വിശുദ്ധ രാത്രികളിലെ പ്രിവിലേജ്ഡ് വിശുദ്ധർ

വിശുദ്ധ രാത്രികളിലെ പ്രിവിലേജ്ഡ് വിശുദ്ധർ

It is not the question of making political

films, but to make films politically

-Jean-Luc Godard

ഉള്ളടക്കപരവും രൂപപരവുമായ അട്ടിമറി വലിയ തോതിൽ നടക്കുന്നില്ല എന്നോ ഈ ദ്വിമുഖമായ വഴിമാറി നടക്കൽ ഒട്ടും സാധ്യമാവുന്നില്ല എന്നതോ ആയ തരത്തിൽ മലയാള സിനിമ ഒട്ടൊക്കെ ദരിദ്രമായ അവസ്ഥയിൽ തന്നെയാണ് കഴിഞ്ഞു കൂടുന്നത്! രൂപപരവും ലാവണ്യ ശാസ്ത്രപരവുമായ ഗതാനുകത്വമില്ലായ്മ ഏതൊരു കലാവിഷ്കാരത്തെ സംബന്ധിച്ചും പ്രധാനം തന്നെയാണ്. അത് സിനിമയെ സംബന്ധിച്ചു മാത്രമല്ല ബൈനറി സൃഷ്ടിക്കുക. ആദിമധ്യാന്ത പൊരുത്തത്തിലേക്കുള്ള ഇതിവൃത്തത്തിൻ്റെ ഇതൾ വിരിയൽ പാരമ്പര്യത്തിൻ്റെ മടുപ്പിക്കുന്ന നൂറ്റൊന്ന് ആവർത്തിയോ വാർപ്പു മാതൃകയോ ഒക്കെയാണല്ലോ. സിനിമയെ സംബന്ധിച്ച് അതിൻ്റെ സമാന്തര പാതകൾ ആയ ആർട്‌ ഹൗസ് സ്വതന്ത്ര സിനിമകൾ അടക്കമുള്ള നെറേഷനുകളും രൂപപരവും ലാവണ്യശാസ്ത്രപരവുമായ വ്യവസായ സിനിമകളുടെ വാർപ്പു മാതൃകകൾ തന്നെയാണ് കുറെയൊക്കെ പിന്തുടർന്നു കണ്ടിട്ടുള്ളത്. നാലോ അഞ്ചോ സംവിധായകരും എഴുത്തുകാരുമെല്ലാം ചേർന്ന് തീർക്കുന്ന സെഗ്മൻ്റുകൾ മുഖ്യധാരാ സിനിമകളിൽ മുമ്പ് ഉണ്ടായിട്ടുണ്ട്. കേരള കഫേ അഞ്ചുസുന്ദരികൾ തുടങ്ങിയവ ഉദാഹരണം. സമാന്തര സിനിമയിൽ സുദേവൻ തന്നെ എഴുതി സംവിധാനം ചെയ്ത പാവ, വൃദ്ധന്‍, അവള്‍, മത്സ്യം എന്നീ ചെറു ചിത്രങ്ങൾ ചേർത്ത് അകത്തോ പുറത്തോ എന്ന പേരിൽ മുമ്പ് ആന്തോളജി വിഭാഗത്തിൽ പെട്ട സിനിമ വന്നിരുന്നു. എന്നാൽ പ്രമേയ പരമോ മറ്റോ ആയി ശ്രദ്ധിക്കപ്പെടുകയുണ്ടായില്ല. ഡോ. സുനിൽ എഴുതി സംംവിധാനം ചെയ്ത വിശുദ്ധ രാത്രികൾ എന്ന പേരിൽ അഞ്ച് സെഗ്മൻ്റുകൾ അടങ്ങിയ ആന്തോളജി സിനിമ പ്രമേയപരമായും ലാവണ്യാത്മകമായും മലയാളത്തിലെ ആൾട്ടർനേറ്റീവ് സിനിമയെ പുതുക്കുന്നതും ഗതാനുഗതികത്വത്തെ നിഷേധിച്ച് നവസിനിമകളുടെ ആന്തോളജി നിർമിക്കുന്നതുമാണ്.

