ന്യൂഡല്‍ഹി രണ്ടാം ഭാഗം ആലോചിച്ചിട്ടില്ല, ആര്‍ക്കും അനുമതിയും കൊടുത്തിട്ടില്ല,ഡെന്നീസ് ജോസഫ് പറയുന്നു

ന്യൂഡല്‍ഹി രണ്ടാം ഭാഗം ആലോചിച്ചിട്ടില്ല, ആര്‍ക്കും അനുമതിയും കൊടുത്തിട്ടില്ല,ഡെന്നീസ് ജോസഫ് പറയുന്നു

മമ്മൂട്ടി നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ന്യൂഡല്‍ഹിയുടെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സംവിധായകന്‍ എം.എ നിഷാദ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അനുഭവം ഫേസ്ബുക്കില്‍ പങ്കുവച്ചതിന് പിന്നാലെയാണ് ന്യൂഡല്‍ഹി രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും യൂട്യൂബ് ചാനലുകളിലും വാര്‍ത്തയായി വന്നത്. രണ്ടാം ഭാഗം ആലോചിച്ചിട്ടില്ലെന്നും ആര്‍ക്കും തുടര്‍ഭാഗത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ദ ക്യു'വിനോട് പ്രതികരിച്ചു.

മമ്മൂട്ടിയുടെ മികച്ച ചിത്രങ്ങളിലൊന്നാണ് ന്യൂഡല്‍ഹി. തുടര്‍ച്ചയായ പരാജയങ്ങളില്‍ തളര്‍ന്ന മമ്മൂട്ടിയെന്ന നടനെയും താരത്തെയും ബോക്‌സ് ഓഫീസില്‍ തിരികെ പ്രതിഷ്ഠിച്ച ചിത്രവുമാണ് ന്യൂഡെല്‍ഹി. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ മാസ് ആക്ഷന്‍ സീനോ, പഞ്ച് ഡയലോഗുകളോ ഇല്ലാതെ ഹീറോയിസത്തിന്റെ പതിവ് രീതികളോ ഇല്ലാതെയാണ് ജി കൃഷ്ണമൂര്‍ത്തിയെന്ന മമ്മൂട്ടിയുടെ ജികെ തിളങ്ങിയത്.

ന്യൂഡല്‍ഹി രണ്ടാം ഭാഗം ആലോചിച്ചിട്ടില്ല, ആര്‍ക്കും അനുമതിയും കൊടുത്തിട്ടില്ല,ഡെന്നീസ് ജോസഫ് പറയുന്നു
ന്യൂഡല്‍ഹി@32, പയ്യംപള്ളി ചന്തുവിന് പകരക്കാരന്‍, ടൈംസ് ഓഫ് ഇന്ത്യയില്‍ നിന്ന് ക്ലൈമാക്‌സ്

തന്നോട് ആരും ചിത്രത്തിന്റെ രണ്ടാം ഭാഗമൊരുക്കുന്നതിനെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് ഡെന്നീസ് ജോസഫ് ദ ക്യുവിവോട്. എനിക്കറിയില്ല ഇങ്ങനെയൊരു വാര്‍ത്തയുടെ ഉറവിടം. എന്നോട് ആരും രണ്ടാം ഭാഗം ചെയ്യുന്ന കാര്യം ചോദിച്ചിട്ടുമില്ല, ഞാന്‍ ആര്‍ക്കും അനുമതിയും നല്‍കിയിട്ടില്ല. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ഞാനും ഇതുവരെ ചിന്തിച്ചിട്ടില്ല. എനിക്കോ നിര്‍മ്മാതാവ് ജൂബിലി ജോയ് തോമസിനോ അല്ലാതെ അതിന്റെ അവകാശം മറ്റാര്‍ക്കുമില്ല. ജോഷിയ്ക്ക് പോലും ചിത്രത്തിന്റെ തുടര്‍ഭാഗത്തിന്റെ അവകാശമില്ല. അങ്ങനെയുള്ളപ്പോള്‍ ഈ വാര്‍ത്ത എങ്ങനെ വന്നുവെന്ന് എനിക്കറിയില്ല.

നിര്‍മ്മാതാവ് ജോയി തോമസും തന്നെ വിളിച്ച് ഇങ്ങനെ കേള്‍ക്കുന്നുവെന്ന് പറയുകയും അദ്ദേഹത്തിനും കാര്യമെന്താണെന്ന് അറിയില്ലെന്നും വാര്‍ത്തകളിലൂടയാണ് താനും ഇതറിഞ്ഞതെന്നും ഡെന്നീസ് ജോസഫ് പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയാനന്‍ വിന്‍സന്റ് അടക്കം നിരവധിപ്പേര്‍ എന്നോട് ന്യൂഡല്‍ഹിയുടെ രണ്ടാംഭാഗത്തെക്കുറിച്ച് ചോദിച്ചതാണ്. അന്നേ ഞാന്‍ എനിക്ക് അത്തരം പ്ലാനൊന്നും ഇല്ലെന്ന് പറഞ്ഞിരുന്നു. ജയാനന്‍ മാത്രമല്ല ഒരു ഇരുപത് പേരെങ്കിലും മിനിമം എന്നോട് ന്യൂഡല്‍ഹി രണ്ടാം ഭാഗമൊരുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ്. എന്നാല്‍ അത്തരമൊരു കഥ തന്റെ ആലോചനയില്ലെന്ന് വ്യക്തമാക്കിയതാണെന്നും പുതിയ വാര്‍ത്തയെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജയാനനുമായി പലവട്ടം സംസാരിച്ചിട്ടുണ്ടെങ്കിലും ഈ കാര്യം ഇന്നുവരെ പറഞ്ഞിട്ടില്ലെന്നും ഡെന്നീസ് ജോസഫ് വ്യക്തമാക്കി.

ജയാനന്‍ വിന്‍സെന്റ് ന്യൂഡല്‍ഹി രണ്ടാം ഭാഗം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലോചിച്ചിരുന്ന കാര്യം എം എ നിഷാദിന്റെ ഫേസ്ബുക്ക് കുറിപ്പിലുണ്ടായിരുന്നു.

Related Stories

The Cue
www.thecue.in