സൂര്യകിരീടം വീണുടഞ്ഞതെങ്ങനെ?, ദേവാസുരത്തിലെ പാട്ടുകളുടെ പിറവി

സൂര്യകിരീടം വീണുടഞ്ഞതെങ്ങനെ?, ദേവാസുരത്തിലെ പാട്ടുകളുടെ പിറവി

Summary

മലയാളത്തിലെ മികച്ച ചലച്ചിത്രകാരന്‍മാരില്‍ ഒരാളായ ഐ വി ശശിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ സംഗീത നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ രവി മേനോന്‍ എഴുതിയ ‘അനന്തരം സംഗീതമുണ്ടായി’ എന്ന പുസ്തകത്തിലെ ഐവി ശശി ഓര്‍മ്മ.

വരികളും ഈണവും പരസ്പരപൂരകമായാലേ ഗാനങ്ങള്‍ക്ക് സിനിമയുടെ വൈകാരിക അന്തരീക്ഷം പൂര്‍ണ്ണമായി വിനിമയം ചെയ്യാന്‍ കഴിയൂ എന്ന വിശ്വാസക്കാരനാണ് ഐ വി ശശി. 'ദേവാസുര'ത്തിലെ സൂര്യകിരീടം എന്ന ഗാനം ഉദാഹരണമായി എടുത്തുകാട്ടുന്നു അദ്ദേഹം. 'പാതിരാത്രി കഴിഞ്ഞു നല്ല ഉറക്കത്തിലായിരുന്ന സമയത്താണ് തൊട്ടപ്പുറത്തെ ഔട്ട് ഹൗസില്‍ നിന്ന് എന്നെ ഒരു പയ്യന്‍ വന്നു വിളിച്ചുണര്‍ത്തിയത്.' ''എം ജി രാധാകൃഷ്ണന്‍ സാര്‍ പെട്ടെന്ന് കാണണമെന്ന് പറയുന്നു'' അവന്‍ പറഞ്ഞു. കണ്ണ് തിരുമ്മി എഴുന്നേറ്റു ചെന്നപ്പോള്‍ ഹാര്‍മോണിയവുമായി ഇരിക്കുകയാണ് രാധാകൃഷ്ണന്‍. ഒരു ട്യൂണ്‍ ഉണ്ട്; കേള്‍ക്കണം എന്ന് പറഞ്ഞു അദ്ദേഹം ഹാര്‍മോണിയത്തിന്റെ കട്ടകളില്‍ വിരലോടിക്കുന്നു. സത്യം പറഞ്ഞാല്‍ ആ ട്യൂണ്‍ കേട്ടതോടെ എന്റെ ഉറക്കം പമ്പ കടന്നു. ഉടനെ വരികള്‍ എഴുതാന്‍ ഗിരീഷിനെ വിളിച്ചു വരുത്തി. പാട്ടിന്റെ തുടക്കത്തിലെ വാക്ക് ആയിരുന്നു ഗിരീഷിന്റെ പ്രശ്‌നം. അഞ്ചാറു തവണ ഗിരീഷ് ആദ്യ വരി മാറ്റിയെഴുതിക്കണ്ടത് അന്നാദ്യമായാണ്. ഒടുവില്‍ സൂര്യകിരീടം എന്ന വാക്ക് കിട്ടിയപ്പോള്‍ എന്തൊരു ആഹ്‌ളാദവും ആശ്വാസവുമായിരുന്നു ഞങ്ങള്‍ക്കെല്ലാം! മനസ്സ് നിറഞ്ഞ നിമിഷമായിരുന്നു അത്.''

