നിപ്പ പ്രതിരോധമരുന്ന് വികസിപ്പിച്ച സംഘത്തിലെ മലയാളി ദൃശ്യാ കുറുപ്പ്, ജെഫേഴ്‌സണിലെ ഗവേഷക വിദ്യാര്‍ത്ഥിനി

നിപ്പ പ്രതിരോധമരുന്ന് വികസിപ്പിച്ച സംഘത്തിലെ മലയാളി ദൃശ്യാ കുറുപ്പ്, ജെഫേഴ്‌സണിലെ ഗവേഷക വിദ്യാര്‍ത്ഥിനി

നിപ്പാ രോഗത്തിന് പ്രതിരോധ മരുന്ന് വികസിപ്പിക്കുന്ന സംഘത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി ഉള്‍പ്പെട്ടിരുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയുണ്ടായിരുന്നു. അമേരിക്കയിലെ ഫിലാഡല്‍ഫിയ ജെഫേഴ്‌സണ്‍ വാക്‌സിന്‍ സെന്ററില്‍ നടന്ന ഗവേഷണത്തിലാണ് നിപ്പാ വൈറസിനെതിരെയുള്ള പ്രതിരോധ മരുന്ന് വികസിപ്പിച്ചത്. മലയാളിയായ ദൃശ്യാ കുറുപ്പ് ഈ സംഘത്തിലുണ്ടെന്ന് മാധ്യമപ്രവര്‍ത്തകനായ എം അബ്ദുള്‍ റഷീദാണ് ഫേസ്ബുക്കില്‍ ആദ്യം കുറിച്ചത്. ദൃശ്യാ കുറുപ്പ് ജെഫേഴ്‌സണ്‍ കോളേജ് ഓഫ് ലൈഫ് സയന്‍സില്‍ ഇമ്യുണോളജി ആന്‍ഡ് മൈക്രോബിയല്‍ പതോജനിസിസില്‍ പിഎച്ചഡി നാലാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

തൃശൂര്‍ കൊളങ്ങര വീട്ടില്‍ ക്യാപ്റ്റന്‍ ബാലചന്ദ്രകുറുപ്പിന്റെയും തൃശൂര്‍ അമ്പാടി വീട്ടില്‍ ജയശ്രീ കുറുപ്പിന്റെയും മകളാണ് ദൃശ്യാ കുറുപ്പ്. മലപ്പുറം തിരൂര്‍ സ്വദേശിയാണ് ദൃശ്യയുടെ അച്ഛനെന്നും അമ്മ തൃശൂര്‍ സ്വദേശിയാണെന്നും ദൃശ്യ ജനിച്ചതും വളര്‍ന്നതും മുംബൈയിലാണെന്നും മലയാള മനോരമ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

നിപ്പാ പ്രതിരോധ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചിട്ടില്ല. ജന്തുക്കളിലാണ് പരീക്ഷിച്ചിരിക്കുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ ഉപയോഗിക്കാവുന്ന വാക്‌സിനാണ് വികസിപ്പിച്ചിരിക്കുന്നത്. മനുഷ്യരില്‍ ഉപയോഗിക്കുന്നതിന് ഇനി അനുമതി ലഭിക്കണം.

നിപാ വൈറസ് ആക്രമണം കേരളത്തില്‍ പതിനെട്ട് പേരുടെ മരണത്തിന് ഇടയാക്കിയിരുന്നു. 2018 മേയിലാണ് കേരളത്തില്‍ നിപാ വൈറസ് ബാധയുണ്ടായതായി പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചത്. മേയ് 5 നു മരിച്ച സൂപ്പിക്കടയില്‍ മൂസയുടെ മകന്‍ മുഹമ്മദ് സാബിത്ത് ആണ് നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ട ആദ്യത്തെയാള്‍ എന്നാണ് നിഗമനം. നിപ്പാ പ്രതിരോധ മരുന്ന് വികസനം കേരളത്തിലെ ആരോഗ്യമേഖലയിലും പ്രതീക്ഷ സൃഷ്ടിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in