‘എന്ന് തീരും ഈ ദുരിത ജീവിതം’; പ്രളയമെടുത്ത ജീവനോപാധി ചൂണ്ടി മൈസൂര്‍ കല്യാണത്തിന്റെ ഇര ചോദിക്കുന്നു 

‘എന്ന് തീരും ഈ ദുരിത ജീവിതം’; പ്രളയമെടുത്ത ജീവനോപാധി ചൂണ്ടി മൈസൂര്‍ കല്യാണത്തിന്റെ ഇര ചോദിക്കുന്നു 

എടക്കര ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് മുപ്പത്തിയൊമ്പതുകാരിയായ ഷാഹിദയും മൂന്ന് മക്കളും. മൈസൂര്‍ കല്യാണത്തിന്റെ ജീവിക്കുന്ന ഇരകളില്‍ ഒരാള്‍. പതിനാറ് കൊല്ലത്തെ ദുരിത കാലം അവസാനിപ്പിച്ച് നാടുകാണി ചുരമിറങ്ങിയെത്തിയ ഷാഹിദ ജീവിതം പച്ച പിടിപ്പിക്കാന്‍ ഒറ്റയ്ക്ക് തുഴയുന്നതിനിടെയാണ് പുന്നപ്പുഴ കുത്തിയൊഴുകിയത്. നാല് വര്‍ഷം മുമ്പ് തുടങ്ങിയ തേപ്പുകടയും ഡ്രൈക്ലീനിംഗ് മെഷീനും വസ്ത്രങ്ങളും വീട്ടുപകരണങ്ങളും വെള്ളപ്പൊക്കത്തില്‍ നശിച്ചു. വില കൂടിയ വസ്ത്രങ്ങള്‍ എങ്ങനെ തിരിച്ചു കൊടുക്കുമെന്നാണ് ക്യാമ്പിലിരിക്കുമ്പോഴും ഷാഹിദയുടെ ആശങ്ക.

കലാസാഗര്‍ ടിഎന്‍കെ റോഡിലെ ക്വാട്ടേഴ്‌സില്‍ വാടകയ്ക്ക് താമസിക്കുന്ന മുറിയോട് ചേര്‍ന്നാണ് തേപ്പുകട. കൂട്ടിയിട്ട ചെളിപുരണ്ട വസ്ത്രങ്ങള്‍ക്ക് മുന്നില്‍ ഷാഹിദ പകച്ച് നില്‍ക്കുന്നു. മക്കളുടെ പഠനോപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം നശിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് കട ആരംഭിച്ചത്. കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗ്ഗം ഇല്ലാതായി.

ഞമ്മളെയും കുട്ടികളുടെയും കാര്യം ഇതിലൂടെ നടന്നു പോകുമായിരുന്നു. മെഷ്യനും സാധനങ്ങളും പോയി. അലക്കാനും തേക്കാനും നല്‍കിയ വസ്ത്രങ്ങളാണ് നശിച്ചത്. 

ഷാഹിദ 

‘എന്ന് തീരും ഈ ദുരിത ജീവിതം’; പ്രളയമെടുത്ത ജീവനോപാധി ചൂണ്ടി മൈസൂര്‍ കല്യാണത്തിന്റെ ഇര ചോദിക്കുന്നു 
‘പുഴയുടെ സൈഡില്‍ പെര വേണ്ട, ഇനിയും മലകള്‍ പൊട്ടാനുണ്ട്’; ഉരുള്‍പൊട്ടല്‍ ഭീതിയില്‍ ഉള്‍ക്കാട് വിടാനൊരുങ്ങി നിലമ്പൂരിലെ ഗോത്രവിഭാഗക്കാര്‍

മൈസൂരിലേക്ക് കല്യാണം കഴിച്ച നാള്‍ മുതല്‍ തുടങ്ങിയതാണ് ദുരിത ജീവിതമെന്ന് ഷാഹിദ പറയുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമായിരുന്നു. സ്വന്തമായി വീടുണ്ടായിരുന്നില്ല. മുപ്പത്തിയെട്ടാമത്തെ വയസ്സില്‍ ഷാഹിദയുടെ ഉമ്മ ലുക്കീമിയ ബാധിച്ച് മരിച്ചു.

“ഞങ്ങള്‍ വളരെ ദയനീയാവസ്ഥയിലായിരുന്നു അന്ന്. നാല് മക്കളായിരുന്നു ഞങ്ങള്‍. കുട്ടികള്‍ ഇങ്ങനെ നില്‍ക്കുന്നത് കണ്ട് ഓരോരുത്തരും വന്ന് കല്യാണം കഴിച്ചു കൊണ്ടു പോയി. ഉമ്മാനെ നോക്കാന്‍ വേണ്ടി ഞാന്‍ പത്താം ക്ലാസ്സില്‍ പഠനം നിര്‍ത്തി”.

