ്റുപ്രദേശങ്ങളിലെ മുതിര്‍ന്നവർ പോലും മനസ്സിലാക്കാൻ ശ്രമിക്കാത്ത കാര്യങ്ങൾ നാലോ അഞ്ചോ വയസ്സുള്ള കുട്ടികളിലേയ്ക്ക് എങ്ങനെ എത്തിക്കാനാണ്?

വളരെക്കാലം നീണ്ടുനിൽക്കുന്ന ഹിംസാത്മകമായ കാഴ്ചകളിലൂടെയും ശബ്ദങ്ങളിലൂടെയും ഉരുത്തിരിയുന്ന ഭീതിയുടെയും സംഘർഷത്തിന്‍റെയും ദൈനംദിനപദാവലിയിൽ നിന്ന് ഈ കുട്ടികളെ സംരക്ഷിക്കാനാവാത്തത് ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ പരാജയമായി വേണം കാണാന്‍. സ്റ്റേറ്റ് നടപടികൾ ശിക്ഷാരീതികളായി മാറുന്നതും രാഷ്ട്ര/രാഷ്ട്രീയ സങ്കല്പങ്ങൾ എന്തെന്നുപോലും അറിയാത്ത പ്രായത്തിലെ കുട്ടികൾ അചിന്തനീയമായ ഹിംസയ്ക്ക് ഇരകളാകുന്നതും ഒരിക്കലും അനുവദിക്കാൻ പാടില്ലാത്തതാണ്‌. നാളെ ചരിത്രം യാദൃശ്ചികനഷ്ടങ്ങളുടെ കൂട്ടത്തിൽ എഴുതിത്തള്ളേണ്ടതല്ല എവിടുത്തെയും കുട്ടികൾ. അതിനു വിരുദ്ധമായ സാഹചര്യങ്ങൾ നിലനില്‍ക്കുന്ന ഒരിടമായി ഇന്ത്യയും മാറിയിരിക്കുന്നു എന്ന തിരിച്ചറിവ് നല്‍കിയ അസ്വസ്ഥതയാണ് ഒരു കുട്ടിയുടെ കണ്ണുകളിലൂടെ ചില കാര്യങ്ങൾ കാണാനുള്ള ശ്രമത്തിനു പിന്നിൽ.

Q

‘വാട്ട് സ്പ്രൌട്ട്‍സ് ഹിയർ ദീസ് ഡേയ്‌സി'ലും 'സൈലന്‍റ് വുമണി'ലും ആഖ്യാനതന്ത്രം ഫാന്റസിയാണ്. 'ലിമിനൽ സ്‌പെയ്‌സി'നെ ആഖ്യാനത്തിൽ കൊണ്ടുവരുമ്പോഴുണ്ടാകുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്?

A

ഫാന്റസി എന്നതിനേക്കാൾ പ്രത്യേക മാനസികാവസ്ഥകളിലൂടെ യാഥാര്‍ത്ഥ്യത്തെ സമീപിക്കുന്ന കഥാപാത്രങ്ങളുടെ ലോകവീക്ഷണമാവാം ഇവയിൽ പ്രാധാന്യമര്‍ഹിക്കുന്നത്. ‘In/Sane’ എന്ന താല്‍ക്കാലികശീര്‍ഷകത്തിൽ രൂപപ്പെടുത്തിയ എന്‍റെ കഥാസമാഹാരത്തിന്‍റെ ഭാഗമാണ് ഈ രണ്ടു കഥകളും. പല പ്രദേശങ്ങളിൽ വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരാണ് ഇതിലെ ഇരുപതോളം കഥകളിലെങ്കിലും അവ ഓരോന്നിലും അധികാരവ്യവസ്ഥകളുടെ അടിച്ചമര്‍ത്തലിൽ നിസ്സഹായത അനുഭവിക്കുന്ന മുഖ്യമോ താരതമ്യേന അപ്രസക്തമോ ആയ ഒരു കഥാപാത്രം ഉണ്ടാകും. കടുത്ത മാനസികാഘാതം അതിജീവിക്കാൻ അവരെടുക്കുന്ന ചില തീരുമാനങ്ങളുടെ ഭാഗമാണ് അവരെ ഉന്മാദികളാക്കുന്നത്. വിചിത്രമെന്നു തോന്നിയേക്കാവുന്ന അവരുടെ ആന്തരികജീവിതം സത്യത്തിൽ അസംബന്ധങ്ങൾ നിറഞ്ഞ ചുറ്റുപാടുകളിൽ സ്വന്തം നിലനില്‍പ്പിനും മറ്റുള്ളവരെ രക്ഷിക്കാനുമുള്ള അവസാനശ്രമങ്ങളാണ്. ആ അര്‍ത്ഥത്തിൽ ലിമിനൽ സ്പേയ്സ് ഇതിലെ എല്ലാ കഥകളുടെയും ഭാഗമാവുന്നുണ്ട്.

‘സൈലന്‍റ് വുമണി’ലെ മുഖ്യകഥാപാത്രമായ സാവിത്രി തന്‍റെ ബൌദ്ധികജീവിതത്തിന്‍റെ അനന്തസാദ്ധ്യതകൾ തിരിച്ചറിയാനും ആസ്വദിക്കാനും തുടങ്ങുന്ന ചെറിയ പ്രായത്തിൽ വ്യവസ്ഥാപിതമായ ഗാര്‍ഹികജീവിതത്തിന്‍റെ തടവറയിലേയ്ക്ക് തള്ളിയിടപ്പെടുകയാണ്. ഒരിക്കൽ സ്വതന്ത്രമായ കാഴ്ച്ചപ്പാടുകള്‍ക്ക് പ്രാപ്തയായിരുന്ന അവരുടെ ജീവിതസാക്ഷാത്കാരത്തിന്റെ വഴിയടയ്ക്കുന്നത് മതസങ്കല്പങ്ങൾ, കുടുംബം, സാമൂഹ്യപദവി മുതലായ സാംസ്കാരികനിര്‍മ്മിതികളാണ്. ഒരു പ്രതിക്ഷേധം എന്ന നിലയിൽ വിവാഹത്തിനു ശേഷം അവർ തുടങ്ങുന്ന മൌനം പിന്നീട് അവരുടെ മധ്യവയസ്സുവരെയുള്ള ജീവിതത്തിൽ മുഴുവൻ നിലനില്‍ക്കുന്നു. പുറംലോകത്തിന് നേരെ വാതിലടച്ച അവരുടെ മനസ്സിനുള്ളിൽ കടന്ന് അര്‍ത്ഥതലങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്ന മറ്റൊരു കഥാപാത്രം അവസാനഭാഗംവരെ അദൃശ്യമായി ഈ കഥയിലുണ്ട്. ചിലനേരത്തെങ്കിലും ക്രിയാത്മകമായിത്തീരുന്ന മൌനത്തിനുള്ളിൽ തിങ്ങിനിറയുന്ന കടുംനിറമുള്ള ഓര്‍മ്മകളും മരണത്തിലേയ്ക്ക് ചുവടുവെയ്ക്കുമ്പോഴും പുറമേനിന്നു നോക്കുന്നവര്‍ക്ക് കാണാനാവാത്ത തീവ്രമായ ജീവിതാഭിനിവേശവും ചുരുക്കം ചില സന്ദര്‍ഭങ്ങളിലൂടെ ഒരു അനുഭാവ്യസ്വഭാവചിത്രണമാക്കാനുള്ള ശ്രമമാണ് അയാളുടെ കഥപറച്ചിൽ.