പിതൃ അധികാരവും ജാതിയും സദാചാരവും സിനിമ വളരെ വ്യത്യസ്തമായി ചർച്ചക്കെടുക്കുന്നുണ്ട്. പൊതുവെ പാട്രിയാർക്കിയും ജാതിയും ചർച്ചക്കെടുക്കുമ്പോൾ മലയാള സിനിമ അതിൻ്റെ ഒബ്ജക്ട് ആയി പുരുഷൻമാരെ തന്നെയാണ് കൊണ്ടുവരാറുള്ളതെങ്കിൽ വിശുദ്ധരാത്രികളിൽ അത് സ്ത്രീകളുടെ മനോനിലയിലും അധികാര പ്രയോഗത്തിലെ വ്യവഹാരങ്ങളിലും സന്നിവേശിപ്പിച്ചിരിക്കുന്നു.
Visudha Rathrikal movie review Dr S Sunil
Visudha Rathrikal movie review Dr S Sunil ADMIN

പ്രത്യേകിച്ച് പേരുകൾ നൽകാതെ അഞ്ച് രാത്രികളിലെ കഥകൾ വിശുദ്ധരാത്രികളിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. കഥകൾ എന്നതിലുപരി ഇത് സംഭവങ്ങളായാണ് വിഷ്വൽ നെറേഷൻ നടത്തിയിരിക്കുന്നത്. പലവിധമായ അധികാരങ്ങളുടെ പ്രിവിലേജിനകത്ത് നിൽക്കുന്നവരും അധികാരത്തിന് പുറത്തായതിനാൽ മാത്രം ആത്മീയമായി നഗ്നരാക്കപ്പെടുകയോ വേട്ടയാടപ്പെടുകയോ ചെയ്യുന്നവരും എന്ന ദ്വന്ദ്വ നിർമിതിയെ ഡിഫൈൻ ചെയ്യുകയും ജാതി, ലിംഗന്യൂനപക്ഷം, ലൈംഗികതൊഴിലാളികൾ, രാഷ്ട്രീയന്യൂനപക്ഷം, ട്രൈബ് തുടങ്ങിയ വിഭാഗങ്ങൾ എങ്ങിനെയാണ് പ്രിവിലേജിനുള്ളിൽ പ്രതിസ്ഥാനത്തകപ്പെടാനിടയുള്ളത് എന്ന സൂക്ഷ്മവും ആഴത്തിലുള്ളതും കുറുകിയതുമായ സെഗ്മെൻറുകളാണ് വിശുദ്ധ രാത്രികളിലെ ഉള്ളടക്കങ്ങൾ.

മറ്റ് ചിലർക്ക് അനുഭവിക്കാൻ അനുവദിക്കപ്പെട്ടിട്ടില്ലാത്തതും ചില പ്രത്യേകർക്ക് മാത്രം ക്ളയിം ചെയ്യാവുന്നതുമായ സവിശേഷമായ അധികാര അവകാശമാണല്ലോ പ്രിവിലേജ്. ഈ വിശേഷഭാഗ്യത്തിനെ സംബന്ധിച്ചുള്ള സൂക്ഷ്മനിരീക്ഷണങ്ങൾ വിശുദ്ധരാത്രികളുടെ സംഭവങ്ങളിൽ ഉണ്ട്. പ്രിവിലേജിന് പുറത്തുള്ളവരിലാവട്ടെ അധികാരത്തിന്റെ സ്വഭാവത്തെ കുറിച്ച് ഫൂക്കോ പറഞ്ഞ “അത് വ്യക്തിയുടെ സസൂക്ഷ്മ തലത്തിലേക്ക് വരെ എത്തുന്നു, അവരുടെ ശരീരത്തിൽ സപർശിക്കുന്നു, അവരുടെ പ്രവർത്തനങ്ങളിലും മനോഭാവങ്ങളിലും അവരുടെ വ്യവഹാരങ്ങളിലും പഠന പ്രക്രിയയിലും ദൈനംദിന ജീവിതത്തിലും വരെ അത് ഇടപെടുന്നു” എന്നതു സംഭവിക്കുകയും ചെയ്യുന്നു.

