ഗിരീഷ് ഗംഗാധരന്‍, നിങ്ങളുടെ ക്യാമറയുടെ ജല്ലിക്കട്ട് കൂടിയാണ് ഈ സിനിമ 

ഗിരീഷ് ഗംഗാധരന്‍, നിങ്ങളുടെ ക്യാമറയുടെ ജല്ലിക്കട്ട് കൂടിയാണ് ഈ സിനിമ 

ഗിരീഷ് ഗംഗാധരനെ കിട്ടിയില്ലായിരുന്നുവെങ്കില്‍ ഈ സിനിമയുടെ ചിത്രീകരണം ഗിരീഷിന് സൗകര്യമുള്ള സമയത്തേക്ക് മാറ്റുന്ന കാര്യം ഞാന്‍ ആലോചിച്ചിരുന്നു. ജല്ലിക്കട്ട് ആഖ്യാനത്തില്‍ പുതുശൈലിയെ അനുഭവപ്പെടുത്തുന്ന ഇന്ത്യന്‍ സിനിമയായി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഛായാഗ്രഹണത്തെക്കുറിച്ച് ദ ക്യു അഭിമുഖത്തില്‍ ലിജോ ജോസ് പെല്ലിശേരി പറഞ്ഞത് ഇങ്ങനെയാണ്. മലയാള സിനിമ നവഭാവുകത്വത്തിനൊപ്പം മുന്നേറുമ്പോള്‍ സമകാലീന ലോകസിനിമയുടെ ചലനങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ ശ്രമിക്കുന്ന ചലച്ചിത്രകാരനായാണ് ലിജോ ജോസ് പെല്ലിശേരി ആഘോഷിക്കപ്പെടുന്നത്.

ജല്ലിക്കട്ട് ദൃശ്യാഖ്യാനത്തില്‍ വിപ്ലവകരമായ സിനിമയെന്ന് വിശേഷിപ്പിക്കപ്പെടുമ്പോള്‍ ഗിരീഷ് ഗംഗാധരന്‍ എന്ന ഛായാഗ്രാഹകന്റെ ദൃശ്യപരിചരണത്തിലെ അസാധാരണ മികവ് കൂടിയാണ് അടയാളപ്പെടുത്തുന്നത്. അങ്കമാലി ഡയറീസില്‍ ക്ലൈമാക്‌സ് ചിത്രീകരിച്ച 11 മിനുട്ട് സിംഗിള്‍ ഷോട്ടും ചിത്രത്തിനായി ക്യാമറ ചുമലിലേന്തി ഗിരീഷ് നടത്തിയ ഓട്ടവും നിരന്തരം പരാമര്‍ശിക്കുമ്പോള്‍ ഗിരീഷ് ഗംഗാധരന്‍ എന്ന ഛായാഗ്രാഹകന്റെ ക്രാഫ്റ്റ് പലപ്പോഴും സമഗ്രതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയാണ്.

അങ്കമാലി ഡയറീസില്‍ സ്റ്റഡി ഷോട്ടുകള്‍ വിരളമാണ്. എവിടെയും ഇരിപ്പുറക്കാതെ തലങ്ങും വിലങ്ങും ഓടുന്ന മനുഷ്യരെ ഇരുത്തിയും നിര്‍ത്തിയും ഒരു സ്ഥലത്ത് ഉറപ്പിച്ചുനിര്‍ത്തിയും ചിത്രീകരിക്കാനാകില്ലല്ലോ. സ്‌റ്റൈലൈസ്ഡ് ആയി ചിത്രീകരിക്കുക എന്നതിനേക്കാള്‍ ആഖ്യാനത്തിന് താളവും രൂപവും സൃഷ്ടിക്കുംവിധം ക്യാമറയുടെ ചലനങ്ങളെ ചിട്ടപ്പെടുത്തുക എന്നിടത്താണ് ഗിരീഷിന്റെ കയ്യൊപ്പ് പതിഞ്ഞ സിനിമയായി അങ്കമാലി ഡയറീസ് മാറിയത്.

