ബിഞ്ച് വാച്ച്: കണ്ട് തുടങ്ങാം ഈ എഴ് വെബ് സീരീസുകള്‍ 

ബിഞ്ച് വാച്ച്: കണ്ട് തുടങ്ങാം ഈ എഴ് വെബ് സീരീസുകള്‍ 

വെബ് സീരീസുകളിലേക്ക് ചുവട് വെയ്ക്കാന്‍ മടിക്കുന്നവരുടെ പ്രധാന കാരണം സീരീസുകളുടെ ദൈര്‍ഘ്യമാണ്. നീണ്ട എപ്പിസോഡുകളും ഓരോ സീസണ് വേണ്ടിയുള്ള കാത്തിരിപ്പുമെല്ലാം ചിലര്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ അത്തരം പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ഒരുപാട് മിനി സീരീസുകളുണ്ട്. ഒരു സിനിമയിലൊതുങ്ങാത്ത പ്രമേയങ്ങള്‍ നീണ്ട ഒരു സീരീസാക്കി വലിച്ചു നീട്ടാതെ വളരെ കുറച്ച് എപ്പിസോഡുകളില്‍ അവതരിപ്പിക്കുകയാണ് മിനിസീരീസ് ചെയ്യുക. നിലവില്‍ സ്ട്രീം ചെയ്യാന്‍ കഴിയുന്ന ഏഴ് മിനി സീരീസുകള്‍

ചെര്‍ണോബില്‍ / Chernobyl (2019)

1986ല്‍ സോവിയറ്റ് യുണിയനിലെ ചെര്‍ണോബില്‍ ന്യൂക്ലിയര്‍ പ്ലാന്റിലുണ്ടായ പൊട്ടിത്തെറി പ്രമേയമാ്കി എച്ച്ബിഒ ഒരുക്കിയ മിനി സീരീസാണ് ചെര്‍ണോബില്‍. ക്രെയ്ഗ് മാസിന്റെ രചനയില്‍ യുഹാന്‍ റെങ്ക് സംവിധാനം ചെയ്ത മിനി സീരീസിന് 5 എപ്പിസോഡുകള്‍ മാത്രമേയുള്ളു. ഓരോ നിമിഷവും ഭയപ്പെടുത്തുന്ന അവതരണവും, ഏച്ചുകെട്ടലില്ലാതെ, ഡോക്യുമെന്ററി ശൈലിയില്ലാതെയുള്ള കഥ പറച്ചിലും പ്രേക്ഷകരെ സീരീസിനോടടുപ്പിക്കുന്നു. എന്താണ് ചെര്‍ണോബിലില്‍ അന്ന് സംഭവിച്ചതെന്ന് അറിയാനുളള പ്രേക്ഷകരുടെ ആകാക്ഷയെ പരമാവധി ഉപയോഗപ്പെടുത്തുന്ന വിധമാണ് സീരീസ് ഒരുക്കിയിരിക്കുന്നതും. ക്വാളിറ്റിയില്‍ യാതൊരുവിധ വിട്ടുവീഴ്ചകളും ചെയ്യാത്ത സീരീസിന് 2019ല്‍ വര്‍ഷം മൂന്ന് എമ്മി പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. സീരീസ് ഹോട്ട്‌സ്റ്റാറില്‍ ലഭ്യമാണ്

വെന്‍ ദേ സീ അസ് / When They See Us (2019)

പോയ വര്‍ഷത്ത നെറ്റ്ഫ്‌ലിക്‌സ് മിനി സീരീസുകളില്‍ ഏറ്റവുമധികം നിരൂപക പ്രശംസ നേടിയ മിനി സീരീസാണ് വെന്‍ ദേ സീ അസ്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള 1989ലെ അമേരിക്കയിലെ സെന്‍ട്രല്‍ പാര്‍ക്ക് ജോഗര്‍ കേസിനെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ന്യൂയോര്‍ക്ക് നഗരത്തില്‍ ശാരീരകമായി പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീ, ആ കേസന്വേഷിക്കുന്ന പൊലീസ് കേസില്‍ പ്രതികളായി കറുത്തവര്‍ഗക്കാരായ 5 പേരെ അറസ്റ്റ് ചെയ്യുന്നു, കൗമാരക്കാരായ നിരപരാധികളായ അഞ്ച് പേരും അവരുടെ കുടുംബവും വര്‍ഷങ്ങളോളം നീണ്ട അവരുടെ നിയമപോരാട്ടവുമെല്ലാമാണ് സീരീസിന്റെ പ്രമേയം. കറുത്തവര്‍ഗക്കാര്‍ അമേരിക്കയില്‍ നേരിട്ടിരുന്ന വിവേചനങ്ങളും വംശീയതയുമെല്ലാം അവ ഡുവാര്‍ണേ ക്രിയേറ്റ് ചെയ്ത സീരീസ് കൃത്യമയി വരച്ചുകാട്ടുന്നു