‘What Sprouts Here These Days’ ഇത്തരം നിസ്സഹായതകൾ മാറ്റിമറിക്കുന്ന മാനസികാവസ്ഥ കാട്ടിത്തരാന്‍ ശ്രമിക്കുന്നത് ഖാലിദ്‌ എന്ന നാലുവയസ്സുകാരനിലൂടെയാണ്. അവന്‍റെ കാഴ്ചപ്പാടിൽ സ്നേഹവും കരുതലും വ്യക്തിസ്വാതന്ത്ര്യവും ലഭ്യമാകാത്ത ഒറ്റപ്പെടലിന്‍റെ നിമിഷങ്ങളിൽ ഒരു സാങ്കല്‍പ്പിക സുഹൃത്തായ ജെറി വഴികാട്ടിയാവുന്നു. കര്‍ഫ്യൂ പ്രദേശത്ത് പലതരത്തിൽ ശാരീരികമായും മാനസികമായും അടിച്ചമര്‍ത്തപ്പെടുന്ന ഖാലിദ്‌ തന്‍റെ ബാല്യത്തിന്‍റെ അവകാശങ്ങളും സ്വാതന്ത്ര്യവും ജെറിയിലൂടെ നേടാനാണ് ശ്രമിക്കുന്നത്. ഒരു കാര്‍ട്ടൂണ്‍‌ കഥാപാത്രംപോലെ ഖാലിദിന്‍റെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന ജെറി തുറന്നുകൊടുക്കുന്ന വഴി വളരെ അപകടസാധ്യതയുള്ളതാണ്. അതേസമയം ഖാലിദിന് സ്വന്തം ലോകത്തിലെ സംഭാഷണങ്ങളിലേയ്ക്കും സര്‍ഗ്ഗാത്മകതയിലേയ്ക്കുമുള്ള ഒരേയൊരു വാതിലാണ് അവന്‍റെതന്നെ സൃഷ്ടിയായ ഈ സുഹൃത്ത്.

Q

കവിതകളിലേയ്ക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു?

A

ചെറുപ്പകാലത്ത് കവിതകൾ എഴുതിയിരുന്നത് അല്‍പ്പം ഭയത്തോടെയയിരുന്നു. സ്കൂൾ /കോളേജ് തലത്തിൽ മത്സരങ്ങള്‍ക്ക് പങ്കെടുത്തിരുന്നുവെങ്കിലും അതിലെ യാന്ത്രികത സുഖമുള്ള അനുഭവമായിരുന്നില്ല. അതിനപ്പുറം സജീവമായ സാംസ്കാരിക ഇടപെടലുകള്‍ക്ക്/സംഭാഷണങ്ങള്‍ക്ക് കവിതകൾ ഒരു മാര്‍ഗ്ഗമാണ് എന്നൊന്നും ചിന്തിച്ചിരുന്നില്ല. ആ കാലത്ത് വിദ്യാലയങ്ങളിൽ സര്‍ഗ്ഗാത്മകരചന പരിപോഷിപ്പിക്കുന്നതോ അതിനായുള്ള കൂട്ടായ്മകളോ ശിബിരങ്ങളോ ക്ലാസ്സുകളോ സംഘടിപ്പിക്കുന്നതോ വിരളമായിരുന്നു. പെയിന്റിങ്, സംഗീതം, നൃത്തം എന്നിവയിൽ പഠനം, സാങ്കേതികത, അനുഭവസമ്പത്ത്, ഒക്കെ നിഷ്ക്കര്‍ഷിക്കുമ്പോഴും സര്‍ഗ്ഗാത്മകരചനയിൽ ഇവയ്ക്കുള്ള സ്ഥാനം നമ്മുടെ സമൂഹം വളരെക്കാലം അവഗണിച്ചിരുന്നു എന്നത് വിചിത്രമാണ്. ചുരുക്കം ചിലർ എല്ലാം തികഞ്ഞ എഴുത്തുകാരായി ജനിക്കുകയാണെന്നും പ്രതിസന്ധികളെയും വിമര്‍ശനങ്ങളെയും അതിജീവിച്ച് സ്വയം ഉയര്‍ന്നു വരേണ്ടവരാണവർ എന്നുമൊക്കെയുള്ള ധാരണകളായിരുന്നിരിക്കാം അതിലേയ്ക്ക് നയിച്ചത്. ആരെയും പരിശീലനത്തിലൂടെമാത്രം എഴുത്തുകാരാക്കാനാവില്ലെങ്കിലും ഇപ്പോൾ ഇത്തരം മിഥ്യാധാരണകൾ മാറിവരുന്നു.

ഞാന്‍ പഠനശേഷം നാലഞ്ചുവര്‍ഷത്തോളം അധികമൊന്നും എഴുതാതിരുന്നു. അതേസമയം സ്വതന്ത്ര ഗവേഷണതാല്‍പ്പര്യങ്ങളും അദ്ധ്യാപനവും ഒക്കെ വായനയുടെയും ലോകസിനിമകളുടെയും സംഗീതത്തിന്‍റെയും ചെറുയാത്രകളുടെയും കൂട്ടായ്മകളുടെയും ലോകം തുറന്നുതന്നു. നൂതനാശയങ്ങളും ജീവിതസന്ദര്‍ഭങ്ങളും ഹൃദയം നിറച്ച് ഉള്‍ക്കൊള്ളാനും അനുഭവിക്കാനുമായത് ഈ കാലഘട്ടത്തിലാണ്. അതോടൊപ്പം മനസ്സിനെ അസ്വസ്ഥമാക്കുന്ന കാഴ്ചകളും അറിവുകളും എന്നും പിന്തുടര്‍ന്നു. എല്ലാം തികഞ്ഞ എഴുത്തുകാർ എന്ന ഒരു വിഭാഗമില്ല എന്നും വിശേഷാവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും അപ്പുറത്താണ് കലയുടെയും സാഹിത്യത്തിന്‍റെയും ഒക്കെ ഉറവിടം എന്നും വായനയിലൂടെയും ചര്‍ച്ചകളിലൂടെയും പഠനത്തിലൂടെയും മനസ്സിലാക്കി. ഇതൊക്കെ വളരെപ്പതിയെ നയിച്ചത്, നെരൂദയുടെ വാക്കുകളിൽ പറഞ്ഞാൽ, ‘കവിത ഞാന്‍ എന്ന വ്യക്തിയെ തിരഞ്ഞുപിടിച്ചു വന്നെത്തുന്ന’ നിമിഷങ്ങളിലേയ്ക്കാണ്. അത്രത്തോളമെത്തിയപ്പോൾ ഭയം ആത്മാവിഷ്കാരത്തിന് വഴിമാറി. എഴുതിയവ മറ്റുള്ളവരെ കാണിക്കാന്‍തുടങ്ങി. ജയന്ത മഹാപത്ര എഡിറ്റ്‌ചെയ്തിരുന്ന ‘ചന്ദ്രഭാഗ’ എന്ന ജേണലിലേയ്ക്കാണ് ആദ്യമായി കവിതകൾ അയച്ചത്. അവ സ്വീകരിക്കപ്പെട്ടതിന്‍റെ അറിയിപ്പ് അദ്ദേഹത്തിന്‍റെ കൈപ്പടയിൽ ഒരു എഴുത്തായി തപാലിൽ വന്നത് കൂടുതൽ ധൈര്യം പകര്‍ന്നു.

