കയ്യടിയോ വാഴ്ത്തലോ അല്ല വേണ്ടത്, ഭയമില്ലാതെയും സ്വസ്ഥമായി ജോലി ചെയ്യാനുള്ള സാഹചര്യമാണ്‌

stop violence against health workers
stop violence against health workers
Summary

ആശുപത്രിയും ആരോഗ്യപ്രവർത്തകരും ആക്രമിക്കപ്പെടുമ്പോൾ നിയമ നടപടി സ്വീകരിക്കാൻ വേണ്ടി സമരം ചെയ്യേണ്ട സാഹചര്യം കേരളത്തിൽ ഉണ്ട് എന്നത് ഖേദകരമാണ്. ഒരു ക്രൈം നടന്നാൽ നിയമ നടപടി സ്വീകരിക്കുക എന്നത് സ്റ്റേറ്റിന്റെ കടമയാണ്.

ഇന്‍ഫോ ക്ലിനിക് പ്രതിനിധികളായ ഡോ.പി.എസ് ജിനേഷും ഡോ.ദീപു സദാശിവനും എഴുതിയത്‌

കേരളത്തിലും, എന്തിന് ഇന്ത്യ ഒട്ടാകെയുമുള്ള ആതുരാലയങ്ങളിൽ നിന്നുയരുന്ന നിലവിളികൾ രോഗപീഡകൾ അനുഭവിക്കുന്നവരുടേത് മാത്രമല്ല, അവരുടെ ആരോഗ്യ പരിചരണത്തിലേർപ്പെടുന്ന ആരോഗ്യ പ്രവർത്തകരുടേത് കൂടിയാണ്. ഒരു പരിഷ്കൃത സമൂഹത്തിൽ സംഭവിക്കരുതാത്ത തലത്തിൽ ഈ കോവിഡ് കാലത്തും ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകർക്ക് എതിരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരുന്നതിന്റെ പരിണതഫലമാണത്.

ഇത്തരം അക്രമങ്ങൾക്കെതിരെ "Stop Attack On Doctors!" എന്നൊരു ടാഗ് ലൈനുമായി ഒരു ക്യാമ്പയിൻ കഴിഞ്ഞ ദിവസം മലയാള സിനിമാ താരങ്ങൾ സോഷ്യൽ മീഡിയയിൽ നടത്തിയിരുന്നത് ചിലരെങ്കിലും ശ്രദ്ധിച്ചു കാണും. എന്നാൽ ഇതിനൊക്കെ ആധാരമായ സംഭവങ്ങൾ അറിയാത്തവരായിരിക്കും കൂടുതൽ, ഏറ്റവും ഒടുവിലത്തെ ചില ഉദാഹരണങ്ങൾ പറയാം.

1. കഴിഞ്ഞ മാസം മാവേലിക്കര സർക്കാർ ആശുപത്രിയിൽ കോവിഡ് ബാധിതയായിരുന്ന ഒരു വയോധികയെ എത്തിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ ആ അമ്മ മരണപ്പെട്ടിരുന്നു എന്നതിനാൽ ഡോക്ടർ മരണം സ്ഥിരീകരിച്ചു. തുടർന്ന് വാക്കേറ്റം ഉണ്ടാവുകയും ഏതാണ്ട് മൂന്നു മണിക്കൂറിനു ശേഷം പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ മകൻ ആശുപത്രിയിൽ തിരികെയെത്തി വാർഡ് ഡ്യൂട്ടി എടുത്തുകൊണ്ടിരുന്ന ഡോക്ടറെ മർദ്ദിക്കുകയും ചെയ്തു. സുഹൃത്തിനോട് വീഡിയോ റെക്കോർഡ് ചെയ്യാൻ പറഞ്ഞിട്ട് തിരിച്ചടിക്കാൻ ഡോക്ടറെ വെല്ലുവിളിച്ചു. ഡോക്ടർ പ്രകോപിതനായില്ല എന്ന് മാത്രമല്ല, നിയമത്തിന്റെ വഴി തന്നെ സ്വീകരിക്കുകയും ചെയ്തു. ഈ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ ലഭിച്ചെങ്കിലും, മുൻകൂർജാമ്യം താൽക്കാലികമായി നിഷേധിച്ചുവെങ്കിലും ഇത് എഴുതുമ്പോഴും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല എന്നാണറിവ്.

