'മുഖ്യമന്ത്രിയായിരുന്ന വി.എസ് പറഞ്ഞതനുസരിച്ച് മോഹന്‍ലാല്‍ പിന്‍മാറി', വിവാദ മാജിക് ഷോ ഉപേക്ഷിച്ചതിനെക്കുറിച്ച് ബി.സി ജോഷി

'മുഖ്യമന്ത്രിയായിരുന്ന വി.എസ് പറഞ്ഞതനുസരിച്ച് മോഹന്‍ലാല്‍ പിന്‍മാറി', വിവാദ മാജിക് ഷോ ഉപേക്ഷിച്ചതിനെക്കുറിച്ച്
ബി.സി ജോഷി

ഏറെ ചര്‍ച്ചയായിരുന്ന 'ബേണിംഗ് ഇല്യൂഷന്‍' ഫയര്‍ എസ്‌കേപ് മാജിക് പരിപാടിയില്‍ നിന്ന് മോഹന്‍ലാല്‍ പിന്‍മാറിയത് അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണെന്ന് നിര്‍മ്മാതാവ് ബി.സി ജോഷി. 2008 ഏപ്രില്‍ 27ന് മജീഷ്യന്‍ മുതുകാടിന്റെ ശിക്ഷണത്തില്‍ 'ബേണിംഗ് ഇല്യൂഷന്‍' എന്ന പരിപാടിയില്‍ പങ്കെടുക്കാനുള്ള മോഹന്‍ലാലിന്റെ തീരുമാനം അന്ന് വലിയ ചര്‍ച്ചയും വിവാദവുമായിരുന്നു. ചങ്ങലയില്‍ ബന്ധിതനാക്കിയ ശേഷം ചുറ്റും തീ കൊളുത്തുകയും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ സ്വയം രക്ഷപ്പെടുന്നതുമായിരുന്നു ബേണിങ്ങ് ഇല്യൂഷന്‍. വിവാദങ്ങള്‍ നടക്കുമ്പോള്‍ ബി.സി ജോഷി നിര്‍മ്മിച്ച് ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത മാടമ്പി എന്ന സിനിമയുടെ പാലക്കാട് ലൊക്കേഷനിലായിരുന്നു മോഹന്‍ലാല്‍. സിനിമയുടെ ചിത്രീകരണത്തിനിടെ മോഹന്‍ലാല്‍ അപകടമേറിയ മാജിക് ഷോയില്‍ പങ്കെടുത്തുന്നതില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെടണെന്ന് ആന്റണി പെരുമ്പാവൂരിനോടും ബി.ഉണ്ണിക്കൃഷ്ണനോടും താന്‍ അഭ്യര്‍ത്ഥിച്ചിരുന്നതായും ബി.സി ജോഷി.

ബി.സി ജോഷി പറഞ്ഞത്

ഒരു നിര്‍മ്മാതാവെന്ന നിലയില്‍ എന്ന ലാല്‍ സര്‍ വിഷമിപ്പിക്കരുതായിരുന്നു. ഞാന്‍ പുതിയ പ്രൊഡ്യൂസറാണ്. തീ പൊള്ളലേല്‍ക്കുകയോ മാരകമായി എന്തെങ്കിലും സംഭവിച്ചാല്‍ എന്തുണ്ടാകും. ഈ പണിക്ക് വരണ്ടായിരുന്നു എന്ന് അന്ന് മനസില്‍ വിചാരിച്ചു. അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ റിക്വസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ പിന്‍മാറി. കേരളത്തിലെ ജനതയുടെ ആവശ്യമാണ്, കേരളത്തിന് തീരാനഷ്ടമാകും എന്തെങ്കിലും സംഭവിച്ചാല്‍ എന്ന് വി.എസ് മോഹന്‍ലാലിനോട് പറഞ്ഞു. ആന്റണിയോടും ബി ഉണ്ണിക്കൃഷ്ണന്റെ അടുത്തും ഞാന്‍ കൂടെക്കൂടെ പറയുമായിരുന്നു. സാറിനോട് പിന്‍മാറാന്‍ പറയാന്‍. മോഹന്‍ലാല്‍ സാറിനെ കുറ്റപ്പെടുത്താനാകില്ല, അദ്ദേഹം മുതുകാട് പറഞ്ഞപ്പോള്‍ സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റില്‍ ഏറ്റെടുത്തതാവും.

