പിതാവിനും കുഞ്ഞിന്റെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തുല്യമായ പങ്കുണ്ട്‌ 

പിതാവിനും കുഞ്ഞിന്റെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തുല്യമായ പങ്കുണ്ട്‌ 

അമ്മയും അച്ഛനുമായിത്തീരുന്ന നിമിഷമാണ് ഓരോ വ്യക്തിയുടേയും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഓര്‍മ്മകളില്‍ ഒന്ന്. ആരോഗ്യത്തോടെയുള്ള കുഞ്ഞിന്റെ വളര്‍ച്ചയാണ് പിന്നീടുള്ള ജീവിതത്തില്‍ രക്ഷിതാക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമായി മാറുന്നതും. കുഞ്ഞിന്റെ ആരോഗ്യപൂര്‍ണ്ണമായ വളര്‍ച്ചയുടെ ആദ്യ ഘട്ടം ആരംഭിക്കുന്നത് കുഞ്ഞിന്റെ ആദ്യ ഭക്ഷണത്തിലൂടെയാണ്. ഒരു പക്ഷെ ആരോഗ്യത്തിന്റെ തന്നെ അടിവേരാകുന്നതും ഈ ഭക്ഷണമായിരിക്കാം. മാതൃത്വം ഒരു വികാരമാണെങ്കില്‍ മുലപ്പാല്‍ അതിന്റെ ഭാഷയാണ് എന്ന് പറയുന്നതും ഇതിനാലാണ്. ഈ പ്രാധാന്യത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള അച്ഛനമ്മമാരെ ബോധവത്കരിക്കാനാണ് ലോകാരോഗ്യ സംഘടനയുടേയും യുനിസെഫിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആഗസ്റ്റ് 1 മുതല്‍ 7 വരെയുള്ള ദിവസങ്ങളില്‍ മുലയൂട്ടല്‍ വാരമായി ആഘോഷിക്കുന്നത്. Breast Milk...The Elixire of Life (മുലപ്പാല്‍ ജീവന്റെ അമൃതം) എന്നതാണ് ഈ വര്‍ഷത്തെ മുലയൂട്ടല്‍ വാരാഘോഷത്തിന്റെ മുദ്രാവാക്യം.

മൂലയൂട്ടലിന്റെ പ്രാധാന്യം

മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് അജ്ഞരായവര്‍ ഈ ആധുനികലോകത്ത് അപൂര്‍വ്വമായിരിക്കും. ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുമ്പോള്‍ തന്നെ തുടര്‍ന്നിങ്ങോട്ടുള്ള ജീവിതത്തിന്റെ ഓരോ നിമിഷങ്ങളെക്കുറിച്ചും ഇന്നത്തെ യുവദമ്പതികള്‍ ഏറെക്കുറെ ബോധവാന്മാരാണ്. വിരല്‍തുമ്പില്‍ വിവരങ്ങള്‍ എത്തിക്കഴിഞ്ഞിരിക്കുന്ന കാലത്ത് അറിവിന് മാത്രമാണല്ലോ ഒരു പഞ്ഞവുമില്ലാത്തത്. വായിച്ച് സ്വരുക്കൂട്ടിയ അറിവുകളെല്ലാം ശരിയാണോ അല്ലെയോ എന്ന് ഉറപ്പ് വരുത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

