കൈ കഴുകല്‍ അത്ര ലളിതമല്ല 

കൈ കഴുകല്‍ അത്ര ലളിതമല്ല 

സാംക്രമിക രോഗങ്ങള്‍ പടരാതിരിക്കാന്‍ ശരിയായ രീതിയില്‍ കൈ കഴുകുന്നതിലൂടെയും സാധിക്കും 

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ ടാപ്പിന് ചുവട്ടില്‍ വച്ച് വെറുതെയൊന്ന് നനക്കുക. മിക്കവരും ചെയ്യുന്ന ചടങ്ങാണ്. എന്നാല്‍ അത്ര ലളിതമായി ചെയ്യേണ്ട ഒന്നല്ല കൈ കഴുകല്‍. നിപ ഉള്‍പ്പെടെയുള്ള സാംക്രമിക രോഗങ്ങള്‍ പടരാതിരിക്കാന്‍ ശരിയായ രീതിയില്‍ കൈ കഴുകുന്നതിലൂടെയും സാധിക്കും എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ഏറ്റവുമധികം രോഗാണുക്കള്‍ ശരീരത്തിലെത്തുന്നത് കൈകളിലൂടെയാണ്. വയറിളക്കരോഗങ്ങളും മഞ്ഞപ്പിത്തവും എല്ലാം ഇങ്ങനെ പിടിപെടാം. ഷേക്ക് ഹാന്‍ഡ് നല്‍കിയാല്‍ മാത്രമല്ല ഒരാളില്‍ നിന് മറ്റൊരാളിലേക്ക് രോഗാണുക്കള്‍ പകരുന്നത്. ബസിന്റെ കമ്പികളിലും വാതില്‍ പിടികളിലും അവയുണ്ടാകും. വൈറല്‍ രോഗങ്ങള്‍ പുരാന്‍ ഇതൊക്കെ തന്നെ ധാരാളം. കണ്ണ് കൊണ്ട് കാണാന്‍ സാധിക്കാത്ത രോഗാണുക്കള്‍ എവിടെയൊക്കെ പതിയിരിക്കുന്നുവെന്ന് പറയാന്‍ കഴിയില്ല.

ഒരു ദിവസം എത്ര പ്രാവശ്യം കൈ കഴുകണം, എത്ര സമയത്തിന്റെ ഇടവേളകളില്‍ എന്നൊക്കെ സംശയമുണ്ടാകും. ലോകാരോഗ്യ സംഘടന ഇതിന് കൃത്യമായ നിര്‍ദേശം നല്‍കുന്നില്ല. ഇടയ്ക്കിടെ കൈ കഴുകുന്നത് ഗുണം ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല.

എപ്പോളൊക്കെ കൈ കഴുകണം

രോഗികളുമായി ഇടപെട്ടാല്‍ തീര്‍ച്ചയായും കൈകള്‍ കഴുകണം

ടോയ്‌ലറ്റില്‍ പോയതിന് ശേഷം, ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുമ്പ്, കുട്ടികളെ എടുക്കുമ്പോഴും അവര്‍ക്ക് കൊടുക്കുമ്പോഴും , ആശുപത്രിയില്‍ പോയി വന്ന ഉടനെ, വളര്‍ത്തുമൃഗങ്ങളെ പരിചരിക്കുമ്പോള്‍, മാലിന്യം കൈകാര്യം ചെയ്താല്‍

ഇത്തരം സന്ദര്‍ഭങ്ങളില്‍ വെറുതെ കൈ കഴുകിയാല്‍ രോഗാണുക്കള്‍ നശിക്കില്ല. സോപ്പോ അണുനാശിനികളോ ഉപയോഗിക്കണം. ധാരാളം വെള്ളം ഉപയോഗിക്കണം.

കൈകള്‍ നനച്ച് സോപ്പ് തേയ്ക്കാം, വിരലുകളുടെ ഇടഭാഗം ആദ്യം കഴുകുക. പിന്നെ പുറം ഭാഗം, തള്ള വിരല്‍, വിരല്‍ ഉള്ളം കൈയ്യില്‍ ഉരച്ചു കഴുകുക. വശങ്ങള്‍, കണം കൈ എന്നിവയും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. കഴുകി കളഞ്ഞതിന് ശേഷം ഉണക്കിയ വൃത്തിയുള്ള ടവല്‍ കൊണ്ട് തുടക്കുക. 20 സെക്കന്റങ്കിലും ഇതിന് എടുക്കണം.

പകര്‍ച്ചവ്യാധികളില്‍ നിന്ന് രക്ഷനേടാനുള്ള എളുപ്പമാര്‍ഗമാണ് കൈ കഴുകല്‍. ശരിയായ രീതിയില്‍ കൈ കഴുകാന്‍ കുട്ടികളെയും ശീലിപ്പിക്കണം. കണ്ണ്, മുക്ക്, വായ എന്നിവയിലൂടെ ശരീരത്തിലേക്ക് ബാക്ടീരിയയും വൈറസും എത്തുന്നു. വൃത്തിയായി കൈ കഴുകിയാല്‍ ഈ രോഗാണുക്കള്‍ സ്വന്തം ശരീരത്തിലേക്കും മറ്റുള്ളവരിലേക്കും പടരുന്നത് തടയാം

Related Stories

No stories found.
logo
The Cue
www.thecue.in