കോവിഡ് കാലത്തെ പൾസ് പോളിയോ

കോവിഡ് കാലത്തെ പൾസ് പോളിയോ

എന്താണ് പൾസ് പോളിയോ പ്രോഗ്രാം?

പോളിയോ രോഗത്തെ പ്രതിരോധിക്കുന്നതിനായി, ഇന്ത്യയൊട്ടാകെ 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഒരേ ദിവസം പോളിയോക്കെതിരെ ഓറൽ പോളിയോ വാക്സിൻ)തുള്ളിമരുന്ന് നൽകുന്ന രോഗപ്രതിരോധ പരിപാടിയാണ് പൾസ് പോളിയോ.

2021 ജനുവരി 31 ഞായറാഴ്ചയാണ്, ഈ വർഷത്തെ പൾസ് പോളിയോ പ്രോഗ്രാം നടത്തപ്പെടുന്നത്.

ഓറൽ പോളിയോ വാക്സിൻ എന്തിനാണ് ഒരേ ദിവസം നൽകുന്നത്? എന്താണ് പ്രയോജനം?

അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളെയാണ് ആണ് പോളിയോ വൈറസ് പ്രധാനമായും ബാധിക്കുന്നത്. പോളിയോ വൈറസിന് മനുഷ്യ ശരീരത്തിലല്ലാതെ മറ്റു ജീവികളിൽ നിലനിൽക്കാനാകില്ല.അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഒരേദിവസം പോളിയോ തുള്ളിമരുന്ന് നൽകുന്നതിലൂടെ രാജ്യത്തെ അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും രോഗപ്രതിരോധം ഉറപ്പുവരുത്തുകയും തന്മൂലം പോളിയോ വൈറസിന് നിലനിൽക്കാൻ ആകാത്ത സാഹചര്യം സൃഷ്ടിക്കുകയുമാണ് ഉദ്ദേശം.

ലോകത്ത് പല രാജ്യങ്ങളിലും പോളിയോ നിർമാർജ്ജനം ചെയ്യപ്പെട്ടു. ഇന്ത്യ 2014ൽ പോളിയോ വിമുക്തമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ വീണ്ടും പോളിയോ തുള്ളിമരുന്ന് നൽകേണ്ടതുണ്ടോ?

വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ് ഇത്.

നമ്മുടെ വീട്ടിൽ ഒരു കള്ളൻ കയറി. നാം അയാളെ വീട്ടിൽനിന്ന് ഓടിച്ചു വിട്ടു. പക്ഷേ, അയാൾ അയൽപക്കത്തെ പറമ്പിൽ ഒളിച്ചിരിക്കുന്നു. അവിടെനിന്ന് അയാളെ തുരത്തുവാൻ ആയിട്ടില്ല. ഈ സാഹചര്യത്തിൽ ആ കള്ളൻ വീണ്ടും നമ്മുടെ വീട്ടിലേക്ക് വരാമെന്ന് കരുതി ജനലുകളും വാതിലുകളുമെല്ലാം അടച്ചിട്ട് നാം ജാഗരൂകരായിരിക്കുമല്ലോ!

ഇതേ സാഹചര്യമാണ് പോളിയോ വൈറസിൻ്റെ കാര്യത്തിലും. നമ്മുടെ രാജ്യത്ത് നിന്ന് പോളിയോ നിർമാർജ്ജനം ചെയ്യപ്പെട്ട് വർഷങ്ങൾ കഴിഞ്ഞുവെങ്കിലും, നമ്മുടെ തൊട്ട അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ പോളിയോ കേസുകൾ ഇപ്പോഴും പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈ അയൽരാജ്യങ്ങളിൽ നിന്ന് നമ്മുടെ നാട്ടിലെ കുട്ടികളിലേക്ക് അസുഖം പകരാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ച് രാജ്യാന്തര യാത്രകൾ നടക്കുകയും,ഗൾഫ് രാജ്യങ്ങളിലടക്കം, നമ്മുടെ പൗരൻമാർ പാകിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ളവരുമായി ഇടപഴകി ജീവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ. അതുകൊണ്ടാണ് നാം അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകികൊണ്ട് അവരുടെ പ്രതിരോധശേഷി നിലനിർത്തുന്നത് .

ലോകത്ത് പോളിയോ പൂർണ്ണമായി തുടച്ചു മാറ്റപ്പെടുന്ന വരെ ഈ ജാഗ്രത നമുക്ക് നിലനിർത്തേണ്ടിവരും.

പോളിയോ തുള്ളിമരുന്ന് കൂടെക്കൂടെ നൽകുന്നതുകൊണ്ട് കുട്ടികൾക്ക് എന്തെങ്കിലും ദോഷം ഉണ്ടാകുമോ?

