കൊവിഡ് ഭീതിക്കിടെ സംസ്ഥാനത്ത് ഡങ്കിപ്പനിയും; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

കൊവിഡ് ഭീതിക്കിടെ സംസ്ഥാനത്ത് ഡങ്കിപ്പനിയും; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

കൊവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നേറുന്നതിനിടെ പല ജില്ലകളിലും ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കുന്നു. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ആരോഗ്യമേഖലയിലുള്ളവര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനാല്‍ ഡങ്കിപ്പനിക്കെതിരെ ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നാണ് വകുപ്പിന്റെ അഭ്യര്‍ത്ഥന.

തിരുവനന്തപുരത്താണ് ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് ജില്ലയില്‍ ആറ് ഭാഗങ്ങളിലായാണ് ഡങ്കിപ്പനിയുള്ളത്. മിക്ക ജില്ലകളിലും വേനല്‍മഴ ലഭിച്ചതിനാല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. മഴ പെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങും.

മുന്‍വര്‍ഷങ്ങളില്‍ ഏപ്രില്‍ പകുതിയോടെയാണ് സംസ്ഥാനത്ത് ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജനുവരിയോടെ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് നടത്താറുണ്ട്. ഇത്തവണ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ഡങ്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നില്ല. വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണമെന്നും കൊതുകുകളെ നശിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈഡിസ് ഈജിപ്റ്റി കൊതുകുകളാണ് ഡങ്കുവൈറസുകളെ പരത്തുന്നത്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിടുക. പകല്‍ സമയത്ത് മാത്രമാണ് ഇവ മനുഷ്യരെ കടിക്കുക. ഇടവിട്ടുള്ള പനിയാണ് ഡങ്കിയുടെ ലക്ഷണം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ രോഗം പിടിപെടാം. സാധാരണ വൈറല്‍പ്പനിയുടെ ലക്ഷണങ്ങളാണ് ഡങ്കിക്കുമുള്ളത്. തലവേദന, പേശിവേദന, വിശപ്പിലായ്മ, മനംപുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ, അതിശക്തമായ നടുവേദന, കണ്ണിന് പുറകില്‍ വേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ശരീരത്തില്‍ ചുവന്ന് തിണര്‍ത്ത പാടുകളും കണ്ടേക്കാം. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് കുറയുന്നത് രോഗം ഗുരുതരമാകുന്നതിന് കാരണമാകും.

Related Stories

No stories found.
logo
The Cue
www.thecue.in