താരങ്ങള്‍ പ്രതിഫലം കുറക്കാതെ മുന്നോട്ട് പോകാനാകില്ല, ഒറ്റക്കെട്ടായുള്ള ആലോചന: രജപുത്ര രഞ്ജിത്

താരങ്ങള്‍ പ്രതിഫലം കുറക്കാതെ മുന്നോട്ട് പോകാനാകില്ല, ഒറ്റക്കെട്ടായുള്ള ആലോചന: രജപുത്ര രഞ്ജിത്

കൊവിഡ് 19 പശ്ചാത്തലത്തില്‍ സിനിമാതാരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന ആവശ്യവുമായി സിനിമാ നിര്‍മ്മാതാക്കളുടെ സംഘടന. കൊവിഡ് 19 ലോക്ക് ഡൗണ്‍ മൂലം ചലച്ചിത്ര വ്യവസായം അടിതെറ്റിയിരിക്കുകയാണ്. ഇനിയും ചലച്ചിത്ര നിര്‍മ്മാണ വിതരണവും അനിശ്ചിതാവസ്ഥയില്‍ തുടര്‍ന്നാല്‍ 500 കോടിക്ക് മുകളില്‍ നഷ്ടമുണ്ടാകും. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ പ്രതിഫലം കുറക്കുന്ന കാര്യത്തില്‍ തുറന്ന ചര്‍ച്ച ഉണ്ടാകണമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലപാട്. പ്രതിഫലം കുറക്കണമെന്ന ആവശ്യവും ചലച്ചിത്ര നിര്‍മ്മാണം സര്‍ക്കാര്‍ നിര്‍ദേശങ്ങളോടെ പുനരാരംഭിക്കുന്നതും ചര്‍ച്ച ചെയ്യാന്‍ ഈ മാസം 8ന് നിര്‍മ്മാതാക്കള്‍ യോഗം ചേരുന്നുണ്ട്. സിനിമാ മേഖല ഇതുവരെയില്ലാത്ത പ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തിലാണ് പ്രതിഫലം കുറക്കണമെന്ന ആവശ്യമെന്നും വാശിയോ വിവാദമോ ഇല്ലാതെ സിനിമാ വ്യവസായത്തിന്റെ ഉണര്‍വിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കാണ് ശ്രമമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രജപുത്ര രഞ്ജിത് ദ ക്യുവിനോട് പറഞ്ഞു.