മുലപ്പാല്‍ എന്നത് സത്യത്തില്‍ ഒരത്ഭുത പ്രതിഭാസമാണ്. പ്രസവം കഴിഞ്ഞാലുടന്‍ തന്നെ അമ്മയുടെ മാറിടത്തില്‍ നിന്ന് മാതൃത്വത്തിന്റെ ഈ അത്ഭുതം ചുരത്തുവാന്‍ ആരംഭിക്കുന്നു. പില്‍ക്കാലത്ത് ബാധിക്കാനിടയുള്ള പല രോഗങ്ങളെയും അതിജീവിക്കുവാന്‍ ആവശ്യമായ പ്രതിരോധ ശേഷി പ്രകൃതി തന്നെ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഇളം മഞ്ഞനിറത്തിലുള്ള പ്രഥമ മുലപ്പാലായ കൊളസ്ട്രം ജനനശേഷം ആദ്യ അരമണിക്കൂറിനകം തന്നെ നല്‍കണം. വൈറ്റമിന്‍ എ, മാംസ്യം, ഇമ്യൂമോഗ്ലോബിലിനുകള്‍ മുതലായവയുടെ കലവറകൂടിയാണ് മുലപ്പാല്‍.

എത്രകാലം മുലയൂട്ടണം

ജനിച്ച് ആദ്യത്തെ ആറ് മാസക്കാലയളവ് വരെ കുഞ്ഞിന് മുലപ്പാലല്ലാതെ മറ്റൊരു ഭക്ഷണവും ആവശ്യമില്ല എന്ന് പൊതുവെ അറിയാവുന്നതാണ്. എന്നാല്‍ ആറ് മാസം കഴിഞ്ഞാല്‍ മുലപ്പാല്‍ കൊടുക്കുന്നത് അവസാനിപ്പിക്കണം എന്ന അര്‍ത്ഥം ഇതിനില്ല എന്ന് കൂടി മനസ്സിലാക്കണം. കുഞ്ഞിന് എത്രകാലം മുലപ്പാല്‍ കൊടുക്കാന്‍ സാധിക്കുമോ അത്രയും കാലം കൊടുക്കുക തന്നെ ചെയ്യണം. ആറ് മാസം കഴിഞ്ഞതിന് ശേഷം ലഘുവായി കുറുക്കിയ റാഗി, വേവിച്ചുടച്ച വാഴപ്പഴം പോലുള്ള പാരമ്പര്യമായി നമ്മള്‍ കുഞ്ഞിന് കൊടുക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൊടുത്ത് തുടങ്ങാം. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ സമയക്രമീകരണത്തിന്റെ ആവശ്യമൊന്നുമില്ല. എപ്പോഴാണോ കുഞ്ഞിന് വിശക്കുന്നത് അപ്പോള്‍ തന്നെ ഭക്ഷണം കൊടുക്കണം അതിന് രാത്രിയെന്നോ പകലെന്നോ ഉള്ള ഭേദമൊന്നുമുണ്ടാകരുത്. കുഞ്ഞ് വളരുന്നതോടൊപ്പം ഭക്ഷണത്തിന്റെ അളവിലും വര്‍ദ്ധനവ് വരുത്തണം.

കുടുംബത്തിന്റെ ഉത്തരവാദിത്തം

കുഞ്ഞിന്റെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെതും ഏറ്റവും പ്രാധാന്യമുള്ളതുമായ അവകാശമാണ് മുലപ്പാല്‍. അത് നിഷേധിക്കുവാനുള്ള അവകാശം ആര്‍ക്കുമില്ല. കുഞ്ഞുമായി രക്ഷിതാക്കള്‍ക്കുള്ള ആത്മബന്ധത്തിന്റെ തുടക്കവും മുലപ്പാലിലൂടെയാണ്. ഈ യാഥാര്‍ത്ഥ്യത്തെ വ്യാപകമായി പ്രചരിപ്പിക്കുക എന്നതാണ് ഈ വര്‍ഷത്തെ മുലയൂട്ടല്‍ വാരാചരണത്തിന്റെ പ്രധാന ലക്ഷ്യം. അതിനായി വ്യാപകമായ പ്രചരണങ്ങളാണ് ലോകമെങ്ങും നടത്തപ്പെടുന്നത്.