അതേ സിനിമയില്‍ ഗിരീഷ് അഷ്ടപദിയുടെ മാതൃകയില്‍ എഴുതിയ ഒരു ശ്ലോകമുണ്ട് -വന്ദേ മുകുന്ദ ഹരേ...ആ വരികള്‍ മറ്റേതെങ്കിലും പാട്ടുകാരെ കൊണ്ട് പാടിക്കണം എന്നായിരുന്നു എം ജി രാധാകൃഷ്ണന്റെ ആഗ്രഹം. അതിനായി അദ്ദേഹം സ്വയം ട്രാക്ക് പാടി വെക്കുകയും ചെയ്തു. പക്ഷെ ട്രാക്ക് കേട്ടപ്പോള്‍ എനിക്ക് തോന്നി സംഗീത സംവിധായകന്‍ തന്നെ പാടിയാല്‍ നന്നായിരിക്കുമെന്ന്. ആദ്യം രാധാകൃഷ്ണന്‍ സമ്മതിച്ചില്ല. ചിരട്ടകൊണ്ട് ഉരയ്ക്കുന്ന ശബ്ദമാണ് തന്റേത് എന്നൊക്കെ വാദിച്ചുനോക്കി. ഞാന്‍ പറഞ്ഞു എനിക്കാ ശബ്ദമാണ് വേണ്ടതെന്ന്. അങ്ങനെ അന്ന് പാടിയ ട്രാക്ക് തന്നെ സിനിമയില്‍ ഉപയോഗിക്കുകയായിരുന്നു.'' ശശി പറഞ്ഞു. മലയാള സിനിമാ ചരിത്രത്തിലെ തന്നെ 'കള്‍ട്ട് മൂവി'കളില്‍ ഒന്നായി ദേവാസുരം മാറിയത് പിന്നീടുള്ള കഥ.

ദേവരാജന്‍, ശ്യാം, എ ടി ഉമ്മര്‍ തുടങ്ങിയ മുന്‍നിരക്കാരെ മാത്രമല്ല മറ്റു പ്രമുഖരെയും രണ്ടാം നിരക്കാരെയും പുതുമുഖങ്ങളെയുമെല്ലാം സ്വന്തം ചിത്രങ്ങളില്‍ സംഗീത സംവിധായകരായി പരീക്ഷിച്ചിട്ടുണ്ട് ശശി. കെ വി മഹാദേവന്‍ (രംഗം) എം എസ് വിശ്വനാഥന്‍ (ഇതാ ഒരു മനുഷ്യന്‍, ഇടനിലങ്ങള്‍), വിദ്യാസാഗര്‍ (വര്‍ണ്ണപ്പകിട്ട്), എം.കെ. അര്‍ജുനന്‍ (ആശീര്‍വാദം), കീരവാണി (നീലഗിരി), ജോണ്‍സണ്‍ (വര്‍ത്തമാനകാലം, വെള്ളത്തൂവല്‍), രവീന്ദ്രന്‍ (ഭൂമിക), എം ജി രാധാകൃഷ്ണന്‍ (ദേവാസുരം), ഭരദ്വാജ് (ശ്രദ്ധ), ദീപക് ദേവ് (സിംഫണി), ജാസി ഗിഫ്റ്റ് (ബല്‍റാം വേഴ്‌സസ് താരാദാസ്)....അങ്ങനെ അങ്ങനെ നിരവധി പേര്‍. ഹിന്ദിയില്‍ ആര്‍ ഡി ബര്‍മനും (അനോഖാ രിഷ്ത, കരിഷ്മ), ബപ്പി ലാഹിരിയും (പതിത) രവീന്ദ്ര ജെയിനും (മന്‍ കാ ആംഗന്‍) ശശിച്ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നു.

ചിത്രത്തിന് കടപ്പാട് നാന വാരിക 

''ഇക്കൂട്ടത്തില്‍ എന്നെ ഏറ്റവും വിസ്മയിപ്പിച്ചിട്ടുള്ളത് ഇളയരാജയാണ് ഗാനങ്ങളേക്കാള്‍ പശ്ചാത്തല സംഗീതത്തിലൂടെ,'' ശശി പറയുന്നു. ഭഭസിനിമയുടെ കഥാഗതിയെ, വൈകാരിക ഭാവത്തെ, അഭിനയ മുഹൂര്‍ത്തങ്ങളെ എല്ലാം അധികദീപ്തമാക്കാന്‍ കഴിയും ഔചിത്യമാര്‍ന്ന റീ റെക്കോര്‍ഡിംഗിന്. സിനിമയെ തന്നെ അത് മറ്റൊരു തലത്തില്‍ എത്തിക്കും. മറ്റു പലരെയും പോലെ ഹാര്‍മോണിയമോ കീ ബോര്‍ഡോ വായിച്ചല്ല രാജ ബാക്ക്‌ഗ്രൌണ്ട് മ്യൂസിക് കമ്പോസ് ചെയ്യുക; കടലാസില്‍ നൊട്ടേഷന്‍ എഴുതിയിട്ടുമല്ല. ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ കാണുമ്പോള്‍ തന്നെ സഹായിക്ക് നൊട്ടേഷന്‍ പറഞ്ഞുകൊടുക്കും അദ്ദേഹം. ഒപ്പം അവയുടെ കോംബിനേഷന്‍സും. അതനുസരിച്ചുള്ള സംഗീത ശകലങ്ങള്‍ പിന്നണിയില്‍ ചേര്‍ക്കേണ്ട കാര്യമേയുള്ളൂ. മനസ്സാണ് അദ്ദേഹത്തിന്റെ ഹാര്‍മോണിയം എന്ന് തോന്നിയിട്ടുണ്ട്.'' തമിഴില്‍ ശശി ഒരുക്കിയ ചിത്രങ്ങളുടെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന് ഇളയരാജയുടെ സംഗീതമായിരുന്നു -- ഗുരു, കാളി, കോലങ്കള്‍, ഇല്ലം,പകലില്‍ ഒരു ഇരവ്..

