വിവാഹ പ്രായം 21, വിദ്യാഭ്യാസം കിട്ടാതെ മത്തിക്കറി വെക്കാൻ പറയുന്നത് നിർത്തും

വിവാഹ പ്രായം 21, വിദ്യാഭ്യാസം കിട്ടാതെ മത്തിക്കറി വെക്കാൻ പറയുന്നത് നിർത്തും

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 വയസ്സാക്കുന്നത് നല്ല തീരുമാനമാണ്. മലബാര്‍ ഭാഗങ്ങളില്‍ പെണ്‍കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിന് വിടാതെ പതിനേഴും പതിനെട്ടും വയസ്സില്‍ കല്യാണം കഴിച്ച് അയക്കുന്നു. നേരത്തെ വിവാഹം കഴിക്കുന്നതോടെ വിദ്യാഭ്യാസം മുടങ്ങും. പത്താംക്ലാസിലെയും പ്ലസ്ടുവിലെയും റിസല്‍ട്ട് വരുമ്പോള്‍ പെണ്‍കുട്ടികള്‍ മുന്നിലുണ്ടാകും. പിന്നെ അവരെ കാണാനുണ്ടാകില്ല. വിവാഹമാണ് അവരുടെ മുന്നോട്ടുള്ള യാത്ര തടസ്സപ്പെടുത്തുന്നത്. പെണ്‍കുട്ടികളെ അധികം വീട്ടില്‍ നിര്‍ത്തിയാല്‍ മൂത്ത് പോകുമെന്നാണ് പറയുന്നത്. മൂത്ത് പോയാല്‍ ആരും സ്വീകരിക്കില്ലെന്ന ചിന്ത മാറ്റാന്‍ വിവാഹ പ്രായം ഉയര്‍ത്തുന്നതിലൂടെ കഴിയും. ചെറിയ പ്രായത്തിലുള്ള പെണ്‍കുട്ടികളെയാണ് വിവാഹം കഴിക്കാന്‍ ആളുകള്‍ക്ക് ആവശ്യം. പെണ്ണ് കാണല്‍ ചടങ്ങെന്നും പറഞ്ഞ് പെണ്‍കുട്ടികളെ ഒരുക്കി പ്രതിമ പോലെ നിര്‍ത്തുന്നതും അവസാനിപ്പിക്കണം. എത്ര മൂത്തിട്ടുണ്ടെന്ന് നോക്കാനാണ് പെണ്ണുകാണാന്‍ വരുന്നത്.

വിവാഹം പ്രായം പതിനെട്ട് വയസ്സാക്കിയതോടെ ഒരുപരിധി വരെ കുട്ടികള്‍ പത്താം ക്ലാസ് വരെയെങ്കിലും പഠിക്കുന്നുണ്ട്. പ്ലസ് ടു വരെ പഠിച്ചത് കൊണ്ട് കാര്യമില്ല. ജീവിത മാര്‍ഗ്ഗം കണ്ടെത്താന്‍ ഈ പഠനം കൊണ്ട് കഴിയില്ല. ഉന്നത വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കാന്‍ വിവാഹം പ്രായം ഉയര്‍ത്തുന്നതിലൂടെ കഴിയും. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം തീരെ നിഷേധിക്കപ്പെട്ട അവസ്ഥ മാറിയിട്ടുണ്ട്. സര്‍ക്കാരുകളുടെ വിദ്യാഭ്യാസ നയങ്ങളും സ്‌കോളര്‍ഷിപ്പുകളും ഇതിന് സഹായിച്ചിട്ടുണ്ട്. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ വലിയ സഹായമാണ്.

വിവാഹമാണ് പെണ്‍കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നാണ് പല രക്ഷിതാക്കളും കരുതുന്നത്. പെണ്‍കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ച പരിഗണിക്കുന്നതേയില്ല. വിവാഹത്തിലൂടെ ഉണ്ടാകുന്ന ബാധ്യതകള്‍ ഏറ്റെടുക്കാനുള്ള വളര്‍ച്ച ഈ പെണ്‍കുട്ടികള്‍ക്കുണ്ടോയെന്ന് ചിന്തിക്കണം. പ്ലസ് ടുവില്‍ എത്തുമ്പോഴായിരിക്കും ഏത് രീതിയില്‍ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ട് പോകണമെന്ന് പെണ്‍കുട്ടികള്‍ ചിന്തിക്കുക. ആ സമയത്ത് അവരെ കല്യാണം കഴിപ്പിച്ച് അയക്കുന്നു. വിദ്യാഭ്യാസം നഷ്ടപ്പെടുന്നത് മാത്രമല്ല ആരോഗ്യവും നശിക്കുന്നു.

ഉന്നത വിദ്യാഭ്യാസം കിട്ടുന്ന പെണ്‍കുട്ടികള്‍ക്കും ജോലിക്ക് പോകാന്‍ കഴിയുന്നില്ല. സമ്പന്ന വിഭാഗത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഉണ്ട്. പെണ്‍കുട്ടികള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഗാര്‍ഹിക പീഡനത്തിനെതിരെ പ്രതികരിക്കാന്‍ അവര്‍ക്ക് കഴിയൂ. ജോലിയുണ്ടെങ്കിലും എല്ലാം നേരിടാന്‍ കഴിയും. സ്ത്രീകള്‍ക്ക് തൊഴില്‍ സംവരണവും ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പും നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. സാമൂഹ്യ പരിവര്‍ത്തനത്തില്‍ ഏറ്റവും പ്രധാനം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസം നല്‍കാതിരിക്കുന്നത് കൊണ്ടാണ് മത്തിക്കറി വെച്ച് ഇരുന്നാല്‍ മതിയെന്ന് പെണ്‍കുട്ടികളോട് പറയുന്നത്.

നിയമം കൊണ്ട് സ്ത്രീകളുടെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ കഴിയുമെന്നതിന്റെ തെളിവാണ് തദ്ദേശ സ്ഥാപനങ്ങളിലെ അമ്പത് ശതമാനം സംവരണം. അവിടെ കൂടുതല്‍ സ്ത്രീകളെത്തുമ്പോള്‍ നിയമസഭയിലും പാര്‍ലമെന്റിലും വലിയ മാറ്റുണ്ടാകുന്നില്ല. എതിര്‍പ്പ് പല കോണുകളിലും നിന്നും ഉയരും. യൂണിഫോമിന്റെ പേരിലുള്ള കോലാഹലം എന്തിനാണ്?. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ വസ്ത്രം ധരിച്ചാല്‍ ലോകം അവസാനിക്കുകയൊന്നുമില്ല. തലയടിച്ച് കരയുന്നതിന്റെ ആവശ്യമെന്താണ്?. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ സൗഹൃദത്തോടെ കുട്ടികള്‍ വളരട്ടെ. അങ്ങനെ വരുമ്പോള്‍ പീഡനമുണ്ടാകില്ല. സ്ത്രീയും പുരുഷനും സൗഹൃദത്തോടെ ജീവിക്കുന്ന സാഹചര്യമുണ്ടായാല്‍ പരസ്പര സ്‌നേഹത്തോടെ ജീവിക്കാന്‍ കഴിയും.

Related Stories

No stories found.
logo
The Cue
www.thecue.in