കര്‍ണനില്‍ തുടക്കം, ആദ്യമിട്ട പേര് 'താപ്പാന', വെള്ളമടിച്ചാല്‍ രാജാവെന്ന് കരുതുന്ന വേലായുധന്‍; നരന്‍ 15ാം വര്‍ഷത്തില്‍ രഞ്ജന്‍ പ്രമോദ്


കര്‍ണനില്‍ തുടക്കം, ആദ്യമിട്ട പേര് 'താപ്പാന', വെള്ളമടിച്ചാല്‍ രാജാവെന്ന് കരുതുന്ന വേലായുധന്‍; നരന്‍ 15ാം വര്‍ഷത്തില്‍ രഞ്ജന്‍ പ്രമോദ്

‘നാഥോദയം നാടകം’ എന്നാണു നാട്യശാസ്ത്രത്തിൽ പറയുന്നത്. നാഥൻ ഉദിക്കുമ്പോൾ നാടകമുണ്ടാകുന്നു എന്ന ഈ പ്രസ്താവത്തിന് എതിരായി നാടകം ഉണ്ടാക്കാനാകുമോ എന്ന ചിന്തയും അതിനുള്ള ശ്രമവും നരനെന്ന ചിത്രത്തിന്റെ രചനയില്‍ സ്വാധീനിച്ചിരുന്നു. ചിത്രത്തിനൊടുവില്‍ കഥയിലെ നായകനായ വേലായുധൻ അസ്തമിക്കുന്നിടത്താണ് അയാളുടെ നായകത്വം ഉദിക്കുന്നത് എന്ന് രഞ്ജന്‍ പ്രമോദ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ജോഷി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം നരൻ 2005 സെപ്റ്റംബറിലാണ് തീയറ്ററുകളിലെത്തിയത്. 15 വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രമായി തുടരുന്ന വേലായുധന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നരനെ സൃഷ്ടിച്ച തിരകഥാകൃത്ത് രഞ്ജന്‍ പ്രമോദ്.

കര്‍ണന്‍ ആണ് ഈ കഥാപാത്രത്തിന് ഒരു ബേസ്.അയാള്‍ക്കുള്ളതു എന്തും അയാള്‍ ചോദിക്കുന്നവര്‍ക്ക് കൊടുക്കും,ഇതാണ് ഞാൻ ആദ്യമായി ലാലേട്ടനോട് പറയുന്നത്. “ലോകമേ തറവാട്” എന്നുകരുതി ജീവിക്കുന്ന ഒരു മനുഷ്യന്‍.
Q

നരൻ്റെ കഥ പിറവിയെടുക്കുന്നത് എങ്ങനെയാണ്?

A

ഒരു കഥയുടെ ബീജാവസ്ഥ മുതലുള്ള അതിന്റെ വളർച്ച പല കാലഘട്ടങ്ങളിലൂടെയാവാം മനസ്സില്‍കടന്നു വരുന്നത്. അതുകൊണ്ട് ഒരു കഥയുടെ യഥാര്‍ത്ഥ പ്രചോദനം എന്താണ് എന്ന് ചൂണ്ടിക്കാണിക്കാന്‍ പ്രയാസമാണ്.വെള്ളമടിച്ചു കഴിഞ്ഞാൽ താൻ രാജാവാണെന്ന് തോന്നുന്ന ഒരാൾ, അയാൾ പറയുന്നത് എല്ലാവരും അനുസരിക്കണം,അല്ലെങ്കിൽ അയാളെ തല്ലി തോൽപ്പിക്കണം,അതുമല്ലെങ്കിൽ നീന്തിതോൽപ്പിക്കണം.ഓടിത്തോൽപിച്ചാലും മതി എന്നാണു അയ്യാള്‍ പറയുന്നത്. കര്‍ണന്‍ ആണ് ഈ കഥാപാത്രത്തിന് ഒരു ബേസ്.അയാള്‍ക്കുള്ളതു എന്തും അയാള്‍ ചോദിക്കുന്നവര്‍ക്ക് കൊടുക്കും,ഇതാണ് ഞാൻ ആദ്യമായി ലാലേട്ടനോട് പറയുന്നത്. “ലോകമേ തറവാട്” എന്നുകരുതി ജീവിക്കുന്ന ഒരു മനുഷ്യന്‍.

