ഞങ്ങളുടെ 'റേജിംഗ് ബുള്‍', മോഹന്‍ലാല്‍ ബോക്‌സറാകുന്ന സിനിമയെക്കുറിച്ച് പ്രിയദര്‍ശന്‍

ഞങ്ങളുടെ 'റേജിംഗ് ബുള്‍', മോഹന്‍ലാല്‍ ബോക്‌സറാകുന്ന സിനിമയെക്കുറിച്ച് പ്രിയദര്‍ശന്‍

ബറോസ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുന്നത് തന്റെ സിനിമയിലായിരിക്കുമെന്നും ബോക്‌സിംഗ് പശ്ചാത്തമാക്കുന്ന ചിത്രമാണ് ഒരുക്കുന്നതെന്നും പ്രിയദര്‍ശന്‍ ദ ക്യു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. മലയാളിയായ ഒരു ബോക്‌സറുടെ വാഴ്ചയും വീഴ്ചയും പ്രമേയമാക്കുന്ന സിനിമയായിരിക്കും ഇതെന്ന് 'ബോളിവുഡ് ഹംഗാമ'യോട് പ്രിയദര്‍ശന്‍.

'മോഹന്‍ലാലും ഞാനും പല ജോണറുകളിലുള്ള സിനിമ ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു സ്‌പോര്‍ട്‌സ് ഡ്രാമ പോലൊന്ന് ഇതുവരെ ചെയ്തിട്ടില്ല. മാര്‍ട്ടിന്‍ സ്‌കോര്‍സെസെയുടെ റേജിംഗ് ബുള്‍ എന്നെ എല്ലാ കാലത്തും ഭ്രമിപ്പിച്ചിട്ടുള്ള സിനിമയാണ്. ഈ സിനിമയെ വേണമെങ്കില്‍ ഞങ്ങളുടെ റേജിംഗ് ബുള്‍ എന്ന് വിളിക്കാം.'

റോബര്‍ട്ട് ഡി നിറോയെ കേന്ദ്രകഥാപാത്രമാക്കി സ്‌കോര്‍സസെ 1980ല്‍ സംവിധാനം ചെയ്ത റേജിംഗ് ബുള്‍ ക്ലാസിക് സിനിമകളിലൊന്നാണ്.

2021 ഓഗസ്റ്റില്‍ മോഹന്‍ലാലിനൊപ്പമുള്ള സ്‌പോര്‍ട്‌സ് ചിത്രം തുടങ്ങാനായിരുന്നു പ്രിയദര്‍ശന്റെ ആലോചന. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളോളം ഷൂട്ടിംഗ് നിശ്ചലമായത് ഈ സിനിമയുടെ ഷെഡ്യൂളിനെയും ബാധിച്ചിട്ടുണ്ട്. നിലവില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി ലൊക്കേഷനിലാണ് ലാല്‍. ബ്രോ ഡാഡി പൂര്‍ത്തിയാക്കി ജീത്തു ജോസഫിന്റെ ട്വല്‍ത് മാനില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും. സിനിമ കൊവിഡ് നിയന്ത്രണങ്ങളോടെ സിനിമാ നിര്‍മ്മാണം പൂര്‍ണ തോതില്‍ സജീവമാകുന്ന മുറയ്ക്കായിരിക്കും ബറോസ് അടുത്ത ഷെഡ്യൂള്‍. ഈ ചിത്രത്തിന് പിന്നാലെയാണ് പ്രിയന്‍-മോഹന്‍ലാല്‍ ചിത്രം. ബോളിവുഡില്‍ അക്ഷയ്കുമാര്‍ നായകനാകുന്ന ചിത്രവും പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി പ്രിയദശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് ഈ കൂട്ടുകെട്ടില്‍ അടുത്തതായി തിയറ്ററിലെത്താനിരിക്കുന്നത്.

മോഹന്‍ലാല്‍ ചിത്രത്തിനായി 15 കിലോ ഭാരം കുറക്കേണ്ടിവരും. സിനിമക്ക് വേണ്ടി തന്നെ കുറച്ച അതേ വെയ്റ്റ് കൂട്ടേണ്ടതുമുണ്ട്. മോഹന്‍ലാലിന് അത് സാധിക്കുമെന്ന കാര്യത്തില്‍ സംശയമേ ഇല്ലെന്നും പ്രിയന്‍.

Related Stories

No stories found.
logo
The Cue
www.thecue.in