ബാലതാരം മികച്ച നടിയായി, മോഹന്‍ലാലിനെ മറികന്ന് 80ാംവയസില്‍ പ്രേംജി നടനും, സംസ്ഥാന അവാര്‍ഡില്‍ കൗതുകം പങ്കുവച്ച് ഫേസ്ബുക്ക് പോസ്റ്റ്

ബാലതാരം മികച്ച നടിയായി, മോഹന്‍ലാലിനെ മറികന്ന് 80ാംവയസില്‍ പ്രേംജി നടനും, സംസ്ഥാന അവാര്‍ഡില്‍ കൗതുകം പങ്കുവച്ച് ഫേസ്ബുക്ക് പോസ്റ്റ്

സംസ്ഥാന-ദേശീയ സിനിമ അവാർഡുകൾ എന്നും വാർത്താ പ്രാധാന്യം ഉള്ളവയാണ്..അവാർഡ് പ്രഖ്യാപനങ്ങളുടെ കൂടെ ഉണ്ടാകുന്ന വിവാദങ്ങളും ചേരി തിരിഞ്ഞുള്ള ആരോപണങ്ങളും ആക്ഷേപങ്ങളും പതിവാണ്,അതൊക്കെ മാധ്യമങ്ങൾ ആഘോഷിക്കാറുമുണ്ട്.. എന്നാൽ മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പത്തെ സംസ്ഥാന അവാർഡിലെ ഒരു പ്രത്യേകതയെ പറ്റി ആരും അധികമൊന്നും പറഞ്ഞ് കേട്ടിട്ടില്ല..ബാലതാരമായി അഭിനയിച്ച് മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയ ഒരു നടിയെ കുറിച്ച് കേട്ടിട്ടുണ്ടോ?എൺപത് വയസുള്ള ഒരു നടനൊപ്പം ഈ ബാലതാരം അവാർഡ് ജേതാവായത് കേട്ടിട്ടുണ്ടോ? അങ്ങനെയൊന്ന് നമ്മുടെ സംസ്ഥാന ചലച്ചിത്ര അവാർഡ് ചരിത്രത്തിൽ സംഭവിച്ചിട്ടുണ്ട്..

അമ്പത് വർഷത്തെ ചരിത്രമുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡിലെ വളരെ പ്രത്യേകതയും കൗതുകവും നിറഞ്ഞ ഒന്നാണ് 1988ൽ അവാർഡ് നേടിയ നടനും നടിയും..പ്രേംജിക്കും അഞ്ജുവിനുമാണ് അന്ന് മികച്ച നടനും നടിക്കുമുള്ള അവാർഡ് ലഭിച്ചത്..സംസ്ഥാന അവാർഡ് ലഭിച്ച ഏറ്റവും പ്രായം കൂടിയ നടനും ഏറ്റവും പ്രായം കുറഞ്ഞ നടിയും,അതും ഒരേ വർഷം എന്നതാണ് 1988ലെ ഇവരുടെ ഈ അവാർഡിനെ കൗതുകകരമാക്കുന്നത്, വ്യത്യസ്തമാക്കുന്നത്..ഷാജി.എൻ.കരുണിൻ്റെ പിറവിയിലൂടെ പ്രേംജി മികച്ച നടനുള്ള അവാർഡ് നേടുമ്പോൾ എൺപത് വയസായിരുന്നു അദ്ദേഹത്തിൻ്റെ പ്രായം.. കെ.പി.കുമാരൻ്റെ രുഗ്മിണിയിലൂടെ മികച്ച നടിക്കുള്ള അവാർഡ് അഞ്ജു നേടിയത് കേവലം പന്ത്രണ്ട് വയസിലും!!! പന്ത്രണ്ടാം വയസിലെ ബാലനടിയായിട്ടുള്ള പ്രകടനത്തിന് മികച്ച നടിക്കുള്ള അവാർഡ്,സത്യത്തിൽ അതിശയകരമായ കാര്യം തന്നെയാണത്,അപൂർവ്വ നേട്ടവും..രുഗ്മിണിയുടെ ടൈറ്റിൽ കാർഡിൽ ബാലതാരമായിട്ട് തന്നെയാണ് അഞ്ജുവിനെ അവതരിപ്പിച്ചിരിക്കുന്നതും..മലയാള സിനിമ ചരിത്രത്തിൽ ഇങ്ങനെ പന്ത്രണ്ടാം വയസിൽ ബാലനടിയായി അഭിനയിച്ച് മികച്ച നടിക്കുള്ള അവാർഡ് നേടിയ ഒരെയൊരു നടി അഞ്ജു മാത്രമാണ്..ഒരുപക്ഷേ ഇന്ത്യയിൽ തന്നെ അഞ്ജുവിനെ പോലെ ഇത്തരത്തിലുള്ള അപൂർവ്വ പുരസ്കാര നേട്ടം കൈവരിച്ച വേറെ ഒരു നടി ഉണ്ടാകാനിടയില്ല.. അഞ്ജുവിൻ്റെ രുഗ്മിണിയിലെ മികച്ച പ്രകടനത്തെ വെറും ബാലതാരത്തിൽ ഒതുക്കാതെ മികച്ച നടിയായി പരിഗണിച്ച് അവാർഡ് കൊടുത്ത,സംസ്ഥാന അവാർഡ് ചരിത്രത്തിലെ ഏറ്റവും വ്യത്യസ്തവും ധീരവുമായ ചുവട് വെയ്പ്പ് നടത്തിയ അന്നത്തെ അവാർഡ് ജൂറി ശരിക്കും അഭിനന്ദനങ്ങൾ അർഹിക്കുന്നു..