Q

വേലായുധൻ ശരിക്കും ഒരു നായകന് വേണ്ട ഗുണഗണങ്ങൾ ഒന്നുമില്ലാത്തൊരു കഥാപാത്രമാണല്ലോ, അമാനുഷികത്വമൊന്നുമില്ലാത്ത ഒരു പച്ച മനുഷ്യൻ ?

A

നാട്യശാസ്ത്രത്തിൽ നാഥോദയം നാടകം എന്ന് പറയുമ്പോള്‍ നായകന് ഉണ്ടാവേണ്ടതായ ഗുണങ്ങളും പറയുന്നുണ്ട്.സത്ഗുണ സമ്പന്നൻ, എല്ലാവർക്കും മാതൃക ആയവൻ എന്നൊക്കെയാണല്ലോ അത് . അതുകൊണ്ട് ആ നായകന്റെ ഗുണങ്ങള്‍ക്ക് എതിരായി നായക കഥാപാത്രമായ ഒരു നരനെ അവതരിപ്പിക്കാനായിരുന്നു ഞാൻ ഉദ്ദേശിച്ചത്. എന്നാല്‍ അതോടൊപ്പം അതിന്റെ ആസ്വാദ്യതയും രസവും നഷ്ടപ്പെടാതെ പ്രേക്ഷകര്‍ക്ക് നാടകം ഉണ്ടാക്കുകയും വേണം.വ്യക്തമായി പറഞ്ഞാൽ ഒരു പരീക്ഷണം. എന്തോക്കെയായാലും സിനിമ ജനപ്രിയമാവുമ്പോള്‍ മാത്രമേ ഈ പരീക്ഷണം വിജയിക്കൂ.എന്നാൽ ചിത്രം ആലോചിക്കുന്ന സമയത്ത് സംവിധായകനോടോ, നിർമ്മാതാവിനോടോ, നായകനായ ലാലേട്ടനോടോ ഇങ്ങനെ ഒരു പരീക്ഷണം ഇതിന്റെ എഴുത്തില്‍ നടത്തുന്ന കാര്യം ഞാൻ പറഞ്ഞിട്ടില്ല.കാരണം സിനിമ നിര്‍മിക്കാന്‍ കോടികൾ മുതൽമുടക്കിയ നിര്‍മാതാവിന് ലാഭം നേടികൊടുക്കണം എന്നാല്‍ മാത്രമേ എല്ലാവർക്കും നിലനില്‍പ്പുള്ളൂ.എന്നെ സംബന്ധിച്ചു പറഞ്ഞാലും കലയ്ക്കും പരീക്ഷണത്തിനും അപ്പുറം കച്ചവടത്തില്‍ലാഭം ഉണ്ടാക്കുക എന്ന് തന്നെയാണ് സിനിമ കൊണ്ട് ഉദ്ദേശിക്കുന്നത്.അങ്ങനെയുള്ളപ്പോൾ ഞാൻ നായകകഥാപാത്രത്തെ വച്ച് പരീക്ഷണത്തിനിറങ്ങുന്ന കാര്യം അറിഞ്ഞാല്‍ എല്ലാവർക്കും ഭയമാണ് അത് കൊടുക്കുക.

വേലായുധൻ നാടകത്തിന്റെ പതിവ് ചട്ടക്കൂട്ടില്‍വരുന്ന നായകനല്ല.അയാള്‍ക്ക് നായകത്വമേ ഇല്ല.നാട്ടുകാര്‍ക്ക് ആർക്കും വേലായുധനെക്കുറിച്ച് നല്ല അഭിപ്രായമില്ല. അയാള്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. മറ്റ് പണിയൊന്നും ചെയ്യാതെ വെള്ളമടിച്ച് നടക്കുന്ന ആൾ. മറ്റുള്ളവരുടെ ജീവിതത്തിലേയ്ക്ക് അവർ ആവശ്യപ്പെടാതെ കയറിച്ചെന്ന് ‘സഹായം’ കൊടുക്കുന്ന ഒരു ശല്യക്കാരൻ.ഇങ്ങനെയൊക്കെയാണെങ്കിലും ഒടുവിൽ വേലായുധൻ എന്ന മനുഷ്യന്‍ ഇല്ലാതാകുന്ന കാലം വരുമ്പോള്‍ അയാള്‍