ഒന്നാമത്തെ സെഗ്മൻറിൽ തൻ്റെ ഏകാന്തതയിലെ ലൈംഗിക ദാരിദ്ര്യ പ്രശ്നം പരിഹരിക്കപ്പെടാൻ ഡോ. മനോജ് എന്ന പ്രൊഫസർ (കെ.ബി.വേണു ) കൊണ്ടുപോയ ട്രാൻസ് വുമണായ മോനിഷയെ (സാന്ദ്ര ലാർവിൻ ) അയാൾ ആവശ്യം കഴിഞ്ഞ ഉടനെ എത്തിക്കേണ്ടിടത്ത് കൊണ്ടുചെന്നു വിടുന്ന അവസരത്തിൽ പോലീസ് പൊക്കുന്നതാണ്. തൻ്റെ സ്റ്റുഡൻ്റ് ആയ പോലീസ് ആഫീസറുടെ പ്രിവിലേജ് പ്രൊഫസർക്കു ലഭിക്കുന്നു. രണ്ടാമത്തെ സെഗ്മൻ്റിൽ സവർണ്ണ മോനോൻ തറവാട്ടിലെ കലാസ്നേനേഹി ആയ സ്ത്രീ ഒരു ട്രൈബ് ചെറുപ്പക്കാരനെ ( അവൻ ചിത്രകാരനും കലാകാരനുമാണ്) ഫ്ളാറ്റിൽ കൊണ്ടു പോകുന്നതും തിരിച്ചു പോകുന്നതിന്നിടയിൽ സംഭവിക്കുന്ന അപകടത്തിൻ്റെ ഉത്തരവാദിത്തം സൗകര്യപൂർവം അവൻ്റെ തലയിലാക്കുകയും ചെയ്യുന്നതാണ്. എല്ലാ സെഗ്മൻ്റുകളിലും നമുക്ക് പലവിധത്തിൽ പ്രിവിലേജ്ഡ് ആയവരെകാണാം.

പിതൃ അധികാരവും ജാതിയും സദാചാരവും സിനിമ വളരെ വ്യത്യസ്തമായി ചർച്ചക്കെടുക്കുന്നുണ്ട്. പൊതുവെ പാട്രിയാർക്കിയും ജാതിയും ചർച്ചക്കെടുക്കുമ്പോൾ മലയാള സിനിമ അതിൻ്റെ ഒബ്ജക്ട് ആയി പുരുഷൻമാരെ തന്നെയാണ് കൊണ്ടുവരാറുള്ളതെങ്കിൽ വിശുദ്ധരാത്രികളിൽ അത് സ്ത്രീകളുടെ മനോനിലയിലും അധികാര പ്രയോഗത്തിലെ വ്യവഹാരങ്ങളിലും സന്നിവേശിപ്പിച്ചിരിക്കുന്നു. 'കാട്ടു വാസിയായ ' നിനക്ക് എൻ്റെ കലാ ഭ്രാന്തു മൂലം കൊട്ടാരത്തിൽ വസിക്കേണ്ട എൻ്റെ കൂടെ ശയിക്കാൻ കിട്ടിയ പ്രിവിലേജ് എന്ന് മേനോത്തിയുടെ ജാതിമാഹാത്മ്യമായും പോലീസ് യൂണിഫോം എന്ന പ്രിവിലേജിൻ്റെ ബലത്തിൽ ജെ.എൻ.യു വിൽ ഗവേഷണം ചെയ്യുന്ന പെൺകുട്ടിയെ മാവോയിസ്റ്റ് ആക്കാൻ ധൃതിപ്പെടുന്ന പാട്രിയാർക്കി അബോധ മനോ ഘടനയുള്ള സ്ത്രീകളെയും സിനിമ വെളിപ്പെടുത്തുന്നുണ്ട്. അവസാന സെഗ്‌മെൻ്റിൽ ട്രൈബ് ആയ ഒരു പെൺകുട്ടിയെയും അമ്മയെയും വേട്ടയാടി എത്തിക്കേണ്ടിടത്ത് എത്തിക്കാൻ മുൻകൈ എടുക്കുന്നതും ഒരു പെണ്ണാണ് എന്ന് ഓർക്കുക. പറഞ്ഞു വന്നത് വിശുദ്ധ രാത്രികൾ ചർച്ചക്കെടുക്കുന്നത് പ്രിവിലേജ്ഡ് എന്ന അവസ്ഥയും അതിനു പുറത്ത് കഴിയേണ്ടി വരുന്നവരും എന്ന ദ്വന്ദ്വ സന്ദർഭങ്ങളുടെ സൂക്ഷ്മതയും ആഴവുമാണ് എന്നാണ്. പല വിധങ്ങളായ അധികാര അവകാശങ്ങൾ കൈവശം വെച്ചിരിക്കുന്നവർ / അല്ലാത്തവർ എന്ന വിപരീത സൃഷ്ടി സാധ്യമാക്കുകയും പ്രിവിലേജിനകത്തുള്ളവരാൽ നഗ്നരാക്കപ്പെടുകയും പുറന്തള്ളപ്പെടുകയും വലിച്ചെറിയപ്പെടുകയും വേട്ടയാടപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും ഒക്കെ ചെയ്യപ്പെടുന്നവർ എന്ന ദ്വന്ദ്വ നിർമിതിയാണിത്. അത് സിനിമയുടെ ഉള്ളടക്കപരമായ പുതുമയാണു താനും. പലവിധ പ്രിവിലേജുകളാൽ അനുഗ്രഹിക്കപ്പെടുകയോ അത് സ്വന്തമാക്കുകയോ ചെയ്ത വ്യക്തികൾ സൂക്ഷിക്കുന്ന പല വിധമായ ഒഴികഴിവുകളും ന്യായങ്ങളും കാപട്യങ്ങളും വിശുദ്ധരാത്രികളുടെ സിനിമാ സന്ദർഭങ്ങളിൽ ഒട്ടും കൃത്രിമത്വമില്ലാതെ തന്നെ വെളിവാക്കപ്പെടുന്നുണ്ട്. സവർണ്ണ ജാതിയിൽ പെട്ടവൾ എന്ന 40 വയസ്സിനു പുറത്തുള്ളവളുടെ 25 വയസോ മറ്റോ മാത്രമുള്ള ചെറുപ്പക്കാരനോടുള്ള ( സവർണ്ണ പരിസരത്തല്ലാത്ത ) ലൈംഗിക ഔദാര്യ പരതയെ ഉദാഹരണമായി എടുക്കാം.

