അഭിനയം, സ്വാഭാവികാഭിനയം, ശൈലീകൃതാഭിനയം

അഭിനയം, സ്വാഭാവികാഭിനയം, ശൈലീകൃതാഭിനയം
Summary

ഒരു നടൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്വയം ആവർത്തിക്കാതിരിക്കുക എന്നതാണ്.

ഓസ്കാർ പ്രഖ്യാപനവുമായി ബന്ധപ്പെട്ടു നടന്ന സംഭാഷണത്തിനിടയിൽസ്വാഭാവികാഭിനയം, ശൈലീകൃതാഭിനയം എന്നിവയുടെ വ്യത്യാസങ്ങളെന്തെന്ന് അക്കാദമിക് രീതിയിലല്ലാതെ മനസ്സിലാകുന്ന വിധത്തിൽ പറയാമോയെന്ന് ഒരു സുഹൃത്തു ചോദിച്ചു.

പ്രായോഗികതലത്തിൽ, ഒരു കഥാപാത്രത്തെ ഒരു നടൻ അയാളിലേയ്ക്ക് സ്വാംശീകരിച്ച് വൈകാരികമായും ഭാവപരമായും വിപുലപ്പെടുത്തുന്ന രീതിയാണ് സ്വാഭാവികാഭിനയം എന്നു പറയാം.മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു നടൻ തൻ്റെ സ്വന്തം കുപ്പായത്തെ ഒരു കഥാപാത്രത്തിനും കൂടെ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ അളവുകളിലൊക്കെ മാറ്റം വരുത്തിയെടുക്കുന്ന പ്രവൃത്തിയാണ് സ്വാഭാവികാഭിനയം.

നേരെ മറിച്ച് ഒരു കഥാപാത്രത്തിൻ്റെ ആന്തരികലോകത്തെ ഉൾക്കൊണ്ടുകൊണ്ട് ഒരു നടൻ ആ കഥാപാത്രമായി പരിവർത്തനപ്പെടാനും ആ കഥാപാത്രത്തിൻ്റെ വൈകാരിക മുഹൂർത്തങ്ങളേയും മാനസിക സഞ്ചാരങ്ങളേയും പ്രതിഫലിപ്പിക്കാനും നടത്തുന്ന ശ്രമമാണ് ശൈലീകൃത അഭിനയത്തിലൂടെ നടക്കുന്നത്.ഇവിടെ കുപ്പായം നടൻ്റെയല്ല. കഥാപാത്രത്തിൻ്റെയാണ്. കഥാപാത്രത്തിൻ്റെ അളവുകളെ കണ്ടെത്താനും ആ അളവുകളിലേയ്ക്ക് സ്വയം പരിവർത്തനപ്പെടാനുമാണ് ശൈലീകൃതഅഭിനയം പ്രയത്നിക്കുന്നത്.

പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അഭിനയത്തിലെ പുതുമ കൂടുതലായി അനുഭവിക്കാൻ കഴിയുക ശൈലീകൃതമായ അഭിനയശൈലി പിന്തുടരുന്ന നടന്മാരിൽ നിന്നാണെന്നത് ലോകത്തെമ്പാടുമുള്ള കാഴ്ചപ്പാടാണ്. റോബർട്ട് ഡിനീറോ, അൽ പച്ചീനോ, മർലൻ ബ്രാൻഡോ, ജാവിയർ ബാർഡം, ഡാനിയൽ ഡേ ലൂവിസ്, ലിയനാർഡോ ഡികാപ്രിയോ തുടങ്ങി ജാക്വലിൻ ഫീനിക്സ് വരെ ആ നിരയിൽപ്പെടുന്ന നടന്മാരാണ്.

ഒരു നടൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്വയം ആവർത്തിക്കാതിരിക്കുക എന്നതാണ്.എത്ര കൂടുതൽ സിനിമകളിൽ ഒരു നടൻ അഭിനയിക്കുന്നുവോ അത്രയും കൂടുതൽ അയാൾ പ്രേക്ഷകന്റെ മുമ്പിൽ exposed ആവുകയാണ്. എന്നുവെച്ചാൽ അയാൾ അത്രയും കൂടുതൽ predictable ആകാൻ തുടങ്ങുന്നു എന്നർത്ഥം. അതോടെ, ഒരു പ്രത്യേക രംഗത്തിൽ ആ നടൻ എങ്ങനെ അഭിനയിക്കുമെന്ന് അയാളുടെ മുൻപ്രകടനങ്ങളെ മുൻനിർത്തി പ്രേക്ഷകന് ഊഹിച്ചെടുക്കാൻ കഴിയുന്ന അവസ്ഥ വരുന്നു. അത്തരമൊരവസ്ഥയെ മറികടക്കണമെങ്കിൽ ഒരു നടനിൽ അസാമാന്യമായ പ്രതിഭ ഉൾച്ചേർന്നിരിക്കണം.

