മറവികളില്ലാത്ത അമരഭാവം

മറവികളില്ലാത്ത അമരഭാവം

ആത്മസംഘര്‍ഷത്തിന്റെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും ഉള്ളിലൊളിപ്പിച്ച, പരുക്കന്‍ കഥാപാത്രങ്ങളിലൂടെയും അച്ഛന്‍ വേഷങ്ങളിലൂടെയും മലയാളിയുടെ മനസില്‍ ചിരപ്രതിഷ്ട നേടിയ തിലകനില്ലാത്ത ഏഴ് വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. ഭാവപ്പകര്‍ച്ചകളുടെ പുതിയ തലങ്ങളിലേക്ക് മലയാളി പ്രേക്ഷകനെ വഴി നടത്തിയ പകര്‍ന്നാട്ടത്തിന്റെ പെരുന്തച്ചനായിരുന്നു മലയാളികള്‍ക്ക് തിലകന്‍.

പത്തനംതിട്ടയിലെ അയിരൂരില്‍ 1935 ഡിസംബര്‍ പത്തിന് ആയിരുന്നു സുരേന്ദ്രനാഥ തിലകന്റെ ജനനം. അമ്പതുകളുടെ അവസാനത്തില്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് രൂപീകരിച്ച മുണ്ടക്കയം നാടകസമിതിയിലൂടെയാണ് അരങ്ങിലെത്തിയത്. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ഭൂമികയില്‍ തിയറ്റര്‍ പ്രസ്ഥാനങ്ങള്‍ വിപ്ളവ ജ്വാല പടര്‍ത്തിയ കാലഘട്ടം കൂടിയായിരുന്നു ഇത്. അഭിനയത്തോടുള്ള അഭിനിവേശം, ഈ നടനെ അരങ്ങിന്റെ അനിവാര്യതയാക്കി മാറ്റി. പിന്നീട് കാളിദാസ കലാകേന്ദ്രം,ചങ്ങനാശേരി ഗീത തുടങ്ങിയ നാടകസമിതികള്‍ക്കുവേണ്ടിയും തിലകന്‍ അരങ്ങിലെത്തി. കെ.പി.എ.സിയുടെ വേദികളായിരുന്നു തിലകന്റെ കലാജീവിതത്തിലെ രസതന്ത്രശാല. നാകവേദിയുടെ നെടുംതൂണായി രണ്ട് പതിറ്റാണ്ട് തിളങ്ങിനിന്നതിനുശേഷം തിലകന്‍ സിനിമയിലേക്ക് കൂടുമാറി. കെ.ജി.ജോര്‍ജിന്റെ ഉള്‍ക്കടലിലൂടെയാണ് തുടക്കം.

അരങ്ങിലെ ഇരുത്തം വന്ന നടനെ വെറുതെയിരുത്താന്‍ മലയാളസിനിമയ്ക്ക് സാധിച്ചില്ല. സിനിമയിലെ പരമ്പരാഗത സൗന്ദര്യ സങ്കല്‍പങ്ങളെ തിരുത്തിക്കുറിച്ച് സ്വന്തമായ നടനഭാഷയും ശരീരഭാഷയുമായി എത്തിയ തിലകന്‍ മലയാളത്തിന്റെ അഭ്രപാളിയുടെ അനിഷേധ്യതയായി മാറി. നാടകമെന്ന പരീക്ഷണശാലയുടെ ഉലയില്‍ മിനുക്കിയെടുത്ത നടനെ പരുക്കന്‍ കഥാപാത്രങ്ങളിലൂടെയാണ് മലയാളി പരിചയപ്പെട്ടു തുടങ്ങി.

കോലങ്ങള്‍ എന്ന ചിത്രത്തിലെ കള്ളുവര്‍ക്കി, യവനികയിലെ നാടകമുതലാളി, ചിലമ്പിലെ കാരണവര്‍,പഞ്ചാഗ്‌നിയിലെ പത്രപ്രവര്‍ത്തകന്‍, കാട്ടുകുതിരയിലെ കൊച്ചുവാവ, മൂന്നാം പക്കത്തിലെ മുത്തച്ഛന്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ രണ്ടാനച്ഛന്‍,ചാണക്യനിലെ മുഖ്യമന്ത്രി, കിരീടത്തിലെ അച്ഛന്‍ വില്ലനായും സ്വഭാവനടനായും അച്ഛന്‍ കഥാപാത്രമായും മുത്തച്ഛന്‍ കഥാപാത്രമായും തിലകന്‍ മലയാളിയെ അമ്പരപ്പിച്ചു. മലയാളി മറക്കരുതെന്ന് ശാഠ്യം പിടിക്കുന്നവയായിരുന്നു ഈ നടന്റെ മിക്ക കഥാപാത്രങ്ങളും.