2. ഈ ആഴ്ച തന്നെ തൃശൂർ മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗം വാർഡിൽ സമാനമായ ആക്രമണം ഉണ്ടായി. നിരവധി സങ്കീർണ്ണതകൾ ഉള്ള ഒരു രോഗി മരിച്ചതിനെ തുടർന്ന് അസ്ഥിരോഗ വിഭാഗത്തിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കി. ആശുപത്രി സംരക്ഷണ നിയമ പ്രകാരം കേസെടുക്കുകയും അറസ്റ്റ് നടക്കുകയും ചെയ്തു.

3. എക്സ്-റേ എടുക്കാൻ കാത്തിരിക്കണം എന്ന് പറഞ്ഞതിനാണ് ഈ കഴിഞ്ഞ ഞായറാഴ്ച റാന്നി സർക്കാർ ആശുപത്രിയിലെ ഡോക്ടറെയും വനിതാ ജീവനക്കാരെയും സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും ഒരു യുവാവ് തെറി വിളിക്കുകയും മറ്റും ചെയ്തത്. ഇത് കേട്ട് വന്ന മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരോടും നാട്ടുകാരോടും ഈ യുവാവ് തട്ടിക്കയറി. സർക്കിൾ ഇൻസ്പെക്ടർ സ്ഥലത്തെത്തുകയും ആശുപത്രി സംരക്ഷണ നിയമം അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തു. റാന്നി എംഎൽഎയും സംഭവസ്ഥലത്തെത്തി.

തൊട്ടടുത്ത ദിവസങ്ങളിൽ മാത്രമായി നടന്ന മൂന്നു സംഭവങ്ങൾ മാത്രമാണിത്. എന്നാലിത് പുതുതായി ഉടലെടുത്ത ഒരു പ്രതിഭാസമല്ല, കാലാകാലങ്ങളായി ഇവിടെ ആശുപത്രി ജീവനക്കാർ ആക്രമിക്കപ്പെടുകയും, ആശുപത്രി ഉപകരണങ്ങളും വസ്തുവകകളും തകർക്കപ്പെടുകയും, മറ്റു രോഗികളുടേതുൾപ്പെടെ ജീവൻ അപകടത്തിലാക്കുകയും, ആശുപത്രികളുടെ പ്രവർത്തനത്തിൽ ഭംഗം വരുത്തുകയും ചെയ്യുന്ന സംഭവങ്ങൾ നടന്നു പോരുന്നു.

വനിതാ ഹൗസ് സർജൻ ഡോക്ടറെ കുത്തി പരിക്കേൽപ്പിച്ചതും, ഹൗസ് സർജൻ ഡോക്ടർക്ക് അടിയേറ്റ് തലയ്ക്കു ആറ് തുന്നൽ ഇടേണ്ടി വന്നതും, വനിതാ പി ജി & ഹൗസ് സർജൻ ഡോക്ടർമാരെ രാത്രിയിൽ മുറിയിൽ പൂട്ടിയിട്ടതും, ഹൃദയസംബന്ധമായ അസുഖങ്ങളുമായി വീട്ടിൽ കാണാൻ വന്ന രോഗിയെ ആശുപത്രിയിലേക്ക് പറഞ്ഞയച്ചതിന്റെ പേരിൽ മർദ്ദനമേറ്റ് ഡോക്ടർ ഐ സി യു വിൽ ആയതും കഴിഞ്ഞ ഒരു ദശകത്തിനിടയിൽ കേരളത്തിൽ നടന്നതാണ്. മദ്യപിച്ചെത്തി ആശുപത്രി ജീവനക്കാരെ ആക്രമിച്ച അസംഖ്യം സംഭവങ്ങൾ ഉണ്ട്. ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയെ കൂടുതൽ സൗകര്യങ്ങളുള്ള ഒരു ആശുപത്രിയിലേക്ക് കൊണ്ടു പോകണം എന്ന് പല തവണ പറഞ്ഞിട്ടും കേൾക്കാതെ, മണിക്കൂറുകൾക്ക് ശേഷം രോഗി മരിച്ചപ്പോൾ ഈ ലേഖകനും മർദ്ദനം ഏറ്റിട്ടുണ്ട്.