വിദേശഭാഷകളിലൊക്കെ 30-40 വർഷം നീളുന്ന അഭിനയ ജീവിതത്തിനിടയിൽ ഒരു നടൻ അഭിനയിക്കുന്നത് ശരാശരി 50-ൽ താഴെ മാത്രം സിനിമകളാണ്. എന്നാൽ മലയാളത്തിൽ അത് മുന്നൂറും നാനൂറുമൊക്കെയാണ്. അതുകൊണ്ടു തന്നെ സ്വയം ആവർത്തനങ്ങൾ ഇവിടെ കൂടുതൽ സംഭവിക്കുന്നുമുണ്ട്. ശങ്കരാടിച്ചേട്ടൻ നമ്മുടെ പ്രിയങ്കരനായ നടനായിരുന്നു. ഏതെങ്കിലുമൊരു സിനിമയിൽ 'അഭിനയിക്കുന്നതായി' പ്രേക്ഷകന് അനുഭവപ്പെടുത്താത്ത തരത്തിൽ അയത്നലളിതമായ ഒരു ശൈലിയുടെ ഉടമ. എന്നാൽ, വിവിധ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ ഒരുമിച്ച് ഓർത്തെടുക്കുമ്പോൾ എല്ലാം ഏറെക്കുറെ ഒരേ അച്ചിൽ വാർത്തെടുത്തതായിരുന്നല്ലോ എന്ന് കണ്ടെത്തേണ്ടി വരും. ശൈലീകൃത അഭിനയശൈലി പിന്തുടരുന്ന നടന്മാരേക്കാൾ സ്വാഭാവികാഭിനയശൈലി പിന്തുടരുന്ന നടന്മാർക്ക് സിനിമകളുടെയും കഥാപാത്രങ്ങളുടെയും എണ്ണം കൂടുന്തോറുംഇത്തരം പ്രതിസന്ധി കൂടുതലായി അഭിമുഖീകരിക്കേണ്ടി വരും.

വിവിധ വേഷങ്ങളിൽ നടനെന്ന നിലയിൽ സ്വയം നവീകരിച്ച് മലയാളിയെ അമ്പരപ്പിച്ച നടന്മാരുടെ മുമ്പിൽ നില്ക്കുന്നു, ഭരത് ഗോപി. യവനികയിലെയും പഞ്ചവടിപ്പാലത്തിലെയും ചിദംബരത്തിലെയും കൊടിയേറ്റത്തിലെയും കഥാപാത്രങ്ങളായി പകർന്നാടിയത് ഒരേ നടനെന്ന് വിശ്വസിക്കാൻ പ്രയാസം! ശൈലീകൃതമായ അഭിനയത്തിൻ്റെ സവിശേഷമായ കഥാപാത്രസ്വരൂപങ്ങളിലേയ്ക്ക് അമ്പരപ്പിക്കുന്ന അളവിൽ സ്വാഭാവികതയും സന്നിവേശിപ്പിക്കാൻ കഴിഞ്ഞ അത്യപൂർവ്വ നടനമാതൃകയായിരുന്നു ഭരത് ഗോപി.

മുൻകാല നടന്മാരിൽ സത്യൻ മാഷും കൊട്ടാരക്കരയും പിൽക്കാലത്ത്, ശാരീരികമായ പ്രത്യേകതകളെയും പരിമിതികളെയും വലിയൊരു പരിധി വരെ മറികടന്ന് തിലകനും കഥാപാത്രമായുള്ള പകർന്നാട്ടം കൊണ്ട് മലയാളിയെ വിസ്മയിപ്പിക്കാൻ കഴിഞ്ഞവരാണ്. 80-കളുടെ അവസാനത്തിലും 90-കളുടെ ആദ്യത്തിലുമൊക്കെ ചെയ്ത ചില തമ്പുരാൻവേഷങ്ങളുടെ hangover പിൽക്കാല വേഷങ്ങളിൽ അനുഭവപ്പെടുത്തിയിട്ടുണ്ടെങ്കിലും മികച്ച കഥാപാത്രങ്ങളിലൂടെ സ്വയം നവീകരിക്കാൻ കെല്പുള്ള നടൻ തന്നെയാണ് നെടുമുടി വേണു.ചെയ്തതിൽ കൂടുതലും കാമ്പും വേരുകളുമില്ലാത്ത കഥാപാത്രങ്ങളായിരുന്നെങ്കിലും ജഗതിശ്രീകുമാർ വേഷങ്ങളിൽ വ്യത്യസ്തത കൊണ്ടുവരാൻ കെല്പുള്ള പ്രതിഭയായിരുന്നു.

