'കഥാപാത്രത്തെ ഞാന്‍ എന്റെ ജീവിതമായാണ് കണ്ടത്, മുഖ്യധാരാ സിനിമ ലൈംഗികത്തൊഴിലാളികളെ അപമാനിക്കുന്നു': നളിനി ജമീല

'കഥാപാത്രത്തെ ഞാന്‍ എന്റെ ജീവിതമായാണ് കണ്ടത്, മുഖ്യധാരാ സിനിമ ലൈംഗികത്തൊഴിലാളികളെ അപമാനിക്കുന്നു': നളിനി ജമീല

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ വസ്ത്രാലങ്കാരത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നളിനി ജമീലക്കാണ്. ഭാരതപ്പുഴ എന്ന സിനിമയിലെ വസ്ത്രാലങ്കാരത്തിനാണ് അവാര്‍ഡ്. സംവിധായകന്‍ മണിലാല്‍ സിനിമയിലേക്ക് വിളിച്ചപ്പോള്‍ അതൊരു ജോലിയായി പോലും കണ്ടിരുന്നില്ലെന്ന് നളിനി ജമീല ദ ക്യു'വിനോട് പറഞ്ഞു. സ്വതന്ത്രയായ സ്ത്രീ എന്ന കാഴ്ചപ്പാടിലാണ് മണിലാല്‍ ഭാരതപ്പുഴ ഒരുക്കിയിരിക്കുന്നതെന്നും നളിനി ജമീല.

പുരസ്‌കാരം ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയതാണ്. ഈ അംഗീകാരം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ട്. എന്നെ പോലെ ഒരാള്‍ പുരസ്‌കാരത്തിന് അര്‍ഹയായതില്‍ സന്തോഷിക്കുക എന്നല്ലാതെ അതിന് അപ്പുറം എന്താണ് പറയുക.

എന്റെ ജീവിതമായി കണ്ടാണ് വസ്ത്രങ്ങള്‍ തെരഞ്ഞെടുത്തത്

ഭാരതപ്പുഴയുടെ സംവിധായകന്‍ മണിലാല്‍ എന്റെ സുഹൃത്തായിരുന്നു. 22 വര്‍ഷമായി ഞങ്ങള്‍ തമ്മില്‍ പരിചയമുണ്ട്. അദ്ദേഹം മുന്‍പ് ചെയ്ത ഡോക്യുമെന്ററികളില്‍ ഞാന്‍ ഭാഗമായിട്ടുണ്ട്. മഴയോടൊപ്പം മായുന്നത് എന്ന ഡോക്യുമെന്ററിയില്‍ ഒരു ആദിവാസി സ്ത്രീയുടെ വേഷം ചെയ്തിട്ടുണ്ട്. ഡോക്യുമെന്ററി അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പ്രധാനപ്പെട്ട വേഷം തന്നെയായിരുന്നു അത്. ഈ സൗഹൃദമാണ് സിനിമ ചെയ്യുമ്പോള്‍ അദ്ദേഹം എന്നെ വിളിക്കാന്‍ കാരണം. അഭിനയമല്ല ഇത്തവണ വസ്ത്രാലങ്കാരമാണ് എന്നെ ഏല്‍പ്പിക്കുന്നത് എന്നാണ് പറഞ്ഞത്. വസ്ത്രാലങ്കാരം എന്നൊന്നുമല്ല നടിക്ക് കുറച്ച് ഡ്രെസ് എടുക്കാന്‍ അദ്ദേഹത്തിനൊപ്പം ചെല്ലാമോ എന്ന് ചോദിച്ചു. അങ്ങനെ ഞാന്‍ പോയി. മണിലാല്‍ രംഗങ്ങളൊക്കെ പറഞ്ഞപ്പോള്‍ അതിന് അനുസരിച്ചുള്ള വസ്ത്രങ്ങളാണ് എടുത്തത്. പിന്നെ സിനിമയിലെ കഥാപാത്രത്തെ ഞാന്‍ എന്റെ ജീവിതമായാണ് കണ്ടത്. അതുകൊണ്ട് തന്നെ ഞാന്‍ ഉപയോഗിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങളാണ് തിരഞ്ഞെടുത്തത്. അത് ആ കഥാപാത്രത്തിനും സിനിമക്കും നന്നായി യോജിച്ചു എന്ന് വേണം പറയാന്‍. അതിന് പുരസ്‌കാരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. കാരണം മണിലാല്‍ വിളിച്ചപ്പോള്‍ അതിനെ ഒരു ജോലിയായിട്ട് പോലും ഞാന്‍ കണ്ടിരുന്നില്ല.