Q

‘സിൽവർ പെയിന്റഡ് ഗാന്ധി’ക്ക് ശേഷം കവിതയിലെ സജീവമായ ഇടപെടലുകളെക്കുറിച്ച് പറയാമോ?

A

പല ജേണലുകളിലും സമാഹാരങ്ങളിലുമൊക്കെ പ്രസിദ്ധീകരിച്ചുവന്നവയുള്‍പ്പടെ 75 കവിതകൾ ഉള്‍പ്പെടുത്തിയാണ് 2008– ൽ ‘സിൽവർ പെയിന്റഡ് ഗാന്ധി’ പുറത്തിറങ്ങുന്നത്. കൊല്‍ക്കത്തയിലെ ഡോക്ടർ പി. ലാൽ നടത്തിവന്നിരുന്ന ‘റൈറ്റേഴ്സ് വര്‍ക്ക്ഷോപ്പ്’ ആണ് അത് പ്രസിദ്ധീകരിച്ചത്. 2021 ന്‍റെ തുടക്കത്തിൽ മറ്റൊരു കവിതാസമാഹാരം പുറത്തിറങ്ങിയേക്കും. ഇംഗ്ലണ്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന The Black Spring Eyewear എന്ന പ്രസാധകരുടെ ബെവര്‍ലി ഇന്റെര്‍നാഷണൽ പുരസ്ക്കാരത്തിന്‍റെ ചുരുക്കപ്പട്ടികയിൽ എന്‍റെ In/Sane എന്ന കഥാസമാഹാരത്തിന്‍റെ മാനുസ്ക്രിപ്റ്റ് എത്തിയതിനെത്തുടര്‍ന്ന് അവർ ഒരു പുസ്തകപ്രസിദ്ധീകരണത്തിനുള്ള ഓഫർ നല്‍കി. അവർ കൂടുതലും കവിതാസമാഹാരങ്ങളാണ് പ്രസിദ്ധീകരിക്കുന്നത് എന്നതിനാൽ ആ വഴിക്ക് ചിന്തിക്കുകയായിരുന്നു.

Q

കഥയും അതിന്‍റെ ചെറുരൂപമായ ഫ്ലാഷ് ഫിക്ഷനും എഴുതാറുണ്ടല്ലോ; ഏതാണ് കൂടുതൽ താത്പര്യം?

A

രണ്ടിനെയും വേര്‍തിരിച്ചു കാണാന്‍ പ്രയാസമാണ്. ഫ്ലാഷ് ഫിക്ഷന്‍ പലപ്പൊഴും ചെറിയ കഥാസന്ദര്‍ഭങ്ങൾ ഏറ്റവും നന്നായി എഴുതാനുള്ള പരിശീലനമായോ ഒരു വലിയ കഥയിലേയ്ക്ക് തുറക്കുന്ന വാതിലായോ കഥാപാത്രങ്ങളുടെ ശബ്ദം കണ്ടെത്തലായോ കഥാന്തരീക്ഷം സൂചനകളിലൂടെ നിര്‍മ്മിക്കാനുള്ള ശ്രമമായോ ഒക്കെ മാറിയേക്കാം. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഒരു പൂര്‍ണ്ണമായ കഥ പറയുക എന്ന വെല്ലുവിളിയാണ് എനിക്ക് ഫ്ലാഷ് ഫിക്ഷന്‍ നല്‍കുന്നത്. നീളം കൂടിയ കഥകളും നോവലുകളും ഒക്കെ അതില്‍നിന്നുള്ള സ്വാഭാവികപരിണാമവും വഴിപിരിയലുകളുമാണെങ്കിലും ഓരോന്നിലും ഓരോ തരം കലാത്മകതയാണ് വേണ്ടത്.

Q

സാഹിത്യം എന്ന നിലയിൽ ഫ്ലാഷ് ഫിക്ഷൻ തനതായ രൂപം കൈവരിച്ചിട്ടുണ്ടോ? ലോകസാഹിത്യത്തിൽ അതിനെ എങ്ങനെയാണ് അടയാളപ്പെടുത്തുക?

A

ഫ്ലാഷ് ഫിക്ഷൻ ഒരു പുതിയ സാഹിത്യരൂപമെന്നതിനേക്കാൾ വളരെ ചെറിയ കഥകളെ പൊതുവായി വിശേഷിപ്പിക്കാന്‍ കണ്ടെത്തിയ പുതിയൊരു പേരാണ്. പണ്ടുമുതലേ ചുരുക്കം വാക്കുകളിൽ വലിയ ആശയങ്ങളും കഥകളും പറയാൻ എഴുത്തുകാർ ശ്രമിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ ഗദ്യകവിതകളിലും കഥയുടെ അംശങ്ങൾ പ്രകടമായിരുന്നു. നൂറുമുതൽ ആയിരംവരെ വാക്കുകളാണ് പൊതുവേ ഫ്ലാഷ് ഫിക്ഷന്‍റെ പരിധി. നൂറിനുതാഴെ വാക്കുകളാകുമ്പോൾ അതിനെ ഡ്രാബ്ൾ, മൈക്രോഫിക്ഷൻ, നാനോ ഫിക്ഷന്‍, ട്വിറ്റർ ഫിക്ഷൻ എന്നൊക്കെ വിളിക്കാം.

കഥയുടെ എല്ലാ ആഖ്യാനാംശങ്ങളും ഏറിയോ കുറഞ്ഞോ ഒരു നല്ല ഫ്ലാഷിൽ ഉണ്ടാകും. എണ്ണൂറുമുതൽ ആയിരംവരെ വാക്കുകളിൽ വികസിതരൂപവും ഘടനയുമുള്ള ഒരു കഥയെഴുതാൻ വലിയ ബുദ്ധിമുട്ടില്ല. വാക്കുകളുടെ എണ്ണം കുറയുന്തോറും ധ്വനികളിലൂടെയും ബിംബങ്ങളിലൂടെയും സംവേദിക്കുക എന്നതാവും വലിയ വെല്ലുവിളി. എഡിറ്റിംഗ് ഏറ്റവും ബുദ്ധിപൂര്‍വ്വം പ്രയോഗിക്കേണ്ട അവസ്ഥയിലേയ്ക്കാണ് അത് നയിക്കുക. സ്ഥിരമായി ഇത്തരം കഥകൾ ശ്രദ്ധയോടെ വായിക്കുക എന്നത് തന്നെയാവും ഇവയുടെ രചനാരീതികൾ മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം.