അസ്തമിക്കുമ്പോള്‍ അയാളിലെ നായകനെ മുള്ളൻകൊല്ലി തിരിച്ചറിയുകയാണ്.പടം രസകരം ആണെന്ന് ജനം വിധി പറഞ്ഞപ്പോള്‍ നാട്യ ശാസ്ത്രത്തിലെ പ്രസ്താവം ഖണ്ഡിച്ചു എന്ന് അന്ന് തോന്നിയിരുന്നു. ആഴത്തില്‍ഒന്നുകൂടെ ചിന്തിച്ചപ്പോള്‍ ആചാര്യന്റെ പ്രസ്താവം പൂര്‍ണമായും ഖണ്ഡിക്കപ്പെട്ടില്ല എന്നും പിന്നീട് മനസ്സിലായി.നായകന്റെ ഉദയത്തില്‍തന്നെയാണ് നാടകം ഉണ്ടായത്.

Q

നരനെന്ന പേരിന് പിന്നിൽ എന്തെങ്കിലും പ്രത്യേകതയുണ്ടോ?

A

കഥ ആലോചിക്കുന്ന കാലത്ത് ഞാൻ ആദ്യം നൽകിയ പേര് താപ്പാന എന്നായിരുന്നു. അതാണ്‌ വർക്കിംഗ് ടൈറ്റില്‍.പിന്നീട് ആ പേര് മാറണം എന്ന് തോന്നി. നേരത്തെ രണ്‍ജിപണിക്കർ നരൻ എന്ന പേരിൽ ലാലേട്ടനെ വച്ച് ഒരു ചിത്രം അനൗൺസ് ചെയ്തതിരുന്നു. ആ പടം എഴുതിത്തുടങ്ങാതെ മറ്റെന്തോ കാരണത്താല്‍ ഉപേക്ഷിച്ചു എന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞപ്പോള്‍, ആ പേര് ഈ പടത്തിനു നന്നായി ചേരും എന്ന് തോന്നി.ജോഷി സാറും അത് തന്നെ പറഞ്ഞപ്പോള്‍ ആന്റണി പെരുമ്പാവൂര്‍ രണ്‍ജി പണിക്കരെ ഫോണില്‍വിളിച്ചു സംസാരിച്ചു. അദ്ദേഹം ആ പേര് സന്തോഷത്തോടെ ഈ ചിത്രത്തിനു വേണ്ടി തന്നു.

Q

നരനു രണ്ടാം ഭാഗം ഉണ്ടാവുമോ ?

A

നരന്‍ എന്ന തിരക്കഥ വേലായുധന്‍ എന്ന ഒരു കഥാപാത്രത്തെ വിരിവോടെ അവതരിപ്പിക്കുന്നതാണ്. അതാണ്‌ അതിന്റെ രചനാ ശൈലി. നരന്‍ എന്ന സിനിമ തീരുമ്പോള്‍ ആ കഥാപാത്രത്തെ പൂര്‍ണമായും പ്രേക്ഷകനു മുന്നില്‍ അവതരിപ്പിച്ചു കഴിഞ്ഞു.അതുകൊണ്ട് ആ രചനാ ശൈലിയില്‍ ഒരു രണ്ടാം ഭാഗം ഉണ്ടാവാന്‍ പ്രയാസമാണ് എന്നാണു ഇപ്പോള്‍ തോന്നുന്നത്.എന്നാലും അങ്ങനെ ഉണ്ടാവില്ല എന്ന് തീര്‍ത്ത് പറയേണ്ടതില്ല എന്നും തോന്നുന്നു.എപ്പോളെങ്കിലും അതിനു പറ്റിയ കാര്യം വന്നു ചേര്‍ന്നാല്‍, വേലായുധനു വീണ്ടും നടക്കാന്‍ പറ്റിയ ഒരു പുതിയ വഴി തെളിഞ്ഞാല്‍ ചിലപ്പോള്‍ ഉണ്ടായേക്കാം. കാറ്റ് വരട്ടെ വാതില്‍തുറന്നിടാം, അല്ലെ !