മണിലാലാണ് ഭാരതപ്പുഴയുടെ താരം

സിജിയെ ഭാരതപ്പുഴയില്‍ അഭിനയിക്കാനായി വന്നപ്പോഴാണ് പരിചയപ്പെടുന്നത്. പിന്നെ സിജി കനി കുസൃതിയുടെ സുഹൃത്ത് കൂടിയായിരുന്നു. കനിക്കൊപ്പം നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. പിന്നെ മണിലാല്‍ എന്നോട് അവരോട് ചില കാര്യങ്ങളൊക്കെ സംസാരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ സിജിക്ക് ചേരുന്ന ഡ്രെസ് എടുത്തു. അങ്ങനെ വളരെ സ്‌നേഹത്തോടെയാണ് സിജി പെരുമാറിയിരുന്നത്. പിന്നെ കനിയുടെയും മൈത്രേയന്റെയും സുഹൃത്ത് എന്ന നിലക്ക് എന്നോട് പ്രത്യേക ബഹുമാനവും സ്‌നേഹവും ഒക്കെയുണ്ടായിരുന്നു. ആ സൗഹൃദങ്ങളെല്ലാം സിജിയുമായി നല്ല രീതിയില്‍ ഇടപെടാന്‍ സഹായിച്ചു. സാധാരണ സിനിമ നടികളോട് എന്നെ പോലുള്ള ഒരാള്‍ക്ക് അടുത്ത് നിന്ന് ഇടപഴകാനോ, അവര്‍ക്ക് എന്ത് വസ്ത്രമാണ് ചേരുന്നത് എന്ന് പറയാനൊക്കെ ബുദ്ധിമുട്ട് ഉണ്ടാക്കിയേനെ. പക്ഷെ മണിലാലിന്റെ നിര്‍ദ്ദേശവും സൗഹൃദങ്ങളുമൊക്കെ അതിന് സഹായിച്ചു. ശരിക്കും മണിലാലാണ് ഭാരതപ്പുഴയുടെ താരം. പക്ഷെ ഞങ്ങള്‍ രണ്ട് പേരുമാണ് അംഗീകരിക്കപ്പെട്ടത്. അതില്‍ വലിയ സന്തോഷമുണ്ട്.

മുഖ്യധാരാ സിനിമ ലൈംഗിക തൊഴിലാളികളെ അപമാനിക്കപ്പെടേണ്ടവരായി ചിത്രീകരിക്കുന്നു

ഞങ്ങളുടേത് പ്രത്യേക രീതിയില്‍ അവഗണിക്കപ്പെടുന്ന ഒരു സമൂഹമാണ്. സിനിമയില്‍ ലൈംഗിക തൊഴിലാളികളെ കുറിച്ച് പറഞ്ഞ് പോകുന്നുണ്ടെങ്കിലും പലപ്പോഴും അപമാനിക്കപ്പെടേണ്ട കഥാപാത്രങ്ങളായാണ് ചിത്രീകരിക്കുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒതുക്കി നിര്‍ത്തപ്പെടേണ്ട കഥാപാത്രം പക്ഷെ സിനിമക്ക് ചേരുന്നത് കൊണ്ട് മാത്രം കൂട്ടിച്ചേര്‍ക്കുന്ന എന്ന രീതിയാണ് പൊതുവെയുള്ളത്. പക്ഷെ മണിലാലിന്റെ കാഴ്ച്ചപ്പാട് അതായിരുന്നില്ല. സാധാരണ സ്ത്രീകളില്‍ നിന്ന് വ്യത്യസ്തമായി സ്വാതന്ത്ര്യം അനുഭവിക്കുന്ന, അസമയത്ത് യാത്ര ചെയ്യാന്‍ പറ്റുന്ന, കാര്യങ്ങള്‍ വളരെ കര്‍ശനമായി പറയുന്ന സ്വതന്ത്രയായ സ്ത്രീ എന്ന ഒരു കാഴ്ച്ചപ്പാട് സംവിധായകന് ഉണ്ടായിരുന്നു. അതുകൊണ്ട് ആ സിനിമയുടെ ഭാഗമാവാന്‍ കൂടുതല്‍ എളുപ്പമായി. സ്ത്രീ ശക്തി എന്ന നിലയില്‍ ഭാരതപുഴ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് ഞാന്‍ കരുതുന്നത്. അത്തരം കാഴ്ച്ചപ്പാടും സ്ത്രീകളെ ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മണിലാല്‍. അതും ഈ സിനിമക്ക് ഗുണം ചെയ്തുവെന്നാണ് എന്റെ അഭിപ്രായം.

The Cue
www.thecue.in