ഡയലെക്റ്റിക് റിസര്‍ച് ഫോറം ഓണ്‍ലൈന്‍ പഠന കോഴ്‌സുകള്‍ ആരംഭിച്ചു; പ്രവേശനത്തിന് മാനദണ്ഡങ്ങളില്ല

ഡയലെക്റ്റിക് റിസര്‍ച് ഫോറം ഓണ്‍ലൈന്‍ പഠന കോഴ്‌സുകള്‍ ആരംഭിച്ചു; പ്രവേശനത്തിന് മാനദണ്ഡങ്ങളില്ല

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഗവേഷക - അധ്യാപക സുഹൃത്തുക്കളുടെ അനൗപചാരിക ജ്ഞാനവിനിമയ കൂട്ടായ്മയായ ഡയലെക്റ്റിക് റിസര്‍ച് ഫോറം ഓണ്‍ലൈന്‍ പഠന കോഴ്‌സുകള്‍ ആരംഭിച്ചു. 2020 ജൂലൈയില്‍ ഡിസംബര്‍ വരെ സെമസ്റ്റര്‍ അടിസ്ഥാനത്തില്‍ എല്ലാ മാസത്തിന്റെയും അവസാന ആഴ്ച്ച ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മൂന്നു മുതല്‍ അഞ്ച് ക്ലാസുകളിലൂടെ 7 പേപ്പറുകള്‍ പഠിക്കുക എന്ന രീതിയിലാണ് കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അധ്യാപകര്‍ നിര്‍ദ്ദേശിക്കുന്ന പ്രാഥമിക പ്രബന്ധങ്ങള്‍ വായിച്ചിരിക്കണം എന്നതല്ലാതെ ക്ലാസുകളില്‍ പ്രവേശിക്കാന്‍ യോഗ്യതാ മാനദണ്ഡങ്ങളില്ല. 'സൗന്ദര്യാത്മകത: പ്രത്യയശാസ്ത്രവും പ്രതിരോധമൂല്യവും' എന്ന വിഷയത്തില്‍ കാലടി സര്‍വകലാശാല മലയാളവിഭാഗം പ്രൊഫസറായ സുനില്‍ പി. ഇളയിടത്തിന്റെ നേതൃത്വത്തിലാണ് ആദ്യ കോഴ്സ് ആരംഭിച്ചത്.

മാര്‍ക്‌സിസവും വിമര്‍ശനാത്മക ഭൂപഠനവും (ആഗസ്ത്), സിനിമ: വായനയുടെ ചരിത്രം (സപ്തംബര്‍-ആദ്യവാരം), മിഖായേല്‍ ബക്തിന്‍: ഒരുപുനര്‍വായന (സപ്തംബര്‍ - അവസാനവാരം), വിമര്‍ശനാത്മക സിദ്ധാന്തം: പരികല്പനയും പരിണാമചരിത്രവും (ഒക്ടോബര്‍), സംസ്‌കാരപഠനം: ചരിത്രം, സിദ്ധാന്തം, പ്രയോഗം (നവംബര്‍), അവതരണപഠനം/ അവതരണപരത: ഒരാമുഖം (ഡിസംബര്‍) എന്നീ പേപ്പറുകള്‍ യഥാക്രമം ഡോ.ജസ്റ്റിന്‍ മാത്യു, ഡോ.സി.എസ്.വെങ്കിടേശ്വരന്‍, പ്രഫ: ഇ.വി.രാമകൃഷ്ണന്‍, ഡോ.കെ.എം.അനില്‍, പ്രഫ.പി.പി.രവീന്ദ്രന്‍, പ്രഫ.എം.വി.നാരായണന്‍ എന്നിവര്‍ കൈകാര്യം ചെയ്യും.

വിമര്‍ശനാത്മക ചിന്ത സാമൂഹ്യശാസ്ത്ര/ ലാവണ്യാത്മക വ്യവഹാരങ്ങളില്‍ പ്രയുക്തമാക്കുന്നതിനായുള്ള സൈദ്ധാന്തിക സങ്കല്പനങ്ങളില്‍ ചിലതിനെ സംബന്ധിച്ച് പഠിതാക്കളെ ശാക്തീകരിക്കുക, അതിനുതകുന്ന ചില മാതൃകകള്‍ പരിചയപ്പെടുക എന്നിവയാണ് കോഴ്‌സിന്റെ ലക്ഷ്യങ്ങളെന്ന് ഭാരവാഹികള്‍ അറിയിച്ചു. കോവിഡ് കാലത്തിന്റെ അക്കാദമിക അനിശ്ചിതത്വത്തെ മറികടക്കാന്‍ പ്രതിവാര പേപ്പര്‍ അവതരണങ്ങളും ലെക്ചര്‍ സീരിസുകളും സംഘം സംഘടിപ്പിക്കുന്നുണ്ട്. അക്കാദമിക്‌സിന്റെ അടഞ്ഞ സ്വഭാവത്തെ പ്രശ്‌നവത്കരിക്കുക എന്ന രാഷ്ട്രീയലക്ഷ്യമാണ് സംഘത്തിനുള്ളതെന്നും ഭാരവാഹികള്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in