ഫ്ലാഷുകളുടെ സൌന്ദര്യശാസ്ത്രം പലപ്പോഴും ചെറുകഥകളെക്കാളും ആഖ്യാനകവിതകളോടാണ് അടുത്തുനില്‍ക്കുന്നത്. എന്നാൽ ഇവ രണ്ടും ഒന്നല്ലതാനും. കഥയുടെ അംശങ്ങൾ കാവ്യഭാഷയിലോ അതിഭാവുകത്വത്തിലോ മുങ്ങിപ്പോകാന്‍ പാടില്ല. കഥയവസാനിക്കുമ്പോൾ വായനക്കാരുടെ മനസ്സിനെ കീഴടക്കുന്നത് ഒരു വിങ്ങലോ, അസ്വസ്ഥതയോ, സ്വയംകണ്ടെത്തലിന്‍റെ അപൂര്‍വ്വനിമിഷങ്ങളോ, അപൂര്‍ണ്ണമായമായ ഒരു ചിത്രം മുഴുമിപ്പിക്കാനുള്ള ബൌദ്ധികവ്യായാമമോ ഒക്കെ ആവാം. വിലകുറഞ്ഞ ട്വിസ്റ്റുകൾ, സദാചാര/ഗുണപാഠകഥകൾ, പരസ്യങ്ങളിലേതുപോലെയുള്ള തിടുക്കവും വാക്കുകള്‍കൊണ്ടുള്ള കളിയും, സംഭവങ്ങൾ തീരെയില്ലാത്ത സ്വയംഭാഷണം, ഒക്കെ കഴിവതും ഒഴിവാക്കേണ്ടതുണ്ട്. കഥയെഴുത്തിന്‍റെ പൊതുവായ ഘടകങ്ങളും ആഖ്യാനരീതികളുടെ പുതുമയും ഉള്‍പ്പെടുന്ന ഒരു പരിശീലനരീതിയാവാം ഫ്ലാഷ് ഫിക്ഷന്‍. ഇത് കഥപറച്ചിലിൽ വേറിട്ട വഴികൾ തേടുന്ന എല്ലാ എഴുത്തുകാരും അറിഞ്ഞോ അറിയാതെയോ ചെയ്യാറുണ്ട്. ആന്റണ്‍ ചെഖോവ്, ഓസ്കാർ വൈല്‍ഡ്‌, ഫ്രാന്‍സ് കാഫ്ക, ഏനെസ്റ്റ് ഹെമിംഗ്-വേ, കേറ്റ് ചോപ്പിന്‍, ജോര്‍ജ്ജ് സോണ്ടേഴ്സ് മുതലായവരുടെ കൃതികൾ പരിശോധിച്ചാൽ നമുക്കത് ധാരാളം കാണാൻ സാധിക്കും. ലിഡിയ ഡേവിസിനെപ്പോലെയുള്ളവർ അതിന് സമകാലികസാഹിത്യത്തിൽ വലിയ ഇടമാണ് നേടിക്കൊടുത്തത്.

Q

ലേയ്ക്ക്-വ്യൂ ഇന്റർനാഷണൽ മാഗസിൻ, സ്ട്രാൻഡ്സ് പബ്ലിഷേഴ്സ് തുടങ്ങിയ സംരംഭങ്ങൾ ഇതിനോടകംതന്നെ സാഹിത്യലോകത്ത് ഇടം നേടിക്കഴിഞ്ഞു. എഴുത്തിലും പ്രസാധനരംഗത്തും ഒരുപോലെ താളം കണ്ടെത്തുന്നത് എങ്ങനെയാണ്?

A

ഞാന്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ അധ്യാപകനായിരുന്ന കാലത്ത് വിദ്യാര്‍ഥികളുടെ സര്‍ഗാത്മകരചനകളുടെ പ്രസാധനസാധ്യതകൾ അന്വേഷിച്ചു നടത്തിയ യാത്രയുടെ ഒടുവിലാണ് സാഹിത്യത്തിനും കലയ്ക്കും നിരൂപണത്തിനും ഒക്കെ പ്രാധാന്യം നല്‍കുന്ന ലേയ്ക്-വ്യൂ എന്ന അന്തര്‍ദേശീയ പ്രസിദ്ധീകരണം ഉടലെടുക്കുന്നത്. രാഷ്ട്രീയസാഹചര്യങ്ങൾ വിലയിരുത്താനോ അക്കാദമിക ആവശ്യങ്ങള്‍ക്കായോ മാത്രമല്ലാതെ ഈ വിഷയങ്ങൾ പ്രതിപാദ്യമാവുന്ന മുഖ്യധാരാ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങൾ ഇന്ത്യ പോലൊരു വലിയ രാജ്യത്ത് അധികമില്ല എന്നത് അതിനൊരു കാരണമായി. കുറ്റമറ്റ ഇംഗ്ലീഷ് ചെറുകിട പ്രസാധനത്തിന്‍റെ മാതൃകകളും ഇവിടെ കുറവായിരുന്നു എന്നതിനാൽ മറ്റു രാജ്യങ്ങളിലെ എഴുത്തുകാരിൽ നിന്നും പ്രസാധകരിൽ നിന്നും ഒക്കെ ഉപദേശവും സഹായവും തേടിയിരുന്നു. കോളേജിന്‍റെ ഭാഗത്തുനിന്നുള്ള വലിയ പിന്തുണയും സാഹിത്യ/കലാപ്രേമികളായ ഒരുപറ്റം വിദ്യാര്‍ഥികളുടെ ക്രിയാത്മക സംഭാവനകളുമാണ് ലേയ്ക്-വ്യൂവിന് ഊര്‍ജ്ജമായത്. ആദ്യപതിപ്പിൽ തന്നെ ഹനിഫ് ഖുറെയ്ഷി, മീന അലക്സാണ്ടർ, ജോര്‍ജ് സിയെര്‍തെഷ്, സച്ചിദാനന്ദൻ മുതലായ എഴുത്തുകാൾ രചനകൾ നല്‍കി പ്രോത്സാഹിപ്പിച്ചു. ലണ്ടനിലെ സബോട്വർ അവാര്‍ഡുകളുടെ ബെസ്റ്റ് മാഗസിൽ വിഭാഗത്തിൽ 2013-ലെ റണ്ണറപ്പ്‌ആവാനും 2016-ലെ ലോങ്ങ്‌ ലിസ്റ്റിലെത്താനും ലേയ്ക്-വ്യൂവിനായി.

സ്ട്രാന്‍ഡ്‌സ് ഒരു സ്വതന്ത്രപ്രസിദ്ധീകരണമാണ്. കലാ/സാഹിത്യമേഖലയിൽ ആഗോളതലത്തിൽ ശ്രദ്ധനേടിയ കുറെയധികം പേരെ അതിൽ അണിനിരത്തിയിട്ടുണ്ട്. ഇപ്പോൾ സ്ട്രാന്‍ഡ്‌സ് നിലനില്‍ക്കുന്നത് ഒരു ഓണ്‍ലൈൻ മാധ്യമമായാണെങ്കിലും ഭാവിയിൽ പ്രിന്റ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പ് നടന്നുവരുന്നു. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ ചെറുകഥ, ഫ്ലാഷ് ഫിക്ഷന്‍മത്സരങ്ങളും സ്ട്രാന്‍ഡ്‌സ് നടത്തിവരുന്നു. ഈ മാര്‍ച്ചിൽ ഒറ്റപ്പെടലിന്‍റെയും അതിജീവനത്തിന്‍റെയും അനുഭവങ്ങൾ ക്രിയാത്മകമായി പ്രതിഫലിപ്പിക്കുന്ന രചനകൾ ക്ഷണിച്ചപ്പോൾ വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. അതിൽ നിന്നും തിരഞ്ഞെടുത്ത രചനകൾ ഏപ്രിൽ മുതൽ പ്രസിദ്ധീകരിക്കാന്‍തുടങ്ങി. അത് സെപ്റ്റംബർ പകുതിവരെ തുടരാനാണ് പദ്ധതി. കൂടാതെ സ്ട്രാന്‍ഡ്സ് ഫ്ലാഷ് ഫിക്ഷന്‍ മത്സരങ്ങളിൽ സമ്മാനം നേടിയ എഴുത്തുകാരെ ഉള്‍പ്പെടുത്തി അന്താരാഷ്ട്രതലത്തിലും ഇന്ത്യൻ സാമൂഹ്യ–സാംസ്ക്കാരിക പശ്ചാത്തലത്തിലും ചെറുകഥയുടെ ഏറ്റവും ചുരുങ്ങിയ കാന്‍വാസിൽ വലിയ ലോകങ്ങൾ കാട്ടിത്തരുന്ന എഴുത്തുരീതികളെപ്പറ്റി ഓണ്‍ലൈൻ സംവാദങ്ങളും വായനയും ഇപ്പോൾ നടന്നുവരുന്നു. ജംഷദ്പൂറിലെ കരിം സിറ്റി കോളേജുമായി ചേര്‍ന്നാണ് ഇവ സംഘടിപ്പിക്കുന്നത്. എന്‍റെ അനുഭവത്തിൽ ലോകത്തെവിടെയായാലും ഏതു ജോലിചെയ്യുമ്പോഴും ആശയങ്ങൾ കൈമാറാനും എഴുത്തിനും അനുയോജ്യമായ ഒരു സാഹചര്യം എപ്പോഴും കൂടെയുണ്ടാകും എന്ന ഉറപ്പാണ് ഈ പ്രസിദ്ധീകരണങ്ങള്‍ക്കായി ചിലവഴിക്കുന്ന സമയം എനിക്ക് നല്‍കുന്നത്.