ബി.സി ജോഷി
ബി.സി ജോഷിADMIN

ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത മാടമ്പി, പ്രമാണി എന്നീ സിനിമകള്‍ നിര്‍മ്മിച്ചത് ബി.സി ജോഷിയാണ്. പിന്നീട് ഡോ.ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴി, ബി ഉണ്ണിക്കൃഷ്ണനൊപ്പം സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്നീ സിനിമകളും നിര്‍മ്മിച്ചു. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിലാണ് ജോഷിയുടെ പ്രതികരണം.

ബേണിംഗ് ഇല്യൂഷനും വിവാദവും

ആഗോള മാന്ത്രിക മേള എന്ന പേരില്‍ ലോകപ്രശസ്ത മജീഷ്യന്‍മാരുടെ സംഗമം തിരുവനന്തപുരത്ത് നടന്നിരുന്നു. മുതുകാടിന്റെ മാജിക് അക്കാദമിയും ടൂറിസവും വകുപ്പും ചേര്‍ന്നാണ് ആഗോള മാന്ത്രിക മേളയുടെ മുന്നോടിയായി തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ബേണിംഗ് ഇല്യൂഷന്‍ സംഘടിപ്പിച്ചത്. ഇതിനായി മോഹന്‍ലാല്‍ മുതുകാടിന് കീഴില്‍ പരിശീലനം നടത്തുകയും ചെയ്തു. ഗള്‍ഫില്‍ മജീഷ്യന്‍ മുതുകാട് ഈ ഷോ നടത്തി പരാജയപ്പെട്ടതാണെന്നും കേരളത്തില്‍ മോഹന്‍ലാല്‍ ഫയര്‍ എസ്‌കേപ്പ് നടത്തിയാല്‍ ജീവന്‍ അപകടത്തിലാകുമെന്നും മജീഷ്യന്‍ സാമ്രാജ് പ്രതികരിച്ചു. മോഹന്‍ലാല്‍ സാഹസികതയും അപകടസാധ്യതയുള്ളതുമായ മാജിക് ഷോ നടത്തുന്നതിനെതിരെ സുഹൃത്തുക്കളും ചലച്ചിത്രലോകത്തുള്ളവരും രംഗത്ത് വരികയും ചെയ്തു. ലാല്‍ ഷോ നടത്തിയാല്‍ ആത്മാഹുതി നടത്തുമെന്ന രീതിയില്‍ ഫാന്‍സിനിടിയില്‍ നിന്നും ചിലരുടെ പ്രഖ്യാപനവും പിന്നാലെ വന്നു.

ഗോപിനാഥ് മുതുകാട് പിന്നീട് ഇതേക്കുറിച്ച് പറഞ്ഞത്

ആയിരത്തോളം മജീഷ്യന്‍മാരുടെ പരിപാടിയായിരുന്നു അത്. മാജികിനോട് ഇഷ്ടമുള്ള ആളാണ് മോഹന്‍ലാല്‍. അദ്ദേഹം പലവേദികളില്‍ മാജിക് അവതരിപ്പിച്ചിട്ടുണ്ട്. ബേണിംഗ് ഇല്യൂഷന്‍ ഡിസൈന്‍ ചെയ്തത് അങ്ങനെയാണ്. ഇദ്ദേഹവും തീയുമായി ആ ഷോയില്‍ യാതൊരു ബന്ധമില്ല. പ്രൊഫഷണല്‍ ജലസിയുള്ള ഒരാള്‍ ഇതൊരു എസ്‌കേപ് ആക്ടാണ് ലാലേട്ടന്‍ മരിച്ച് പോകാന്‍ സാധ്യതയുണ്ടെന്ന് പത്രസമ്മേളനം നടത്തി പറഞ്ഞു. എന്താണ് ആ മാജിക്കിന്റെ സീക്രസി എന്നത് പറയാന്‍ എനിക്കും കഴിയുമായിരുന്നില്ല. അന്ന് വലിയ വിവാദമായി. അന്ന് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനാണ് ടൂറിസം വകുപ്പ് കൈകാര്യം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആ പരിപാടി വേണ്ടെന്ന് എന്നെ അറിയിച്ചു. ലാലേട്ടന്റെയും എന്റെയും സ്വപ്‌നം ആയിരുന്നു ബേണിംഗ് ഇല്യൂഷന്‍. പരിശീലനത്തിന് അദ്ദേഹം ഒരുപാട് ദിവസം ചെലവഴിച്ചു. അതൊരു തോന്നിപ്പിക്കലായിരുന്നു. തീയുമായി ഒരു ബന്ധവുമില്ലായിരുന്നു. ആ മാജിക്കിന്റെ രഹസ്യം ആളുകളോട് പറയാന്‍ പറ്റാത്ത അവസ്ഥയുമായി എന്റേത്.

Related Stories

No stories found.
logo
The Cue
www.thecue.in