എം.ടി.യുടെ പെരുന്തച്ചനിലെ നായകകഥാപാത്രം തിലകനെ ദേശീയ പുരസ്‌കാരത്തിന്റെ പടിക്കല്‍ വരെയെത്തിച്ചു.അവാര്‍ഡ് പരിഗണനയുടെ അവസാനറൗണ്ടില്‍ തിലകനോട് ഏറ്റുമുട്ടി അമിതാഭ് ബച്ചന്‍ ഇന്ത്യയുടെ മികച്ച നടനായി. ശബ്ദവും ഭാവവും ശരീരചലനങ്ങളും നിയന്ത്രിച്ച് അഭിനയകലയുടെ മര്‍മം അറിഞ്ഞ് കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം നടത്തുകയായിരുന്നു ഈ നടന്‍.

അച്ഛന്‍ കഥാപാത്രമായി എണ്‍പത് മുതല്‍ ഇങ്ങോട്ട് മലയാളം ആദ്യം പരിഗണിച്ചത് തിലകനെയായിരുന്നു. കിരീടം,ചെങ്കോല്‍,സ്ഫടികം,നരസിംഹം എന്നീ ചിത്രങ്ങളിലെ മോഹന്‍ലാലിന്റെ അച്ഛന്‍ കഥാപാത്രങ്ങള്‍ നായകനും സിനിമയ്ക്കുമൊപ്പം പ്രേക്ഷകഹൃദയങ്ങളില്‍ കൂടുകൂട്ടിയവയായിരുന്നു, ഭാവാഭിനയത്തിന്റെ സൂക്ഷ്മതലങ്ങളുടെ പഠനക്കളരിയായിരുന്നു തിലകന്‍. പെരുന്തച്ചന്‍,ഗമനം,സന്താനഗോപാലം എന്നീ ചിത്രങ്ങളിലൂടെ രണ്ടു തവണ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും,ആറ് തവണ സഹനടനുള്ള പുരസ്‌കാരവും ഈ നടനെ തേടിയെത്തി.

സിനിമയിലും ചിന്തയിലും പ്രവര്‍ത്തനത്തിലും ഒറ്റയാനായിരുന്നു തിലകന്‍. മുന്‍നിര താരങ്ങളുടെ നിലപാടുകള്‍ക്കെതിരെയും താരസംഘടനയായ അമ്മ നടത്തിയ നീതിനിഷേധത്തിനെതിരെയും തിലകന്‍ പലപ്പോഴായി ആഞ്ഞടിച്ചു. ഇത് മലയാളത്തിന്റെ വെള്ളിത്തിരയില്‍ തിലകനെ അല്‍പകാലത്തേക്കെങ്കിലും അകറ്റിനിര്‍ത്തുന്നതിന് ഇടയാക്കി. എന്നാല്‍ ശക്തമായ കഥാപാത്രങ്ങളുമായി തിലകന്‍ തിരക്കിലേക്ക് തിരിച്ചെത്തി. വിനയന്‍ സിനിമകളും അലി അക്ബര്‍ ചിത്രവുമായിരുന്നു ഈ ഘട്ടത്തില്‍ വിലക്ക് മറികടന്ന് തിലകനെ അഭിനയിപ്പിച്ചത്.

രഞ്ജിത് സംവിധാനം ചെയ്ത് 2011ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ റുപ്പിയിലെ അച്യുതമേനോന്‍ എന്ന കഥാപാത്രത്തോട് എവിടെയായിരുന്നു ഇത്രയും കാലം എന്ന് പൃഥ്വിയുടെ ജെപി ചോദിക്കുന്നത് മലയാളി തന്നെ ചോദിക്കാനാഗ്രഹിച്ച ചോദ്യമായിരുന്നു. അതിനുള്ള ഉത്തരം പ്രേക്ഷകര്‍ക്കറിയാമായിരുന്നു. തൊട്ടടുത്ത വര്‍ഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിലെ കരീമിക്കയായും തിലകനെത്തി മലയാളസിനിമയിലെ പകരം വെയ്ക്കാനില്ലാത്ത പെരുന്തച്ചനാണ് താനെന്ന് തെളിയിച്ചുകൊണ്ട്. അതുകൊണ്ട് തന്നെ തിലകന്റെ കഥാപാത്രങ്ങളും നോട്ടവും ഭാവവും പരുക്കന്‍ ശബ്ദവുമെല്ലാം ഒരിക്കല്‍ കൂടി കാണാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ഏതൊരു പ്രേക്ഷകനും ആഗ്രഹിച്ചു പോവുക തന്നെ ചെയ്യും.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
The Cue
www.thecue.in