ഇന്നാണ് അവസാന ദിവസം, എതിർപ്പ് അറിയിക്കുക;  സിനിമാറ്റോഗ്രാഫ് നിയമഭേദഗതിക്കെതിരെ സൂര്യയും കാർത്തിക് സുബ്ബരാജും

ഇന്നാണ് അവസാന ദിവസം, എതിർപ്പ് അറിയിക്കുക; സിനിമാറ്റോഗ്രാഫ് നിയമഭേദഗതിക്കെതിരെ സൂര്യയും കാർത്തിക് സുബ്ബരാജും

കേന്ദ്ര സര്‍ക്കാരിന്റെ സിനിമാറ്റോഗ്രാഫ് ആക്റ്റ് 2021 നടപ്പാക്കുന്നതിനെതിരെ ശബ്ദമുയർത്തണമെന്നാവശ്യപ്പെട്ട് നടൻ സൂര്യയും സംവിധായകൻ കാർത്തിക് സുബ്ബരാജും. കലയിലൂടെ സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശത്തെ സിനിമാറ്റോഗ്രഫ് നിയമഭേദഗതി ഇല്ലാതാകും. അതിനാല്‍ എത്രയും പെട്ടന്ന് നിയമത്തോടുള്ള വിയോജിപ്പ് അറിയിക്കണമെന്ന് സംവിധായകൻ കാർത്തിക് സുബ്ബരാജ് ട്വീറ്റ് ചെയ്തു. സിനിമാറ്റോഗ്രാഫ് ആക്റ്റ് 2021 നടപ്പാക്കുന്നതിലുള്ള എതിര്‍പ്പ് അറിയിക്കാനുള്ള അവസാന ദിവസം ഇന്നാണെന്ന് നടൻ സൂര്യ ട്വിറ്ററിലൂടെ അറിയിച്ചു.

സിനിമാറ്റോഗ്രാഫ് ആക്റ്റ് 2021 നിയമഭേദഗതിക്കെതിരെ ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്കയും കേരള ഫിലിം ചേംബറും എതിർത്തു. നിയമഭേദഗതി സിനിമാ മേഖലയെ കൊല്ലുന്നതിന് തുല്യമാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു. സിനിമാട്ടോഗ്രഫി നിയമത്തിലെ 5 ബി(1) വകുപ്പിന്റെ ലംഘനമുണ്ടായാൽ നേരത്തേ സെൻസർ ബോർഡ് അനുമതി നൽകിയ സിനിമ സർക്കാരിന് വീണ്ടും പരിശോധിക്കാനാവുന്നതടക്കമുള്ള ഭേദഗതി ഡ്രക്കോണിയൻ നിയമം ആണെന്ന് കേരള ഫിലിം ചേംബർ പ്രസിഡന്റും നിർമ്മാതാവുമായ ജി.സുരേഷ് കുമാർ പറഞ്ഞു.

സിനിമാറ്റോഗ്രാഫ് ആക്റ്റ് 2021 നിയമഭേദഗതി പ്രകാരം സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടാകും. സിബിഎഫ്‌സിയുടെ അനുവാദത്തോടെ പ്രേക്ഷകരുടെ അരികിലേക്ക് സിനിമ എത്തുമ്പോൾ ഏതെങ്കിലും വ്യക്തികളുടെയോ സംഘടനകളുടെയോ പരാതിന്മേൽ കേന്ദ്രസർക്കാരിന് സിനിമയുടെ ഉള്ളടക്കം പുനഃപരിശോധിക്കാം. കരട് രേഖ പൊതുജന അഭിപ്രായത്തിന് വെക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. സിനിമയുടെ വ്യാജപതിപ്പുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരായ കര്‍ശനമായി നടപടിയും ബില്ലിലുണ്ട്. പ്രായമനുസരിച്ച് മൂന്ന് കാറ്റഗറികളായി തിരിച്ച് സിനിമകള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നടത്തുന്നതിനും ബില്ലില്‍ തീരുമാനമുണ്ട്.

Related Stories

No stories found.