Q

നരനില്‍പുഴ ഒരു പ്രധാന കഥാപത്രം ആണല്ലോ , വേലായുധന്റെ പുഴയോടുള്ള ആത്മബന്ധത്തിനു പ്രത്യേക്കിച്ച് എന്തെങ്കിലും പ്രചോദനം ഉണ്ടോ ?

A

എന്റെ ബാല്യകാല സ്മരണകളില്‍കുത്തിയൊഴുകുന്ന കല്ലായി പുഴയുണ്ട്. ചാലിയാര്‍ നിറഞ്ഞു കവിയുമ്പോള്‍ കല്ലയിപ്പുഴയില്‍ വലിയ മരത്തടികളും കാറ്റില്‍മറിഞ്ഞു വീണ വാഴകളും അങ്ങനെ പലതും ഒഴുകി വരുന്നത് കണ്ടിട്ടുണ്ട്.കൂട്ടം തെറ്റി ഒലിച്ച് പോന്ന ആട്ടിന്‍കുട്ടിയെയും മറ്റും നീന്തി ചെന്ന് രക്ഷിക്കുന്ന ചേട്ടന്മാര്‍ അന്ന് എന്റെ കണ്ണില്‍ ഹീറോ ആയിരുന്നു. അങ്ങനെ തന്നെ യഥാര്‍ത്വത്തില്‍ നിറഞ്ഞു കവിഞ്ഞു ഒഴുകിയ ഒരു കാട്ടരുവിയില്‍തന്നെയാണ് നരനിലെ ആ രംഗങ്ങള്‍ ജോഷി സര്‍ ചിത്രീകരിച്ചത്. കല്ലായി പുഴയില്‍ ഇറങ്ങിയവര്‍ ആ കാര്യത്തില്‍ ഒരു ജീവിത കാലത്തിന്റെ തന്നെ പരിചയവും അതില്‍ നല്ല പരിശീലനവും ഉള്ളവര്‍ ആയിരുന്നു. എന്നാല്‍ ലാലേട്ടന്‍ ഹോഗെനക്കലുള്ള കുത്ത് ഒഴുക്കില്‍ഇറങ്ങിയത്‌ വലിയ സാഹസം തന്നെ ആണ്. അതില്‍ ചീങ്കണ്ണി ഉണ്ടാവും എന്ന് ഷൂട്ടിംഗ് കണ്ടു നിന്ന നാടുകാര്‍ പറഞ്ഞിട്ടും ലാലേട്ടന്‍ ഭയപ്പെടാതെ ഇറങ്ങി. പരാതികളില്ലാതെ പരിഭവം ഇല്ലാതെ പത്ത് ദിവസത്തോളം അടങ്ങാത്ത ആവേശത്തോടെ ആ വെള്ളത്തില്‍ കിടന്നു അഭ്യാസങ്ങള്‍ കാണിച്ചു.ജോഷി സര്‍ അതെല്ലാം അതി മനോഹരമായി ചിത്രീകരിച്ചു.അങ്ങനെ നരന്‍ എല്ലാവർക്കും മനസ്സില്‍കൊണ്ട ഒരു നല്ല സിനിമയായി മാറി.


കര്‍ണനില്‍ തുടക്കം, ആദ്യമിട്ട പേര് 'താപ്പാന', വെള്ളമടിച്ചാല്‍ രാജാവെന്ന് കരുതുന്ന വേലായുധന്‍; നരന്‍ 15ാം വര്‍ഷത്തില്‍ രഞ്ജന്‍ പ്രമോദ്
മമ്മൂട്ടി, മികച്ച എട്ട് പെര്‍ഫോര്‍മന്‍സ്|MAMMOOTTY 'S BEST 8 CHARACTERS

കര്‍ണനില്‍ തുടക്കം, ആദ്യമിട്ട പേര് 'താപ്പാന', വെള്ളമടിച്ചാല്‍ രാജാവെന്ന് കരുതുന്ന വേലായുധന്‍; നരന്‍ 15ാം വര്‍ഷത്തില്‍ രഞ്ജന്‍ പ്രമോദ്
'നന്മയമ്മ'യല്ലാത്തതിനാല്‍ ആഘോഷിക്കപ്പെടാതെ പോയ മീന, ഭാവവൈവിധ്യതകളിലൂടെ സഞ്ചരിച്ച അഭിനേത്രി

Related Stories

No stories found.
logo
The Cue
www.thecue.in