ആദ്യത്തെ 12 മാസം ഏറ്റവും നിര്‍ണായകം; കുഞ്ഞുങ്ങളുടെ മെനുവില്‍ നിന്ന് ഒഴിവാക്കാന്‍ പാടില്ലാത്തത്

ആദ്യത്തെ 12 മാസം ഏറ്റവും നിര്‍ണായകം; കുഞ്ഞുങ്ങളുടെ മെനുവില്‍ നിന്ന് ഒഴിവാക്കാന്‍ പാടില്ലാത്തത്

കുട്ടികള്‍ അതിവേഗം വളരുന്ന സമയമാണ് ആദ്യത്തെ 12 മാസങ്ങള്‍. ശരാശരി 25 സെന്റിമീറ്റര്‍ നീളമാണ് ഈ ഒറ്റ വര്‍ഷം കൊണ്ട് വര്‍ദ്ധിക്കുന്നത്. ജനിതകമായി കിട്ടിയ നീളം, പോഷകാഹാരങ്ങള്‍ വേണ്ടത്ര അളവില്‍ ലഭിച്ചില്ലെങ്കില്‍ നഷ്ടപ്പെട്ടു പോകുന്നതും ഈ കാലഘട്ടത്തില്‍ തന്നെയാണ്. പോഷക സമൃദ്ധമായ ആഹാരത്തിന് ഒരാളുടെ വളര്‍ച്ചയെ (മസ്തിഷ്‌കവളര്‍ച്ചയേയും) ഏറ്റവും നിര്‍ണായകമായി സ്വാധീനിക്കാന്‍ കഴിയുന്ന കാലഘട്ടമാണ് ജീവിതത്തിലെ ആദ്യത്തെ 1000 ദിവസങ്ങള്‍.

ആദ്യത്തെ 6 മാസം;

ആഹാരമായി അമ്മയുടെ മുലപ്പാല്‍ മാത്രം മതി. വെള്ളം, മറ്റ് തരം പാല്‍ എന്നിവയൊന്നും തന്നെ വേണ്ട. അമ്മ പോഷക സമ്പന്നമായ ആഹാരം കഴിക്കണം. മുലയൂട്ടല്‍-18മാസം വരെയെങ്കിലും തുടരണം.

6 മാസം മുതല്‍ നല്‍കേണ്ട ഭക്ഷണം

ആറ് മാസം മുതല്‍ ശരിയായ വളര്‍ച്ചയ്ക്ക് അമ്മയുടെ മുലപ്പാല്‍ മാത്രം മതിയാവില്ല. മുലപ്പാലിനു പുറമേ 'പോഷക മൂല്യമുള്ള' മറ്റു ആഹാരങ്ങള്‍ കൂടെ കൊടുത്ത് തുടങ്ങണം. ഇല്ലെങ്കില്‍ കുഞ്ഞുങ്ങളുടെ നീളവും ഭാരവും പ്രതീക്ഷിക്കുന്ന പോലെ വര്‍ദ്ധിക്കില്ല.

ആദ്യം കുറുക്ക് രൂപത്തില്‍ ( Semi solid ) ഏതെങ്കിലും ഒരു ആഹാരം കൊടുത്തു തുടങ്ങാം. മുത്താറി (റാഗി) , കുന്നം വായയ്ക്കാ തുടങ്ങിയവ പോലുള്ളത്. ഈ സമയത്ത് കൊടുക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍

കോരികൊടുക്കാന്‍ പാകത്തില്‍ കട്ടിയിലുള്ളതും സ്പൂണിലൊതുങ്ങുന്ന രീതിയിലുമാവണം. ഏതാനും ആഴ്ചകള്‍ മാത്രം ഇങ്ങനെ കുറുക്ക് രൂപത്തിലുള്ള ആഹാരം കൊടുക്കാം. എന്നാല്‍ ഇത് വെള്ളം കൂടി വളരെ നേര്‍ത്ത ദ്രാവകമാകരുത്. ക്രമേണ ,ആഴ്ചകള്‍ക്കുള്ളില്‍, ആഹാരത്തിലെ ദ്രവാംശം കുറച്ച് കുറച്ച്, കൂടുതല്‍ കട്ടിയുള്ള രൂപത്തിലേയ്ക്ക് കുഞ്ഞിന്റെ ആഹാരത്തെ മാറ്റി കൊണ്ട് വരണം. ഈ പ്രായത്തിലെ കുഞ്ഞിന്റെ ഭക്ഷണം കലോറി-പോഷകസമൃദ്ധമാക്കാന്‍ അതിലെ ജലാംശം കുറയണം.

ആദ്യത്തെ ആഴ്ചകള്‍ക്കു ശേഷം കഞ്ഞി കുടിപ്പിക്കുന്നത് മാറ്റി പകരം തിന്നാന്‍ പറ്റുന്ന, പോഷക സമൃദ്ധമായ കട്ടിയുള്ള ആഹാരങ്ങള്‍ കൊടുത്തു തുടങ്ങാം. കുഞ്ഞുങ്ങളുടെ ഉത്തമ ആഹാരം കഞ്ഞിയും ചായയുമാണെന്നൊരു വിശ്വാസമുണ്ട് നമ്മുടെ നാട്ടില്‍. മാത്രമല്ല കൊടുക്കാന്‍ എളുപ്പമാണ് എന്നത് കൊണ്ടുമാകാം പല കുട്ടികള്‍ക്കും ഇന്നും സുലഭമായി ലഭിക്കുന്ന ആഹാരം ഇവ രണ്ടുമാണ്.