*ആക്രമണം ഡോക്ടർമാർക്ക് നേരെ മാത്രമോ?*

ആക്രമണം നേരിടേണ്ടി വരുന്നത് ഡോക്ടർമാർ മാത്രമല്ല, എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകർക്കും ഈ ഭീതിദമായ സാഹചര്യത്തെ തൊഴിലിടത്തിൽ നേരിടേണ്ടി വരുന്ന സാഹചര്യമിവിടെ ഉണ്ട്.

എം ആർ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി വീടുവീടാന്തരം കയറി ഇറങ്ങിയ ഒരു സിസ്റ്ററെ മർദ്ദിച്ച് അവശയാക്കിയ വാർത്ത ഇന്ന് എത്ര പേരുടെ ഓർമ്മയിൽ കാണും?! കയ്യിൽ സ്ലിങ് ധരിച്ച ആരോഗ്യപ്രവർത്തകയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

വെറ്റിനറി ഡോക്ടർക്ക് കേരളത്തിൽ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു നായ മരിച്ചതിനെ തുടർന്ന് മർദ്ദനമേറ്റ്‌ മൂക്കിൽ നിന്ന് രക്തം വാർന്ന ഡോക്ടറെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അഡ്മിറ്റ് ആക്കേണ്ടി വന്നു.

എന്തുകൊണ്ട് ഇതൊരു തുടർക്കഥയാവുന്നു?ഇത്തരം ആക്രമണങ്ങളുണ്ടായാൽ അക്രമികളെ പിടികൂടുകയും ശിക്ഷിക്കുകയും ചെയ്യാറില്ലേ?

നിർഭാഗ്യവശാൽ ഇത്തരം ഒട്ടുമിക്ക സംഭവങ്ങളിലും പെട്ടന്നുണ്ടായ വികാര വിക്ഷോഭത്തിൻ്റെ പ്രകടനമായിരുന്നു എന്നും മറ്റുമുള്ള ന്യായീകരണ ഭാഷ്യങ്ങൾ കൊണ്ട് നിയമനടപടികളിൽ വെള്ളം ചേർക്കുന്ന സമീപനമാണ് ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ചു പോന്നിരുന്നത്. പലപ്പോഴും കുറ്റക്കാരെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്ക്കുന്ന രാഷ്ട്രീയക്കാരുൾപ്പെടെയുള്ള ബാഹ്യശക്തികളുടെ ഇടപെടലുകളും ഉണ്ടാവും. അത്രയ്ക്കൊന്നും സംഘടിതരല്ലാത്ത ആശുപത്രി ജീവനക്കാർക്ക് നീതി നിഷേധിക്കുന്ന സാഹചര്യവും നിലവിലുണ്ട്.

എന്നാൽ വർദ്ധിച്ചുവരുന്ന ആശുപത്രി ആക്രമണങ്ങളെ തുടർന്ന് 2012 ഓഗസ്റ്റ് ഇരുപത്തിമൂന്നാം തീയതി കേരളത്തിൽ "ആശുപത്രി സംരക്ഷണ നിയമം" നിലവിൽ വന്നു.

ഈ നിയമപ്രകാരം - "ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങൾ (ആശുപത്രി, നഴ്സിംഗ് ഹോം, ക്ലിനിക്, പരിശോധന മുറി, ആരോഗ്യ പ്രവർത്തകരുടെ വീട്), ആരോഗ്യപ്രവർത്തകർ (ഡോക്ടർമാർ, നഴ്സുമാർ, മെഡിക്കൽ-നഴ്സിങ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ ജീവനക്കാർ, മറ്റ് ആശുപത്രി ജീവനക്കാർ) എന്നിവർക്കെതിരായ ഒറ്റയ്ക്കോ, ഒരു സംഘമാളുകളോ, സംഘടനകളുടെ നേതാവോ, അക്രമം ചെയ്യുകയോ, ചെയ്യുവാൻ പ്രേരിപ്പിക്കുകയോ, പ്രചോദനം നൽകുകയോ, ആരോഗ്യ രക്ഷാപ്രവർത്തകർക്ക് എന്തെങ്കിലും ഹാനിയോ, പരിക്കോ, ജീവൻ അപായപ്പെടുത്തുകയോ, ഭീഷണിപ്പെടുത്തുകയോ, ജോലി തടസ്സപ്പെടുത്തുകയോ ചെയ്താൽ ഏതൊരു കുറ്റക്കാരനും മൂന്ന് വർഷം തടവും 50,000 രൂപ പിഴയും നൽകി ശിക്ഷിക്കപ്പെടാവുന്നതാണ്." മൂന്നാം വകുപ്പ് പ്രകാരം ചെയ്യുന്ന ഏതൊരു കുറ്റവും കോഗ്നിസൈബിളും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാവുന്നതാണ്.