മിഷായേൽ ഫൂക്കോ ആധുനികതയുടെ ആരംഭ ശേഷം ലൈംഗികത ഏറ്റുപറയേണ്ട ഒരു കുമ്പസാര രഹസ്യമായതിനെ സംബന്ധിച്ച് വിവരിക്കുന്നുണ്ട്. രണ്ട് വ്യക്തികൾക്കിടയിൽ സമൂഹത്തിൻ്റെ അബോധത്തിലുള്ള സദാചാരത്തിൻ്റെ ഇടിവാൾ പ്രയോഗമെന്ന ഇടപെടൽ ഏത് നിമിഷവും പ്രതീക്ഷിക്കേണ്ടതുണ്ട് രണ്ട് മനുഷ്യർക്കിടയിൽ!

പ്രിവിലേജിനകത്ത് സംരക്ഷിക്കപ്പെട്ടവർക്ക് ലഭ്യമാവുന്ന നിയമ പരിരക്ഷയോ മറ്റ് സംരക്ഷണങ്ങളോ ആനുകൂല്യങ്ങളോ ഒന്നും ലഭ്യമാവാത്ത നോൺ പ്രിവിലേജ്ഡ് കമ്യൂൺ എന്ന നിലക്ക് സിനിമയിൽ കടന്നു വരുന്നവർ മിക്കവരും പൊതുവെ ശിക്ഷിക്കപ്പെടുന്നവരുടെയും പലവിധത്തിൽ ശാരീരികവും മാനസികവുമായി അപമാനവീകരിക്കപ്പെടുന്നവരുടെയും രാഷ്ട്ര/ ഭരണകൂട / അധികാര ഇരകളാണ് എന്ന് നിർവചിക്കാം. അവർ ഭരണകൂടത്തിൻ്റെ ഏജൻസിയായ പോലീസ്, നിയമ വ്യവസ്ഥകൾ തുടങ്ങിയ ഉപകരണങ്ങളിൽ നിന്നും നിരന്തരം അധികാര പ്രയോഗങ്ങൾക്ക് വിധേയരാവേണ്ടി വരുന്നവരാണ്. എൽജിബിടി ദളിത് ട്രൈബ് തൊലി കറുത്തവർ നിലവിലെ സദാചാര വ്യവസ്ഥക്ക് വിരുദ്ധമായി ചലിക്കുന്നവർ ഭരണകൂടത്തിൻ്റെ ഫാഷിസ്റ്റ് നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവർ തുടങ്ങിയ ഈ നോൺ പ്രിവിലേജ്ഡ് കമ്യൂൺ പല വിധത്തിൽ പല സന്ദർഭങ്ങളിൽ ഏറ്റുവാങ്ങേണ്ടി വരുന്ന ഭരണകൂടത്തിൻ്റെയും പ്രിവിലേജ്ഡ് കമ്യുണിൻ്റെയും അധികാര ബന്ധങ്ങളുടെ വിഷ്വൽ എക്സ്പ്ളോഷൻ വിശുദ്ധ രാത്രികളുടെ പല സന്ദർഭങ്ങളിലും കടന്നു വരുന്നു.