Q

സ്ട്രാന്‍ഡ്സ് ഇന്റർനാഷണൽ ഫ്‌ളാഷ് ഫിക്ഷൻ മത്സരത്തെക്കുറിച്ച് കൂടുതൽ പറയാമോ?

A

വര്‍ഷത്തിൽ ആറു തവണയായി നടത്തുന്ന ഒരു കഥാമത്സരമാണിത്‌. ഫ്ലാഷ് ഫിക്ഷന്‍ വിഭാഗത്തിൽ ലഭിക്കാവുന്ന താരതമ്യേന വലിയ സമ്മാനത്തുകയാണ് ഇതിന്‍റെ പ്രത്യേകത. തുടക്കം മുതലേ ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരുടെ പങ്കാളിത്തവും പിന്തുണയും ഈ മത്സരത്തിനു ലഭിക്കുന്നുണ്ട്. ആദ്യമായി എഴുതിത്തുടങ്ങുന്നവർ മുതൽ എഴുത്തുകാരായി പേരെടുത്തവർ വരെ അണിനിരക്കുന്ന ചുരുക്കപ്പട്ടികകളും സ്ട്രാന്‍ഡ്‌സ് ലിറ്റ് സ്ഫിയർ എന്ന ഈ-സൈനിൽ പ്രസിദ്ധീകരിക്കുന്ന സമ്മാനാര്‍ഹമായ കഥകളും ഇതിനെ ശ്രദ്ധേയമായ ഒരു അന്താരാഷ്ട്രമത്സരമാക്കി മാറ്റുന്നുണ്ട്.

Q

ജേണലുകൾക്കായുളള എഡിറ്റിംഗ് ജോലികൾ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടോ?

A

സാധാരണ ഞാന്‍വായിക്കുന്ന പുസ്തകങ്ങളോടൊപ്പം എഴുത്തുകാർ പ്രസിദ്ധീകരണത്തിന് പരിഗണിക്കാനായി അയച്ചുതരുന്ന രചനകളും എനിക്ക് പ്രിയപ്പെട്ടതാണ്. പലകാരണങ്ങളാൽ വന്‍കിട/മുഖ്യധാരാ പ്രസാധകരിലൂടെ സ്വന്തംകൃതികൾ പ്രസിദ്ധീകരിക്കാനാവാത്തവര്‍ക്കും അവോങ്-ഗാർദ് രചയിതാക്കള്‍ക്കും തുടക്കക്കാര്‍ക്കുമായി ചരിത്രത്തിലെ വലിയ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലൂടെ (ലോകമഹായുദ്ധങ്ങൾ പോലെ) നിലവിൽ വന്ന ലിറ്റിൽ മാഗസിനുകളുടെയും ലിറ്റററി ജേണലുകളുടെയും തുടര്‍ച്ചയാണ് ലേയ്ക്-വ്യൂവും സ്ട്രാന്‍ഡ്‌സും. എല്ലാ വര്‍ഷവും ഇത്തരം രചനകൾ വായിക്കാനും അവയിൽ ചിലതെല്ലാം പ്രസിദ്ധീകരിക്കാനുമാവുന്നത് എന്‍റെ എഴുത്തിനെ വളരെയേറെ സ്വാധീനിക്കുന്നുണ്ട്. അതോടൊപ്പം മികവുറ്റ എഴുത്തുകാരുമായുള്ള സര്‍ഗ്ഗാത്മക ഇടപെടലുകളും വാദപ്രതിവാദങ്ങളും ഇതിലൂടെ സാധ്യമാവുന്നു. ദീര്‍ഘകാലം ഇത്തരം പ്രവര്‍ത്തനങ്ങൾ തുടരുമ്പോൾ സ്വന്തം രചനകളിലെ പോരായ്മകൾ മനസ്സിലാക്കാനും പിന്നെയത് നന്നായി എഡിറ്റ്‌ചെയ്യാനുള്ള അറിവ് നേടാനുമൊക്കെ സാധിക്കും. ഒരര്‍ത്ഥത്തിൽ നല്ല സാഹിത്യ ജേണലുകൾ എഡിറ്റ്‌ചെയ്യുന്നതിൽ നിന്ന് ലഭിക്കുന്ന അനുഭവസമ്പത്ത് അതിനെ ഒരു പാവപ്പെട്ടവരുടെ Creative Writing MFA ആക്കുന്നുണ്ട്‌.

Q

എഴുത്തുമത്സരങ്ങളിലൂടെ വളർന്നുവന്ന ഒരു തലമുറ മലയാളസമൂഹത്തിന് അന്യമല്ല; നവമാധ്യമകാലത്ത് ഇത്തരം എഴുത്തുമത്സരങ്ങൾ എത്രത്തോളം പ്രസക്തമാണ്?

A

എഴുത്തുമത്സരങ്ങൾ പലപ്പോഴും വലിയ കാര്യങ്ങളിലേയ്ക്കാണ് നയിക്കുക. സാഹിത്യവും കലയുമൊക്കെ എന്നും മത്സരങ്ങള്‍ക്കതീതമായി നിലനില്‍ക്കുന്നവയാണ്. പക്ഷെ ഇവയൊക്കെ ആസ്വാദകരിലെത്തുന്ന വഴികൾ പലപ്പോഴും ദുഷ്ക്കരമാണ്. അതിനിടയിൽ പലതരം വിലയിരുത്തലുകൾ നടക്കുന്നുണ്ട്. നമ്മുടെയൊക്കെ ആസ്വാദനം രൂപപ്പെടുന്നതിലും അത്തരം വിലയിരുത്തലുകൾ ഇടപെടുന്നുണ്ട്, നാം അത് അംഗീകരിച്ചാലും ഇല്ലെങ്കിലും. സ്കൂള്‍പാഠങ്ങൾ മുതൽ ചില പ്രത്യേകതരം എഴുത്തിനെയും കലയെയും ആസ്വദിക്കാന്‍ നമ്മുടെ മനസ്സ് രൂപപ്പെടുന്നുണ്ട്. പുസ്തകപ്രസാധനം തന്നെ ഈ കാലഘട്ടത്തിൽ പലതരം മത്സരങ്ങളുടെയും പുരസ്കാരങ്ങളുടെയും സഹായത്തോടെയാണ് നിലനിൽക്കുന്നത്. എല്ലാ പുസ്തകങ്ങളും വായിച്ച് നല്ലത് കണ്ടെത്തുക എന്നത് അസാധ്യമായതിനാൽ വായനക്കാര്‍ക്ക് പലപ്പോഴും ഒരു സൂചികയായി മാറുന്നത് പുരസ്കാരപ്പട്ടികകളും നിരൂപണങ്ങളുമാണ്. അവയിലെ രാഷ്ട്രീയശരികളും തെറ്റുകളുമൊക്കെ നമ്മുടെ വായനാസംസ്കാരത്തെ ബാധിക്കും.

