സൂപ്പര്‍സ്റ്റാര്‍ യുഗം അവസാനിക്കുന്നുവെന്ന് പ്രിയദര്‍ശന്‍;ഷാരൂഖും,സല്‍മാനും,അക്ഷയുമൊക്കെ ദൈവത്തോട് നന്ദിയുള്ളവരായിരിക്കണം

സൂപ്പര്‍സ്റ്റാര്‍ യുഗം അവസാനിക്കുന്നുവെന്ന് പ്രിയദര്‍ശന്‍;ഷാരൂഖും,സല്‍മാനും,അക്ഷയുമൊക്കെ ദൈവത്തോട് നന്ദിയുള്ളവരായിരിക്കണം

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹംഗാമ 2 എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് മടങ്ങിയെത്തുകയാണ് പ്രിയദർശൻ. മലയാളത്തിൽ മോഹൻലാലും ശോഭനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മിന്നാരം എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് ഹംഗാമ 2. സൂപ്പര്‍താരങ്ങളുടെ അവസാന യുഗമാണ് ഇതെന്ന് പ്രിയദര്‍ശന്‍ ഹംഗാമ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ പറയുന്നു.

ഇൻഡസ്ട്രി മാറുകയാണ്. ഇത് സൂപ്പര്‍സ്റ്റാറുകളുടെ അവസാന യുഗമാണെന്നാണ് ഞാൻ കരുതുന്നത്. ഷാരൂഖ്, സല്‍മാന്‍, അക്ഷയ് ആർക്കെല്ലാമാണോ ഇന്ന് താര പദവിയുള്ളത് അവരെല്ലാം ദൈവത്തോട് നന്ദിയുള്ളവരായിരിക്കണം. നാളെ കഥയായിരിക്കും സൂപ്പര്‍സ്റ്റാര്‍. കൂടുതല്‍ റിയലിസ്റ്റിക് സ്വഭാവത്തിലേക്ക് ചിത്രങ്ങള്‍ മാറുകയാണ്. വിശ്വസനീയമായ ഒരു അന്തരീക്ഷമില്ലാതെ പൊലിപ്പിച്ചു കാണിക്കാനാവില്ല. അത് കോമഡി ചിത്രമാണെങ്കിലും സീരിയസ് ചിത്രമാണെങ്കിലും. വിശ്വസനീയമായ ഒന്നാണെന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രം പരാജയപ്പെടുമെന്ന് ഞാന്‍ കരുതുന്നില്ല’-പ്രിയദർശൻ പറഞ്ഞു.

ഹംഗാമ ടു ജൂലൈ 23 ന് ഡിസ്നി ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും. പിടിഐയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. സിദ്ദിഖ് ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിന്റെ റീമേക്കായ ഹേരാ ഫേരി എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെ ഏറ്റവും ഡിമാന്റുള്ള സംവിധായകനായി പ്രിയദര്‍ശന്‍ മാറുന്നത്. വ്യത്യസ്തമായ ചിത്രങ്ങള്‍ എടുക്കാനൊക്കെ ശ്രമിച്ചു പക്ഷെ വിജയിച്ചില്ല. അപ്പോള്‍ സംവിധായകന്‍ ഡേവിഡ് ധവാന്‍ ഒരിക്കല്‍ പറഞ്ഞതാണ് ഓര്‍മ്മയില്‍ വന്നത്, നന്നായി ഓടികൊണ്ടിരിക്കുന്ന കാറിന്റെ ബോണറ്റ് അഴിച്ചുനോക്കരുത്, പ്രിയദര്‍ശന്‍ പറയുന്നു.

മലയാളത്തില്‍ മോഹന്‍ലാലിനൊപ്പമാണ് പ്രിയദര്‍ശന്റെ അടുത്ത സിനിമ. സ്‌പോര്‍ട്‌സ് ഡ്രാമയായിരിക്കും സിനിമയെന്ന് ദ ക്യുവിനോട് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് പിരിഡ് ഡ്രാമയാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഇനി തിയറ്ററുകളില്‍ എത്താനിരിക്കുന്നത്. 100 കോടി ബജറ്റിലാണ് മരക്കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

No stories found.
The Cue
www.thecue.in