മുത്തച്ഛന്‍ ഉമ്മ നല്‍കുന്ന ചിത്രം ദുരുപയോഗിച്ചത് നാല് തവണ; സൈബര്‍ അക്രമികളോട് താരക്ക് പറയാനുള്ളത്

മുത്തച്ഛന്‍ ഉമ്മ നല്‍കുന്ന ചിത്രം ദുരുപയോഗിച്ചത് നാല് തവണ; സൈബര്‍ അക്രമികളോട് താരക്ക് പറയാനുള്ളത്

'നാല് തവണയാണ് സോഷ്യല്‍ മീഡിയയിലൂടെ എന്റെ ഫോട്ടോ ദുരുപയോഗിക്കപ്പെട്ടത്. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ലക്ഷ്യത്തിനായി വരെ വ്യാജ പ്രചരണത്തിന് ഫോട്ടോ ഉപയോഗിച്ചു. ഒരിക്കല്‍ പരാതി നല്‍കി പിന്‍വലിക്കപ്പെട്ടെങ്കിലും പിന്നീടും ഇതേ രീതിയില്‍ ദുരുപയോഗം നടന്നു.' ക്ലുലെസ് കോംപസ് എന്ന ട്രാവല്‍ വ്ലോഗിലെ സഞ്ചാരികളിലൊരാളായ താര നന്തിക്കര പറയുന്നത് സാമൂഹിക മാധ്യമങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന സൈബര്‍ ബുള്ളിയിംഗിന്റെയും ഫോട്ടോ ദുരുപയോഗത്തിന്റെയും ലൈംഗിക അധിക്ഷേപത്തിന്റെയും എണ്ണമറ്റ പരാതികളിലൊന്ന് മാത്രം. വ്യക്തികളുടെ സ്വകാര്യ ചിത്രങ്ങളെടുത്ത് വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ ഇതൊക്കെ നിര്‍ത്തേണ്ട കാലം എന്നേ അവസാനിച്ചതാണെന്ന് മനസിലാക്കണമെന്നും താര.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുത്തച്ഛനൊപ്പമുള്ള ഫോട്ടോ ഇലക്ഷനില്‍ വ്യാജപ്രചരണത്തിന്

2013ല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത എന്റെ മുത്തച്ഛനൊപ്പമുള്ള ചിത്രം 2016ല്‍ തമിഴ്നാട്ടിലെ ചില സോഷ്യല്‍ മീഡിയ പേജുകളിലും ഗ്രൂപ്പുകളിലും പ്രചരിപ്പിക്കപ്പെട്ടത് മറ്റൊരു നേതാവിനെ അധിക്ഷേപിക്കാനുള്ള രാഷ്ട്രീയ തന്ത്രമായാണ്. 2016ലെ നിയസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത്. ഡിഎംകെ നേതാവായ അന്‍പഴകന്‍ ഒരു ചെറുപ്പക്കാരിയോടൊപ്പം എന്ന കുറിപ്പോടെയായിരുന്നു ചിത്രം തമിഴ്‌നാട്ടിലെ ഒരു പേജില്‍ നിന്ന് പങ്കുവെക്കുന്നത്. അന്‍പഴകന്‍ എന്ന രാഷ്ട്രീയനേതാവിന് എന്റെ മുത്തച്ഛന്റെ ചെറിയൊരു ഛായയുണ്ട്. അയാളെ രാഷ്ട്രീയമായി തേജോവധം ചെയ്യുക എന്ന ലക്ഷ്യവുമായാണ് എന്റെയും മുത്തച്ഛന്റെയും ഫോട്ടോ ഉപയോഗിച്ചത്. അന്ന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആ പോസ്റ്റ് അവര്‍ പിന്‍വലിച്ചു. അവിടം കൊണ്ട് തീര്‍ന്നില്ല. കുറച്ച് മാസങ്ങള്‍ക്ക് ശേഷം 2016 നവംബറില്‍ സിനിമാവാര്‍ത്ത എന്ന മലയാളം പേജില്‍ അശ്ലീല തലക്കെട്ടുമായി ഇതേ ഫോട്ടോ വന്നു. ഏറ്റവും ഒടുവിലായാണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള മറ്റൊരു പേജ് അതേ ചിത്രം ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ട്വിറ്റര്‍ പേജില്‍ വന്ന വാര്‍ത്ത എന്റെ ഒരു സുഹൃത്താണ് അയച്ചു തന്നത്. മാസ് റിപ്പോര്‍ട്ടിങിലൂടെ ആ പോസ്റ്റും പിന്‍വലിപ്പിച്ചു. നാലാമത്തെ തവണയാണ് സോഷ്യല്‍ മീഡിയയില്‍ എന്റെ ചിത്രം ദുരുപയോഗം ചെയ്യപ്പെടുന്നത്. നാലില്‍ മൂന്ന് തവണയും വ്യാജപ്രചാരണത്തിന് ഫോട്ടോ ഉപയോഗിച്ചത് തമിഴ്‌നാട്ടില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ പേജുകളായിരുന്നു.