എന്നാൽ, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാതെ വരുന്ന ഒട്ടനവധി സന്ദർഭങ്ങളിൽ, ഈ വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്താതെ വരുന്ന സാഹചര്യങ്ങളിൽ ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുക്കാനും അറസ്റ്റ് രേഖപ്പെടുത്താനും വേണ്ടി ആരോഗ്യപ്രവർത്തകർ ചികിത്സയ്ക്ക് ഭംഗം വരാതെ പലപ്പോഴും സമരം ചെയ്യേണ്ടിവന്നിട്ടുണ്ട്. ഇത്തരം ഒരു സന്ദർഭത്തിൽ ഡോക്ടർമാർ ഹെൽമറ്റ് ധരിച്ചുകൊണ്ട് ജോലി ചെയ്ത് പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ നാം കണ്ടതാണ്.

ഈ വിധം പ്രത്യേക നിയമ പരിരക്ഷ ഏർപ്പെടുത്തിയിട്ടു പോലും ആ നിയമ പ്രകാരം നടപടി സ്വീകരിക്കാൻ വേണ്ടി വീണ്ടും സമരവും സമ്മർദ്ദവും വേണ്ടി വരുന്നു എന്ന ഗതികേടിലാണ് ആരോഗ്യപ്രവർത്തകർ.

ഈ നിയമം മാത്രമല്ല, ഇന്ത്യൻ പീനൽ കോഡിലെ വിവിധ വകുപ്പുകളും ഇന്ത്യൻ എപിഡമിക് ആക്റ്റിലെ വകുപ്പുകളും ഇത്തരം ആക്രമണങ്ങളെ വളരെ ഗൗരവമായി തന്നെ കാണുന്നുണ്ട്. ഒരാരോഗ്യ പ്രവർത്തകൻ ആക്രമിക്കപ്പെട്ടു വരുമ്പോൾ ഈ നിയമങ്ങൾ അറിയുന്നവരും പാലിക്കേണ്ടവരും കൂടി അതിനെ ഗൗരവമായി കണ്ടാലേ അതിനൊക്കെ അർത്ഥമുണ്ടാവൂ എന്ന് മാത്രം.

ഇത്തരം ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളായാണോ പരിഗണിക്കേണ്ടത് ?

ആരോഗ്യസംവിധാനങ്ങൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ ഏറി വരികയാണെന്ന് തന്നെയാണ് 2017 ലെ ഒരു പഠനം സൂചിപ്പിക്കുന്നത്. അത്യാഹിത വിഭാഗങ്ങളിലാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത് എന്നും 70% ത്തോളം അക്രമങ്ങളും രോഗിയുടെ ബന്ധുക്കളാണ് നടത്തുന്നതും എന്നും പഠനം പറയുന്നു.

കേവലം ശാരീരിക ആക്രമണങ്ങൾ മാത്രമാണോ പരിഗണനാർഹം?

"ആരോഗ്യ പ്രവർത്തകരോട്" എന്നല്ല ആരോഗ്യ സംവിധാനത്തോടുള്ള ആക്രമണം അഥവാ "Attack on Healthcare" എന്ന തലക്കെട്ടിലാണ് ലോകാരോഗ്യ സംഘടന ഈ വിഷയത്തെ സമീപിക്കുന്നത്.