അങ്കമാലി ഡയറീസ് ചിത്രീകരിച്ചതിനെക്കുറിച്ച് ഗിരീഷ് ഗംഗാധരന്‍ അന്ന് പറഞ്ഞത് ഇങ്ങനെയാണ് ' ലിജോ പെല്ലിശേരി എന്ന സംവിധായകന് എന്താണ് ചിത്രീകരിക്കുന്നതെന്നും എങ്ങിനെയാണ് ചിത്രീകരിക്കുന്നതെന്നും കൃത്യമായ ബോധ്യമുള്ളതിനാല്‍ കൂടിയാണ് ക്ലൈമാക്‌സിലെ ആ രംഗം പിറക്കുന്നത്. ഞാനും ലിജോയും ആദ്യം ഈ സ്ഥലത്ത് പോയി ക്ലൈമാക്സിലെ 11 മിനുട്ട് സിംഗിള്‍ ഷോട്ട് എങ്ങനെ ആയിരിക്കണം എന്നൊരു പ്ലാന്‍ ഉണ്ടാക്കി. എവിടെ നിന്ന് എവിടെ വരെയായിരിക്കണം ആളുകളും വരേണ്ടതെന്നും ക്ലൈമാക്സിലെ ആക്ടിവിറ്റീസ് നടക്കേണ്ടതെന്നും നിശ്ചയിച്ചു. പോര്‍ക്ക് മാര്‍ക്കറ്റും പന്നി ഫാമും ജംഗ്ഷനുമെല്ലാം ശരിക്കും അങ്കമാലിയിലുള്ളതാണ്. ചിത്രീകരണം നടക്കുന്നുവെന്നും മുവീ ക്യാമറയുടെ പരിധിയിലാണ് തങ്ങളെന്നും ആളുകള്‍ അറിയാത്ത തരത്തില്‍ ഗറില്ലാ ഷൂട്ട് പോലെയാണ് ജംഗ്ഷനൊക്കെ ചിത്രീകരിച്ചത്. അവിടെയുള്ള ഫൈറ്റും അങ്ങനെയാണ് ചെയ്തത്. വണ്ടിക്കകത്തും, കെട്ടിടത്തിന് മുകളിലുമൊക്കെ ക്യാമറ ഫിക്സ് ചെയ്താണ് അതൊക്കെ ചിത്രീകരിച്ചത്. സത്യത്തില്‍ ആ സിംഗിള്‍ ഷോട്ട് അങ്കമാലിക്കാരുടെ കൂടി സംഭാവനയായിരുന്നു.

കൊല്ലം സ്വദേശിയായ ഗിരീഷ് ഗംഗാധരന്‍ നിലമേല്‍ എന്‍ എസ് എസ് കേളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂരില്‍ ഗവണ്‍മെന്റ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണം പഠിച്ചു. ജോമോന്‍ ടി ജോണ്‍ സഹപാഠിയായിരുന്നു. പിന്നീടാണ് ജോമോനും ഗിരീഷും സമീര്‍ താഹിറിന്റെ അസിസ്റ്റന്റ് സിനിമാട്ടോഗ്രഫേഴ്‌സായി എത്തുന്നത്. ആഷിക് അബു സംവിധാനം ചെയ്ത ഡാഡി കൂള്‍ ആണ് ഗിരീഷ് ഗംഗാധരന്റെ ആദ്യ സിനിമ. പിന്നീട് ഡയമണ്ട് നെക്ലസ്, ചാപ്പാക്കുരിശ്, നിദ്ര ഉള്‍പ്പെടെ നിരവധി സിനിമകളില്‍ സമീറിനൊപ്പം. ഛായാഗ്രഹണത്തില്‍ ഗിരീഷ് ഗുരുവായി കാണുന്നതും സമീറിനെയാണ്.

റോഡ് മുവീ സ്വഭാവത്തിലുള്ള നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയിലൂടെയാണ് ഗിരീഷ് ഗംഗാധരന്‍ സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്.

കോഴിക്കോട് നിന്ന് നാഗലാന്‍ഡിലേക്ക് യാത്ര പുറപ്പെടുന്ന കാസിയുടെയും സിനിയുടെയും കഥ ചിത്രീകരിച്ച സമീര്‍ താഹിര്‍ സിനിമ ഗിരീഷ് ഗംഗാധരന്‍ എന്ന ഛായാഗ്രാഹകന്റെ മിടുക്ക് അനുഭവപ്പെടുത്തുന്നതായിരുന്നു. അസമും നാഗലാന്‍ഡും ബംഗാള്‍ അതിര്‍ത്തിയും നോര്‍ത്തീസ്റ്റ് റോഡുകളും പ്രേക്ഷകരെയും യാത്രികരാക്കുന്ന സിനിമയുടെ ദൃശ്യവീഥികളും ഗംഭീരമായിരുന്നു.

മറിയംമുക്ക് ആയിരുന്നു ഗിരീഷിന്റെ രണ്ടാമത്തെ സിനിമ. കടലും കടപ്പുറജീവിതവും പ്രമേയമാക്കിയ മറിയംമുക്ക് പരാജയചിത്രമാണെങ്കിലും കടലോര രാത്രി ജീവിതവും വിഷ്വല്‍ സ്‌റ്റൈലുമെല്ലാം ശ്രദ്ധിക്കപ്പെടുന്നതായിരുന്നു.

