എന്നോട് മോശമായി പെരുമാറിയാൽ ഉടൻ തന്നെ പ്രതികരിക്കും, പറയാൻ മീടൂ ഇല്ലെന്ന് ശ്വേത മേനോൻ

എന്നോട് മോശമായി പെരുമാറിയാൽ ഉടൻ തന്നെ പ്രതികരിക്കും, പറയാൻ മീടൂ ഇല്ലെന്ന് ശ്വേത മേനോൻ

തനിക്കെതിരെ എന്തെങ്കിലും ആക്രമണമോ, അനീതിയോ ഉണ്ടായാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കുമെന്നും പിന്നീട് പ്രതികരിച്ചിട്ട് കാര്യമില്ലെന്നും നടി ശ്വേത മേനോൻ. വ്യക്തിപരമായി അത്തരം ദുരനുഭവം തനിക്ക് ഉണ്ടായിട്ടില്ല . പറയാന്‍ മീടു ഇല്ല. സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങള്‍ എല്ലാ മേഖലകളിലെന്ന പോലെ സിനിമ മേഖലയിലും ഉണ്ടെന്ന് റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ശ്വേത മേനോന്‍ പറഞ്ഞു.

ശ്വേത മേനോന്റെ വാക്കുകള്‍:

ആരുടെയെങ്കിലും പെരുമാറ്റത്തില്‍ പ്രശ്‌നം തോന്നിയാല്‍ ഉടൻ തന്നെ പ്രതികരിക്കും. പിന്നെ പറയുന്നതില്‍ കാര്യമില്ല. ഞാന്‍ എല്ലാ സിനിമ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നെ കാണുമ്പോള്‍ എന്തെങ്കിലും വികാരങ്ങള്‍ ആളുകൾക്കിടയിൽ ഉണ്ടായിട്ടുണ്ടാവാം. പക്ഷെ ഇതുവരെ എനിക്ക് നേരെ അത്തരം പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നെ ആരും ഉപദ്രവിച്ചിട്ടില്ല. പിന്നെ സെറ്റിലും അത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. അതിന് ഒരു പ്രധാന കാരണം ഷൂട്ടിങ്ങ് കഴിഞ്ഞാല്‍ പിന്നെ എന്നെ ആരും എന്നെ കാണില്ല.

നമ്മള്‍ എങ്ങനെ പെരുമാറുന്നു എന്നതും ഒരു പ്രധാന കാര്യമാണ്. മോശം ഉദ്ദേശത്തോടെ ഒരാൾ അടുത്തേക്ക് വരുമ്പോള്‍ തന്നെ മനസിലാകും. എനിക്കും അത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നീട് കേസെല്ലാം ഉണ്ടായി. പിന്നെ ആ വിഷയത്തില്‍ എനിക്ക് സിനിമ മേഖലയില്‍ നിന്നും നല്ല പിന്തുണ ലഭിച്ചിരുന്നു. ഞാന്‍ അനാവശ്യമായി ആരോടും സംസാരിക്കുവാൻ പോകാറില്ല. സിനിമയിലും മറ്റ് എല്ലാ മേഖലകളിലും ഇത്തരം പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്നുണ്ട് എന്നത് വാസ്തവമാണ് . നമ്മള്‍ തന്നെ നമ്മളെ സംരക്ഷിച്ചില്ലെങ്കില്‍ ആരും വരില്ല രക്ഷിക്കാന്‍.

The Cue
www.thecue.in