രജപുത്ര രഞ്ജിത് ദ ക്യുവിനോട്

സിനിമ നിര്‍മ്മാണം കൊവിഡ് സാഹചര്യത്തില്‍ പുനരാരംഭിക്കണമെങ്കില്‍ ചെലവ് ചുരുക്കാനാകുന്ന എല്ലാ സാധ്യതയും ആലോചിക്കേണ്ടിവരും. താരങ്ങളുടെ പ്രതിഫലം അതില്‍ പ്രധാനമാണ്. പ്രതിഫലം കുറക്കണമെന്നത് ചലച്ചിത്ര നിര്‍മ്മാതാക്കളുടെ ഒരേ സ്വരത്തിലുള്ള അഭിപ്രായമാണ്. നിയന്ത്രണങ്ങളോടെ തിയറ്ററുകള്‍ തുറന്നാല്‍ കൊവിഡിന് മുമ്പുള്ള കളക്ഷനോ വരുമാനമോ ഉണ്ടാകില്ല. അമ്പത് ശതമാനം വരെ കുറവ് വന്നേക്കാം. അടുത്ത കാലത്തൊന്നും ഒരു മലയാള സിനിമ കേരളത്തിന് പുറത്ത് റിലീസ് ചെയ്യുന്നതും ഗള്‍ഫ് ഉള്‍പ്പെടെ റിലീസ് ചെയ്യുന്നതും ആലോചിക്കാനാകില്ല. ഇന്ത്യക്ക് പുറത്ത് നിന്ന് മലയാളികള്‍ ഉള്‍പ്പെടെ നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയാണ്. പഴയ പോലെ വേള്‍ഡ് റിലീസ് കളക്ഷന്‍ ഉണ്ടാകില്ല. ഓവര്‍സീസും ഔട്ട് സൈഡ് കേരളാ കളക്ഷനും മറന്ന് വേണം സിനിമ ഇനി തിയറ്ററുകളിലെത്തിക്കാന്‍. മള്‍ട്ടിപ്‌ളെക്‌സ് കളക്ഷന്‍ പകുതിക്ക് താഴെയാകും. ഇവിടെ മുന്‍നിര താരങ്ങളുടെ ഉള്‍പ്പെടെ പ്രതിഫലം നിശ്ചയിക്കുന്നത് വിവിധ റൈറ്റ്‌സ് കൂടി പരിഗണിച്ചാണ്. അതെല്ലാം ഇത്ര കണ്ട് ഇല്ലാതാകുന്ന സാഹചര്യത്തില്‍ പ്രതിഫലം കുറക്കേണ്ടത് അനിവാര്യമാണ്. അനാവശ്യമായ ചെലവുകളെല്ലാം വെട്ടിച്ചുരുക്കണമെന്ന നിലപാടിലേക്ക് നിര്‍മ്മാതാക്കള്‍ നീങ്ങുന്നത്. സിനിമാ മേഖലയുടെ അതിജീവനത്തിനുള്ള ശ്രമം കൂടിയാണ്.

പണ്ട് 35-40ദിവസം ഷൂട്ട് ചെയ്താണ് മലയാളത്തില്‍ മികച്ച സിനിമകള്‍ ഉണ്ടാക്കിയിരുന്നത്. ഇന്ന് വൈശാലിയോ, അമരമോ പോലുള്ള സിനിമകള്‍ ചിത്രീകരിക്കാന്‍ 70 ദിവസത്തിന് മുകളിലാവും. ഇപ്പോഴുള്ള സാഹചര്യം 66 സിനിമകളുടെ നിര്‍മ്മാതാക്കളെയാണ് ബാധിച്ചിരിക്കുന്നത്. പത്തോ പതിനഞ്ചോ ദിവസം ബാക്കിയുള്ള സിനിമകളാണ് കൂടുതലും. ഇനി വരാനിരിക്കുന്ന സിനിമകള്‍ കൊവിഡ് സാഹചര്യവും മാര്‍ക്കറ്റും മനസിലാക്കി മാത്രമേ നിര്‍മ്മിക്കാനാകൂ. ഇപ്പോള്‍ സിനിമ ചെയ്ത നിര്‍മ്മാതാക്കളെയും ആലോചിച്ചാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇത്തരമൊരു ചര്‍ച്ചക്ക് തുടക്കമിടുന്നത്. മലയാള സിനിമയുടെ നന്മയ്ക്ക് വേണ്ടിയുള്ള ആലോചനയാണ്. ഇതില്‍ വാശിയോ വൈരാഗ്യമോ കടുംപിടുത്തമോ ഇല്ല. ഇതല്ലാതെ സിനിമയുടെ അതിജീവനത്തിന് വേറെ പോംവഴികളില്ല.

താരങ്ങള്‍ പ്രതിഫലം കുറക്കാതെ മുന്നോട്ട് പോകാനാകില്ല, ഒറ്റക്കെട്ടായുള്ള ആലോചന: രജപുത്ര രഞ്ജിത്
ഒടിടി റിലീസ് ചെയ്യുന്നവര്‍ അങ്ങനെ പോകട്ടെ, ഇനി 7 കോടിക്ക് മുകളിലുള്ള സിനിമ ചിന്തിക്കാനാകില്ല; ലിബര്‍ട്ടി ബഷീര്‍ അഭിമുഖം

Related Stories

No stories found.
logo
The Cue
www.thecue.in