5 Years of 'Piku': ബിഗ് ബിയുടെ ഭാസ്‌കോറും ദീപികയുടെ പികുവും ഇര്‍ഫാന്റെ റാണയും ഹൃദയം തൊട്ട വിധം

5 Years of 'Piku': ബിഗ് ബിയുടെ ഭാസ്‌കോറും ദീപികയുടെ പികുവും ഇര്‍ഫാന്റെ റാണയും ഹൃദയം തൊട്ട വിധം

പികു എന്ന ബോളിവുഡ് സിനിമ പുറത്തിറങ്ങിയിട്ട് അഞ്ചാം വര്‍ഷം. അമിതാബ് ബച്ചന്റെ ഭാസ്‌കോര്‍ ബാനര്‍ജിയുടെ വിചിത്ര വികാര-വിചാരങ്ങളുടെ ലോകത്ത് മകള്‍ പികുവിനൊപ്പം പ്രേക്ഷകരും യാത്ര തുടങ്ങിയിട്ട് അഞ്ച് വര്‍ഷമാകുന്നു. രണ്ട് ധ്രുവങ്ങളിലെ പികുവിനും ഭാസ്‌കോറിനുമിടയിലേക്ക് ടാക്‌സിയോട്ടിയെത്തിയ റാണാ ചൗധരിയായിരുന്നു ഇര്‍ഫാന്‍ ഖാന്റെ കഥാപാത്രം. ദീപിക പദുക്കോണ്‍ അവതരിപ്പിക്കുന്ന പികുവിനോട് കഥാന്ത്യത്തില്‍ റാണ യാത്ര പറഞ്ഞ് ടാക്‌സിയില്‍ തിരികെ പോകുന്ന രംഗം ഇന്ത്യന്‍ സിനിമയിലെ മികച്ച പ്രതിഭകളിലൊരാളായ ഇര്‍ഫാന്‍ ഖാന്റെ അകാല വിയോഗ വേളയില്‍ പലരും ഷെയര്‍ ചെയ്തിരുന്നു. അഞ്ചാം വര്‍ഷം ഈ സിനിമ ഓര്‍ക്കുമ്പോള്‍ പ്രതീക്ഷിക്കാത്തൊരു വൈകാരിക താളത്തിലേക്ക് ഞൊടിയിടെ പ്രേക്ഷകരെ കൊണ്ടെത്തിക്കുന്ന ഇര്‍ഫാന്‍ ശൈലിയുടെ ഉദാഹരമായി ഈ രംഗം അനുഭവപ്പെടുന്നുണ്ട്. കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാക്കി പികുവിനെ മാറ്റിയ ദീപികാ പദുക്കോണ്‍ സിനിമയുടെ അഞ്ചാം വര്‍ഷത്തില്‍ ഷെയര്‍ ചെയ്തത് ലംഗേ ഗുസര്‍ ഗയേ എന്ന ഗാനമാണ്. പികു പ്രിയപ്പെട്ടതാകുന്നത് പല കാരണങ്ങളാലാണ്.

लम्हे गुज़र गये

चेहरे बदल गये

हम थे अंजानी राहो में पल में रुला दिया

पल में हसा के फिर

रह गये हम जी राहो में थोड़ा सा पानी है रंग है

थोड़ी सी छावो है

പ്രമേയത്തിലെ സവിശേഷത, അവതരണ ഭംഗി

അമിതാബ് ബച്ചനെയും ദീപികാ പദുക്കോണിനെയും മുഖ്യകഥാപാത്രങ്ങളാക്കി ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രമാണ് പിക്കൂ. ബംഗാളി മധ്യവര്‍ഗ്ഗ കുടുംബത്തിലെ ഭാസ്‌കോര്‍ ബാനര്‍ജി എന്ന പ്രായാവശതകളും പിടിവാശികളുമുള്ള പിതാവും മകള്‍ പിക്കുവുമായുള്ള ആത്മബന്ധമാണ് ഈ സിനിമ. ജീവിതത്തിന്റെ നനവും നോവും യാഥാര്‍ത്ഥ്യവും പേറുന്ന പിക്കു നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണ്.