ശൈലീകൃതാഭിനയത്തിൻ്റെ കഥാപാത്രങ്ങളായുള്ള പകർന്നാട്ട സൗന്ദര്യം മലയാളിയ്ക്ക് അനുഭവഭേദ്യമാക്കിയിട്ടുള്ള നടനാണ് മമ്മൂട്ടി.കഥാപാത്രത്തിൻ്റെ സംഭാഷണശൈലിയും ശരീരഭാഷയും വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന പ്രായാവസ്ഥകളുമൊക്കെ നടനെന്ന നിലയിൽ സവിശേഷമായി ഉൾക്കൊള്ളാൻ മമ്മൂട്ടിക്ക് പിൻബലമാകുന്നത് ശൈലീകൃതമായ അഭിനയരീതിയാണ്. പാലേരി മാണിക്യത്തിലെ അഹമ്മദ് ഹാജി നടക്കുമ്പോഴും ക്ഷോഭിക്കുമ്പോഴും പെണ്ണിൻ്റെ ശരീരത്തിനു നേർക്ക് ആസക്തിയുടെ നോട്ടമെറിയുമ്പോഴും മാത്രമല്ല കാർക്കിച്ചു നീട്ടിത്തുപ്പുമ്പോൾ പോലും അഹമ്മദ് ഹാജിയായിത്തന്നെ തുടരുന്നുണ്ട്.എത്രയോ നടന്മാർ തൃശൂർ വേഷം ചെയ്തിട്ടുള്ളതിൽ നിന്ന് അടിമുടി വ്യത്യസ്തനാക്കി അരിപ്രാഞ്ചിയെ വേറിട്ടുനിർത്താനും അമരത്തിലെ അച്ചൂട്ടിയായും ഡാനിയായും ഭാസ്ക്കര പട്ടേലരായും ചന്തുവായും മമ്മൂട്ടിക്ക് രൂപാന്തരപ്പെടാൻ കഴിയുന്നതും ശൈലീകൃതഅഭിനയത്തിൻ്റെ സൗന്ദര്യസാദ്ധ്യതകൾ ഉപയോഗപ്പെടുത്താനുള്ള ശേഷി കൊണ്ടാണ്.

പുതിയകാല നടന്മാരിലേയ്ക്കെത്തുമ്പോൾ വലിയൊരു വിഭാഗത്തിൻ്റെയും അഭിനയം പൊതുവേ നിരാശയുണ്ടാക്കുന്നുണ്ട് എന്നു പറയാതെ വയ്യ. വളരെക്കുറച്ചു വേഷങ്ങളേ അവരിൽ പലരും ചെയ്തിട്ടുള്ളൂ. പക്ഷേ.. ഇപ്പോൾത്തന്നെ അവർ സ്വയം അനുകരിക്കാൻ തുടങ്ങിയിരിക്കുന്നു.

സ്വാഭാവികാഭിനയത്തിൻ്റെ അയത്നലാളിത്യം നടനെന്ന നിലയിൽ തൻ്റെ കരുത്താക്കി മാറ്റിയ നടനാണ് മോഹൻലാൽ.നാല്പതു വർഷങ്ങൾക്കു ശേഷവും മികച്ച ഒരു കഥാപാത്രത്തെ ജൈവികമായും വൈകാരികമായും പുതുമകൾ നിലനിർത്തി അവതരിപ്പിക്കാൻ അദ്ദേഹത്തിനു കഴിയുന്നത് കഥാപാത്രത്തിൻ്റെ ചരിത്രത്തെയും പശ്ചാത്തലത്തെയും ജീവിതപരിസരങ്ങളെയുമൊക്കെ നടനെന്ന നിലയിൽ കണ്ടെടുക്കാനും അതിനനസരിച്ചുള്ള പ്രകടനത്തിലൂടെ ആ കഥാപാത്രത്തിൻ്റെ മനസ്സിനെ പ്രതിഫലിപ്പിക്കാനുമുള്ള അപൂർവ്വ സിദ്ധിവിശേഷത്തിലൂടെയാണ്. കൂപ്പിൽ തടിപ്പണി ചെയ്തും മാങ്ങാച്ചുണയുള്ള പെണ്ണിനെ പ്രേമിച്ചും നടക്കുമ്പോഴുള്ള ബാലൻ്റെ ശരീരത്തിൻ്റെ ഇളകിയാട്ടത്തെ, തൻ്റെ ശത്രുവിനെ തിരക്കി താഴ് വാരത്തിലെത്തുമ്പോൾ മോഹൻലാൽ എന്ന നടൻ ഒതുക്കത്തിലേയ്ക്കും നിയന്ത്രണത്തിലേയ്ക്കും മനോഹരമായി പുതുക്കിനിശ്ചയിക്കുന്നത് ആ സിദ്ധിവിശേഷം കൊണ്ടാണ്.