ലോകത്താകമാനമായി ലക്ഷക്കണക്കിന് കുട്ടികൾക്ക് നൽകി ഫലപ്രാപ്തി തെളിയിച്ചിട്ടുള്ള പ്രതിരോധമരുന്നാണ് ഓറൽ പോളിയോ വാക്സിൻ. നമ്മുടെ രാജ്യത്ത് തന്നെ കഴിഞ്ഞ 25 വർഷത്തിലധികമായി പൾസ്പോളിയോ പ്രോഗ്രാമിലും, ദേശീയ രോഗപ്രതിരോധ കുത്തിവെപ്പിൻ്റെ ഭാഗമായും ഓറൽ പോളിയോ വാക്സിൻ നൽകിവരുന്നുണ്ടെങ്കിലും കാര്യമായ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ദേശീയ രോഗ പ്രതിരോധ കുത്തിവെപ്പിൻ്റെ ഭാഗമായി നമ്മുടെ കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് പലപ്പോഴും ലഭിച്ചിട്ടുണ്ട് .പിന്നെ വീണ്ടും പൾസ് പോളിയോ ദിനത്തിൽ നൽകേണ്ടതുണ്ടോ?

അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും അധികഡോസ് തുളളി മരുന്ന് ഒരേദിവസം നൽകുന്നതിലൂടെ ,എല്ലാ കുട്ടികളിലും രോഗപ്രതിരോധശേഷി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ഉദ്ദേശം.ഭൂരിഭാഗം കുട്ടികൾക്കും പ്രതിരോധശേഷി ലഭ്യമാക്കുന്നതോടൊപ്പം, സാമൂഹിക പ്രതിരോധ ശേഷി അഥവാ ഹേർഡ് ഇമ്മ്യൂണിറ്റി നിലനിർത്തിക്കൊണ്ട് പോളിയോ വൈറസിന് പടരാനുള്ള സാഹചര്യം ഇല്ലാതാക്കാനുമാകുന്നു.

അതുകൊണ്ട് രോഗപ്രതിരോധ കുത്തിവെയ്പ്പിൻ്റെ ഭാഗമായി തൊട്ടടുത്ത ദിവസങ്ങളിൽ പോലും പോളിയോ തുള്ളിമരുന്ന് ലഭിച്ചിട്ടുള്ള നവജാത ശിശുക്കളടക്കം അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും പൾസ്പോളിയോ ദിനത്തിലും രണ്ടു തുള്ളി പോളിയോ തുള്ളിമരുന്ന് കൊടുക്കേണ്ടതാണ് .

കോവിഡ് കാലഘട്ടത്തിൽ പൾസ്പോളിയോ നൽകുവാൻ കുട്ടികളെ കൊണ്ടുവരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ?

കോവിഡിൻ്റെ സാഹചര്യത്തിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പൾസ്പോളിയോ പ്രോഗ്രാം നടത്തുന്നത്.

മാസ്ക്, കൈകളുടെ ശുചിത്വം സാമൂഹിക അകലം എന്നിവ ശ്രദ്ധിക്കേണ്ടതാണ് .

60 വയസ്സിന് മുകളിൽ പ്രായമുള്ളവർ കുട്ടികളുടെ കൂടെ പോളിയോ ബൂത്തിലേക്ക് വരരുത്.

കുട്ടികളുടെ കൂടെ വരുന്ന എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണം.

കുട്ടിയും രക്ഷകർത്താക്കളും പോളിയോ ബൂത്തിൽ പ്രവേശിക്കുന്നതിനു മുൻപായി കൈകൾ സോപ്പും വെള്ളവും/ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതാണ് .

കഴിഞ്ഞ നാല് ആഴ്ചകൾക്കുള്ളിൽ കോവിഡ് പോസിറ്റീവ് ആയിട്ടുള്ള കുട്ടികൾ, രക്ഷകർത്താക്കൾ, പനി, ചുമ , ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ എന്നിവർ ബൂത്തിൽ എത്താൻ പാടുള്ളതല്ല.

ക്വാറൻ്റെെനിൽ ഇരിക്കുന്ന ആൾ വീട്ടിൽ ഉണ്ടെങ്കിൽ , അവിടത്തെ കുട്ടിക്ക് ക്വാറൻ്റൈൻ കാലാവധി അവസാനിച്ചതിനു ശേഷം മാത്രം പോളിയോ തുള്ളി മരുന്ന് നൽകുക.

കൊവിഡ് പോസിറ്റീവ് ആയ ആൾ ഉള്ള വീട്ടിലെ കുട്ടിക്ക്, പരിശോധനാഫലം നെഗറ്റീവ് ആയതിന് ശേഷം 14 ദിവസം കഴിഞ്ഞ് തുള്ളി മരുന്ന് നൽകുക .

അഞ്ചുവയസ്സിന് താഴെയുള്ള കൊവിഡ് പോസിറ്റീവ് ആയിട്ടുള്ള കുട്ടിക്ക്, പരിശോധനാഫലം ഫലം നെഗറ്റീവ് ആയതിനുശേഷം നാലാഴ്ചയ്ക്ക് ശേഷം പോളിയോ തുള്ളിമരുന്ന് നൽകാം.

തയ്യാറാക്കിയത്;ഡോ. Praveen Maruvanchery പീഡിയാട്രീഷ്യൻ താലൂക്ക് ആശുപത്രി വൈക്കം

Guest writer,ഇൻഫോ ക്ലിനിക്‌.

Related Stories

No stories found.
logo
The Cue
www.thecue.in