"WHO defines an attack on health care as any act of verbal or physical violence or obstruction or threat of violence that interferes with the availability, access and delivery of curative and/or preventive health services during emergencies. Types of attacks vary across contexts and can range from violence with heavy weapons to psychosocial threats and intimidation."

ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അക്രമങ്ങൾ കേവലം ശാരീരികഭേദ്യങ്ങൾ മാത്രമല്ല. അത് കൂടാതെ വാക്കാലുള്ള അധിക്ഷേപങ്ങൾ, ആക്രമണോൽസുകതയുള്ള ഭയപ്പെടുത്തൽ, ആൾക്കൂട്ട ആക്രമണങ്ങൾ, സൈബർ ലിഞ്ചിങ് & ബുള്ളിയിങ്ങ്, വ്യാജ കേസുകളിൽ പെടുത്തൽ എന്നിങ്ങനെ അനേകം രീതിയിൽ അത് സംഭവിക്കുന്നുണ്ട്. എന്നാൽ ശാരീരികമായി കടന്നാക്രമിക്കുന്ന സംഭവങ്ങൾ മാത്രമാണ് പലപ്പോഴും പൊതുസമൂഹത്തിൽ ശ്രദ്ധിക്കപ്പെടുന്നത്.

ഇത്തരം പ്രവണതകൾ ആരോഗ്യ മേഖലയെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു? പൊതുസമൂഹത്തെയും രോഗികളെയും ഇത് ബാധിക്കുമോ?

ഏതു നിമിഷവും തൊഴിലിടത്ത് ആക്രമിക്കപ്പെടാം എന്ന നിലയിൽ ആരോഗ്യപ്രവർത്തകർ ജോലി ചെയ്യേണ്ടി വരുന്നത് വ്യക്തിപരമായി അവരുടെ മനോനിലയെ, തീരുമാനം എടുക്കാനുള്ള കഴിവിനെ ഒക്കെ പ്രതികൂലമായി ബാധിച്ചേക്കാം, ഇത് മൊത്തത്തിൽ ആരോഗ്യ സംവിധാനത്തിന്റെ പ്രവർത്തന ശേഷിയെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാം.

അത്യാഹിത വിഭാഗങ്ങളിലും തീവ്രപരിചരണ വിഭാഗങ്ങളിലും 24 മണിക്കൂറും ജോലി ചെയ്യുന്നവർ എന്ന നിലയിൽ മെഡിക്കൽ കോളേജിൽ ബഹുഭൂരിപക്ഷം മർദ്ദനങ്ങളും ഏൽക്കുന്നത് ഹൗസ് സർജൻ-പിജി ഡോക്ടർമാരുൾപ്പെടുന്ന ജൂനിയർ ഡോക്ടമാരാണ്. എന്നാൽ ഇത്തരം അവസരങ്ങളിൽ വേണ്ടത്ര പിന്തുണ സീനിയർ ഡോക്ടർമാർ ഉൾപ്പെടെയുള്ള അധികാരികളിൽ നിന്നും കിട്ടുന്നില്ല എന്ന അവസ്ഥ പലപ്പോഴും ഉണ്ടാവുന്നു എന്നത് അപലപനീയമാണ്.

അപര്യാപ്തതകൾ ഉൾപ്പെടെയുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള പല പ്രശ്നങ്ങളും ഉചിതമായ രീതിയിൽ പരിഹരിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാൽ ആരോഗ്യപ്രവർത്തകർക്കു നേരെയുള്ള ആക്രമണങ്ങൾ നടക്കുന്ന അവസരത്തിൽ മാത്രം അത് ഉന്നയിക്കുന്നത് അനുചിതമാണ്. ആശയവിനിമയ പ്രശ്നങ്ങൾ മുതൽ നിരവധി പ്രശ്നങ്ങൾ യുവ ഡോക്ടർമാരുടെ തലയിൽ വച്ചു കെട്ടാൻ ശ്രമിക്കുന്നവരും അനവധി. അപര്യാപ്തതകൾ ഇല്ലാത്ത ഒരു സർക്കാർ മേഖലയും ഇന്ത്യയിൽ ഉണ്ടാവില്ല. പ്രവാസികളായി വിവിധ രാജ്യങ്ങളിൽ കഴിയുന്ന നമ്മുടെ നാട്ടുകാർ ആരും അവിടങ്ങളിൽ ചികിത്സയ്‌ക്കിടയിൽ അതൃപ്തികൾ ഉണ്ടായാൽ ആശുപത്രി തല്ലി പൊട്ടിച്ചു പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാറില്ല. ഇവിടെ ഇതൊക്കെ ആവാം എന്നൊരു മനോഭാവം തന്നെയാണ് ഇത്തരം പ്രവണതകൾ നടക്കാനും വീണ്ടും വീണ്ടും ആവർത്തിക്കാനും കാരണം.