സ്വീകരിച്ച വിഷയങ്ങളിലെ സവിശേഷതയും സൗന്ദര്യാത്മക അവതരണവും കൊണ്ട് ബോളിവുഡില്‍ ഇരിപ്പിടമുറപ്പിച്ചയാളാണ് ഷൂജിത് സര്‍ക്കാര്‍. വിക്കി ഡോണര്‍,മദ്രാസ് കഫേ എന്നീ ഷൂജിത് സിനിമകളുടെ തിരക്കഥാകൃത്ത് ജൂഹി ചതുര് വേദിയാണ് പികുവിന്റെയും തിരക്കഥാകൃത്ത്. കഥാപാത്രസൃഷ്ടിയിലെ ദൃഢതയും മനോഹാരിതയും ഒപ്പം അമിതാബ് ബച്ചന്‍,ദീപികാ പദുക്കോണ്‍,ഇര്‍ഫാന്‍ ഖാന്‍ തുടങ്ങിയവരുടെ അതിഗംഭീര പ്രകടനവുമാണ് ഈ ചിത്രത്തിലേക്കുളള ആകര്‍ഷണം.

അതുവരെ കാണാത്ത ബിഗ് ബി, ശാഠ്യക്കാരന്‍ ഭാസ്‌കോര്‍

പരാശ്രയ നിര്‍ബന്ധവും, പ്രായാധിക്യത്തിലെ അരക്ഷിതത്വവും ശാഠ്യങ്ങളുമായി ജീവിക്കുന്നയാളാണ് അമിതാബ് ബച്ചന്റെ ഭാസ്‌കോര്‍ ബാനര്‍ജി. ഭാസ്‌കോര്‍ ബാനര്‍ജി മകള്‍ പിക്കുവിനൊപ്പം ഡല്‍ഹിയിലാണ് താമസം. സ്വയംപര്യാപ്തയും സ്വതന്ത്രകാഴ്ചപ്പാടിനുടമയുമായ പിക്കുവും ഭാസ്‌കോര്‍ ബാനര്‍ജിയും കലഹിച്ചും സ്നേഹിച്ചും ജീവിക്കുകയാണ്.

ദീപികാ പദുക്കോണ് അവതരിപ്പിക്കുന്ന ആര്‍ക്കിടെക്ടായ പിക്കു ജോലിയുടെ സമ്മര്‍ദ്ദങ്ങള്ക്കൊപ്പം എഴുപതുകാരനായ അച്ഛന്റെ ശാഠ്യങ്ങളും നിറഞ്ഞ ജീവിതത്തില്‍ അസ്വസ്ഥയാണ്. മലബന്ധം മൂലം നേരിടുന്ന അസ്വസ്ഥകള്‍ മാത്രമാണ് ഭാസ്‌കോര്‍ ബാനര്‍ജിക്ക് എല്ലായ്പ്പോഴും പറയുവാനുള്ളത്. അതേക്കുറിച്ചുള്ള ആശങ്കയും ശ്രദ്ധയാവശ്യപ്പെടലും നിരന്തരമാകുമ്പോള്‍ പിക്കുവിനും മാനസിക സമ്മര്‍ദ്ദമേറുകയാണ്. കടുത്ത യാഥാസ്ഥിതികനും കടുംപിടുത്തക്കാരനുമായ ബംഗാളി വയോധികന്റെ രൂപഭാവ ലക്ഷണങ്ങളുടെ സമഗ്രഭംഗിയിലാണ് ബച്ചന്റെ കഥാപാത്രമായ ഭാസ്‌കോര് ബാനര്ജി.

