മരക്കാര്‍ ഒ.ടി.ടിക്ക് നല്‍കില്ല, ബിഗ് സ്‌ക്രീനില്‍ തന്നെ ആസ്വദിക്കേണ്ട സിനിമയെന്ന് പ്രിയദര്‍ശന്‍

മരക്കാര്‍ ഒ.ടി.ടിക്ക് നല്‍കില്ല, ബിഗ് സ്‌ക്രീനില്‍ തന്നെ ആസ്വദിക്കേണ്ട സിനിമയെന്ന് പ്രിയദര്‍ശന്‍

ദേശിയ അവാർഡ് നേടിയ ബിഗ് ബഡ്ജറ്റ് ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' ഒടിടിയിൽ റിലീസ് ചെയ്യുമോ എന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സംവിധായകൻ പ്രിയദർശൻ.100 കോടിയിലധികം ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം തീയറ്ററിൽ മാത്രമേ റിലീസ് ചെയ്യുകയുള്ളൂവെന്നും, ബിഗ് സ്‌ക്രീനിൽ മാത്രം ആസ്വദിക്കാവുന്ന സിനിമയാണ് മരക്കാർ എന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും ഒടിടി പ്ലാറ്റ്‌ഫോം 150 കോടി രൂപ നൽകിയാൽ സിനിമ ഒടിടിയിൽ റിലീസ് ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സിനിമയുടെ തീയറ്ററിക്കൽ റിലീസിനായി ഇനിയും ആറ് മാസം കാത്തിരിക്കുവാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.സിഫി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വാർത്തകളോട് തന്റെ തീരുമാനം അറിയിച്ചത്. മാർച്ചിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കൊറോണ വ്യാപനത്തെ തുടർന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു.

“ബിഗ് സ്‌ക്രീനിൽ മാത്രം ആസ്വദിക്കാവുന്ന ഒരു ബിഗ് ബജറ്റ് സിനിമയാണ് മരക്കാർ. ആറുമാസം കൂടി കാത്തിരിക്കേണ്ടി വന്നാലും തീയറ്റർ റിലീസ് മാത്രമേ ഉണ്ടാകൂ. എന്നെപ്പോലെ തന്നെ മോഹൻലാലും , ആന്റണി പെരുമ്പാവൂരും, റിലീസ് വിഷയത്തിൽ ഒരേ അഭിപ്രായക്കാരാണ്. മരക്കാറിനെപ്പോലെ വലിയ വിജയപ്രതീക്ഷയുള്ള സിനിമയ്ക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് മുന്നേ വല്യ സ്ക്രീൻ കിട്ടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്'- പ്രിയദർശൻ പറഞ്ഞു.

സിനിമയ്ക്ക് വേണ്ടി വലിയ മുതൽ മുടക്ക് നടത്തിയത് കൊണ്ട് തന്നെ റിലീസുമായി ബന്ധപ്പെട്ട് ആശങ്കകൾ ഉണ്ടെന്ന് ന്യൂസ്‌മിനിറ്റിന് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞിരുന്നു. സിനിമ റിലീസ് ചെയ്യുവാനായി തിടുക്കം കാട്ടില്ല. സാധാരണ നിലയിലേക്ക് കാര്യങ്ങൾ വരുമ്പോൾ തീയറ്ററുകളും സജീവമാകും. അപ്പോൾ സിനിമയുടെ റിലീസ് തീയതി നിശ്ചയിക്കുമെന്നായിരുന്നു ന്യൂസ്‌മിനിറ്റിനോട് പ്രിയദർശൻ പറഞ്ഞത്.

The Cue
www.thecue.in