'സഹായങ്ങള്‍ സജ്‌നയ്ക്ക് മാത്രമുള്ളതല്ല, തീര്‍ത്ഥയ്ക്കും അവകാശപ്പെട്ടത്';തെറ്റിദ്ധരിക്കപ്പെടാന്‍ ഇടവരുത്തരുതെന്ന് ശീതള്‍ ശ്യാം

'സഹായങ്ങള്‍ സജ്‌നയ്ക്ക് മാത്രമുള്ളതല്ല, തീര്‍ത്ഥയ്ക്കും അവകാശപ്പെട്ടത്';തെറ്റിദ്ധരിക്കപ്പെടാന്‍ ഇടവരുത്തരുതെന്ന് ശീതള്‍ ശ്യാം

പൊതുസമൂഹത്തില്‍ നിന്ന് സഹായങ്ങള്‍ സ്വീകരിക്കുമ്പോള്‍ ഇടപെടലുകള്‍ സുതാര്യമായിരിക്കണമെന്ന് ഓര്‍മ്മിപ്പിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം. സമൂഹത്തിന് മുന്നില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം തെറ്റിദ്ധരിക്കപ്പെടാന്‍ ഇടവരുത്തരുത്. കമ്മ്യൂണിറ്റിയെ ജനം ഉള്‍ക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്ത് വരികയാണ്. അത്തരമൊരവസ്ഥയില്‍ ആളുകളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രവൃത്തികള്‍ പാടില്ലെന്നും ശീതള്‍ ശ്യാം പറഞ്ഞു. സജ്‌ന ഷാജിയും സുഹൃത്ത് തീര്‍ത്ഥ സാധികയും തമ്മിലുള്ള ഓഡിയോ സന്ദേശം പുറത്തുവരികയും വിവാദമാവുകയും ചെയ്ത സാഹചര്യത്തില്‍ ദ ക്യുവിനോട് പ്രതികരിക്കുകയായിരുന്നു, ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ പോരാട്ടങ്ങളുടെ മുന്‍നിരയിലുള്ള ശീതള്‍ ശ്യാം.

നേരിട്ട പ്രയാസം കരഞ്ഞുപറയുന്ന സജ്‌നയുടെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് പലഭാഗത്തുനിന്നും അവര്‍ക്ക് സഹായങ്ങള്‍ വന്നു. അത് സജ്‌നയെന്ന വ്യക്തിക്ക് മാത്രമായി കിട്ടിയ പണമല്ല. തീര്‍ത്ഥയ്ക്ക് കൂടി അവകാശപ്പെട്ടതാണ്. ആക്രമണമുണ്ടായത് തീര്‍ത്ഥയ്ക്ക് നേരെയാണ്. അവരുടെ ശരീരത്തില്‍ കയറിപ്പിടിക്കുകയും സര്‍ജറി നടന്നയിടത്ത് ഉപദ്രവിക്കുകയും ചെയ്തു. ആ പരാതിയിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ പ്രൊട്ടക്ഷന്‍ ആക്ട് 2019 ല 18 D വകുപ്പ് അനുസരിച്ച് ഹില്‍ പാലസ് പൊലീസ് കേസെടുത്തത്. എന്നാല്‍ ആക്രമണത്തെക്കുറിച്ച് വിശദീകരിച്ച് സജ്‌നയിട്ട വീഡിയോയ്ക്കാണ് സ്വീകാര്യത ലഭിച്ചത്. സജ്‌ന കരയുന്ന വീഡിയോ ജനം ഏറ്റെടുക്കുകയും ഒരുപാട് സഹായങ്ങള്‍ കിട്ടുകയും ചെയ്തു. എന്നാല്‍ സജ്‌ന തീര്‍ത്ഥയുടെ കാര്യം എവിടെയും പരാമര്‍ശിച്ചതായി കണ്ടില്ല. തീര്‍ത്ഥയെ ചേര്‍ത്തുനിര്‍ത്താന്‍ സജ്‌നയ്ക്ക് ബാധ്യതയുണ്ട്. സജ്‌നയ്ക്ക് ഒപ്പം നില്‍ക്കാന്‍ നമുക്ക് ബാധ്യതയുള്ള പോലെ തീര്‍ത്ഥയെയും ചേര്‍ത്തുപിടിക്കേണ്ടതുണ്ട്. പത്തുപതിനഞ്ച് ലക്ഷം രൂപ കിട്ടിയേക്കുമെന്നും ഒരു ലക്ഷം തരാമെന്നും സജ്‌ന തീര്‍ത്ഥയോട് പറയുന്ന ഓഡിയോയാണ് ലീക്കായത്. ഇതില്‍ സജ്‌നയ്ക്ക് തെറ്റ് പറ്റിയിട്ടുണ്ടോയെന്നതൊക്കെ വിശദമായി പരിശോധിക്കേണ്ടതുണ്ട്. സഹായങ്ങള്‍ ലഭിച്ചത് നല്ലകാര്യമാണ്. പക്ഷേ അത് നല്ല രീതിയില്‍ കൈകാര്യം ചെയ്യപ്പെടണം. ഇടപെടലും പ്രവൃത്തിയും മോശമായിപ്പോകരുത് - ശീതള്‍ ശ്യാം പറഞ്ഞു.