ചിത്രത്തിന് കടപ്പാട് നാന വാരിക 
ചിത്രത്തിന് കടപ്പാട് നാന വാരിക 

''സിനിമയായിരുന്നു എന്നും എന്റെ പാഠശാല. ജീവിതത്തെ കുറിച്ചുള്ള വിലപ്പെട്ട അറിവുകള്‍ പലതും പകര്‍ന്നു നല്‍കിയത് സിനിമയാണ്.''ശശി പറയും. നൂറിലേറെ ചിത്രങ്ങള്‍; വൈവിധ്യമാര്‍ന്ന പ്രമേയങ്ങള്‍; എണ്ണമറ്റ അഭിനേതാക്കള്‍. ആള്‍ക്കൂട്ടങ്ങളെ വെച്ചുകൊണ്ട് സിനിമയെ ഇത്രയേറെ ആഘോഷിച്ച മറ്റൊരു സംവിധായകനുണ്ടാവില്ല ഇന്ത്യന്‍ സിനിമയില്‍. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സിനിമാ ശാലകളില്‍ ശശിച്ചിത്രങ്ങള്‍ മാത്രം തകര്‍ത്തോടിയ കാലമുണ്ടായിരുന്നു . സംവിധാനം ഐ വി ശശി' എന്ന് സ്‌ക്രീനില്‍ തെളിയുമ്പോള്‍ തിയറ്ററുകള്‍ ഇളകി,മറിഞ്ഞിരുന്ന കാലം. പിന്നീടെപ്പോഴോ ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് ശശി അകന്നു. ഇഷ്ടപ്പെട്ട പുസ്തകങ്ങളിലും സിനിമകളിലും കുടുംബജീവിതത്തിലും പൂര്‍ണ്ണമായി മുഴുകിക്കൊണ്ട് ഷൂട്ടിംഗ് ലോക്കേഷനുകളിലെ തിരക്കിലും ബഹളത്തിലും തനിക്കു നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനുള്ള ഒരു ശ്രമം. സ്വയം തിരഞ്ഞെടുത്ത ഈ അജ്ഞാതവാസത്തിനിടയിലും സിനിമയിലെ പുതിയ തലമുറയുടെ പരീക്ഷണങ്ങള്‍ കാണാതെ പോയില്ല അദ്ദേഹം. ഭഭഎന്തുവന്നാലും ഞാന്‍ തിരിച്ചു വരേണ്ടത് ഇങ്ങോട്ടു തന്നെയാണല്ലോ.'' ആത്മഗതം പോലെ ശശിയുടെ വാക്കുകള്‍. വന്‍ വിജയങ്ങളും ചെറു വിജയങ്ങളും പരാജയങ്ങളും കച്ചവടവും കലയും വിവാദങ്ങളുമെല്ലാം കൂടിക്കുഴഞ്ഞുകിടക്കുന്ന സ്വന്തം സിനിമാ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാറില്ല ശശി. നിഴലും വെളിച്ചവും ഇടകലര്‍ന്ന ആ ഓര്‍മ്മച്ചിത്രങ്ങള്‍ പലതും ആഹ്ലാദത്തെക്കാള്‍ നൊമ്പരമാണ് നല്‍കുക; സിനിമയുടെ വെള്ളിവെളിച്ചം എത്ര ക്ഷണികമാണെന്ന തിരിച്ചറിവും.

(രവിമേനോന്‍ എഴുതിയ അനന്തരം സംഗീതമുണ്ടായി എന്ന പുസ്തകത്തില്‍ നിന്ന് )

Related Stories

No stories found.
logo
The Cue
www.thecue.in