പ്രായമേറുമ്പോള്‍ അരക്ഷിതമനസ്സിനുടമകളാവുകളും പരാശ്രയനിര്ബന്ധമുണ്ടാവുകയും ചെയ്യുന്ന വയോധികരുടെ പ്രതിനിധിയാവുന്നു ബിഗ് ബിയുടെ ഭാസ്‌കോര്‍ ബാനര്‍ജി. ഭാര്യയുടെ വിയോഗശേഷം അയാളിലുണ്ടായ ഒറ്റപ്പെടലും മകള്‍ പ്രണയത്തിനും വിവാഹത്തിനും തയ്യാറായാല്‍ ആരുമില്ലാതാകുന്നതിന്റെ ആശങ്കയും ബാനര്ജിയിലുണ്ട്. സ്വന്തം പ്രത്യയശാസ്ത്രങ്ങളില്‍ കടുകിട വിട്ടുപോകാതെയാണ് അയാള്‍ ചുറ്റുമുള്ളവരിലേക്ക് ഇടപെടുന്നത്.

മലബന്ധമുണ്ടാക്കുന്ന അസ്വസ്ഥതകള്‍ നിരന്തരം ആവര്‍ത്തിക്കുമ്പോള്‍ അയാളിലെ ആശങ്കകളെ തളളിക്കളയുന്നവരെ വാക്കുകളിലൂടെ ആക്രമിക്കുന്നുണ്ട്. വിവാഹം വ്യക്തിത്വം നഷ്ടപ്പെടുത്തുമെന്ന് വിശ്വസിക്കുന്ന ബാനര്ജി പിക്കുവിനോടടുക്കുന്ന പുരുഷന്മാരോട് മകള് കന്യകയല്ലെന്ന് പ്രസ്താവിക്കുന്നുണ്ട്. ആശയപരമായും സ്വഭാവപരമായും വിരുദ്ധ ധ്രുവങ്ങളിലുള്ള അച്ഛനും മകള്ക്കുമിടയിലേക്ക് ഇര്ഫാന് ഖാന് അവതരിപ്പിക്കുന്ന റാണാ ചൌധരി എന്ന ട്രാവല് സര്വീസ് ഉടമയെത്തുകയാണ്

പികു ദീപികയല്ലാതെ മറ്റാര്?

ഭാസ്‌കോര്‍ ബാനര്‍ജിയും പിക്കുവും റാണാ ചൗധരി എന്ന ഇര്‍ഫാന്‍ ഖാന്റെ ടാക്സി സര്‍വ്വീസ് മുതലാളി ഓടിക്കുന്ന ഇന്നോവയില്‍ ദല്‍ഹിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പുറപ്പെടുന്ന യാത്രയിലാണ് കഥാവികാസം. അച്ഛനെ പരിചരിക്കാനായി മറ്റ് പലതും ത്യജിക്കുന്ന മകളോടുള്ള ഭാസ്‌കോറിന്റെ മയമില്ലാത്ത പെരുമാറ്റവും,പിക്കുവിനും പിതാവിനും ഇടയിലുള്ള വൈരുദ്ധ്യങ്ങളും ശാഠ്യങ്ങളുമെല്ലാം കൗതുകത്തോടെയും അമ്പരപ്പോടെയും വീക്ഷിക്കുകയാണ് റാണാ ചൗധരി. ബംഗാളിന്റെ പൈതൃകപ്പെരുമയെ മനസ്സില്‍ താരാട്ടി ജീവിക്കുന്ന ഭാസ്‌കോറിനെയും അയാളിലെ യാഥാസ്ഥിതിക ശാഠ്യങ്ങളെയും പ്രായാവശതകളുടെ പിടിവാശികളെയും ഈ യാത്രയ്ക്കൊപ്പം കൂടുതല്‍ വ്യക്തമാക്കുന്നു ഷൂജിത് സര്‍ക്കാര്‍.