പഴി സ്ത്രീകള്‍ക്ക്, ഗൗരവം കല്‍പ്പിക്കാത്ത പൊലീസ്

കല്യാണം കഴിഞ്ഞവരാണെങ്കില്‍ കുഴപ്പമില്ല എന്ന രീതിയിലാണ് ചില പൊലീസുകാര്‍ പോലും വിഷയത്തെ കാണുന്നത്. ഞാനും എന്റെ മുത്തച്ഛനുമൊത്തുള്ള ഫോട്ടോയാണ് നാല് തവണ ദുരുപയോഗം ചെയ്തത്. അത്തരമൊരു ചിത്രം ലൈംഗിക അധിക്ഷേപമായും അശ്ലീല പ്രചരണമായും ഉപയോഗിക്കപ്പെടുന്നതിന്റെ പ്രശ്‌നം നിയമപാലകര്‍ക്ക് മനസിലാകുന്നുണ്ടോ എന്ന് പോലും എനിക്കറിയില്ല. ഇങ്ങനൊരു അവസ്ഥയിലും പഴി കേള്‍ക്കുന്നത് സ്ത്രീകളായിരിക്കും. എന്തിനാണ് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് എന്നായിരിക്കും ചോദ്യം.

ഇത്തരത്തില്‍ മറ്റുള്ളവരുടെ അല്ലെങ്കില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നവരോട് എന്തെങ്കിലും പറഞ്ഞിട്ട് കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇന്റെര്‍നെറ്റൊക്കെ തുടങ്ങുന്ന കാലത്ത് ഇങ്ങനെ ഒരുപാട് സംഭവങ്ങള്‍ നടന്നിരുന്നു. അപ്പോള്‍ നമ്മള്‍ കരുതി തുടക്കം അല്ലെ, കുറച്ച് കഴിയുമ്പോള്‍ ഇതൊക്കെ അവസാനിക്കുമെന്ന്. തുടര്‍ച്ചയായി ഫോട്ടോ ദുരുപയോഗം ചെയ്യപ്പെടുന്നതും സൈബര്‍ ബുള്ളിയിംഗും വ്യക്തമാക്കി ക്ലുലെസ് കോംപസ് എന്ന ഞങ്ങളുടെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ താഴെയും ഒരാളുടെ കമന്റ് 'ഞാന്‍ എന്റെ പെങ്ങളോട് പറയും ഫോട്ടോ ഒന്നും ഇടരുത്, ഇതാണ് കാരണം' എന്നായിരുന്നു. ഇതാണ് നമ്മുടെ സമൂഹത്തിന്റെ കുഴപ്പം. ഫോട്ടോ ഇടാതിരുന്നാല്‍ ഇങ്ങനെ സംഭവിക്കില്ലല്ലോ എന്നാണ് വാദം. ഞാനൊരു ട്രാവല്‍ വ്‌ളോഗറാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളോ വീഡിയോകളോ ഇടുന്നത് എന്റെ ജോലിയുടെ ഭാഗമാണ്.

മാനസികമായി തളര്‍ത്തുമ്പോള്‍

എന്റെ ഫോട്ടോ മാത്രം ഉപയോഗിക്കുന്നതിലും എത്രയോ മോശമാണ് മുത്തച്ഛനൊപ്പം നില്‍ക്കുന്ന ഫോട്ടോ മോശമായ കുറിപ്പുകളോടെ പ്രചരിപ്പിക്കുന്നത്. അത് നമുക്കുണ്ടാക്കുന്ന മാനസിക വിഷമം വളരെ വലുതായിരിക്കും.

2016ല്‍ ഈ സംഭവം ആദ്യമുണ്ടായ സമയത്ത് സൈബര്‍ സെല്ലിലും, ലോക്കല്‍ പൊലീസിലും പരാതി നല്‍കിയിരുന്നു. ആ സമയത്തെ പൊലീസുകാരുടെ മറുപടി എന്നെ ഞെട്ടിച്ചു. 'അയ്യോ മോളുടെ കല്യാണം കഴിഞ്ഞത് നന്നായി, അല്ലെങ്കില്‍ ചെക്കനെ കിട്ടാന്‍ ബുദ്ധിമുട്ടായേനെ' എന്നായിരുന്നു ഒരു പൊലീസുകാരന്‍ പറഞ്ഞത്. കല്യാണം കഴിഞ്ഞു അപ്പോള്‍ കുഴപ്പമില്ല എന്ന രീതിയിലാണ് പൊലീസുകാര്‍ പോലും ഈ വിഷയത്തെ കാണുന്നത്. അത് നമ്മുടെ ഭാവി ജീവിതത്തെ ബാധിക്കുമോ എന്നുള്ളതല്ല, ഇങ്ങനെ ചെയ്യുന്നതിലെ തെറ്റ് അല്ലെങ്കില്‍ പ്രശ്‌നം നിയമപാലകര്‍ക്ക് കൂടി മനസിലാകുന്നുണ്ടോ എന്ന് പോലും എനിക്കറിയില്ല. എനിക്ക് മാത്രമല്ല ഒരുപാട് സ്ത്രീകള്‍ക്ക് സമാന അനുഭവമുണ്ടാകുന്നുണ്ട്. ഒരു പരിധിയില്‍ കവിഞ്ഞ് എന്നെ ഇത് ബാധിക്കില്ല, പക്ഷെ എല്ലാവരും അങ്ങനെയായിരിക്കണമെന്നില്ല. ഇത്തരം വാര്‍ത്തകള്‍ ബാധിക്കുന്ന ഒരുപാട് പെണ്‍കുട്ടികള്‍ ഉണ്ട്.

AD
No stories found.
The Cue
www.thecue.in