ഒറ്റദിവസം കൊണ്ട് കണ്ടുതീര്‍ക്കാവുന്ന അഞ്ച് ക്രൈം ത്രില്ലര്‍ സീരീസുകള്‍

ഒറ്റദിവസം കൊണ്ട് കണ്ടുതീര്‍ക്കാവുന്ന അഞ്ച് ക്രൈം ത്രില്ലര്‍ സീരീസുകള്‍

കുറ്റാന്വേഷണ സിനിമകള്‍ പോലെ തന്നെ സീരീസുകളും ഇന്ന് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നുണ്ട്. വിവിധ ഭാഷകളിലെ നിരവധി എപ്പിസോഡുകളുള്ള ത്രില്ലറുകള്‍ നെറ്റ്ഫ്‌ലിക്‌സ് അടക്കമുള്ള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. മലയാളത്തില്‍ പൊതുവേ കണ്ടുവരുന്ന കുറ്റാന്വേഷണ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുറച്ച് കൂടി വൈകാരിക തലത്തിലാണ് ഈ സീരീസുകള്‍ കഥ പറയുന്നത്. ആക്ഷനും ചേസുമൊന്നുമില്ലെങ്കിലും പ്രേക്ഷകനെ ഇമോഷണലി കണക്ട് ചെയ്യാന്‍ ഇത്തരം സീരീസുകള്‍ ശ്രമിക്കുന്നു. അതിന് സാധ്യമാകുമ്പോഴാണ് നിരവധി എപ്പിസോഡുകളുള്ള സീരീസ് ഒറ്റയിരിപ്പില്‍ കാണാന്‍ പ്രേക്ഷകന്‍ തയ്യാറാകുന്നത്. ഒറ്റ ദിവസം കൊണ്ട് കണ്ട് തീര്‍ക്കാവുന്ന വിവിധ ഭാഷകളിലെ നെറ്റ്ഫ്‌ലിക്‌സിലെ അഞ്ച് കുറ്റാന്വേഷണ സീരീസുകള്‍.

പെര്‍ഫ്യൂം ( PERFUME 2018 )

പാട്രിക് സസ്‌കിന്റിന്റെ ഫാന്റസി നോവലായ പെര്‍ഫ്യും ; ദ സ്റ്റോറി ഓഫ് എ മര്‍ഡററും അത് ആസ്പദമാക്കി ജെര്‍മന്‍ സംവിധായകന്‍ ടോം ടെക്വെര്‍ അതേ പേരില്‍ ഒരുക്കിയ ചിത്രവും പ്രസിദ്ധമാണ്. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ടെലിവിഷന്‍ സീരീസാണ് പെര്‍ഫ്യൂം. ജര്‍മനിയിലെ ഒരു ഗ്രാമത്തില്‍ ഒരു ഗായികയുടെ മൃതദേഹം കണ്ടെടുക്കുന്നു, സ്വകാര്യഭാഗങ്ങളില്‍ നിന്ന് രോമങ്ങളുള്ള ഭാഗങ്ങള്‍ മുറിച്ചു മാറ്റപ്പെട്ട നിലയിലായിരുന്നു മൃതദേഹം. അന്വേഷണം സഹപാഠികളിലേക്കും അവരുടെ ഹൈസ്‌കൂള്‍ കാലഘട്ടത്തിലേക്കും കടന്നു ചെല്ലുന്നു. വളരെ പതുക്കെ തുടങ്ങി പ്രേക്ഷകരെ സീരീസിലേക്ക് പിടിച്ചിരുത്ത തരത്തിലാണ് സീരീസിന്റെ അവതരണം. ആറ് എപ്പിസോഡുകളാണ് സീരീസിനുള്ളത്.

ഒറ്റദിവസം കൊണ്ട് കണ്ടുതീര്‍ക്കാവുന്ന അഞ്ച് ക്രൈം ത്രില്ലര്‍ സീരീസുകള്‍
അധികം ചര്‍ച്ച ചെയ്യപ്പെടാതെ പോയ 10 മസ്റ്റ് വാച്ച് ത്രില്ലര്‍ സിനിമകള്‍ 

ലാ ഫോറസ്റ്റ്

ആറ് എപ്പിസോഡുകള്‍ മാത്രമുള്ള ഫ്രഞ്ച് ക്രൈം ത്രില്ലറാണ് ലാ ഫോറസ്റ്റ്. പേര് സൂചിപ്പിക്കുന്ന പോലെ കാട് സീരീസില്‍ പ്രധാന വിഷയമാണ്. സ്‌കൂള്‍ ടീച്ചറായ ഈവിനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാട്ടില്‍ നിന്നാണ് വളര്‍ത്തച്ഛന് ലഭിക്കുന്നത്. അവളുടെ ഭൂതകാലമെന്താണെന്ന് അവള്‍ക്കറിയില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ സ്‌കൂളിലെ തന്നെ ഒരു വിദ്യാര്‍ഥിനികളെ കാണാതാവുകയും ഒരാളുടെ മൃതദേഹം കാട്ടില്‍ നിന്ന് കണ്ടെത്തുകയും ചെയ്യുന്നു. ഇത് ഗ്രാമത്തെ ആകെ ഭീതിയിലാഴ്ത്തുന്നു. പ്രതിയ്ക്ക് വേണ്ടിയുള്ള പൊലീസ് അന്വേഷണത്തിനൊപ്പം കാട്ടില്‍ നിന്ന് തന്റെ ഭൂതകാലം തേടിയുള്ള ഈവിന്റെ അന്വേഷണവും.