ജോണ്‍ പോള്‍ സംവിധാനം ചെയ്ത ഗപ്പി എന്ന സിനിമയുടെ കഥാന്തരീക്ഷവും ഗപ്പി എന്ന് വിളിപ്പേരുള്ള കുട്ടിയുടെ ലോകവും അയാളുടെ കാഴ്ചചപ്പാടില്‍ തെളിയുന്ന ഭൂമികയും വിഷ്വലൈസ് ചെയ്യുന്നതില്‍ ഗിരീഷ് ഗംഗാധരന്റെ ക്യാമറ വഹിച്ച പങ്ക് ചെറുതല്ലായിരുന്നു. സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനിലും ഗിരീഷിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഛായാഗ്രഹണത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഗിരീഷിന് പ്രത്യേക പരാമര്‍ശവും ഈ സിനിമ സമ്മാനിച്ചു.

ശ്യാമപ്രസാദിന്റെ നിവിന്‍ പോളി ചിത്രം ഹേയ് ജൂഡില്‍ ജൂഡിന്റെ സവിശേഷതകളെ വിവരിക്കുന്ന തുടക്കഭാഗങ്ങളില്‍ ജൂഡ് ചുറ്റുമുള്ളവരില്‍ തീര്‍ക്കുന്ന തമാശയുടെയും, ആംഗ്ലോ ഇന്ത്യന്‍ ജീവിതത്തിന്റെയും കാഴ്ചകളെ വെസ് ആന്‍ഡേഴ്സണ്‍ സിനിമകളിലെന്ന പോലെ വിഷ്വല്‍ കൊറിയോഗ്രഫിയില്‍ കൗതുകത്തെ വളര്‍്ത്തിയാണ് സമീപിച്ചിരിക്കുന്നത്. ഗോവാ യാത്രയില്‍ തുടങ്ങി തുടര്‍ന്നങ്ങോട്ട് പുതിയൊരു ഭൂമികയുടെ സ്വാഭാവികാന്തരീക്ഷത്തിലേക്ക് കാഴ്ചയെ നയിക്കുകയാണ്. ജൂഡിന്റെ ലോകം സവിശേഷമാക്കിയെടുക്കുന്നതില്‍ ഗിരീഷ് ഗംഗാധരന്റെ ക്യാമറയുടെ ഇടപെടല്‍ നിര്‍ണായകവുമായിരുന്നു.

ഏ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത സര്‍ക്കാര്‍ എന്ന വിജയ് ചിത്രത്തില്‍ വിഷ്വല്‍ സ്‌റ്റൈലിംഗില്‍ വിജയ് സിനിമകളുടെ പതിവ് തെറ്റിച്ചിരുന്നു ഗിരീഷ് ഗംഗാധരന്‍. ടിനു പാപ്പച്ചന്‍ ചിത്രം സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, സമീര്‍ താഹിറിന്റെ കലി എന്നീ സിനിമകളും ഗിരീഷിന്റെ സിഗ്നച്ചര്‍ പതിഞ്ഞവയാണ്.

ക്രെഡിറ്റ് നൂറ് ശതമാനവും ഗിരീഷിന് : ലിജോ ജോസ് പെല്ലിശേരി

അങ്കമാലി ഡയറീസ് ക്ലൈമാക്‌സിലെ ലൊക്കേഷന്‍ സിംഗിള്‍ ഷോട്ട് എന്നതിനെ സപ്പോര്‍ട്ട് ചെയ്യുന്നതായിരുന്നു. നമ്മുടെ കഥാപാത്രങ്ങളും നാട്ടുകാരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ഉള്‍പ്പെടുന്ന ക്രൗഡിനെ ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. എടുക്കാന്‍ പറ്റുമെന്ന ഉറപ്പില്‍ അല്ല ചെയ്തത്. ചെയ്യാനായില്ലെങ്കില്‍, പരാജയപ്പെട്ടാല്‍ നമ്മുക്കത് രണ്ടോ മൂന്നോ ആയി ബ്രേക്ക് ചെയ്യാമെന്നും ഇന്റര്‍ കട്ടുകളിലേക്ക് പോകാമെന്നും തീരുമാനിച്ചു. ക്ലൈമാക്‌സില്‍ കമ്യൂണിക്കേറ്റ് ചെയ്യാനുള്ള കാര്യങ്ങള്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാമെന്നുമാണ് തീരുമാനിച്ചത്. കാരണം സിംഗിള്‍ ഷോട്ട് എന്ന നിര്‍ബന്ധത്തേക്കാള്‍ ക്ലൈമാക്‌സ് നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെടണം എന്നതാണ് പ്രധാനം. ചിത്രീകരിക്കുമ്പോള്‍ ആളുകളെ ക്യാമറയുമായി കൂട്ടിയിടിക്കാത്ത വിധം നിയന്ത്രിച്ചു.അതിന് പിന്നിലുള്ള വലിയൊരു ഫിസിക്കല്‍ എഫര്‍ട്ടാണ് പിന്നീട് ഉണ്ടായത്. ഇത്രയും ആളുകള്‍ ഇന്‍വോള്‍വ്ഡ് ആയ സീനിനെ സിംഗിള്‍ ഷോട്ട്‌സില്‍ ചിത്രീകരിച്ച് അതിനകത്തെ സംഭവങ്ങളെ കൃത്യമായി പകര്‍ത്തുക എന്ന വമ്പന്‍ അധ്വാനമാണ്. ആ ഷോട്ട് മികവോട് ലഭിച്ചതിന്റെ ക്രെഡിറ്റ് നൂറ് ശതമാനവും ഗിരീഷിനാണ്. അങ്ങനെയൊരു ഷോട്ട് റി ക്രിയേറ്റ് ചെയ്യാനാകുമോ എന്ന് ചോദിച്ചാല്‍ എനിക്ക് ഉറപ്പില്ല. റിഹേഴ്‌സല്‍ ഇല്ലായിരുന്നു എല്ലാം ടേക്കുകളായിരുന്നു.