ഇതിന്റെ ഒക്കെ പരിണിതഫലമാണ്,"ഡിഫെൻസിവ് മെഡിക്കൽ പ്രാക്ടീസ്" എന്ന പേരിൽ അറിയപ്പെടുന്ന പ്രതിഭാസം, അഥവാ നിർണ്ണായക ഘട്ടങ്ങളിൽ റിസ്കുകൾ പരമാവധി ഒഴിവാക്കി സ്വന്തം സുരക്ഷയ്ക്ക് മുൻഗണന കൊടുത്ത് കൊണ്ട് മാത്രമുള്ള തീരുമാനങ്ങൾ എടുക്കുന്നതിലേക്ക് ഇത്തരം സാഹചര്യങ്ങൾ ആരോഗ്യപ്രവർത്തകർ നയിച്ചേക്കാം.

ഉദാ: a. റിസ്ക് കൂടുതലുള്ള പ്രക്രിയകൾ ചെയ്യാൻ മടിച്ചു ഉന്നതകേന്ദ്രങ്ങളിലേക്ക് റെഫർ ചെയ്യുന്നത് പോലുള്ള അവസ്ഥകൾ.

b. നേരിയ സംശയം പോലും ഉറപ്പിക്കാൻ കൂടുതൽ സ്ഥിരീകരണ മാർഗ്ഗങ്ങൾ, പരിശോധനകളുടെ റിസൾട്ട് എന്നിവയെ ആശ്രയിക്കുന്ന അവസ്ഥ.

ആരോഗ്യസംവിധാനങ്ങളുടെ പരിരക്ഷ സമൂഹത്തിന്റെ കൂടെ ആവശ്യമാണ്, എന്ത് കൊണ്ട്?

ഡോക്ടർ, നേഴ്സ് etc ഒക്കെയും തൊഴിലാളികളാണ്. മാലാഖയും, ചെകുത്താനും ഒന്നുമല്ല. സയൻസിന്റെ വളർച്ചയുടെ പരിധിക്ക് ഉള്ളിൽ നിന്നുകൊണ്ട്, കരസ്ഥമാക്കിയ അറിവ് & ആർജ്ജിച്ച കഴിവും ഉപയോഗിച്ച്, ലഭ്യമായ സൗകര്യങ്ങളുടെ പരിമിതിക്കുള്ളിൽ നിന്നു കൊണ്ട് ആരോഗ്യ പരിരക്ഷ പ്രദാനം ചെയ്യുന്ന അഥവാ ചികിത്സ എന്ന ജോലി ചെയ്യുന്ന തൊഴിലാളികൾ മാത്രമാണ് ആരോഗ്യ പ്രവർത്തകർ. അതിനപ്പുറമുള്ള ഒരു മഹത്വവൽക്കരണങ്ങളും ആവശ്യമില്ല.

പൊതുജനാരോഗ്യ പരിരക്ഷയ്ക്കായി ബജറ്റിൽ 1-4 % വരെ ഒക്കെ മാത്രം മാറ്റി വെക്കുന്ന, ഇത്തരത്തിൽ വിമർശനങ്ങൾ നേരിടുന്ന ആരോഗ്യ നയമുള്ള രാജ്യമാണ് നമ്മുടേത്.