അണ്‍ബിലീവബിള്‍

ബലാത്സംഗത്തിനിരയായ ഏതൊരു പെണ്‍കുട്ടിയോടും സ്ത്രീയോടുമെല്ലാം സമൂഹം എങ്ങനെ പെരുമാറണമെന്ന് പഠിപ്പിച്ചു തരുന്നതാണ് നെറ്റ്ഫ്ലിക്സിന്റെ അണ്‍ബിലീവബിള്‍. വാഷിങ്ടണില്‍ വിവിധ ഇടങ്ങളിലായി ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്ത പ്രതിയ്ക്ക് വേണ്ടിയുള്ള അന്വേഷണാണ് സീരീസ്. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ മാനസികാവസ്ഥ മനസിലാക്കാന്‍ കഴിയാത്ത ആണ്‍ പൊലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണവും സമാനമായ കേസ് ഒരു സ്ത്രീ അന്വേഷിക്കുമ്പോള്‍ ഉണ്ടാവുന്ന വ്യത്യാസവും കേസ് പറയുന്നു. (അന്വേഷണ ഉദ്യോഗസ്ഥരുടെ കഴിവിന്റെ വ്യത്യാസമല്ല മറിച്ച് ആക്രമിക്കപ്പെട്ട ഒരാളോട് എങ്ങനെ പെരുമാറണമെന്നതിലെ വ്യത്യാസം ) ഒരു പ്രതിയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിനപ്പുറം ചില പൊലീസ് ഉദ്യോഗസ്ഥരുടെ പിഴവ് മൂലം വര്‍ഷങ്ങളോളം മാനസികപീഡനം അനുഭവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതവും സീരീസ് പ്രേക്ഷകരിലേക്കെത്തിക്കുന്നു.

ഒറ്റദിവസം കൊണ്ട് കണ്ടുതീര്‍ക്കാവുന്ന അഞ്ച് ക്രൈം ത്രില്ലര്‍ സീരീസുകള്‍
കോവിഡ് കാലത്ത് പ്രത്യാശ നല്‍കുന്ന15 സിനിമകള്‍   

ഡല്‍ഹി ക്രൈം DELHI CRIME 2019

നിര്‍ഭയ കേസ് പ്രമേയമാക്കി റിച്ചി മേഹ്ത ഒരുക്കിയ മിനി സീരീസാണ് ഡല്‍ഹി ക്രൈം. രാജ്യത്തെ നടുക്കിയ സംഭവവും തുടര്‍ന്ന് എത്രയും പെട്ടന്ന് പ്രതികളെ കണ്ടെത്താനായി പൊലീസ് നടത്തിയ അന്വേഷണവുമാണ് സീരീസ്. പ്രതികള്‍ക്ക് വേണ്ടിയുള്ള തിരിച്ചിലിനൊപ്പം, സംഭവത്തിന്റെ ക്രൂരതയുടെ ആഴവും അത് രൂപപ്പെടുത്തുന്ന മാനസിക സംഘര്‍ഷങ്ങളും സീരീസ് പറയുന്നു. ഏഴ് എപ്പിസോഡുകളാണ് സീരീസിനുള്ളത്. നെറ്റ്ഫ്‌ലിക്‌സിന്റെ ഇന്ത്യന്‍ കണ്ടന്റുകള്‍ക്കിടയില്‍ സീരീസ് മുന്നില്‍ നില്‍ക്കുന്നു

ട്രാപ്പഡ് TRAPPED 2018

ഐസ് ലാന്റിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ കുറ്റാന്വേഷണ സീരീസാണ് ട്രാപ്പഡ്. വിനോദസഞ്ചാരികളുമായ ഐസ് ലാന്റിന്റെ വടക്കന്‍ തീരത്തേക്ക് ഒരു കപ്പലെത്തുന്നു, അതേ ദിവസം തന്നെ കടലില്‍ നിന്ന് ശരീരഭാഗങ്ങള്‍ എല്ലാം മുറിച്ചു മാറ്റിയ നിലയില്‍ ഒരു മൃതദേഹം പൊലീസിന് ലഭിക്കുന്നു. ഇതിന്റെ അന്വേഷണമാണ് സീരീസ്. ഗ്രാമത്തില്‍ വെറും മൂന്ന് പൊലീസുകാര്‍ മാത്രമാണ് ഉള്ളത്. അന്വേഷണത്തിനായി ഹെഡ് ക്വാര്‍ട്ടേര്‍സില്‍ നിന്ന് ഉദ്യോഗസ്ഥരെത്തേണ്ടതായിട്ടുണ്ട്. പക്ഷേ ചുഴലിക്കാറ്റിലും മഞ്ഞുവീഴ്ചയിലും ഗ്രാമം പുറം ലോകത്ത് നിന്ന് ഒറ്റപ്പെടുന്നു. തുടര്‍ന്ന് ഗ്രാമത്തിലെ പൊലീസ് തന്നെ കേസ് അന്വേഷിക്കാനിറങ്ങുന്നു. ഐസ് ലാന്റിന്റെ മനോഹരമായ വിഷ്വലുകള്‍ തന്നെയാണ് സീരീസിന്റെ ആകര്‍ഷണം. 10 എപ്പിസോഡുകളുള്ള സീരീസിന് രണ്ടാം സീസണും അണിയറപ്രവര്‍ത്തകര്‍ പിന്നീട് ഒരുക്കി.

Related Stories

No stories found.
logo
The Cue
www.thecue.in