പുതിയകാല നടന്മാരിലേയ്ക്കെത്തുമ്പോൾ വലിയൊരു വിഭാഗത്തിൻ്റെയും അഭിനയം പൊതുവേ നിരാശയുണ്ടാക്കുന്നുണ്ട് എന്നു പറയാതെ വയ്യ. വളരെക്കുറച്ചു വേഷങ്ങളേ അവരിൽ പലരും ചെയ്തിട്ടുള്ളൂ. പക്ഷേ.. ഇപ്പോൾത്തന്നെ അവർ സ്വയം അനുകരിക്കാൻ തുടങ്ങിയിരിക്കുന്നു. കഥാപാത്രങ്ങളുടെ വ്യത്യസ്ത ജീവിത പശ്ചാത്തലങ്ങളുടെയും സാമൂഹികാവസ്ഥകളുടെയും ഭാഗമായി കൈവരുന്ന, കൈവരേണ്ട സൂക്ഷ്മമായ പെരുമാറ്റ സവിശേഷതകളെ കണ്ടെത്താനും അവതരിപ്പിക്കാനും കെല്പില്ലാതെ .. ഒരേ നോട്ടവും ഒരേ ചിരിയും ഒരേ ശരീരഭാഷയുമൊക്കെയായി ഒരേ മൂശയിലെ അഭിനയവാർപ്പുകളാണ് മലയാളത്തിലെ പുതുതലമുറയിലെ മിക്കവാറും പേരും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പ്രണയത്തിൻ്റെയും കൗണ്ടർ ഡയലോഗുകളിലൂടെ ഉല്പാദിപ്പിക്കാൻ കഴിയുന്ന നർമ്മത്തിൻ്റെയുമൊക്കെ കംഫർട്ട് സോണുകൾ വിട്ടുകളിച്ചാൽ നടനെന്ന നിലയിലെ പരിമിതികൾ പുറത്തുവരും എന്ന തിരിച്ചറിവു കൊണ്ടു കൂടിയാകാം പലരും 'ബിഹേവിങ്' എന്ന സൂത്രപ്പണിയെ ആശ്രയിച്ച് മുന്നോട്ടുപോകാൻ താല്പര്യപ്പെടുന്നത്.

യഥാർത്ഥത്തിൽ സ്വന്തം അഭിനയശേഷിയെക്കുറിച്ച് ആത്മവിശ്വാസക്കുറവുള്ളവർ കണ്ടെത്തുന്ന കുറുക്കുവഴിയാകുന്നു 'ബിഹേവിങ്‌'. മഴ നനഞ്ഞുകിടക്കുന്ന ഒരു പാടവരമ്പത്തെ യാത്രയാണ് അഭിനയം. കാൽ വഴുക്കിയാൽ അപ്പുറത്തെ 'അമിതാഭിനയ'ക്കണ്ടത്തിലേയ്ക്ക് തെന്നിവീഴും. ഇപ്പുറത്തേയ്ക്കായാൽ 'പോരായ്മക്കണ്ട'ത്തിലേയ്ക്കും വീഴും. അതുകൊണ്ട് പാടവരമ്പത്തേയ്ക്കിറങ്ങാൻ ധൈര്യമില്ലാത്തവർ മഴ പെയ്താലുമില്ലെങ്കിലും കുടയും ചൂടിഅപ്പുറത്തെ തോട്ടിനു മുകളിലെ പാലംകയറി കടന്നുപോകാനേ ഇഷ്ടപ്പെടൂ. അതുപക്ഷേ ആത്യന്തികമായി പ്രേക്ഷകന് ചാറ്റൽമഴയും ചെറുമഴയും പെരുമഴയും നനഞ്ഞുള്ള പാടവരമ്പത്തെ അഭിനയസഞ്ചാരങ്ങളുടെ സൗന്ദര്യക്കാഴ്ചകളെയും അനുഭവങ്ങളെയും നിഷേധിക്കുകയും ചെയ്യുന്നു

Related Stories

No stories found.
logo
The Cue
www.thecue.in