സംവിധാനങ്ങളുടെ അപര്യാപ്തതയുടെ പേര് പറഞ്ഞ് ഉള്ള ആരോഗ്യപ്രവർത്തകരെയും, സംവിധാനങ്ങളെയും തല്ലിത്തകർക്കുമ്പോൾ ഫലത്തിൽ പുതിയ തലമുറയിലെ പല മികച്ച ഡോക്ടർമാരും സ്വാഭാവികമായും മെച്ചപ്പെട്ട ജോലി സംവിധാനങ്ങളുള്ള വിദേശത്തുൾപ്പെടെയുള്ള ജോലികൾ തേടി പോവും. ഇത് ബാധിക്കാൻ പോവുന്നത് നമ്മുടെ ആരോഗ്യ സംവിധാനത്തെയും പൊതുസമൂഹത്തെയും തന്നെ ആവും.

ആശുപത്രിയും ആരോഗ്യപ്രവർത്തകരും ആക്രമിക്കപ്പെടുമ്പോൾ കോഡ് വൈറ്റ്, കോഡ് ഗ്രേ, കോഡ് ബ്ലാക്ക് തുടങ്ങിയ വിവിധ പ്രോട്ടോക്കോളുകൾ പല വിദേശരാജ്യങ്ങളിലും അവലംബിക്കാറുണ്ട്. ഇത്തരത്തിലുള്ള കോഡുകൾ വിളിക്കുമ്പോൾ സെക്യൂരിറ്റി ജീവനക്കാർ ഉടനടി എത്തുകയും സ്ഥിതി നിയന്ത്രണ വിധേയമാക്കുകയും ചെയ്യും. ഇത്തരം ആക്രമണങ്ങൾക്കെതിരെ സീറോ ടോളറൻസ് ആണ് ഒട്ടുമിക്ക രാജ്യങ്ങളും പുലർത്തുന്നത്. ആക്രമിക്കുന്ന വ്യക്തികൾക്ക് ശക്തമായ നിയമനടപടി നേരിടേണ്ടിവരും, കൂടാതെ ഉയർന്ന കോമ്പൻസേഷൻ നൽകേണ്ടി വരും. പല രാജ്യങ്ങളിലും ആക്രമണത്തിന് വിധേയരാകുന്ന ആരോഗ്യപ്രവർത്തകർക്ക് വളരെ ഉയർന്ന കോമ്പൻസേഷൻ ലഭിക്കാൻ അർഹതയുണ്ട്.

ആശുപത്രിയും ആരോഗ്യപ്രവർത്തകരും ആക്രമിക്കപ്പെടുമ്പോൾ നിയമ നടപടി സ്വീകരിക്കാൻ വേണ്ടി സമരം ചെയ്യേണ്ട സാഹചര്യം കേരളത്തിൽ ഉണ്ട് എന്നത് ഖേദകരമാണ്. ഒരു ക്രൈം നടന്നാൽ നിയമ നടപടി സ്വീകരിക്കുക എന്നത് സ്റ്റേറ്റിന്റെ കടമയാണ്. അതിനുപകരം ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുക്കാനും കുറ്റവാളിയെ അറസ്റ്റ് ചെയ്യാനും വേണ്ടി സമരം ചെയ്യാൻ ആരോഗ്യപ്രവർത്തകരെ നിർബന്ധിരാക്കുന്നത് അഭിലഷണീയമല്ല.

ആരോഗ്യ പ്രവർത്തകരും ഈ സമൂഹത്തിന്റെ ഭാഗമാണെന്നും മറ്റേതൊരു തൊഴിലും പോലെ തന്നെ ഒരു തൊഴിലാണ് ഇത് എന്നും സമൂഹം തിരിച്ചറിയേണ്ടതുണ്ട്.

പലപ്പോഴും ലഭിക്കുന്ന അമിതമായ ഗ്ലോറിഫിക്കേഷനോ അർത്ഥശൂന്യമായ കൈയടികളോ അല്ലാ, മറിച്ച് ഭയമില്ലാതെ സ്വസ്ഥവും സുരക്ഷിതവും സമാധാനപരവുമായി സ്വന്തം ജോലി ചെയ്യാനുള്ള സാഹചര്യം മാത്രം നൽകുകയാണ് സർക്കാരും സമൂഹവും ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി ചെയ്യേണ്ടത്. അതിന്റെ ആത്യന്തികമായ ഗുണഭോക്താവ് സാധാരണക്കാരായ ഇവിടുത്തെ രോഗികൾ തന്നെയായിരിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in