മെറ്റേര്‍ണിറ്റി ലീവും പെറ്റേര്‍ണിറ്റി ലീവും അനുവദിക്കുക എന്നതാണ് ഈ വര്‍ഷം ഏറ്റെടുത്തിരിക്കുന്ന പ്രധാന പ്രചാരണ പ്രവര്‍ത്തനങ്ങള്‍. മാതാവിന് ശമ്പളത്തോട് കൂടിയ അവധി (മെറ്റേര്‍ണിറ്റി ലീവ്) കുറഞ്ഞത് 18 ആഴ്ചയെങ്കിലും നിര്‍ബന്ധമായും നല്‍കണമെന്നും പിതാവിനും തുല്യമായ രീതിയില്‍ അവധി (പ്രെറ്റേര്‍ണിറ്റി ലീവ്) നല്‍കണമെന്നതുമാണ് ഈ ആശയത്തിന്റെ അടിസ്ഥാനം. ഇതിലൂടെ ഇരുവര്‍ക്കും സ്വന്തം കുഞ്ഞിന്റെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തുല്യമായ പങ്ക് വഹിക്കാന്‍ സാധിക്കും. മാതൃസൗഹൃദപൂര്‍ണ്ണമായ അന്തരീക്ഷം തൊഴിലിടത്തിലും താമസസ്ഥലത്തും അമ്മയ്ക്ക് ലഭിക്കേണ്ടതാണ്. സുരക്ഷിതവും വൃത്തിയുള്ളതുമായ അന്തരീക്ഷത്തില്‍ സ്വകാര്യത നിലനിര്‍ത്തി മുലയൂട്ടാന്‍ സാധിക്കുന്നത് അമ്മയുടെ അവകാശമാണ്. ഇവ നിര്‍ബന്ധമായും ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക എന്നതാണ് ഈ വര്‍ഷത്തെ മുലയൂട്ടല്‍ വാരാഘോഷത്തിന്റെ ലക്ഷ്യങ്ങള്‍.

അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഒരുപോലെ ഗുണകരമാണ് മുലയൂട്ടല്‍. മുലൂട്ടലിലുണ്ടായിരിക്കുന്ന വര്‍ദ്ധനവിലൂടെ ആഗോളതലത്തില്‍ പ്രതിവര്‍ഷം എട്ട് ലക്ഷം ജീവനുകളെയാണ് രക്ഷപ്പെടുത്തുവാന്‍ സാധിക്കുന്നത്. ആറ് മാസത്തില്‍ താഴെ പ്രായമുള്ളവരാണ് ഇതില്‍ കൂടുതലും. ഇതിന് പുറമെ അമ്മമാരിലെ സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍, ടൈപ്പ് 2 പ്രമേഹം, ഹൃദയരോഗങ്ങള്‍ മുതലായവയെ പ്രതിരോധിക്കുവാനും മുലയൂട്ടലിലൂടെ സാധിക്കുന്നു. മുലയൂട്ടലിലൂടെ മാത്രം പ്രതിവര്‍ഷം ഇരുപതിനായിരത്തോളം സ്തനാര്‍ബുദ സംബന്ധമായ മരണനിരക്ക് കുറയ്ക്കുവാന്‍ സാധിച്ചിരിക്കുന്നു എന്നും ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം കുഞ്ഞ് ജനിച്ച ശേഷം കുറഞ്ഞത് ഒരു മണിക്കൂറിനുള്ളിലെങ്കിലും മുലയൂട്ടല്‍ ആരംഭിക്കുകയും ആറ് മാസം വരെ മുലപ്പാല്‍ മാത്രം നല്‍കുകയും വേണം. പോഷക ന്യൂനത പരിഹരിക്കാനാവശ്യമായ മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുടര്‍ന്ന് നല്‍കിത്തുടങ്ങാം. കുറഞ്ഞത് രണ്ട് വയസ്സ് വരെയെങ്കിലും മുലയൂട്ടല്‍ തുടര്‍ന്ന് പോകണം.

Related Stories

No stories found.
logo
The Cue
www.thecue.in