ജെ.എൻ യുവി ലെ ഗവേഷകയായ അരുണ തൻ്റെ സുഹൃത്തായ സുധിയുടെ ഒപ്പം ഒരു ഫ്ളാറ്റിൽ ചെലവഴിക്കുന്ന രാത്രിയിലേക്ക് കയറി വരുന്ന ഫ്ളാറ്റ് ഉടമസ്ഥൻ്റെ സുഹൃത്തുക്കളുടെ ഇടപെടലുകൾ ആരംഭിക്കുന്നത് സദാചാര സംബഡിയായ ടോർച്ചറിങ്ങോടു കൂടിയാണ്. മിഷായേൽ ഫൂക്കോ ആധുനികതയുടെ ആരംഭ ശേഷം ലൈംഗികത ഏറ്റുപറയേണ്ട ഒരു കുമ്പസാര രഹസ്യമായതിനെ സംബന്ധിച്ച് വിവരിക്കുന്നുണ്ട്. രണ്ട് വ്യക്തികൾക്കിടയിൽ സമൂഹത്തിൻ്റെ അബോധത്തിലുള്ള സദാചാരത്തിൻ്റെ ഇടിവാൾ പ്രയോഗമെന്ന ഇടപെടൽ ഏത് നിമിഷവും പ്രതീക്ഷിക്കേണ്ടതുണ്ട് രണ്ട് മനുഷ്യർക്കിടയിൽ! ഈ സെഗ്മെൻറിൽ തുടക്കത്തിൽ തന്നെ അരുണയേയും സുധി എന്ന സുഹൃത്തിനെയും മദ്യപാനത്തിനു വേണ്ടി ഒത്തു കൂടിയ സുഹൃത്തുക്കൾ സദാചാര ആരോപണത്തിന് വിധേയരാക്കിയാണ് പോലീസ് സ്റ്റേഷനിൽ എത്തിക്കുന്നത്. ഇവരുടെ കൂട്ടത്തിൽ തന്നെ ഒരു പോലീസ് ഓഫീസറുമുണ്ട്. അവസാന സെഗ്മെൻറിലും വേട്ടക്കാരായ കുട്ടർ പറയുന്നത് 'പോലീസിനെ ഞങ്ങൾ വിളിച്ചോളാം!' എന്നാണ്. അധികാരത്തിൻ്റെ ഏജൻസികളുടെ സംരക്ഷണവും സുരക്ഷയും ലഭ്യമാവുന്നവർക്ക് ബാധകമല്ലാത്ത പലതുമുണ്ട്. അധികാരത്തിൻ്റെ ഏജൻസികളാൽ നഗ്നരാക്കപ്പെടുകയും ഡി ഹ്യുമനൈസ് ചെയ്യപ്പെടുകയും ചെയ്യുന്നവരുണ്ട്. അവർ നിരന്തരം പല വിധങ്ങളായ അധികാര പ്രയോഗങ്ങൾക്കും വേട്ടയാടലുകൾക്കും ഇരയാവും. പ്രിവിലേജിന് അകത്തുള്ളവർക്കു വേണ്ടി അധികാരത്തിൻ്റെ ഏജൻസികൾ മാനുപ്പുലേറ്റ് ചെയ്യപ്പെടും. അധികാരത്തോട് ചേർന്ന് നിന്നും പലവിധങ്ങളായ പ്രിവിലേജുകളുടെ സൗകര്യം അനുഭവിച്ചും കപട ജീവിതം നയിച്ചു കൊണ്ടിരിക്കുന്നവർ അല്ലാത്തവർ എന്നിങ്ങനെ രാഷട്രീയ ബോധ്യങ്ങളിൽ നിന്ന് നിർമിച്ച സിനിമയാണ് വിശുദ്ധ രാത്രികൾ.

മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച വിശുദ്ധരാത്രികള്‍ നിരൂപണം

Related Stories

No stories found.
logo
The Cue
www.thecue.in