തീയറ്ററിലെ പരാജയം തളർത്തിയിരുന്നു, ശരിയായ പ്രേക്ഷകർക്കിടയിൽ എത്തിയപ്പോൾ ബിഗ് ബ്രദർ സ്വീകരിക്കപ്പെട്ടു; സിദ്ദിഖ്

തീയറ്ററിലെ പരാജയം തളർത്തിയിരുന്നു, ശരിയായ പ്രേക്ഷകർക്കിടയിൽ  എത്തിയപ്പോൾ ബിഗ് ബ്രദർ സ്വീകരിക്കപ്പെട്ടു; സിദ്ദിഖ്

സിദ്ദിഖ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ബിഗ് ബ്രദർ സിനിമയുടെ ഹിന്ദി വേർഷന് യുട്യൂബിൽ ലഭിച്ച സ്വീകാര്യത വലിയ വാർത്ത ആയിരുന്നു. മെയ് 16ന് യുട്യൂബില്‍ റിലീസ് ചെയ്ത സിനിമ, ഇതിനോടകം 56 ലക്ഷം ആളുകളാണ് കണ്ടത്. നാലായിരത്തോളം കമന്റുകളും സിനിമ നേടിയിട്ടുണ്ട്. സൺഷൈൻ മൂവീസിന്റെ യുട്യൂബ് ചാനലിൽ ആയിരുന്നു സിനിമ റിലീസ് ചെയ്തത്. മറ്റ് ബോളിവുഡ് താരങ്ങളെക്കാൾ മോഹൻലാൽ ആണ്‌ ഏറ്റവും മികച്ചത് എന്നായിരുന്നു സിനിമയെക്കുറിച്ച്‌ പാകിസ്ഥാനിൽ നിന്നുള്ള സബ്സ്ക്രൈബർ കമന്റ്‌ ചെയ്തത്. എല്ലാ തരത്തിലുള്ള സിനിമയ്ക്കും സ്പേസ് ഉണ്ടെന്ന് യുട്യൂബിലെ സിനിമയുടെ വിജയം സൂചിപ്പിക്കുന്നതായി സംവിധായകൻ സിദ്ദിഖ് പറഞ്ഞു. തീയറ്ററിലെ സിനിമയുടെ പരാജയം തളർത്തിയിരുന്നു. തന്റെ കാലഘത്തിലെ സംവിധായകരുടെ ആവശ്യം ഇല്ലാത്തത് പോലെ തോന്നി. എന്നാൽ മുൻവിധികൾ ഒന്നുമില്ലാത്ത ശരിയായ പ്രേക്ഷകർക്കിടയിൽ എത്തിയപ്പോൾ സിനിമ സ്വീകരിക്കപ്പെട്ടതായി ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ സിദ്ദിഖ് പറഞ്ഞു.

സിദ്ദിഖ് പറഞ്ഞത്

മുൻ വിധികൾ ഒന്നുമില്ലാത്ത ശരിയായ പ്രേക്ഷകരെ സിനിമ കണ്ടെത്തി. തീയറ്ററിലെ സിനിമയുടെ പരാജയം എന്നെ തളർത്തിയിരുന്നു. എന്റെ കാലഘത്തിലെ സംവിധായകരുടെ ആവശ്യം ഇല്ലാത്തത് പോലെ തോന്നി. എന്നാൽ യൂടൂബിൽ സിനിമ റിലീസ് ചെയ്തതോടെ പ്രേക്ഷരിൽ നിന്നും മികച്ച അഭിപ്രായം ലഭിക്കുവാൻ തുടങ്ങി. ചിലർ നാലും അഞ്ചും പ്രാവശ്യം സിനിമ കണ്ടു. സിനിമയുടെ ഹിന്ദി വേർഷന് ലഭിച്ച അഭിപ്രായത്തിൽ നിന്നും ഒരു കാര്യം ബോധ്യമായി. എല്ലാ തരത്തിലുള്ള സിനിമയ്ക്കും ഇവിടെ സ്പേസ് ഉണ്ട്.

ലേഡീസ് ആന്‍ഡ് ജെന്‍റില്‍മാനി'നു ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു ബിഗ്ബ്രദർ.എസ് ടാക്കീസിന്‍റെ ബാനറില്‍ സിദ്ദിഖ് സഹ നിര്‍മ്മാതാവ് കൂടിയായിരുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, സര്‍ജാനോ ഖാലിദ്, ഹണി റോസ്, വിഷ്‍ണു ഉണ്ണികൃഷ്‍ണന്‍, മിര്‍ണ മേനോന്‍, സിദ്ദിഖ് തുടങ്ങി വലിയ താരനിര അണിനിരന്നിരുന്നു. യുട്യൂബിലെ സിനിമയുടെ വിജയത്തെ തുടർന്ന് സിദ്ദിഖ് സംവിധാനം ചെയ്ത ഭാസ്കർ ദി റാസ്കൽ എന്ന സിനിമയുടെ ഹിന്ദി മൊഴിമാറ്റത്തിന്റെ റൈറ്റ്‌സും സൺഷൈൻ മൂവീസ് വാങ്ങിച്ചിട്ടുണ്ട്.

The Cue
www.thecue.in