ഭാസ്‌കോര് ചാറ്റര്ജിയില് അമിതാബ് ബച്ചനെ കാണാനേ സാധിക്കില്ല. കടുംപിടുത്തക്കാരനായ ബംഗാളി വയോധികനെ ശരീരഭാഷ കൊണ്ടും ബംഗാളി മിശ്രിത ഹിന്ദി സംഭാഷണം കൊണ്ടും അന്പരപ്പിക്കും വിധം അവതരിപ്പിച്ചു ബച്ചന്. തന്നിഷ്ടക്കാരനായ ഭാസ്‌കോറിന്റെ ചില സംഭാഷണങ്ങളും വാദങ്ങള് വലിയ ചിരിയുയര്ത്തുന്നുമുണ്ട്.

ദീപികാ പദുക്കോണ് ഇതുവരെ ചെയ്ത കഥാപാത്രങ്ങളെയെല്ലാം മറവിയില് നിര്ത്തുന്ന പ്രകടനമികവ് പിക്കുവിലുണ്ട്. നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യത്തിലും നിസ്സംഗതയില് നില്ക്കുന്ന പിക്കു ദീപികയുടെ മികച്ച കഥാപാത്രമാണ്.

ഹോളിവുഡിനെ ഉപേക്ഷിച്ച ഇര്‍ഫാന്‍

ഒരു ഹോളിവുഡ് സിനിമയുടെ ഓഫര്‍ നിരസിച്ചാണ് ഇര്‍ഫാന്‍ ഖാന്‍ റാണാ ചൗധരിയെ സ്വീകരിച്ചിരുന്നത്. ദീപികയുടെ പ്രണയനായകനാകാന്‍ അവസരം കിട്ടിയതിനാലാണ് ഇതെന്ന് തമാശയായി പിന്നീട് ഇര്‍ഫാന്‍ പറഞ്ഞിരുന്നു. പക്ഷേ ദൈര്‍ഘ്യത്തില്‍ ചെറുതെങ്കിലും കഥാപാത്രത്തിലെ വലുപ്പം ഇര്‍ഫാന്‍ റാണയിലും തിരിച്ചറിഞ്ഞിരുന്നുവെന്ന് മനസിലാക്കാന്‍. ഇര്ഫാന് ഖാന് അലസ ഭാവങ്ങളുള്ള റാണാ ചൌധരിയെ ആശ്ചര്യപ്പെടുത്തും വിധം ഭാവഭദ്രമാക്കി. യാത്രക്കിടെ റോഡരികില്‍ ശണ്ഠ കൂടുന്ന രംഗത്തില്‍ ഈ മൂന്ന് അഭിനേതാക്കളുടെ പ്രകടന മികവിന് കൂടിയാണ് പ്രേക്ഷകര്‍ സാക്ഷിയാകുന്നത്.

മൌഷ്മി ചാറ്റര്ജിയും ജിഷ്ണു സെന്ഗുപ്തയും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ സിനിമയുടെ സ്വഭാവികതയ്ക്കൊപ്പം നില്ക്കുന്നു. കമല്ജീത്ത് നേഗിയുടെ ക്യാമറ വീട്ടിനകത്തെ ഭാസ്‌കോര് -പിക്കു കോന്പിനഷന് രംഗങ്ങളിലും അതിമനോഹരമായി ഇടപെടുന്നത് കാണാം. കൊല്ക്കത്തയുടെ ഗാംഭീര്യവും ദില്ലിബംഗാള് യാത്രയും ദൃശ്യപരിചരണമികവിനൊപ്പമാണ്. ബംഗാളി നവനിര സിനിമകളുടെ സംഗീതസാന്നിധ്യമായ അനുപം റോയിയാണ് പീക്കുവിന്റെ സംഗീതസംവിധായകന്. ബോളിവുഡിലെ ആദ്യ ചിത്രത്തില് രബീന്ദ്രസംഗീതത്തിന്റെ വേരാഴമുള്ള ഗാനങ്ങളും സംഗീതപശ്ചാത്തലവുമാണ് ഒരുക്കിയത്. റിയലിസ്റ്റിക്ക് അവതരണത്തിലെ സ്വഭാവികതാളവും ഒതുക്കവുമാണ് പിക്കു എന്ന ചിത്രത്തെ ഹൃദ്യമാക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in