പോക്‌സോ കേസില്‍ ഹാജരായ സി ഡബ്ലു സി ചെയര്‍മാനെതിരെ തെളിവെടുപ്പ് കഴിഞ്ഞ് ഒരുമാസമായി, റിപ്പോര്‍ട്ടും നടപടിയും ഇല്ല 

പോക്‌സോ കേസില്‍ ഹാജരായ സി ഡബ്ലു സി ചെയര്‍മാനെതിരെ തെളിവെടുപ്പ് കഴിഞ്ഞ് ഒരുമാസമായി, റിപ്പോര്‍ട്ടും നടപടിയും ഇല്ല 

പാലക്കാട് ചൈല്‍ഡ് വൈല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കേറ്റ് എന്‍ രാജേഷിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ തെളിവെടുപ്പ് പൂര്‍ത്തിയായിട്ട് ഒരുമാസമായെങ്കിലും നടപടിയെടുത്തില്ലെന്ന് ആരോപണം. റിപ്പോര്‍ട്ട് സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചില്ലെന്നാണ് ലഭിക്കുന്ന വിവരം. പോക്‌സോ കേസില്‍ ഹാജരായ അഭിഭാഷകനെ സി ഡബ്ലു സി ചെയര്‍മാനാക്കിയതിനെതിരെ വിമര്‍ശനവും പ്രതിഷേധവുമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച അപേക്ഷയില്‍ കുട്ടികള്‍ക്കെതിരായ കേസുകളില്‍ ഹാജരായിട്ടില്ലെന്ന സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ കെ ശൈലജ പ്രതികരിച്ചിരുന്നു.

വനിതാ-ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്ജിനായിരുന്നു അന്വേഷണ ചുമതല. മെയ് 18 ാം തിയ്യതി ഇവര്‍ പാലക്കാടെത്തി തെളിവെടുത്തു. സിഡബ്ലുയുസിയിലെ മെമ്പര്‍മാരില്‍ നിന്നുള്‍പ്പെടെ മൊഴിയെടുത്തു. എന്നാല്‍ ഒരുമാസമാകുമ്പോഴും കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. സി പി എം ജില്ലാ നേതൃത്വവുമായി അടുത്ത ബന്ധമുള്ള രാജേഷിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പ്രതിക്ക് വേണ്ടിയാണ് രാജേഷ് ഹാജരായിരുന്നത്. അട്ടപ്പള്ളം സ്വദേശികളായ ദളിത് സഹോദരികള്‍ ദിവസങ്ങള്‍ക്കുള്ളി ആത്മഹത്യ ചെയ്താണ് കേസ്. പതിമൂന്ന് വയസ്സുള്ള മൂത്ത കുട്ടിയും ഇളയ സഹോദരിയും ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരകളായിരുന്നുവെന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതോടെയാണ് കേസെടുത്തത്. പോക്‌സോയ്ക്ക് പുറമേ ആത്മഹത്യാ പ്രേരണ, എസ് സി എസ് ടി ആക്ട് എന്നിവ പ്രകാരവും കേസെടുത്തു. ബന്ധുക്കളും അയല്‍വാസികളുമടക്കം നാല് പേരെ അറസ്റ്റു ചെയ്തു. ഇതില്‍ അയല്‍വാസിയും ട്യൂഷന്‍ അധ്യാപകനുമായ പ്രദീപിന്റെ വക്കാലത്തായിരുന്നു രാജേഷ് എടുത്തത്.

ആരും പരാതികള്‍ നല്‍കിയിട്ടില്ലെങ്കിലും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മന്ത്രി അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ പ്രതിയുടെ വക്കാലത്ത് ഇയാള്‍ ഒഴിഞ്ഞിരുന്നു. തന്റെ ജൂനിയറായ അഭിഭാഷകന് നല്‍കി. അതും വിവാദമായപ്പോള്‍ പഴയൊരു ശിഷ്യന് കൈമാറി.

പോക്‌സോ കേസില്‍ വക്കാലത്തെടുത്ത അഭിഭാഷകനെ സി ഡബ്ലു സി ചെയര്‍മാനായി നിയമിക്കുന്നത് നിലവിലുള്ള കേസുകള്‍ അട്ടിമറിക്കപ്പെടാന്‍ ഇടയാക്കുമെന്ന് എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശരിവെക്കുന്ന തെളിവും അന്വേഷണ കമ്മീഷന് ലഭിച്ചിട്ടുണ്ട്. ചെയര്‍മാന്‍ സ്ഥാനം രാജേഷ് ദുരുപയോഗം ചെയ്തുവെന്നാണ് മൊഴി. നിര്‍ഭയ ഹോമിലെ അന്തേവാസിയെ അമ്മയ്‌ക്കൊപ്പം വിടണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. ഈ കുട്ടി ഉള്‍പ്പെട്ട പോക്‌സോ കേസിലും രാജേഷ് ഹാജരായിരുന്നു. കുട്ടിയെ വിട്ടു കൊടുക്കാതിരുന്നപ്പോള്‍ ബഹളം വെച്ചുവെന്നാണ് മൊഴി. അമ്മയും അമ്മൂമ്മയും കുട്ടിയെ ലൈംഗിക വൃത്തിക്ക് പ്രേരിപ്പിച്ചുവെന്നാണ് പോക്‌സോ കേസ്. ഈ കേസും പിന്നീട് ജൂനിയര്‍ അഭിഭാഷകന് കൈമാറുകയായിരുന്നു. വാളയാര്‍ കേസേറ്റെടുത്ത അഭിഭാഷകന് തന്നെയാണ് ഈ കേസും നല്‍കിയിരിക്കുന്നത്.

രാജേഷിനെതിരെ തെളിവ് നല്‍കാന്‍ ശ്രമിച്ച പബ്ലിക് പ്രോസിക്യൂട്ടറെ പത്ത് ദിവസത്തിനകം സ്ഥാനത്ത് നിന്ന് നീക്കി. സിപിഎം നോമിനിയായ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയതിന് പിന്നില്‍ ഈ കേസുമായി ബന്ധമുണ്ടെന്നാണ് ആരോപണം.സിഡബ്ലുസി ചെയര്‍മാന് സിറ്റിംഗ് ഉള്ളതിനാല്‍ കോടതിയില്‍ പോക്‌സോ കേസിന് ഹാജരാകാനാവില്ലെന്ന അപേക്ഷയുടെ കോപ്പി മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. അതിന്റെ കോപ്പി തെളിവായി നല്‍കാന്‍ പോക്‌സോ പബ്ലിക്‌പ്രോസിക്യൂട്ടറോട് അന്വേഷണ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് കമ്മീഷന് നല്‍കിയിട്ടില്ല. ഇതിനുള്ള അപേക്ഷ സമര്‍പ്പിച്ചതിന് തൊട്ട് പിന്നാലെയാണ് പബ്ലിക് പ്രോസിക്യുട്ടറെ മാറ്റിയത്.

മുന്‍വര്‍ഷങ്ങളില്‍ പുരോഹിതന്‍മാരുള്‍പ്പെടെയുള്ളവരെ ചെയര്‍മാന്‍ സ്ഥാനത്ത് നിയമിച്ചിരുന്നു. ഇത് വിമര്‍ശനത്തിനിടയാക്കി. ഇത്തവണ പാര്‍ട്ടി അനുഭാവികളെയാണ് പരിഗണിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in