അണ്‍ബിലീവബിള്‍ /Unbelievable (2019)

ബലാത്സംഗത്തിനിരയായ ഏതൊരു പെണ്‍കുട്ടിയോടും സ്ത്രീയോടുമെല്ലാം സമൂഹം എങ്ങനെ പെരുമാറണമെന്ന് പഠിപ്പിച്ചു തരുന്നതാണ് നെറ്റ്ഫ്‌ലിക്‌സിന്റെ അണ്‍ബിലീവബിള്‍. വാഷിങ്ടണില്‍ വിവിധ ഇടങ്ങളിലായി ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്ത പ്രതിയ്ക്ക് വേണ്ടിയുള്ള അന്വേഷണാണ് സീരീസ്. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ മാനസികാവസ്ഥ മനസിലാക്കാന്‍ കഴിയാത്ത ആണ്‍ പൊലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണവും സമാനമായ കേസ് ഒരു സ്ത്രീ അന്വേഷിക്കുമ്പോള്‍ ഉണ്ടാവുന്ന വ്യത്യാസവും കേസ് പറയുന്നു. (അന്വേഷണ ഉദ്യോഗസ്ഥരുടെ കഴിവിന്റെ വ്യത്യാസമല്ല മറിച്ച് ആക്രമിക്കപ്പെട്ട ഒരാളോട് എങ്ങനെ പെരുമാറണമെന്നതിലെ വ്യത്യാസം ) ഒരു പ്രതിയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിനപ്പുറം ചില പൊലീസ് ഉദ്യോഗസ്ഥരുടെ പിഴവ് മൂലം വര്‍ഷങ്ങളോളം മാനസികപീഡനം അനുഭവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതവും സീരീസ് പ്രേക്ഷകരിലേക്കെത്തിക്കുന്നു.

റഷ്യന്‍ ഡോള്‍ / Russian Doll (2019)

മുപ്പത്താറാം പിറന്നാള്‍ ദിന പാര്‍ട്ടിയിലില്‍ ഒരു അപകടത്തില്‍ മരിക്കുകയും വീണ്ടും പാര്‍ട്ടിയിലെത്തുകയും വീണ്ടും മരിക്കുകയും വീണ്ടും പാര്‍ട്ടിയിലെത്തുകയും അങ്ങനെ ഒരു ലൂപ്പില്‍ അകപ്പെടുന്ന നാഡിയ എന്ന സ്ത്രീയുടെ കഥയാണ് കോമഡി സീരീസായ റഷ്യന്‍ ഡോള്‍. പ്രേക്ഷകരെ കണ്‍ഫ്യൂഷനിലാക്കുന്ന, കിളി പറത്തുന്നതിനപ്പുറത്തേക്ക് ചിരിപ്പിക്കുന്ന, ചിരിപ്പിച്ച് കൊണ്ട് ചിന്തിപ്പിക്കുന്ന സീരീസ് ക്രിയേറ്റ് ചെയ്തിരിക്കുന്നത് ഹോളിവുഡ് താരം നടാഷ ലിയോണ്‍, ഏമി പോഹലര്‍ സംവിധായിക ലെസ്ലി ഹെഡ്‌ലാന്റ്, എന്നിവര്‍ ചേര്‍ന്നാണ് . എട്ട് എപ്പിസോഡുകളാണ് സീരീസിനുള്ളത്. നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം നേടിയ സീരീസിന് കോമഡി സീരീസ് വിഭാഗത്തില്‍ മൂന്ന് എമ്മി നോമിനേഷനുകളുണ്ടായിരുന്നു.

ഫ്‌ളീബാഗ് / Fleabag (2016)