ഉയര്‍ന്ന അളവില്‍ ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സജ്‌നയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് അറിഞ്ഞത്. എന്തിനാണ് അവര്‍ അങ്ങനെ ചെയ്തതെന്ന് അറിയില്ല. പല പ്രതിസന്ധികളിലും പൊരുതി നിന്നയാള്‍ സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയരുമ്പോഴേക്കും ആത്മഹത്യാശ്രമം നടത്തേണ്ടിയിരുന്നില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ പൊതു ജനം സ്വീകരിക്കുന്ന അവസ്ഥയിലായിരുന്നു. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ആളുകള്‍ രണ്ടാമതൊന്നാലോചിക്കും. വീഡിയോ കണ്ടപ്പോള്‍ തന്നെ സജ്‌നയെ ബന്ധപ്പെടുകയും പിറ്റേന്ന് ഇരുവരെയും കൂട്ടി സൂര്യ ഇഷാനൊപ്പം പൊലീസ് സ്റ്റേഷനില്‍ പോയി എസ്‌ഐയോട് നടപടികള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്ക് നേരെയുണ്ടായ ആക്രമണമായാണ് ഞാന്‍ വിഷയത്തെ സമീപിച്ചത്. അല്ലാതെ കേവലം ആ വീഡിയോയുടെ പേരില്‍ മാത്രമായിരുന്നില്ല. മുന്‍സിപ്പാലിറ്റി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെത്തി ബിരിയാണി വില്‍പ്പന വിലക്കിയപ്പോള്‍ ഞാനടക്കമാണ് ചോദ്യം ചെയ്തത്. റോഡരികില്‍ മറ്റുള്ളവരെ അനുവദിക്കുന്നെങ്കില്‍ സജ്‌നയ്ക്കും ബിരിയാണി വില്‍ക്കാന്‍ അവസരമുണ്ടാകണമെന്ന് ഉദ്യോഗസ്ഥനോട് ശക്തമായി തന്നെ വാദിക്കുകയും ചെയ്തിട്ടുണ്ട്. എംഎല്‍എമാരടക്കം ജനപ്രതിനിധികളോട് അന്വേഷണം ഊര്‍ജിതമാക്കാന്‍ പൊലീസില്‍ സമ്മര്‍ദ്ദം ചെലുത്താനും ആവശ്യപ്പെട്ടിരുന്നു. കൂടാതെ സജ്‌ന ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ എസ് ഐ രാമു ബാലചന്ദ്ര ബോസ് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. ഈ നിലകളിലെല്ലാം വിഷയത്തില്‍ ഇടപെട്ടയാളാണ് താന്‍ - ശീതള്‍ ശ്യാം പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സഹായിക്കാന്‍ തയ്യാറാവുന്നവരെ മനസ്സിലാക്കിവേണം അത് സ്വീകരിക്കാന്‍. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം ഇപ്പോഴും അണ്ടര്‍ പ്രിവില്യേജ് കമ്മ്യൂണിറ്റിയാണ്. നമ്മള്‍ ഇപ്പോഴും മുഖ്യധാരയിലേക്കെത്തിയിട്ടില്ല. അതിനായി പോരാടിക്കൊണ്ടിരിക്കുകയാണ്. അതിനിടെ ആളുകളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ഉണ്ടാവരുത്. നമ്മളേക്കാള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് വിഭാഗങ്ങള്‍ ഇവിടെയുണ്ട്. അവരെയും കൂടി കണക്കിലെടുത്ത് വേണം ഇത്തരം കാര്യങ്ങളില്‍ ഉചിതമായി പ്രവര്‍ത്തിക്കേണ്ടതെന്നും ശീതള്‍ ശ്യാം ദ ക്യുവിനോട് പറഞ്ഞു.

No stories found.
The Cue
www.thecue.in