കുഞ്ഞുങ്ങള്‍ക്ക് ഈ പ്രായത്തില്‍ വ്യത്യസ്തങ്ങളായ ( varieties of food ) ആഹാരങ്ങളാണ് ലഭിക്കേണ്ടത്. പരിപ്പ്, പയര്‍, കടല, സൊയാബീന്‍, ഉരുളകിഴങ്ങ്, ബീറ്റ്‌റൂട്ട്, ഇല കറികള്‍ ,പഴവര്‍ഗ്ഗങ്ങള്‍, നെയ്യ്, വെണ്ണ, ചീസ്, മുട്ട, മീന്‍, ഇറച്ചി എന്നിവ ഒരു വയസ്സാകുന്നതിന് മുമ്പ് തന്നെ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ഒരു വയസ്സ് പ്രായമാകുമ്പോഴേയ്ക്ക് സാധാരണ വീട്ടിലുണ്ടാക്കുന്ന എല്ലാ ആഹാരങ്ങളും അവര്‍ക്ക് കഴിക്കാന്‍ പറ്റും. പ്രാദേശികമായി ലഭിക്കുന്ന വ്യത്യസ്ത ആഹാരങ്ങള്‍/ രുചികള്‍ പരിചയപ്പെടുന്ന നിര്‍ണ്ണായക കാലഘട്ടമാണിത്. നാവിലും മസ്തിഷ്‌കത്തിലും അവ അഭിരുചികളായി ശേഖരിക്കപ്പെടുന്ന കാലം കൂടിയാണിത്. ഇത്തരം ആഹാരങ്ങള്‍ പല പല നിസ്സാര കാരണങ്ങള്‍ കൊണ്ട് കുട്ടികള്‍ക്ക് തക്ക സമയത്ത് നല്‍കാന്‍ വൈകുന്നത് നമ്മുടെ നാട്ടില്‍ വളരെ സാധാരണമാണ്. ഇത് പിന്നീട് കുഞ്ഞുങ്ങള്‍ 'അനുഭവിക്കുന്ന' വിശപ്പില്ലായ്മയ്ക്കും പോഷകാഹാരകുറവിനും വളര്‍ച്ചകുറവിനും കാരണമാകുന്നുണ്ട്.

തങ്ങളുടെ കൊച്ചു കുഞ്ഞുങ്ങള്‍ നിരീക്ഷിക്കുന്ന രീതിയില്‍ രക്ഷിതാക്കള്‍ പ്രത്യേകിച്ച് അമ്മ, രുചിച്ച് ആസ്വദിച്ച് ആഹാരം കഴിക്കുന്നത് വീട്ടിലെ ആഹാരങ്ങളോട് അവര്‍ക്കുള്ള ആഗ്രഹം/താല്പര്യം ( കൊതി) വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം

*പഞ്ചസാരയുടെയും ഉപ്പിന്റെയും ഉപയോഗം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക.

*ചായ, കാപ്പി, ശീതളപാനീയങ്ങള്‍ എന്നിവ കുഞ്ഞുങ്ങളുടെ ആഹാരമല്ല. അവ കൊടുക്കരുത് .

*കുട്ടികളെ ആകര്‍ഷിക്കുന്ന ടി വി, വാണിജ്യ പരസ്യങ്ങള്‍ ദ്രോഹം ചെയ്‌തേക്കാം.

*കുടിയ്ക്കാന്‍ പാല്‍, വെള്ളം എന്നിവയല്ലാതെ മറ്റൊരു ദ്രാവകവും കൊടുക്കാതിരിക്കുക.

*ഒരു വയസ്സിനു ശേഷം ദിവസേന

2 കപ്പ് പശുവിന്‍ പാല്‍ ( വെള്ളം ചേര്‍ക്കാതെ) നല്‍കാം .

*പാല്‍ , ബോട്ടിലിന് പകരം കപ്പില്‍ കൊടുക്കുക .

*ആഹാരം കഴിയ്ക്കാന്‍ അവര്‍ക്ക് സ്വന്തമായി പ്രത്യേക പ്ലേറ്റ് നല്ലതാണ്.

*ആഹാരം മിക്‌സിയിലടിച്ച് ദ്രവരൂപത്തിലാക്കി കൊടുക്കരുത്.

*കുട്ടികള്‍ ആഹാരം സ്പൂണ്/ഫോര്‍ക്ക് ഉപയോഗിച്ചോ , വിരലുകൊണ്ടോ സ്വമേധയാ കഴികാനായി പ്രോത്സാഹിപ്പിക്കുക(1218മാസം).

*കടല , പൊരി, പോപ്പ് കോണ്‍ , പരിപ്പ് , മുന്തിരി പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൊടുക്കുമ്പോള്‍ ( 3,4 വയസ്സുവരെ ) തൊണ്ടയില്‍ കുടുങ്ങാതിരിക്കാന്‍ (ചോക്കിങ് / Foreign body Aspiration ) ശ്രദ്ധിക്കുക. അവ പൊടിച്ച് മാത്രം കൊടുക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in