അങ്കമാലിയുടെ പുറംകാഴ്ചയും അകംകാഴ്ചയും പന്നിക്കൂട്ടവും ആണ്‍കൂട്ടവും തുടങ്ങി കഥാന്തരീക്ഷത്തിലേക്ക് പ്രേക്ഷകരെ ലയിപ്പിച്ചു നിര്‍ത്തിയ ഛായാപരിചരണമായിരുന്നു ലിജോയ്‌ക്കൊപ്പം ആദ്യമായി സഹകരിച്ച അങ്കമാലി ഡയറീസില്‍ ഗിരീഷ് നടത്തിയത്. ഗപ്പിയും അങ്കമാലി ഡയറീസും നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയും കലിയും നോക്കിയാല്‍ സംവിധായകന്‍ പ്രമേയത്തെ സമീപിക്കുന്ന രീതിക്കൊത്ത് ദൃശ്യപരിചരണം നടത്തുന്നതിലുള്ള ഗിരീഷിന്റെ പ്രാവീണ്യവും ബോധ്യപ്പെടും.

ജല്ലിക്കട്ട് എന്ന സിനിമയിലെത്തുമ്പോള്‍ നാല് പാടും ചിതറിയോടുന്ന പോത്തും ഹൈറേഞ്ചിന്റെ കയറ്റിറക്കങ്ങളും ഊടുവഴികളും മനുഷ്യരുടെയും പോത്തിന്റെയും പാച്ചിലുമെല്ലാം ഇതെല്ലാം എങ്ങനെ ക്യാമറയിലാക്കി എന്ന് അമ്പരപ്പ് അവശേഷിപ്പിക്കും. പോത്തിനെ പോലെ ഓടുകയായിരുന്നു ഗിരീഷ് എന്നാണ് ലിജോ പെല്ലിശേരി പറയുന്നത്.

രാത്രി ചിത്രീകരണത്തിലും ഏലക്കാടുകള്‍ക്കിടയിലും കാട്ടുചോലകള്‍ക്ക് കുറുകെയും കുന്നിറങ്ങിയും കയറിയും കുറുകെയും നീളെയുമായി ഓടുന്ന മനുഷ്യര്‍ക്കും പോത്തിനുമൊപ്പം കഥ മുറിയാതെ ഓടുന്ന ക്യാമറ സമീപകാലത്ത് ഇന്ത്യന്‍ സിനിമ കണ്ട മികച്ച സിനിമാട്ടഗ്രഫിയുടെ അനുഭവം കൂടിയായിരുന്നു.

ഫിലിമില്‍ നിന്ന് ഡിജിറ്റലിലേക്കുള്ള മാറ്റം വന്നപ്പോള്‍ ഛായാഗ്രാഹകര്‍ നേരിട്ട പ്രധാന വിമര്‍ശനം പരീക്ഷണങ്ങളെക്കാള്‍ ഗിമ്മിക്കുകള്‍ക്കും പ്രമേയത്തെ പരിഗണിക്കാത്ത സ്റ്റൈലൈസേഷനും ശ്രമിക്കുന്നുവെന്നതായിരുന്നു. ഇന്ത്യന്‍ സിനിമയില്‍ ദൃശ്യവിസ്മയങ്ങള്‍ തീര്‍ത്ത ഛായാഗ്രാഹകരെ സമ്മാനിച്ച മലയാളത്തിന് പുതുതലമുറയില്‍ നിന്ന് രാജ്യാന്തര തലത്തില്‍ ഉയര്‍ത്തിക്കാട്ടാനാകുന്ന ഛായാഗ്രാഹകരില്‍ ഒരാള്‍ കൂടിയാവുകയാണ് ഗിരീഷ് ഗംഗാധരന്‍.

Related Stories

No stories found.
logo
The Cue
www.thecue.in