എഴുത്തുകാരുടെ സ്വാഭാവികവളര്‍ച്ചയ്ക്കാകട്ടെ വലുതും ചെറുതുമായ പലതരം പ്രസിദ്ധീകരണങ്ങൾ ആവശ്യമാണ്‌. നവമാധ്യമങ്ങള്‍ക്ക് അതിൽ ഒരു നല്ല പങ്ക് വഹിക്കാനാവും. സമ്മാനാര്‍ഹമായ കൃതികള്‍ക്ക് ശ്രദ്ധേയമായൊരിടം നൽകാൻ അവയ്ക്കാകുമെന്നതിനോടൊപ്പം എല്ലാവരിലേയ്ക്കും എപ്പോൾ വേണമെങ്കിലും ഈ കൃതികൾ എത്തിക്കാനാവും എന്നതും ഒരു ഗുണമാണ്. ചില രചനകൾ അഥവാ പ്രസിദ്ധീകരണത്തിന് തിരഞ്ഞെടുക്കപ്പെടാതിരുന്നാലോ സമ്മാനങ്ങള്‍ക്ക് അർഹമാകാതിരുന്നാലോ പോലും അവയൊക്കെ അതിനായി ഒരുക്കിയെടുക്കുന്നതിൽ നിന്ന് എഴുത്തുകാര്‍ക്ക് ലഭിക്കുന്ന അനുഭവപാഠങ്ങളാണ് പ്രധാനം. രചനകൾ തിരസ്ക്കരിക്കപ്പെടുന്നതും ഒരര്‍ത്ഥത്തിൽ നല്ല പ്രതികരണമാണ്; ഒരു പ്രതികരണവും ലഭിക്കാതിരിക്കുന്നതിനേക്കാൾ ഭേദമാണത്. എവിടെയാണ് പിഴച്ചതെന്ന് കണ്ടെത്താനാവും എഴുത്തിനെ ഗൌരവത്തോടെ കാണുന്ന ഒരാൾ അപ്പോൾ ശ്രമിക്കുക.

Q

ഇന്ത്യയ്ക്കുള്ളിലെ ജീവിതസാഹചര്യങ്ങളിൽനിന്ന് ഉയർന്നു വരുന്ന ഇംഗ്ലീഷ് എഴുത്തുകാർ ഏതൊക്കെ കാര്യങ്ങളിലാണ് ശ്രദ്ധയൂന്നേണ്ടത്? അവർക്ക് ലഭ്യമായ സാധ്യതകളെന്തൊക്കെയാണ്?

A

എഴുത്തിൽ താല്‍പ്പര്യമുള്ളവർ നല്ല വായനക്കാരുമായിരിക്കണം എന്നാണ് എന്‍റെ പക്ഷം. തന്‍റെ രണ്ടാംഭാഷയിലാണ് ഒരാൾ എഴുതാൻ തീരുമാനിക്കുന്നതെങ്കിൽ അല്‍പ്പം കൂടുതൽ സമയം ആ ഭാഷയിലെ വായനയ്ക്കായി മാറ്റിവെയ്ക്കുന്നതിൽ തെറ്റില്ല. എതു ഭാഷയിലായാലും എഴുത്തുകാർ അവരുടെ ആഖ്യാനസങ്കേതങ്ങൾ മെച്ചപ്പെടുത്താൻ വായന തന്നെയാണ് അടിസ്ഥാനോപാധിയായി കാണുന്നത്. വിനോദത്തിനായോ അറിവിനായോ മാത്രം വായിക്കുന്നതിൽ നിന്ന് അല്‍പ്പം വ്യത്യസ്തമാണിത്. എഴുത്തിന്‍റെ പിന്നിലുള്ള യഥാര്‍ത്ഥ സര്‍ഗാത്മകശ്രമങ്ങൾ, ഒഴിവാക്കാനാകാത്ത ഗവേഷണം, മിഴിവുറ്റ കഥാപാത്രങ്ങളെ കണ്ടെത്താനും അവതരിപ്പിക്കാനുമുള്ള മാര്‍ഗ്ഗങ്ങൾ, എഴുത്തുകാരുടെയും കഥാപാത്രങ്ങളുടെയും വേറിട്ട ‘ശബ്ദങ്ങൾ’ വായനക്കാരിലെത്തിക്കാനുള്ള രീതികൾ, യഥാതഥ ആഖ്യാനവും മറ്റ് പരീക്ഷണാത്മക ആഖ്യാനസാധ്യതകളും, കഥയ്ക്കുള്ളിലെ വിശ്വസനീയ ലോകനിര്‍മ്മാണം, എഡിറ്റിംഗിന്‍റെ ആവശ്യകത, ഇവയൊക്കെ തിരിച്ചറിയുക എന്നതാണ് ഇതിന്‍റെ ഉദ്ദേശ്യം. ഇത് കൂടാതെ പല ഭാഷകളിലെയും സാഹിത്യബോധവും പ്രതീക്ഷകളും വ്യത്യസ്തമാകുന്നതെങ്ങനെ എന്ന് മനസ്സിലാക്കാനും വായനയും പഠനവും ചര്‍ച്ചകളും ആവശ്യമാണ്. ഇംഗ്ലീഷിൽ ഒരു സാഹിത്യരചയിതാവാകാനുള്ള ഭാഷാസ്വാധീനം ആര്‍ജ്ജിച്ചിട്ടുണ്ടോ എന്ന ചോദ്യം തന്നെയാണ് പിന്നീട് അഭിമുഖീകരിക്കേണ്ടത്. അതിൽ കുറവുകളുണ്ടെങ്കിൽ എത്ര സമയമെടുത്താണെങ്കിലും അത് സത്യസന്ധമായി പരിഹരിക്കണം. പ്രസാധകരുടെയോ എഡിറ്റര്‍മാരുടെയോ ജോലി ഒരിക്കലും നിങ്ങളുടെ ഭാഷയിലെ വ്യാകരണവും പ്രയോഗങ്ങളും തിരുത്തലല്ല. എടുത്തുചാട്ടങ്ങളും എളുപ്പവഴികളും ഒഴിവാക്കേണ്ടതുണ്ട്. ഒരു കഥയോ നോവലോ എഴുതാന്‍ അതാവശ്യപ്പെടുന്ന ഭാഷാപരവും ആശയപരവും സാഹിത്യസംബന്ധിയുമായ മുഴുകിച്ചേരൽ ഉണ്ടായില്ലെങ്കിൽ വായനക്കാർ അവരുടെ മറ്റുകാര്യങ്ങളൊക്കെ മാറ്റിവെച്ച് ഈ സൃഷ്ടികള്‍ക്കായി വിലപ്പെട്ട സമയം നല്‍കും എന്നും അങ്ങനെയവ ലോകത്തെ മാറ്റിമറിക്കുമെന്നും കരുതുന്നതിൽ അര്‍ത്ഥമില്ലല്ലോ. സ്വയം വിലയിരുത്താനുള്ള അവസരമായി മത്സരങ്ങളെയും ചെറിയ പ്രസിദ്ധീകരണങ്ങളെയും നിരൂപണങ്ങളെയും ഒക്കെ കണ്ടാൽ പടിപടിയായി മുന്നേറാവുന്ന ഒന്നായാണ് ഞാന്‍ രണ്ടാംഭാഷയിലെ എഴുത്തുജീവിതത്തെ കാണുന്നത്. അന്താരാഷ്ട്രതലത്തിലെ ഇംഗ്ലീഷ് പ്രസാധനരംഗം നോക്കിയാൽ മനസ്സിലാകും വളരെച്ചുരുക്കം സന്ദര്‍ഭങ്ങളിൽ മാത്രമാണ് ആകാശത്തുനിന്ന് പൊട്ടിവീണപോലെ അവതരിച്ച് നിലനില്‍ക്കുന്ന എഴുത്തുകാരുണ്ടാവുക എന്ന്. ഭൂരിഭാഗം എഴുത്തുകാരുടെയും സ്വീകാര്യതയ്ക്കുപിന്നില്‍ വളരെക്കാലമായുള്ള പരിശ്രമത്തിലൂടെ അവർ നേടിയെടുത്ത രചനാപാടവം തന്നെയാണ്. ഇംഗ്ലീഷ് ഒരു ലോകഭാഷയായതിനാൽ അതിലെ സാഹിത്യത്തിൽ ശ്രദ്ധിക്കപ്പെടുകയോ ഇടംനേടുകയോ അത്ര എളുപ്പമല്ല; എന്നാൽ അത് അസാധ്യവുമല്ല. വലുതും ചെറുതുമായ പലതരം പ്രസിദ്ധീകരണങ്ങൾ, മത്സരങ്ങൾ, പരിശീലനക്കളരികൾ, കൂട്ടായ്മകൾ ഒക്കെ പിന്തുണയ്ക്കാനില്ലെങ്കിൽ പല നല്ല എഴുത്തുകാരും അവരുടെ ശ്രമങ്ങള്‍ക്ക് മുഖ്യധാരാപ്രസാധകരിൽ നിന്ന് ഒരുതരത്തിലുള്ള പ്രതികരണവും ലഭിക്കാതാവുമ്പോൾ മനംമടുത്ത് പിന്മാറിയേക്കും. അതേസമയം വന്‍വിജയങ്ങൾ, പ്രശസ്തി, സാമ്പത്തികലാഭം എന്നിവയെപ്പറ്റിയുള്ള ദിവാസ്വപ്നങ്ങൾ മാറ്റിവെച്ച് ജീവിതയാഥാര്‍ഥ്യവുമായി സമരസപ്പെട്ട്‌ മറ്റേത് കലയും ആവശ്യപ്പെടുന്ന പരിശീലനം സാഹിത്യരചനയിലും ക്ഷമയോടെ തുടരാനാവുമെങ്കിൽ ലോകത്തിലെ ഒരു ശക്തിക്കും (നിങ്ങളൊഴികെ) നല്ല എഴുത്തുകാരാവുന്നതില്‍നിന്ന് നിങ്ങളെ തടയാനാവില്ല.