ആമസോണ്‍ പ്രൈമിലെ ശ്രദ്ധേയമായ കോമഡി സീരീസാണ് ഫ്‌ലീബാഗ്. ഫ്‌ലീബാഗ് എന്നാല്‍ വൃത്തികെട്ട, അഴുക്കുനിറഞ്ഞ, അല്ലെങ്കില്‍ പാകൃതമായ വ്യക്തി മൃഗം എന്നെല്ലാമാണ് അര്‍ത്ഥമാക്കുന്നത്. ലണ്ടനില്‍ ജീവിക്കുന്ന വീട്ടുകാരും നാട്ടുകാരുമെല്ലാം ഫ്ലീബാഗ് ആയി കണക്കാക്കുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് സീരീസ്. ബ്രിട്ടീഷ് ടെലിവിഷന്‍ അക്കാദമി പുരസ്‌കാരം, എമ്മി അവാര്‍ഡ്സ്, ഗോള്‍ഡന്‍ ഗ്ലോബ് തുടങ്ങിയവയിലെല്ലാം പുരസ്‌കാര നേട്ടത്തില്‍ മുന്‍നിരയില്‍ തന്നെയായിരുന്നു ഫ്ലീബാഗും സീരീസിന്റെ ക്രിയേറ്ററും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഫീബി വാളര്‍ ബ്രിഡ്ജും. നരേറ്റീവില്‍ ഫോര്‍ത്ത് വോള്‍ ബ്രേക്കിംഗ് കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സീരീസിന് രണ്ട് സീസണുകളുണ്ട്. ആറ് എപ്പിസുഡുകളുള്ള രണ്ട് സീസണുകള്‍. എന്നാല്‍ ഓരോ എപ്പിസോഡിനും മുപ്പത് മിനിറ്റില്‍ താഴെ മാത്രമേ ദൈര്‍ഘ്യമുള്ളു എന്നത് കൊണ്ട് തന്നെ സീരീസിന് രണ്ട് സിനിമ കാണുന്ന ദൈര്‍ഘ്യം മാത്രമേ അനുഭവപ്പെടു.

ദ ഹോട്ട് സോണ്‍ /The Hot Zone (2019)

കുരങ്ങുകളില്‍ എബോള വൈറസ് കണ്ടെത്തുന്നതും അത് മനുഷ്യരിലേക്ക് പകരുന്നത് തടയാനുള്ള ശ്രമവുമാണ് ദ ഹോട്ട് സോണ്‍ എന്ന സീരീസ്. ആറ് എപ്പിസോഡുകളുള്ള സീരീസ് നിര്‍മിച്ചിരിക്കുന്നത് നാഷണല്‍ ജിയോഗ്രഫിക് ആണ്. യുഎസിലെ ലാബുകളിലെ വൈറസ് മൂലം കുരങ്ങുകള്‍ മരിക്കുന്നതും അത് തടയാനുള്ള ശ്രമത്തിനൊപ്പം ആഫ്രിക്കയില്‍ മനുഷ്യരില്‍ എബോള വൈറസ് ബാധിച്ചപ്പോഴുണ്ടായ ദുരന്തവുമെല്ലാം സീരീസ് പറയുന്നു. റിച്ചാര്‍ജ് പ്രെസ്റ്റണ്‍ എഴുതിയ പുസ്തകത്തെ ആസ്പദമാക്കി ജെയിംസ് വി ഹാര്‍ട്ടാണ് സീരീസ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഹോട്‌സ്റ്റാറില്‍ സീരീസ് ലഭ്യമാണ്.

ബ്ലാക്ക് മിറര്‍ /Black Mirror (2011)

മിനി സീരീസ് വിഭാഗത്തില്‍ നേരിട്ട് ഉള്‍പ്പെടുത്താവുന്നതല്ല നെറ്റ്ഫ്‌ലിക്‌സിന്റെ ബ്ലാക്ക് മിറര്‍. സയന്‍സ് ഫിക്ഷന്‍ സിനിമകളുടെ ആന്തോളജിയാണ് സീരീസ് എന്ന് വേണമെങ്കില്‍ പറയാം. ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന സാങ്കേതിക വിദ്യകളും അവയുടെ ഉപയോഗവുമെല്ലാമാണ് സീരീസ്, ഉദാഹരണമായി മരിച്ച ഒരു വ്യക്തി അയച്ച മെസേജുകളും അയാളുടെ മറ്റ് സ്വകാര്യ വിവരങ്ങളും കൊണ്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് അയാളെ വീണ്ടും സൃഷ്ടടിയ്ക്കാന്‍ കഴിയുമന്ന് വെയ്്ക്കുക, എന്തായിരിക്കും സംഭവിക്കുക. ഇത്തരത്തില്‍ ഒരുപാട് ഭാവിയിലെ സാങ്കേതിക വിദ്യകളുടെ കഥയാണ് ബ്ലാക്ക് മിറര്‍. ഏകദേശം ഒരു മണിക്കൂര്‍ ആണ് ഓരോ എപ്പിസോഡുകളുടെയും ദൈര്‍ഘ്യം. ഓരോ എപ്പിസോഡുകളും തമ്മില്‍ ബന്ധമില്ല എന്നത് കൊണ്ട് തന്നെ, സിനിമയുടെ ഫീല്‍ തന്നെ ചാര്‍ളി ബ്രൂക്കര്‍ ക്രിയേറ്റ് ചെയ്ത സീരീസ് നല്‍കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in