പ്രേംജിക്കും അഞ്ജുവിനും മുമ്പ് അവാർഡ് നേടിയ ഏറ്റവും പ്രായം കൂടിയ നടനും നടിയും സത്യനും ശോഭയുമായിരുന്നു..1969ൽ സത്യന് കടപ്പാലം എന്ന സിനിമയിലൂടെ മികച്ച നടനുള്ള ആദ്യ സംസ്ഥാന അവാർഡ് ലഭിക്കുമ്പോൾ അമ്പത്തിയേഴ് വയസ് ആയിരുന്നു പ്രായം,1978ൽ എൻ്റെ നീലാകാശം എന്ന സിനിമയിലൂടെ ശോഭയ്ക്ക് അവാർഡ് ലഭിക്കുമ്പോൾ പതിനാറ് വയസും..പിൽക്കാലത്ത് എഴുപത്തിയെട്ടാം വയസിൽ സായാഹ്നം എന്ന സിനിമയിലൂടെ ഒ.മാധവനും പതിനഞ്ചാം വയസിൽ എൻ്റെ സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലൂടെ ജോമോളും അവാർഡുകൾ കരസ്ഥമാക്കിയെങ്കിലും പ്രേംജിയുടെയും അഞ്ജുവിൻ്റെയും പേരിൽ എഴുതപ്പെട്ട റെക്കോർഡ് മറി കടക്കാനായില്ല..ശ്വേത മേനോനാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ഏറ്റവും പ്രായം കൂടിയ നടി,മുപ്പത്തിയഞ്ചാം വയസിൽ പാലേരി മാണിക്യം എന്ന സിനിമയിലൂടെ..