Q

സ്വതന്ത്ര പ്രസാധകർക്ക് കച്ചവടാധിഷ്ടിത പ്രസാധകർ സ്ഥിരം / നൽകുന്ന ഫാക്ടറി നിര്മ്മിത സാഹിത്യലോകത്തിനപ്പുറം എന്താണ് നല്കാ്നാവുക?

A

പരീക്ഷണാത്മകതയിലൂന്നി പുതുപുത്തന്‍ ആഖ്യാനതന്ത്രങ്ങൾ ഉപയോഗിക്കുന്ന വളരെയേറെ രചനകൾ പുറത്തുകൊണ്ടുവരാന്‍ സ്വതന്ത്ര ചെറുകിടപ്രസാധകര്‍ക്കാവും. വായനക്കാര്‍ക്ക് എന്താണാവശ്യം എന്ന ചോദ്യം വഴിതെറ്റിച്ചുവിടുന്ന സര്‍വ്വേകളാണ് പലപ്പോഴും മുഖ്യധാരാപ്രസാധനത്തെ നയിക്കുന്നത്. പ്രശസ്തരായ എഴുത്തുകാരെയും വിറ്റഴിക്കപ്പെടുമെന്ന് പ്രസാധകര്‍ക്ക് തോന്നുന്ന ചില ആശയങ്ങളെയും ചുറ്റിപ്പറ്റിയുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ക്കപ്പുറം അവരുടെ സാഹിത്യബോധം മൌലികമായി വികസിക്കാനുള്ള സാധ്യത വിരളമാണ്. പ്രശസ്തരായ എഴുത്തുകാരോ മുഖ്യധാരാപ്രസാധകരോ മോശക്കാരാണെന്ന അഭിപ്രായം എനിക്കില്ല. കഠിനാധ്വാനത്തിലൂടെ അവർ നേടിയെടുത്ത കഴിവും സ്വീകാര്യതയും ഉപയോഗിച്ച് സാഹിത്യത്തെ ഒരു ജീവിതോപാധിയായി കാണാനുള്ള അവകാശവും അവര്‍ക്കുണ്ട്. പക്ഷെ ചിലപ്പോഴെങ്കിലും മുഖ്യധാരാപ്രസിദ്ധീകരണങ്ങളുടെ കാഴ്ചപ്പാടിലെ ‘ചൂടന്‍ ആശയങ്ങൾ’ വികലവും കാലഹരണപ്പെട്ടതുമാവും എന്നത് പലരും മനസ്സിലാക്കുന്നില്ല. സാഹിത്യത്തെപ്പറ്റി കൃത്യമായ ധാരണയുള്ള ഒരുകൂട്ടം സ്വതന്ത്രപ്രസാധകരാകട്ടെ അവർ വിശ്വാസമര്‍പ്പിക്കുന്ന വിഷയങ്ങളെയും രചനാരീതികളെയും സാമൂഹികപ്രതിബദ്ധതയെയും ഒക്കെ പുതിയ ലെന്‍സുകളിലൂടെ പരിശോധിക്കുന്ന തകര്‍പ്പൻ പുസ്തകങ്ങൾ പുറത്തിറക്കുന്നുണ്ട്. സ്വതന്ത്ര ചെറുകിടപ്രസാധകർ മുന്നോട്ടു വെയ്ക്കുന്ന പല എഴുത്തുകാരും ഇന്ന് ആഗോളശ്രദ്ധ പിടിച്ചുപറ്റുകയും വലിയ പുരസ്കാരങ്ങൾ നേടുകയും ചെയ്യുന്നു എന്നതാണ് അതിന്‍റെ തെളിവ്. ബ്രിട്ടണിലെ സാള്‍ട്ട്, ഗാലി ബെഗർ, ബ്ലഡ്‌ആക്സ്, പീപൽ ട്രീ പ്രസ് മുതലായ പ്രസാധകർ ഇതിനു നല്ല ഉദാഹരണങ്ങളാണ്. ഗാലി ബെഗർ പ്രസിദ്ധീകരിച്ച ലൂസി എല്‍മാന്‍റെ ‘Ducks, Newburyport’ 2019-ൽ ബുക്കർ ചുരുക്കപ്പട്ടികയിലെ ശ്രദ്ധേയസാന്നിധ്യവും ഗോള്‍ഡ്‌സ്മിത്ത്സ് പ്രൈസ്, ജെയിംസ് ടെയ്റ്റ് പ്രൈസ് എന്നിവയിൽ ജേതാവുമായിരുന്നു. കവിതയിലാകട്ടെ, ഇത്തവണ റ്റീ. എസ്. എലിയറ്റ് പുരസ്കാരം നേടിയ റോജർ റോബിന്‍സന്റെ ‘A Portable Paradise’ ഒരു പീപൽ ട്രീ പ്രസ് പ്രസിദ്ധീകരണമാണ്. ഇന്ത്യയിലും ഇതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വാനിറ്റി, അക്കാദമിക് പബ്ലിഷിംഗ് രംഗങ്ങളിലെ ചൂഷണങ്ങളിൽ തുടങ്ങിയവസാനിക്കാത്ത, കൃത്യമായ കാഴ്ചപ്പാടും സാഹിത്യബോധവുമുള്ള സ്വതന്ത്രപ്രസാധകർ ഇവിടെയും വരുമെന്നുതന്നെയാണ് പ്രതീക്ഷ.

