'ഡെക്സാമെത്തസോൺ: സ്റ്റിറോയ്ഡ് വാങ്ങിക്കഴിച്ച് പണി വാങ്ങരുത്'

'ഡെക്സാമെത്തസോൺ: സ്റ്റിറോയ്ഡ് വാങ്ങിക്കഴിച്ച് പണി വാങ്ങരുത്'
Summary

വൈറസിനെതിരെ പ്രതിരോധശേഷി നൽകുന്ന മരുന്ന് അല്ല ഇത്. ഡോ.പിഎസ് ജിനേഷ്

ഡെക്സാമെത്തസോൺ കോവിഡിന് പ്രതിരോധ മരുന്നായി ഉപയോഗിക്കാമോ എന്നൊരു ചോദ്യം ലഭിച്ചു.

ഇല്ല എന്നാണ് ഉത്തരം.

അതൊരു സ്റ്റിറോയ്ഡ് വിഭാഗത്തിൽ പെടുന്ന മരുന്നാണ്. ഗുരുതരമായ ശ്വാസംമുട്ടൽ പോലുള്ള പല അവസ്ഥകളിലും വളരെ സാധാരണയായി ആശുപത്രികളിൽ ഉപയോഗിക്കാറുള്ള മരുന്നാണിത്. ശരീരത്തിൽ ഉണ്ടാകുന്ന അലർജി പോലുള്ള അവസ്ഥകളിലും സ്റ്റിറോയ്ഡ് മരുന്നുകൾ നൽകാറുണ്ട്.

സത്യത്തിൽ ഒരു വണ്ടർ ഡ്രഗ് ആണ് സ്റ്റിറോയ്ഡ്. പലപ്പോഴും ജീവൻരക്ഷാ മരുന്ന്.

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയി ഓക്സിജനും വെൻറിലേറ്ററും ആവശ്യമുള്ളവർക്ക് dexamethasone കൂടി നൽകിയാൽ ഗുണകരമാണ് എന്നാണ് പഠനത്തിൽ സൂചിപ്പിക്കുന്നത്. കൂടുതൽ പഠനഫലങ്ങൾ പുറത്ത് വരേണ്ടതുണ്ട്.

അതല്ലാതെ വൈറസിനെതിരെ പ്രതിരോധശേഷി നൽകുന്ന മരുന്ന് അല്ല ഇത്.

അനാവശ്യമായി ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത മരുന്നാണ് സ്റ്റിറോയ്ഡ്.

പനി ഉണ്ട് എന്ന് കരുതി വാങ്ങി കഴിക്കാനും പാടില്ല. കാരണം നിങ്ങളുടെ രോഗലക്ഷണങ്ങൾ സ്റ്റിറോയ്ഡ് ഉപയോഗിച്ചാൽ മാസ്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. പക്ഷേ രോഗകാരണം ഇല്ലാതാവില്ല. അത് ഗുണത്തേക്കാളേറെ ദോഷമാണ്. കാരണം രോഗലക്ഷണങ്ങൾ കുറയുന്നതോടെ ശരിയായ പരിശോധനയും ചികിത്സയും ഒഴിവാക്കാനുള്ള സാധ്യതയുണ്ട്. അത് വൈകാതെ ഗുരുതരാവസ്ഥയിൽ എത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഇതല്ലാതെ തന്നെ രോഗ പ്രതിരോധ ശേഷി കുറയുന്നത് അടക്കമുള്ള മറ്റു പല പ്രശ്നങ്ങൾ വേറെയുമുണ്ട്.

അതുകൊണ്ട് ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ യാതൊരു കാരണവശാലും ഉപയോഗിക്കാൻ പാടില്ല.

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയി ഓക്സിജനും വെൻറിലേറ്ററും ആവശ്യമുള്ളവർക്ക് dexamethasone കൂടി നൽകിയാൽ ഗുണകരമാണ് എന്നാണ് പഠനത്തിൽ സൂചിപ്പിക്കുന്നത്. കൂടുതൽ പഠനഫലങ്ങൾ പുറത്ത് വരേണ്ടതുണ്ട്.

ഓർക്കുക, ബാധിക്കുന്നവരിൽ ഏതാണ്ട് 85 ശതമാനം പേരിലും ഗുരുതരമായ പ്രശ്നങ്ങൾ ഒന്നും സൃഷ്ടിക്കാത്ത അസുഖമാണ് കോവിഡ്. അവർക്കൊന്നും ഈ സ്റ്റിറോയ്ഡ് ആവശ്യമില്ല.

കോവിഡിനെ പ്രതിരോധിക്കാൻ നമ്മൾ ചെയ്യേണ്ടത് ശരീരിക അകലം പാലിക്കുക, കൈകൾ കഴുകുക, കൈകൾ മുഖത്ത് സ്പർശിക്കാതിരിക്കുക, മാസ്ക് ധരിക്കുക എന്നിവയാണ്.

അതിബുദ്ധി കാട്ടി, പ്രതിരോധം എന്നും കരുതി സ്റ്റിറോയ്ഡ് വാങ്ങിക്കഴിച്ച് പണി വാങ്ങരുത്.

AD
No stories found.
The Cue
www.thecue.in