എന്താണ് മുഖ്യമന്ത്രി പറഞ്ഞ കൊവിഡ് ബാധിതരായ കുട്ടികളില്‍ കാണുന്ന മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം

എന്താണ് മുഖ്യമന്ത്രി പറഞ്ഞ കൊവിഡ് ബാധിതരായ കുട്ടികളില്‍ കാണുന്ന മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം

കൊവിഡ് ബാധിതരായ കുട്ടികളില്‍ കാണുന്ന അവസ്ഥയാണ് മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം. കൊവിഡ് കുട്ടികള്‍ക്ക് വലിയ ആരോഗ്യപ്രശ്‌നങ്ങളില്ലാതെ ഭേദമാകാറുണ്ട്. എന്നാല്‍ ചില കുട്ടികളില്‍ ഗുരുതരമാകുന്നുണ്ട്. ഹൃദയം, ശ്വാസകോശം, രക്തക്കുഴലുകള്‍,വൃക്കകള്‍, ദഹനവ്യവസ്ഥ, തലച്ചോറ്, ചര്‍മ്മം, കണ്ണുകള്‍ എന്നിവിടങ്ങളെയാണ് ബാധിക്കുന്നത്. ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത് എന്നതിനെ അനുസരിച്ചാണ് ലക്ഷണങ്ങള്‍ കാണിക്കുക. എല്ലാ കുട്ടികളിലും ഒരേ ലക്ഷണങ്ങളല്ല പ്രകടമാകുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ലക്ഷണങ്ങള്‍

24 മണിക്കൂറോ അതില്‍ കൂടുതലോ നീണ്ടുനിര്‍ക്കുന്ന പനി, ഛര്‍ദ്ദി, വയറിളക്കം, വയറുവേദന, ചര്‍മ്മത്തില്‍ കുരുക്കള്‍, കഠിനമായി ക്ഷീണം, ഹൃദയമിടിപ്പ് കൂടുക, കണ്ണുകള്‍ ചുവക്കുക, ചുണ്ടിന്റെയും നാവിന്റെയും നിറം മാറുക, തലവേദന, കൈക്കും കാലിനും വേദന, തലകറക്കം എന്നിവയാണ് പൊതുവായി കാണുന്ന ലക്ഷണങ്ങള്‍.

ഗുരുതരമാകുന്നത് എപ്പോള്‍

കടുത്ത വയറുവേദന അനുഭവപ്പെടുക, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുക, മുഖവും ചുണ്ടുകളും നീലനിറമാകുക, എഴുന്നേല്‍ക്കാനാവാത്ത സ്ഥിതിയുണ്ടാവുക എന്നിങ്ങനെയുള്ള അവസ്ഥയിലേക്ക് മാറിയാല്‍ ഗുരുതരാവസ്ഥയിലാകുന്നതിന്റെ ലക്ഷണമാണെന്ന് വിദഗ്ധര്‍ പറയുന്നു.

കുട്ടിക്ക് ഈ ലക്ഷണങ്ങളുണ്ടായാല്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കണം. ഗുരുതരമായ ലക്ഷണങ്ങളില്ലെങ്കിലും വിദഗ്ധ സഹായം തേടണം.

കുട്ടികളില്‍ മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം ഉണ്ടാകുന്നതെന്ത് കൊണ്ട് എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊവിഡ് വൈറസിനെ ശരീരം പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടുണ്ടാകുന്നതാകാമെന്ന അഭിപ്രായമുണ്ട്. മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം ബാധിച്ച കുട്ടികള്‍ക്ക് കൊവിഡ് പോസിറ്റീവാകുകയോ അടുത്ത് രോഗം വരികയോ ചെയ്തിട്ടുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മൂന്നിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ് പൊതുവെ ഈ രോഗാവസ്ഥയുണ്ടായിട്ടുള്ളത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എങ്ങനെ തടയാം

കുട്ടികള്‍ക്ക് കൊവിഡ് ബാധിക്കാതെ സൂക്ഷിക്കുകയെന്നതാണ് പ്രധാനം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേണമെന്ന് കുട്ടികളെ ശീലിപ്പിക്കണം. 20 സെക്കന്‍ഡ് നേരം സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകാന്‍ നിര്‍ദേശിക്കണം. ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കണം. രോഗികളുമായുള്ള ഇടപെടല്‍ ഒഴിവാക്കുക, സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, മുഖത്ത് തൊടുന്നത് ഒഴിവാക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പാഴും തൂവാല ഉപയോഗിക്കുക, കഴുകുന്ന കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കുക എന്നിങ്ങനെയാണ് വിദഗ്ധരുടെ നിര്‍ദേശം.

വിവരങ്ങള്‍ക്ക് കടപ്പാട് മയോക്ലിനിക്ക്

Related Stories

No stories found.
logo
The Cue
www.thecue.in