വഴിക്കടവിനപ്പുറത്തേക്ക് മക്കളെ വിവാഹം കഴിപ്പിച്ചയക്കരുതെന്നായിരുന്നു മരണക്കിടക്കയിലും ഉമ്മയുടെ അഭ്യര്‍ത്ഥന. മൈസൂര്‍ കല്യാണം വേണ്ടെന്ന ഷാഹിദയുടെ നിലവിളിയും ആരും കേട്ടില്ല. ബ്രോക്കര്‍ വഴി വന്ന കല്യാണം കാര്യമായ അന്വേഷണങ്ങളില്ലാതെ വീട്ടുകാര്‍ ഉറപ്പിച്ചു. പെണ്ണു കാണാനെത്തിയത് വാടക ബന്ധുക്കളായിരുന്നുവെന്ന് മൈസൂരിലെത്തിയപ്പോഴാണ് ഷാഹിദ തിരിച്ചറിഞ്ഞത്. ടൂറിസ്റ്റ് ഗൈഡാണെന്ന് പറഞ്ഞ വരന്‍ മൈസൂരിലെ അറിയപ്പെടുന്ന ഗുണ്ടയും കള്ളക്കടത്തുകാരനും. ഭാഷ പോലും അറിയാത്ത ഷാഹിദയ്ക്ക് വിവാഹത്തിന്റെ നാലാം ദിവസം മുതല്‍ പീഡനകാലമായിരുന്നു. വിവാഹത്തിന് വരന്റെ വീട്ടുകാര്‍ നല്‍കിയത് മുക്കുപണ്ടങ്ങളായിരുന്നു. തന്റെ സ്വര്‍ണ്ണം മുഴുവന്‍ ഭര്‍ത്താവ് കൈക്കലാക്കിയിരുന്നുവെന്നും ഷാഹിദ പറയുന്നു. മൂന്ന് മക്കളെ ഗര്‍ഭിണിയായിരുന്നപ്പോള്‍ പോലും പരിഗണന ലഭിച്ചില്ല.

“റൗഡിത്തരം മുഴുവന്‍ നമ്മളെ മേത്താണ് തീര്‍ക്കുക. അഞ്ച് മാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ രാജു നഗറിലൂടെ തല്ലാനായി ഓടിച്ചിട്ടുണ്ട്. ഗര്‍ഭിണിയായാല്‍ എട്ടാം മാസത്തില്‍ സ്വന്തം വീട്ടില്‍ കൊണ്ടു വന്നാക്കും. ഗര്‍ഭിണിയാണോയെന്നറിയാന്‍ മാത്രമാണ് ആശുപത്രിയില്‍ കൊണ്ടു പോയത്. ആദ്യത്തെ കുഞ്ഞിനെ ഒന്നര വയസ്സുള്ളപ്പോഴാണ് തിരിച്ചു കൊണ്ടു പോയത്. കുട്ടിക്ക് സ്വര്‍ണ്ണം നല്‍കിയാല്‍ മാത്രമേ കൊണ്ടു പോകുകയുള്ളുവെന്ന് പറഞ്ഞു”.

ലൈംഗികതൊഴില്‍ ചെയ്യാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചപ്പോഴാണ് ഷാഹിദ ബന്ധം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്. കുട്ടികളെയും തന്നെയും ഉപദ്രവിക്കുന്നത് നാട്ടിലുള്ള ബന്ധുക്കളെ അറിയിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ഫോണ്‍ പോലും ചെയ്യാന്‍ അനുവാദമുണ്ടായിരുന്നില്ല.

‘എന്ന് തീരും ഈ ദുരിത ജീവിതം’; പ്രളയമെടുത്ത ജീവനോപാധി ചൂണ്ടി മൈസൂര്‍ കല്യാണത്തിന്റെ ഇര ചോദിക്കുന്നു 
‘പരിസരം എല്ലാവിധത്തിലും സുരക്ഷിതമാണെങ്കിലേ വീട്ടില്‍ പ്രവേശിക്കാവൂ’; മുരളി തുമ്മാരുകുടി എഴുതുന്നു 

രണ്ട് തവണ ഇയാളെ കാണാന്‍ വേണ്ടി ജയിലില്‍ പോയിട്ടുണ്ട്. മര്‍ദ്ദനം സഹിക്കാനാവില്ല. തലയ്ക്കാണ് അടിക്കുക. പോത്ത് തിന്നുന്നത് പോലെ തിന്നുന്നുവെന്ന് പറയും. ഭാര്യ ഭര്‍ത്താവ് ബന്ധം എന്താണെന്ന് എനിക്കറിയില്ല. പീഡനം മാത്രമേ ഉണ്ടായിട്ടുള്ളു.

ഷാഹിദ 

ഉപ്പയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഏഴ് വര്‍ഷം മുമ്പ് എടക്കരയില്‍ തിരിച്ചെത്തിയ ഷാഹിദയ്ക്ക് മുന്നില്‍ ജീവിതം വഴിമുട്ടി. ഇതിനിടെ മൈസൂരില്‍ നിന്നും തലാക്ക് ചൊല്ലിയുള്ള കത്ത് വന്നു. മൂന്ന് മാസത്തെ കോഴ്‌സ് പൂര്‍ത്തിയാക്കി ടെക്‌സ്റ്റൈല്‍സില്‍ ജോലിക്ക് കയറി. നിലമ്പൂരിലായിരുന്നു ആദ്യം ജോലി. കുട്ടികളെ നോക്കാന്‍ ആളില്ലാത്തതിനാല്‍ ആ ജോലി ഉപേക്ഷിക്കേണ്ടി വന്നു. വൈകീട്ട് ഏഴ് മണിവരെ നില്‍ക്കാന്‍ പറ്റാതായതോടെ നാട്ടുകാരുടെ സഹായത്തോടെ കട തുറന്നു. ഇതെല്ലാമാണ് പ്രളയം ഒറ്റയടിക്ക് കൊണ്ടു പോയതെന്ന് ഷാഹിദ നെടുവീര്‍പ്പിടുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in