Q

അനീസ് സലീമിനെപോലെയുള്ള എഴുത്തുകാർ ആളുകളിൽനിന്ന് പരമാവധി മാറിനിന്ന് രചനയിലേർപ്പെടുന്നു. 'ഇമേജ്' എഴുത്തിനെ ബാധിക്കുമെന്ന ധാരണ താങ്കൾക്കുണ്ടോ?

A

ആള്‍ക്കൂട്ടങ്ങളിൽ നിന്നും പൊതുചടങ്ങുകളിൽ നിന്നും മാറിനില്‍ക്കാനാണ് അദ്ദേഹം താൽപര്യപ്പെടുന്നതെന്നാണ് ഞാൻ മനസ്സിലാക്കിയത്. അതിന്‍റെ അര്‍ത്ഥം ആളുകളില്‍നിന്ന് ആശയപരമായി മാറിനില്‍ക്കുന്നു എന്നാവണമെന്നില്ല. അഭിമുഖങ്ങളിലും മറ്റും അദ്ദേഹം സ്വന്തം നിലപാടുകൾ വ്യക്തമാക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സ്വതസിദ്ധമായ ശൈലിയിൽ ക്രിയാത്മകമായി സംവദിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. പിന്നെ, എഴുത്തുകാര്‍ക്ക് വായനക്കാരോട് സംസാരിക്കാന്‍ ഏറ്റവും ശക്തമായ മാര്‍ഗ്ഗം അവരെഴുതിയ പുസ്തകങ്ങൾ തന്നെയാണ്. പുസ്തകങ്ങളെയും അവയുടെ എഴുത്തുകാരുടെ വ്യക്തിവൈശിഷ്ട്യങ്ങളെയും അധികം കൂട്ടിക്കുഴയ്ക്കാതിരിക്കുന്നതാണ് വായനക്കാര്‍ക്ക് നല്ലത്. അതേസമയം പൊതുസദസ്സുകളിൽ സത്യസന്ധമായി നിലപാടുകൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്ന എഴുത്തുകാര്‍ക്ക് അതുവഴി ഒരു ഇമേജ് ഉണ്ടാകുന്നതിൽ ഞാൻ കുഴപ്പമൊന്നും കാണുന്നില്ല. കൂടുതൽ അറിവ് നേടുമ്പോഴും ചില വിഷയങ്ങളിലെ അഭിപ്രായങ്ങളിൽ മാറ്റമോ ഭേദഗതികളോ ഉണ്ടാകുമ്പോഴും അവ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കേണ്ടത് പൊതുജനമാണ്. അതൊക്കെ മനസ്സിലാക്കി ഒത്തുതീര്‍പ്പുകള്‍ക്ക് വശംവദരാകാതെ അധികാരത്തിനു നേരെ സത്യം വിളിച്ചുപറയുന്നവരെയും നമുക്കാവശ്യമുണ്ടല്ലോ. എന്നാൽ പൊതുജനങ്ങളെ സ്ഥിരമായി സ്വാധീനിക്കാനോ സന്തോഷിപ്പിക്കാനോ ആയി കപടമായി ഒരാൾ നിര്‍മ്മിച്ചെടുക്കുന്ന ഇമേജുകളിൽ ഒരു കാര്യവുമില്ല. എല്ലാക്കാലവും എല്ലാവരെയും കബളിപ്പിക്കാന്‍ ആര്‍ക്കുമാവില്ല. അതിനു തുനിഞ്ഞിറങ്ങിയാൽ ഒരു പരിധി കഴിയുമ്പോൾ സ്വന്തം നിലപാടുകളോ കപടസ്വത്വമോ ഒന്നും തന്നെ നിലനിര്‍ത്താനാവാതെ താൻ എന്ന ബ്രാന്‍ഡിനെ പ്രചരിപ്പിക്കാൻ വാടകയ്ക്ക് ആളെയെടുത്ത് ബ്ലോഗും സോഷ്യൽ മീഡിയ സ്റ്റാറ്റസും ഒക്കെ എഴുതിപ്പിക്കേണ്ടി വരും.

Q

എഴുത്തിൽ റോൾമോഡലുകൾ ഉണ്ടോ? ജോർജ്ജ് സിയെർതെസ്, ഹനീഫ് ഖുറൈഷി തുടങ്ങിയ സാഹിത്യകാരൻമാരുടെ എഴുത്ത് സ്വാധീനിച്ചിട്ടുണ്ടോ?

A

ഈ രണ്ട് എഴുത്തുകാരും അവരുടെ പുസ്തകങ്ങളിലൂടെയും ആശയവിനിമയത്തിലൂടെയും എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. മാര്‍ഗരറ്റ് ആറ്റ്വുഡ്, ബെര്‍ണാർദീൻ എവരിസ്തോ, ജെ. എം. കുറ്റ്സീ, സല്‍മാൻ റുഷ്ദി, മിര്‍സാ വഹീദ്, ഈയന്‍ മക് ഈവന്‍, സാലി റൂണി, ജെയ് ബെര്‍നാര്‍ഡ്‌, മാസ മെന്‍ഗിസ്തെ, അങ്ങനെ മറ്റു പല ഇംഗ്ലീഷ് എഴുത്തുകാരെയും മലയാളത്തിലെ വളരെയധികം എഴുത്തുകാരെയും ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട്. എഴുത്തിൽ അവരുടെ സ്വാധീനം വരാതിരിക്കാൻ (anxiety of influence) ശ്രദ്ധിക്കേണ്ട നിലയിൽ അവരോട് സ്നേഹവും ആദരവും ഉണ്ട്. അതോടൊപ്പം മറ്റുപല പുതിയ എഴുത്തുകാരെയും അവരുടെ പ്രായമോ അനുഭവമോ ഒന്നും മാനദണ്ഡമാക്കാതെ വായിക്കാനും ആസ്വദിക്കാനും ശ്രമിക്കാറുണ്ട്. ഓരോ വര്‍ഷവും നമുക്ക് ഇഷ്ടമോ ബഹുമാനമോ തോന്നുന്ന പുതിയ എഴുത്തുകാരെ കണ്ടെത്താനായില്ലെങ്കിൽ നമ്മുടെ വായന അപര്യാപ്തമാണെന്ന് സമ്മതിക്കേണ്ടി വരും.

Related Stories

No stories found.
logo
The Cue
www.thecue.in