'കപ്പിത്താനില്ലാ കപ്പല്‍' നിര്‍മിക്കാനൊരുങ്ങി ഷിപ് യാര്‍ഡ്

'കപ്പിത്താനില്ലാ കപ്പല്‍' നിര്‍മിക്കാനൊരുങ്ങി ഷിപ് യാര്‍ഡ്

ഡ്രൈവറില്ലാ കാറുകളെ പോലെ സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകളുടെ നിര്‍മാണത്തിന് കൊച്ചി കപ്പല്‍ശാല ഒരുങ്ങുന്നു. ഇതിനായി നോര്‍വീജിയന്‍ കമ്പനിയുടെ കരാര്‍ കൊച്ചിന്‍ ഷിപ്‌യാര്‍ഡ് സ്വന്തമാക്കി. നോര്‍വെ കമ്പനിയായ അസ്‌കോ മരിടൈം എഎസിനു വേണ്ടി രണ്ടു ഓട്ടോണമസ് ഇലക്ട്രിക് ഫെറികള്‍ നിര്‍മിച്ചു കയറ്റുമതി ചെയ്യാനാണ് കരാര്‍. കേന്ദ്ര പൊതുമേഖലാ സ്ഥാപനവും ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ കപ്പല്‍ നിര്‍മാണ ശാലയുമായ കൊച്ചിന്‍ ഷിപ്‌യാര്‍ഡും നോര്‍വെയിലെ റീട്ടെയ്ല്‍ ഭീമനായ നോര്‍ജെസ് ഗ്രുപന്‍ എഎസ്എയുടെ ഉപകമ്പനിയായ അസ്‌കോ മാരിടൈമും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പിട്ടു. രണ്ടു സമാന ഫെറികള്‍ കൂടി നിര്‍മിക്കാനും ഇരു കമ്പനികളും ധാരണയായിട്ടുണ്ട്.

ഓസ്ലോ കടലിടുക്കിലൂടെ മലിനീകരണ രഹിത ചരക്കു നീക്കം ലക്ഷ്യമിട്ടുള്ള സുപ്രധാന നോര്‍വെ പദ്ധതിയാണ് ഈ 'കപ്പിത്താനില്ലാ കപ്പലായ' ഓട്ടോണമസ് ഇലക്ട്രിക് ഫെറിയുടെ നിര്‍മാണം. ഈ പദ്ധതിക്ക് നോര്‍വെ സര്‍ക്കാരിന്റെ ഭാഗികമായ സാമ്പത്തിക പിന്തുണയും ഉണ്ട്.67 മീറ്റര്‍ നീളമുള്ള ഈ ചെറു കപ്പലുകള്‍ പൂര്‍ണ സജ്ജമായ ഇലക്ട്രിക് ഗതാഗത ഫെറി ആയിട്ടായിരിക്കും നോര്‍വെക്കു കൈമാറുക. 1846 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയിലായിരിക്കും ഇതു പ്രവര്‍ത്തിക്കുക. കപ്പിത്താനില്ലാ കപ്പലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ആദ്യ കമ്പനിയായ മാസറ്റേര്‍ലി എഎസ് ആയിരിക്കും ഈ ഫെറി കൈകാര്യം ചെയ്യുക. ഓട്ടോണമസ് സാങ്കേതികവിദ്യാ രംഗത്ത് ലോകത്തെ മുന്‍ നിര കമ്പനിയായ കൊങ്‌സ്‌ബെര്‍ഗും മുന്‍നിര മാരിടൈം ഷിപ്പിങ് കമ്പനിയായ വിലെംസെനും സംയുക്തമായി രൂപം നല്‍കിയ കമ്പനിയാണ് മാസ്റ്റേര്‍ലി എഎസ്. കൊച്ചിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി നോര്‍വെയിലെത്തിച്ച ശേഷമായിരിക്കും കപ്പിത്താനില്ലാ കപ്പലിന്റെ പരീക്ഷണ ഓട്ടവും കമ്മീഷനിങും. ചരക്കു നീക്കത്തിനുപയോഗിക്കുന്ന 16 ഭീമന്‍ ട്രെയ്‌ലറുകള്‍ വഹിക്കാനുള്ള ശേഷി ഈ ഫെറികള്‍ക്കുണ്ടാകും.

കൊച്ചിന്‍ ഷിപ്‌യാര്‍ഡ് പൂര്‍ണമായും എന്‍ജിനീയറിങ് നിര്‍വഹിക്കുന്ന ഈ കപ്പലിന്റെ രൂപകല്‍പ്പന നേവല്‍ ഡൈനമിക്‌സ് നോര്‍വെ ആണ് നിര്‍വഹിച്ചിരിക്കുന്നത്.ആഗോള തലത്തില്‍ മുന്‍നിര കപ്പല്‍ നിര്‍മാണ കമ്പനികളെ പിന്തള്ളിയാണ് ഈ ഓട്ടോണമസ് ഇലക്ട്രിക് ഫെറി നിര്‍മാണ കരാര്‍ കൊച്ചി കപ്പല്‍ശാല സ്വന്തമാക്കിയത്. സാങ്കേതിക തികവുള്ള മികച്ച ഹൈ എന്‍ഡ് കപ്പലുകള്‍ നിര്‍മിച്ച് നേരത്തെ പടിഞ്ഞാറന്‍ യുറോപ്പിലേക്ക് കയറ്റുമതി ചെയ്ത ട്രാക്ക് റെക്കോര്‍ഡാണ് കൊച്ചി കപ്പല്‍ശാലയ്ക്ക് തുണയായത്. കോവിഡ്19 പ്രതിസന്ധി കാലത്തും പ്രതിബന്ധങ്ങളെ മറികടന്നാണ് ഈ അന്താരാഷ്ട്ര കപ്പല്‍ നിര്‍മാണ കരാര്‍ നേട്ടമെന്നതും ശ്രദ്ധേയമാണ്. കൊച്ചി വാട്ടര്‍ മെട്രോയ്ക്കു വേണ്ടി 23 ഹൈബ്രിഡ് ഇലക്ട്രിക് ബോട്ടുകള്‍ കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in