സുരേഷ് ഗോപിയുടെ 'കടുവാക്കുന്നേല്‍ കുറുവച്ചന്‍' നിയമക്കുരുക്കില്‍, 'കടുവ' സിനിമകള്‍ ഇടയുന്നു

സുരേഷ് ഗോപിയുടെ 
'കടുവാക്കുന്നേല്‍ കുറുവച്ചന്‍' നിയമക്കുരുക്കില്‍, 'കടുവ' സിനിമകള്‍ ഇടയുന്നു
Summary

സുരേഷ്‌ഗോപിയുടെ 250ാം ചിത്രത്തിന് കോടതി വിലക്ക്. കഥാപാത്രത്തിന്റെ പേരും തിരക്കഥയും പകർപ്പവകാശം ലംഘിച്ച് എടുത്തതെന്ന് വാദം

സുരേഷ് ഗോപിയുടെ 250ാം ചിത്രം നിയമക്കുരുക്കില്‍. പകര്‍പ്പാവകാശം ലംഘനം കാട്ടി തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാം നല്‍കിയ പരാതിയില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേര് ഉപയോഗിക്കുന്നതും ഈ നായക കഥാപാത്രത്തെ മുന്‍നിര്‍ത്തി പ്രചരണങ്ങള്‍ നടത്തുന്നതും വിലക്കി. പൃഥ്വിരാജ് നായകനായ ഷാജി കൈലാസ് ചിത്രം കടുവയുടെ തിരക്കഥയുടെ പകര്‍പ്പാവകാശം ലംഘിച്ചെന്ന പരാതിയിലാണ് എറണാകുളം ജില്ലാ കോടതി ഉത്തരവ്. സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചില്ലെങ്കിലും സിനിമയിലെ കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നേല്‍ കുറുവച്ചന്‍ ആണെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നു

ഷാജി കൈലാസ് സംവിധാനം ചെയ്യാനിരിക്കുന്ന പൃഥ്വിരാജ് സുകുമാരന്‍ ചിത്രം 'കടുവ' എന്ന സിനിമക്കായി തയ്യാറാക്കിയ കഥാപാത്രത്തിന്റെ പേരും കഥാപശ്ചാത്തലവും ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജിനു എബ്രഹാം കോടതിയെ സമീപിച്ചത്. ഒരാഴ്ച മുമ്പാണ് സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ 250ാം ചിത്രമായി കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന നായകകഥാപാത്രമുള്ള സിനിമ പ്രഖ്യാപിക്കപ്പെട്ടത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരുള്ള നായക കഥാപാത്രത്തെ വച്ച് ഡിജിറ്റല്‍ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരണം നടത്തുന്നതും വിലക്കിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ 250ാമത് ചിത്രമായി ആഘോഷപൂര്‍വം പ്രഖ്യാപിക്കപ്പെട്ട സിനിമയും പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് പ്രഖ്യാപിച്ച സിനിമയും ഇതോടെ നിയമപോരാട്ടത്തിലേക്ക് കടക്കുകയാണ്ഷാജി കൈലാസ് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനത്തിലേക്ക് തിരിച്ചെത്താനിരിക്കുന്ന പ്രൊജക്ട് കൂടിയാണ് കടുവ.

സുരേഷ്‌ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് ജിനുവാണ് എറണാകുളം ജില്ലാ കോടതിയിൽ ഹർജി നൽകിയത്. ഹർജി സ്വീകരിച്ച കോടതി സുരേഷ്‌ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ്, സോഷ്യൽ മാധ്യമങ്ങളിലുൾപ്പെടെ നടത്തുന്ന പ്രചരണം എന്നിവ തടഞ്ഞ് ഉത്തരവായി. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ ഹർജിഭാഗം കോടതിയിൽ ഹാജരാക്കി. കഥാപാ്രതത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റർ ചെയ്തിട്ടുള്ളതായി ഹർജിക്കാർ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയിൽ ഹാജരാക്കി. ഇവ പരിഗണിച്ചാണ് സുരേഷ്‌ഗോപി ചിത്രത്തിന് കോടതി വിലക്കേർപ്പെടുത്തിയത്.

കഴിഞ്ഞ വർഷം പൃത്വിരാജിന്റെ ജൻമദിനത്തോടനുബന്ധിച്ച് കടുവയുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസും നടന്നിരുന്നു. ഈ വർഷം ജൂലൈ 15ന് ഷൂട്ടിംഗ് തുടങ്ങാനിരുന്ന കടുവ കോവിഡ് പ്രതിസന്ധിയേത്തുടർന്ന് മാറ്റിവക്കുകയായിരുന്നു.

ഹർജിക്കാരന് വേണ്ടി അഡ്വ.ബിനോയി കെ. കടവൻ കോടതിയിൽ ഹാജരായി.വിവാദങ്ങളോട് ഈ ഘട്ടത്തില്‍ പ്രതികരിക്കാനില്ലെന്ന് ടോമിച്ചന്‍ മുളകുപ്പാടം ദ ക്യു'വിനോട് പറഞ്ഞു.

കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന പേരിലാണ് കടുവ എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. വളരെ മുമ്പ് രണ്‍ജി പണിക്കരുടെ രചനയില്‍ ഷാജി കൈലാസ് ഇങ്ങനെയൊരു സിനിമ ആലോചിച്ചിരുന്നു. പിന്നീട് ഷാജി കൈലാസ് സാറുമൊത്ത് കടുവ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന ടൈറ്റിലിന്റെ കോപ്പിറൈറ്റ് സ്വന്തമാക്കുകയായിരുന്നു.

ജിനു എബ്രഹാം

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മ്മിക്കുന്നത്. ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേര്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ആദം ജോണിന്റെ സംവിധായകനുമായ ജിനു എബ്രഹാം തിരക്കഥയെഴുതുന്ന കടുവ ബോളിവുഡ് മുന്‍നിര ഛായാഗ്രഹകന്‍ രവി കെ ചന്ദ്രന്‍ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്ന സിനിമയുമാണ്.

പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ 2019 ഒക്ടോബറിലാണ് കടുവ അനൗണ്‍സ് ചെയ്തിരുന്നത്. കടുവ എന്ന് വിളിപ്പേരുള്ള നെഗറ്റീവ് ഷെയ്ഡ് നായക കഥാപാത്രമാണ് പൃഥ്വിയുടേത്. യഥാര്‍ത്ഥ ജീവിതത്തിലെ സംഭവത്തെ അധികരിച്ചാണ് ചിത്രം. കാട്ടിനകത്ത് പോലീസുമായി ഏറ്റുമുട്ടി നില്ക്കുന്ന ഫസ്റ്റ് ലുക്കാണ് പുറത്തുവിട്ടിരുന്നത്. പൊലീസുകാരെ ആക്രമിക്കുന്ന നായകന്മാര്‍ അടുത്തിടെയൊന്നും മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല, മുന്‍പ് മോഹന്‍ലാല്‍ നായകനായ ചില ചിത്രങ്ങളിലാണ് അത്തരം മാസ് ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടായിരുന്നതും. പൃഥ്വി സംവിധാനം ചെയ്ത ലൂസിഫറിലും നായകന്‍ പൊലീസിനെ ആക്രമിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. 2012 ല്‍ ഒരുക്കിയ സിംഹാസനമാണ് ഷാജി- പൃഥ്വി കൂട്ടുകെട്ടില്‍ പിറന്ന ചിത്രം. 2013 ല്‍ സംവിധാനം ചെയ്ത ജിഞ്ചറാണ് ഷാജി കൈലാസ് മലയാളത്തില്‍ ചെയ്ത അവസാന ചിത്രം. അതിനിടെ രണ്ട് ചിത്രങ്ങള്‍ തമിഴില്‍ ഒരുക്കി. എന്‍ വഴി തനി വഴി, വേഗൈ എക്‌സ്പ്രസ് എന്നിവയായിരുന്നു തമിഴിലൊരുക്കിയത്. ടൈഗര്‍ എന്ന പേരില്‍ ഷാജി കൈലാസ് നേരത്തെ ചിത്രം ചെയ്തിരുന്നു. ബി ഉണ്ണികൃഷ്ണന്റെ രചനയിലായിരുന്നു സിനിമ ഒരുക്കിയത്.

കടുവാക്കുന്നേൽ കുറുവച്ചൻ

സുരേഷ് ഗോപിയുടെ കരിയറിലെ ഇരുനൂറ്റമ്പതാമത് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അർജുൻ റെഡ്ഢി, കബീർ സിംഗ്, ദുൽഖർ സൽമാൻ നായകനായ കണ്ണും കണ്ണും കൊള്ളയടിത്താൽ തുടങ്ങിയ ചിത്രങ്ങൾക്ക് പശ്ചാത്തലസംഗീതം ഒരുക്കിയ ഹർഷവർദ്ധൻ രാമേശ്വർ. വിജേതാ, സാക്ഷ്യം എന്നീ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ള ഹർഷവർദ്ധൻ അജയ് ദേവ്ഗൻ നായകനായ തൻഹാജിയിൽ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. പുലിമുരുകൻ, രാമലീല തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടം നിർമിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം നവാഗതനായ മാത്യൂസ് തോമസാണ്. CIA, പാവാട തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ഷിബിൻ ഫ്രാൻസിസിന്റേതാണ് തിരക്കഥ.

ലേലം, വാഴുന്നോർ തുടങ്ങിയ സുരേഷ് ഗോപിയുടെ കരിയറിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിലേത് പോലെ കുടുംബങ്ങൾക്കും യുവാക്കൾക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഒരു പക്കാ ഫാമിലി മാസ്സ് എന്റർടൈനറായിരിക്കും ഈ ചിത്രം. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കോട്ടയം അച്ചായനായി എത്തുന്ന സുരേഷ് ഗോപിയുടെ മാസ്സ് ലുക്ക് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in