പച്ചക്കൊടിയെന്നാൽ ലീഗാകില്ല, അടഞ്ഞുകിടന്ന ബീമാപള്ളി വെടിവെപ്പ് വീണ്ടും ചർച്ചയായതിൽ സന്തോഷം: മഹേഷ് നാരായണൻ

പച്ചക്കൊടിയെന്നാൽ ലീഗാകില്ല, അടഞ്ഞുകിടന്ന ബീമാപള്ളി വെടിവെപ്പ് വീണ്ടും ചർച്ചയായതിൽ സന്തോഷം: മഹേഷ് നാരായണൻ

മാലിക് സിനിമ ബീമാപള്ളി വെടിവെപ്പിൽ ഇടതുസർക്കാരിനെ വെള്ളപൂശിയെന്ന വിമർശനത്തിൽ പ്രതികരിച്ച് സംവിധായകൻ മഹേഷ് നാരായണൻ. പച്ചക്കൊടി ഉപയോഗിച്ചത് കൊണ്ട് മുസ്ലിം ലീഗാകുമെന്ന് താൻ കരുതുന്നില്ലെന്നും മഹേഷ് നാരായണൻ പറഞ്ഞു. തന്റെ മനസ്സിൽ പതിഞ്ഞ ദൃശ്യങ്ങളാണ് സിനിമയിൽ വന്നത്. ബീമാപ്പള്ളി വെടിവെയ്‌പ്‌ വിഷയത്തെ അവഗണിച്ച അന്നത്തെ മുഖ്യധാരാ മാധ്യമങ്ങൾ തന്റെ സിനിമയ്ക്ക് ശേഷം ആ വിഷയം ചർച്ച ചെയ്യുന്നത് നല്ല കാര്യമാണെന്നും മഹേഷ് നാരായണൻ പറഞ്ഞു. മീഡിയ വൺ ചാനലിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മഹേഷ് നാരായണന്റെ പ്രതികരണം

പച്ചക്കൊടി വെച്ചത് കൊണ്ട് മുസ്‌ലിം ലീഗ് പാർട്ടിയാവും എന്നെനിക്ക് തോന്നുന്നില്ല. ഞാൻ ഇടതുപക്ഷ അനുഭാവിയാണ്. അങ്ങനെയല്ലെന്ന് ഒരിക്കലും പറയില്ല. ബീമാപ്പള്ളി വെടിവെയ്പ്പ് സമയത്ത് ഇടതുപക്ഷമാണ് ഭരിച്ചതെങ്കിൽ അതിന് ശേഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ ആയിരുന്നല്ലോ ആഭ്യന്തരമന്ത്രി. മുസ്ലിം ലീഗിന്റെ മന്ത്രിമാർ ഒക്കെ വന്നിരുന്നല്ലോ. അവരൊന്നും ഈ വിഷയത്തിൽ ഒരു തീരുമാനവും ഉണ്ടാക്കിയില്ലല്ലോ. എന്റെ സിനിമ ഇങ്ങനെയൊരു ചർച്ചയ്ക്ക് കാരണമായത് നല്ലൊരു കാര്യമായാണ് തോന്നുന്നത്. സിനിമ നടക്കുന്ന കാലഘട്ടം 2018 ആണ്. ഹാർബർ പ്രോജക്റ്റ് നടപ്പിലാക്കുവാൻ വേണ്ടി തീരദേശ പ്രദേശത്തെ ജനങ്ങളെ കുടിയൊഴിപ്പുന്ന സാഹചര്യമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്.

മതസ്പർദ്ധ ഉണ്ടായിരുന്നില്ല, സർക്കാരും പോലീസുമാണ് കലാപത്തിന് പിന്നിലെന്ന് സിനിമയുടെ അവസാനത്തിൽ ജോജു ജോർജ് അവതരിപ്പിച്ച കഥാപാത്രം കൃത്യമായി പറയുന്നുണ്ട്. ബീമാപ്പള്ളി വെടിവെയ്‌പ്‌ സമയത്ത് മാധ്യമങ്ങൾ ചെറിയതുറ വെടിവെയ്‌പ് എന്നായിരുന്നു ആ സംഭവത്തെ വിശേഷിപ്പിച്ചിരുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ അർഹിക്കുന്ന പ്രാധാന്യത്തോടെ ആ സംഭവം റിപ്പോർട്ട് ചെയ്തിരുന്നില്ല. തിരുവനന്തപുരത്ത് കോവളത്താണ് ഞാൻ താമസിക്കുന്നത്. ബീമാപ്പള്ളി വെടിവെയ്പ്പ് സമയത്ത് ഞാൻ വിദ്യാർഥിയായിരുന്നു. ഒരു ഡോക്യുമെന്ററി സംവിധായകന്റെ ധൈര്യത്തോടെ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് നിർബന്ധമില്ല.

No stories found.
The Cue
www.thecue.in