പ്രേംജിക്ക് അവാർഡ് ലഭിച്ചപ്പോൾ അദ്ദേഹത്തിൻ്റെ എൺപത് വയസ് പ്രായം അന്നത്തെ ജൂറി തന്നെ പരാമർശിച്ചിരുന്നു..1988ലെ മികച്ച നടനുള്ള സംസ്ഥാന-ദേശീയ അവാർഡ് മൽസരത്തിൽ പ്രേംജിക്കൊപ്പം പാദമുദ്രയിലെ പ്രകടനത്തിലൂടെ മോഹൻലാലും ഉണ്ടായിരുന്നു.. ഒപ്പത്തിനൊപ്പം ഉള്ള മൽസരമായിരുന്നു ഫൈനൽ റൗണ്ടിൽ നടന്നത്,അതായിരുന്നു ജൂറിക്ക് പ്രേംജിയുടെ വയസ് പരാമർശിക്കേണ്ടി വന്ന സാഹചര്യവും.. ആരുടെ അഭിനയ മികവിന് അവാർഡ് കൊടുക്കണമെന്ന് ജൂറി ആശയക്കുഴപ്പത്തിലായപ്പോൾ പ്രായക്കൂടുതൽ ആണ് പ്രേംജിക്ക് അനുകൂലമായി മാറിയത്.. ഇരുപത്തിയെട്ട്ക്കാരന് ഇനിയും അവസരമുണ്ട് അവാർഡ് നേടാൻ,എൺപത്ക്കാരന് ഇനി അവസരം കുറവാണ് എന്നാണ് അന്നത്തെ സംസ്ഥാന-ദേശീയ അവാർഡ് ജൂറികൾ ഒരുപോലെ എടുത്ത് പറഞ്ഞത്..2006ൽ വാസ്തവത്തിലൂടെ പൃഥിരാജിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചപ്പോൾ അത് സാധാരണയിൽ കവിഞ്ഞ വാർത്താ പ്രാധാന്യം നേടിയിരുന്നു..മോഹൻലാലിനെ പിൻതളളി ഇരുപത്തിനാലാം വയസിൽ പൃഥിരാജ് അവാർഡ് നേടി ഏറ്റവും പ്രായം കുറഞ്ഞ പുരസ്കാര ജേതാവ് ആയി എന്നതായിരുന്നു ആ വാർത്താ പ്രാധാന്യത്തിൻ്റെ കാരണം..എന്നാൽ അഞ്ജുവിൻ്റെ അത്യപൂർവ്വമായ ഈ അവാർഡ് നേട്ടത്തെ കുറിച്ച് അന്നും ഇന്നും എവിടെയും പരാമർശിക്കപ്പെട്ട് കണ്ടിട്ടില്ല..അതേസമയം മോനിഷയ്ക്ക് പതിനഞ്ചാം വയസിൽ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ച വിവരം അന്ന് തന്നെ എല്ലാ മാധ്യമങ്ങളും എടുത്ത് പറഞ്ഞിരുന്നു,അതിന്നും ഹൈലൈറ്റ് ചെയ്യപ്പെടുന്നുമുണ്ട്.. ആ രാത്രി,ആട്ടക്കലാശം തുടങ്ങിയ സിനിമകളിലൂടെ മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും കൂടെ ബാലതാരമായി അഭിനയിച്ച അഞ്ജു പിന്നീട് ഇരുവരുടെയും ഭാര്യയായി,നായികയായി അഭിനയിച്ചു എന്നത് മറ്റൊരു കൗതുകമാണ്.. പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലതാരമായിരുന്ന അഞ്ജുവിൻ്റെ നായികയായിട്ടുള്ള വളർച്ചയും തളർച്ചയും ഒക്കെ വളരെ ചെറിയൊരു കാലഘട്ടത്തിനുള്ളിൽ തന്നെ സംഭവിച്ചു എന്നത് ഖേദകരമായ കാര്യമാണ്..ഒന്ന് ചികഞ്ഞാൽ സിനിമ പുരസ്കാര നേട്ടങ്ങളിലെ ഒട്ടനവധി വൈരുദ്ധ്യങ്ങളും കൗതുകങ്ങളും ഇനിയും ലഭിച്ചേക്കാം..എന്നാൽ അഞ്ജുവിൻ്റെത് പോലെയുള്ള ഒന്ന് ഒരിക്കലും ലഭിക്കില്ല,മാത്രവുമല്ല അത് പോലെയുള്ള ഒരു അത്യപൂർവ്വ പുരസ്കാര നേട്ടവും ജേതാവും ഇനി ഉണ്ടാകാനും സാധ്യതയില്ല..

ബാലതാരം മികച്ച നടി ആയപ്പോൾ!!! സംസ്ഥാന-ദേശീയ സിനിമ അവാർഡുകൾ എന്നും വാർത്താ പ്രാധാന്യം ഉള്ളവയാണ്..അവാർഡ് പ്രഖ്യാപനങ്ങളുടെ...

Posted by Safeer Ahamed on Sunday, June 13, 2021
The Cue
www.thecue.in